Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2016 2:03 PM GMT Updated On
date_range 2016-11-11T19:33:50+05:30അപകടമുണ്ടാക്കുന്നവരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും
text_fieldsമലപ്പുറം: ഗതാഗത നിയമങ്ങളും നിര്‍ദേശങ്ങളും ലംഘിച്ച് പറക്കുന്നവരുടെ ശ്രദ്ധക്ക്; നിങ്ങളുടെ ലൈസന്‍സിന്‍െറ ആയുസ്സ് പരിമിതപ്പെടുത്താന്‍ മോട്ടോര്‍ വാഹനവകുപ്പ് ഒരുങ്ങിക്കഴിഞ്ഞു. അശ്രദ്ധമായി വാഹനമോടിച്ച് അപകടങ്ങളുണ്ടാക്കുന്നവരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനാണ് തീരുമാനം. മലപ്പുറം ജില്ലയില്‍ മദ്യപിച്ചും അമിതവേഗത്തിലും വാഹനമോടിച്ചുള്ള അപകടങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് വകുപ്പിന്‍െറ തീരുമാനം. ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനാണ് തീരുമാനം. അതിനിടെ ഒക്ടോബറില്‍ മാത്രം തിരൂര്‍, തിരൂരങ്ങാടി, പൊന്നാനി, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ ഓഫിസുകള്‍ക്ക് കീഴില്‍ നടത്തിയ പരിശോധനയില്‍ 3,857 വാഹനങ്ങളില്‍നിന്നായി 49.62 ലക്ഷം രൂപ പിഴ ഈടാക്കി. ഹെല്‍മറ്റ് ഉപയോഗിക്കാത്തതിന് 1,186 പേര്‍ പിടിയിലായി. വേഗപ്പൂട്ട് പ്രവര്‍ത്തിപ്പിക്കാത്തതിന് 221 വാഹനങ്ങള്‍ക്കും അമിതഭാരം കയറ്റിയതിന് 61 വാഹനങ്ങള്‍ക്കും നികുതി അടക്കാത്ത 68 വാഹനങ്ങള്‍ക്കും പിഴയിട്ടു. പെര്‍മിറ്റില്ലാത്തതിന് 30 വാഹനങ്ങളും പിടികൂടി. മൊബൈല്‍ഫോണില്‍ സംസാരിച്ച് വാഹനമോടിച്ച 110 പേര്‍ക്കും അശ്രദ്ധമായി വാഹനമോടിച്ചതിന് 138ഉം പേര്‍ക്കുമെതിരെ നടപടിയുണ്ടായി. അമിതവേഗത്തിന് എട്ടും സമാന്തര സര്‍വിസ് നടത്തിയ 12ഉം വാഹനങ്ങളെ കസ്റ്റഡിയിലെടുത്തു. അപകടങ്ങളുണ്ടാക്കിയതും മദ്യപിച്ച് വാഹനമോടിച്ചതുമായി 72 പേരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. വാഹനാപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ആര്‍.ടി.ഒ അറിയിച്ചു.
Next Story