കുടുംബശ്രീ ഹോംഷോപ്പിനെ അടുത്തറിയാൻ അവർ കടൽ കടന്നെത്തി

05:01 AM
12/07/2019
പേരാമ്പ്ര: കുടുംബശ്രീ ഹോം ഷോപ്പിൻെറ വിജയഗാഥ മനസ്സിലാക്കാൻ ന്യൂയോർക്കിൽനിന്ന് സംഘമെത്തി. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന 42 കുടുംബശ്രീ ഉൽപാദന യൂനിറ്റുകളിൽ നിർമിക്കുന്ന 80ഒാളം വ്യത്യസ്തമായ ഉൽപന്നങ്ങൾ ജില്ലയിൽതന്നെയുള്ള 1000ത്തിൽപരം ഹോംഷോപ് ഓണർമാർ നിത്യേനയെന്നോണം വീടുകളിൽ എത്തിക്കുന്നുണ്ട്. ബ്രാൻഡഡ് കമ്പനി ഉൽപന്നങ്ങളെ ഉപേക്ഷിച്ചുകൊണ്ട് ജനങ്ങൾ പുതിയ ഉപഭോഗശീലത്തിലേക്ക് മാറിയ സാഹചര്യം അടുത്തറിയുകയായിരുന്നു പഠനസംഘത്തിൻെറ ലക്ഷ്യം. കൈതക്കലിലെ സമത പ്രൊഡക്ഷൻ യൂനിറ്റ്, കൊയിലാണ്ടിയിലെ ഹോംഷോപ് പദ്ധതിയുടെ ഹെഡ് ഓഫിസ്, ഹോംഷോപ് ഓണർമാരുടെ വീടുകൾ, സ്റ്റോക്ക് പോയൻറുകൾ, ഉള്ള്യേരിയിലെ ഓഫിസ് സംവിധാനം, കൊടുവള്ളിയിലെ ഹോംഷോപ് ഓണർമാർക്കുള്ള പരിശീലനവേദി, കുടുംബശ്രീ ജില്ല മിഷൻ ഓഫിസ് തുടങ്ങിയവ സംഘാംഗങ്ങൾ സന്ദർശിച്ചു. സാമൂഹിക പ്രവർത്തകരും സിറ്റി യൂനിവേഴ്സിറ്റി ഓഫ് ന്യൂയോർക്കിലെ ഗവേഷക വിദ്യാർഥികളുമായ മാത്യു നെയിൽ ഫ്യൂസ്റ്റ്, സപ്തഗിരി എന്നിവരും കുടുംബശ്രീ ഉദ്യോഗസ്ഥരായ ധീരജ്, പ്രഷിത എന്നിവരുമാണ് സംഘത്തിലുണ്ടായിരുന്നത്. കോഴിക്കോട് ജില്ലയിലെ പര്യടനം പൂർത്തിയാക്കി സംഘം തിരുവനന്തപുരത്തേക്ക് തിരിക്കും. ഒമ്പത് ഉൽപന്നങ്ങളും 25 ഹോംഷോപ് ഉടമകളുമായി 2010 ജൂലൈയിൽ കൊയിലാണ്ടിയിൽ ആരംഭിച്ച പദ്ധതിയിൽ ഇന്ന് 42 കുടുംബശ്രീ ഉൽപാദന യൂനിറ്റുകളും 80ൽപരം ഉൽപന്നങ്ങളും 1200ഓളം ഹോംഷോപ്പ് ഉടമകളുമുണ്ട്. ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയും മുഴുവൻ വാർഡുകളിലേക്കും വ്യാപിപ്പിച്ച്, സെപ്റ്റംബറോടെ സമ്പൂർണ ഹോംഷോപ് പ്രഖ്യാപനം നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഹോംഷോപ് പദ്ധതി ജില്ല കോഓഡിനേറ്റർ പ്രസാദ് കൈതക്കൽ പറഞ്ഞു. ഹോം ഷോപ് പദ്ധതി ഓഫിസിൽ നടന്ന സ്വീകരണ പരിപാടിയിൽ ഫിനാൻഷ്യൽ മാനേജർ സതീശൻ കൈതക്കൽ, ടി.കെ. മഞ്ജുള തുടങ്ങിയവർ സംസാരിച്ചു. അരുണിമ കുളപ്പുറത്ത് സ്വാഗതവും ഷബിന മനോജ് നന്ദിയും പറഞ്ഞു.
Loading...
COMMENTS