Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2018 5:47 AM GMT Updated On
date_range 2018-09-14T11:17:59+05:30ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം: താമരശ്ശേരിയില്‍ ലഭിച്ചത് 28.36 ലക്ഷംരൂപ
text_fieldsATTN KR+KU MUST.... താമരശ്ശേരി: താമരശ്ശേരി ഗവ. റസ്റ്റ് ഹൗസില്‍ മന്ത്രി ടി .പി രാമകൃഷ്ണെൻറ നേതൃത്വത്തില്‍ നടന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ധനസമാഹരണത്തില്‍ ലഭിച്ചത് 28.36 ലക്ഷംരൂപ. വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് 12 വരെ നടന്ന വിഭവസമാഹരണത്തില്‍ 28,36,163 രൂപയാണ് ലഭിച്ചത്. എല്‍.കെ.ജി വിദ്യാര്‍ഥികള്‍ മുതല്‍ പെന്‍ഷന്‍കാര്‍ വരെ സഹായവുമായെത്തി. രാഷ്ട്രീയപാര്‍ട്ടികള്‍, ജനപ്രതിനിധികള്‍, സ്കൂള്‍ മാനേജ്മെൻറുകള്‍, വ്യാപാരികള്‍, സൊസൈറ്റികള്‍, പള്ളികമ്മിറ്റികള്‍, സന്നദ്ധസംഘടനകള്‍, കലാകാരന്മാര്, സ്വകാര്യവ്യക്തികള്‍ തുടങ്ങി സമൂഹത്തിെൻറ നാനാതുറകളിലുള്ളവര്‍ ധനസമാഹരണത്തിലേക്ക് സംഭാവനയുമായെത്തി. സി.പി.എം താമരശ്ശേരി ഏരിയ കമ്മിറ്റി 10 ലക്ഷമാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഏലിയാമ്മ ജോര്‍ജ് 15,000 രൂപ നല്കി. പന്നൂര് ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിലെ റെഡ്ക്രോസ് വിദ്യാര്‍ഥികള്‍ സമാഹരിച്ച 90,070 രൂപ വിദ്യാര്‍ഥികളും അധ്യാപകരും കൈമാറി. കളരാന്തിരി ക്രസൻറ് സ്കൂളിലെ എല്‍.കെ.ജി വിദ്യാര്‍ഥിനിയായ ഫാത്തിമ നെഹ്ല താന്‍ സൂക്ഷിച്ചുെവച്ച 500 രൂപയുടെ പണക്കുടുക്കയുമായാണ് എത്തിയത്. ഇതേ സ്കൂളിലെ വിദ്യര്‍ഥികളും അധ്യാപകരടക്കമുള്ള ജീവനക്കാരും 50,000 രൂപയുടെ ചെക്കും ദുരിതാശ്വാസ നിധിയിലേക്ക് നല്കി. കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട തങ്ങളുടെ സ്കൂളിലെ വിദ്യാര്‍ഥിക്ക് വീട് നിര്‍മിച്ചു നല്‍കുന്നതിന് പുറമെ വിഭവസമാഹരണത്തിലേക്ക് 50,000 രൂപയും നല്കി പൂനൂര് ഇശാഅത്ത് പബ്ലിക് സ്കൂള്‍ മാതൃകയായി. പൂനൂര് ഗാഥാ കോളജ് 75,000 രൂപയാണ് നല്‍കിയത്. മലബാറിലെ വിവിധ ജില്ലകളില്‍ കലാപ്രകടനങ്ങള്‍ നടത്തി കിട്ടിയ 28,732 രൂപയുമായാണ് ഒരുകൂട്ടം കലാകാരന്മാര് എത്തിയത്. ഒടുങ്ങാക്കാട് മഖാം ട്രസ്റ്റ് 50,000 രൂപ നല്കി. കാരാട്ട് റസാക്ക് എം.എല്‍.എ, ജില്ല കലക്ടര്‍ യു.വി. ജോസ്, ഡെപ്യൂട്ടി കലക്ടര്‍ കെ. ഹിമ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഏലിയാമ്മ ജോര്‍ജ്, തഹസില്‍ദാര്‍ സി. മുഹമ്മദ് റഫീഖ് തുടങ്ങിയവര്‍ പങ്കെടുത്തു. തെരുവോരങ്ങളില്‍ പരിപാടിയവതരിപ്പിച്ച് സമാഹരിച്ച തുക നല്കി കലാകാരന്മാര് താമരശ്ശേരി: തെരുവോരങ്ങളില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു നേടിയ തുകയുമായി കേരള പുനരുദ്ധാരണത്തിന് സഹായവുമായി കലാകാരന്മാരുടെ കൂട്ടായ്മയെത്തി. സ്വകാര്യ ചാനല്‍ പരിപാടിയിലെ കലാപരിപാടികള്‍ അവതരിപ്പിച്ച കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ പ്രഫഷനല്‍ കലാകാരന്മാര് 28,732 രൂപയാണ് സംഭാവന ചെയ്തത്. പ്രളയം ഒരു കൈത്താങ്ങ് എന്ന് പേരില്‍ വിവിധ ജില്ലകളിലെ കലാകാരന്മാര് ചേര്‍ന്ന് രണ്ടു ദിവസങ്ങളിലായി 17 കേന്ദ്രങ്ങളില്‍ കലാപരിപാടികള്‍ നടത്തിയാണ് തുക സമാഹരിച്ചത്. സെപ്റ്റംബര്‍ എട്ടിന് നരിക്കുനിയില്‍ നിന്നാരംഭിച്ച് ഒമ്പതിന് കോഴിക്കോട് കടപ്പുറത്താണ് പരിപാടി സമാപിച്ചത്. ബിനീഷ്, എടപ്പാള്‍ നാസര്‍, രാഹുല്‍ നാരകത്ത്, ശ്രീരഞ്ജിനി, വിപിന്‍ കലാസാഗര്‍, ബിജു എരവന്നൂര്‍, അഭി നരിക്കുനി എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. താമരശ്ശേരി റെസ്റ്റ് ഹൗസില്‍ മന്ത്രി ടി.പി. രാമകൃഷ്ണന് കൈമാറി. ഭിന്നശേഷിക്കാരായ റിയാസും അഫിയാദും നല്കിയ തുകക്ക് സ്വര്‍ണതിളക്കം താമരശ്ശേരി: കോഴിക്കോട്ടുനിന്ന് കിലോമീറ്ററുകള്‍ താണ്ടി ഭിന്നശേഷിക്കാരായ റിയാസും അഫിയാദും താമരശ്ശേരിയിലെത്തി മന്ത്രിക്ക് കൈമാറിയ 1000 രൂപക്ക് സ്വര്ണത്തിെൻറ തിളക്കമാണ്. ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളുടെ കൂടെ സംഭാവന നല്കാന് കോഴിക്കോട് പാലാഴിയില്‍നിന്നാണ് രക്ഷിതാക്കള്‍ക്കും ശാന്തി സ്പെഷല്‍ അയല്‍ക്കൂട്ടം ഭാരവാഹികള്‍ക്കുമൊപ്പം താമരശ്ശേരി വിഭവസമാഹരണ കേന്ദ്രത്തിലെത്തിയത്. ഒളവണ്ണ പഞ്ചായത്തിലെ രണ്ട്, മൂന്ന് വാര്‍ഡുകളിലെ ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കള്‍ ചേര്‍ന്ന് രൂപവത്കരിച്ചതാണ് ശാന്തി സ്പെഷല്‍ അയല്‍ക്കൂട്ടം. 18 കുട്ടികളാണ് ഈ അയല്‍ക്കൂട്ടത്തിലുള്ളത്. അയല്‍ക്കൂട്ടത്തിലെ ഒരു പ്രാവശ്യത്തെ സമ്പാദ്യ തുകയാണ് ഇവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ ഉന്നമനം, ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിന് സഹായിക്കുക തുടങ്ങിയ ലക്ഷ്യമിട്ടാണ് സ്പെഷല്‍ അയല്‍ക്കൂട്ടം പ്രവര്‍ത്തിക്കുന്നത്.
Next Story