Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightpage6...

page6 സു​പ്രീംകോ​ട​തി​യി​ൽനി​ന്നു​ള്ള അശുഭവാ​ർ​ത്ത​ക​ൾ

text_fields
bookmark_border
സുപ്രീംകോടതിയിൽനിന്നുള്ള അശുഭവാർത്തകൾ സ്വഭാവദൂഷ്യത്തി​െൻറ പേരിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കുറ്റവിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് 71 പാർലെമൻറ് അംഗങ്ങൾ ഒപ്പിട്ട നോട്ടീസ് രാജ്യസഭാ ചെയർമാനായ വെങ്കയ്യ നായിഡുവിന് സമർപ്പിക്കുന്നത് 2018 ഏപ്രിൽ 20നാണ്. ഏപ്രിൽ 23ന് നോട്ടീസ് രാജ്യസഭാ ചെയർമാൻ തള്ളി. 'അനുമാനങ്ങളെയും ഉൗഹങ്ങളെയും അടിസ്ഥാനപ്പെടുത്തിയാണ്' നോട്ടീസ് തയാറാക്കിയിരിക്കുന്നത് എന്നാണ് തള്ളിക്കൊണ്ടുള്ള ഉത്തരവിൽ ചെയർമാൻ പറഞ്ഞത്. ചെയർമാ​െൻറ നടപടിയെ ചോദ്യംചെയ്ത് കോൺഗ്രസുകാരായ പ്രതാപ് സിങ് ബജ്വ, അമീ യാഗ്നിക് എന്നീ രാജ്യസഭാംഗങ്ങൾ സുപ്രീംകോടതിയെ സമീപിച്ചു. കുറ്റവിചാരണ നടപടികൾക്ക് കോൺഗ്രസി​െൻറ ഭാഗത്തുനിന്ന് നേതൃത്വം നൽകുന്ന പ്രമുഖ നിയമജ്ഞനായ കപിൽ സിബലാണ് ഈ നീക്കങ്ങൾക്ക് നേതൃത്വം നൽകിയത്. രാജ്യസഭാ ചെയർമാ​െൻറ നടപടിയെ ചോദ്യം ചെയ്ത് കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചപ്പോൾ തന്നെ നിരീക്ഷകരിൽ അത് കൗതുകമുണർത്തിയിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ കുറ്റവിചാരണ നടപടികളെ റദ്ദ് ചെയ്തുകൊണ്ടുള്ള രാജ്യസഭാ ചെയർമാ​െൻറ നിലപാടിനെ അതേ കോടതിയിൽ ചോദ്യംചെയ്യുമ്പോൾ സുപ്രീംകോടതി എന്ത് നടപടി സ്വീകരിക്കുമെന്നതായിരുന്നു ആ കൗതുകത്തി​െൻറ അടിസ്ഥാനം. അത്യന്തം ഗൗരവപ്പെട്ട ഭരണഘടന പ്രശ്നങ്ങളും അതിസങ്കീർണമായ നിയമവശങ്ങളും ഉൾപ്പെടുന്ന കേസാണിത്. അതേസമയം, ഇന്ത്യൻ നിയമവ്യവസ്ഥയെ തന്നെ നയിക്കുന്ന ചീഫ് ജസ്റ്റിസ് ഇതിൽ കക്ഷിയുമാണ്. അപ്പോൾ സ്വാഭാവികമായും, അദ്ദേഹത്തിന് തൊട്ടുതാഴെയുള്ള സീനിയോറിറ്റിയിൽ മുകളിലുള്ള ജഡ്ജിമാർ ആ കേസ് കേൾക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. ജസ്റ്റിസ് ചെലമേശ്വർ, ജസ്റ്റിസ് എസ്.കെ. കൗൾ എന്നിവർ ഉൾപ്പെട്ട ബെഞ്ചിന് മുമ്പാകെ കപിൽ സിബലും അഡ്വ. പ്രശാന്ത് ഭൂഷണും കഴിഞ്ഞ തിങ്കളാഴ്ച ഈ ഹരജി പരാമർശിച്ചിരുന്നു. ചൊവ്വാഴ്ച ഇത് പരിഗണിക്കാമെന്ന് ജസ്റ്റിസ് ചെലമേശ്വർ പറയുകയും ചെയ്തു. എന്നാൽ, എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് തിങ്കളാഴ്ച രാത്രി ഈ ഹരജി പരിഗണിക്കാനായി സീനിയോറിറ്റിയിൽ ആറാമനായ ജസ്റ്റിസ് എ.കെ. സിക്രിയുടെ നേതൃത്വത്തിൽ അഞ്ചംഗ ഭരണഘടന ബെഞ്ചിന് രൂപം നൽകിയത്. ഇത്രയും സങ്കീർണമായ ഒരു കേസിൽ പ്രഗല്ഭമതികളായ സീനിയർ ജഡ്ജിമാരെ തഴഞ്ഞുകൊണ്ടുള്ള ബെഞ്ച് രൂപവത്കരിക്കുക മാത്രമല്ല, അതിനായി അസാധാരണ മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്തു, ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. കേസിന് നമ്പറിടുകയും കേസ് ഔദ്യോഗികമായി പരിഗണിക്കുകയും ചെയ്യുന്നതിന് മുമ്പാണ് 'വിവാദ' ബെഞ്ച് ചീഫ് ജസ്റ്റിസ് രൂപവത്കരിക്കുന്നത്. ചൊവ്വാഴ്ച ഈ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ കപിൽ സിബൽ ചോദ്യശരങ്ങൾ ഒന്നൊന്നായി ഉയർത്തിയപ്പോൾ പലപ്പോഴും നിശ്ശബ്ദരായിരിക്കുകയായിരുന്നു സിക്രിയടക്കമുള്ള അംഗങ്ങൾ. കുറ്റവിചാരണ കേസ് ഭരണഘടന ബെഞ്ചിന് വിട്ടുകൊണ്ടുള്ള ചീഫ് ജസ്റ്റിസി​െൻറ ഉത്തരവ് എവിടെ എന്നതാണ് കപിൽ സിബൽ ഉന്നയിച്ച പ്രധാനപ്പെട്ട ചോദ്യം. എന്നാൽ, ഈ ഉത്തരവ് കാണിക്കാൻ സുപ്രീംകോടതിക്ക് സാധിച്ചില്ല. ചീഫ് ജസ്റ്റിസി​െൻറ നടപടി ഒരു ഉത്തരവായി പരിഗണിക്കാൻ കഴിയുമോ എന്ന ചോദ്യവും ഉയർന്നു. അങ്ങനെയെങ്കിൽ അതി​െൻറ പകർപ്പെവിടെ എന്നത് ഇപ്പോഴും വലിയ ചോദ്യമായി അവശേഷിക്കുന്നു. ഇതി​െൻറ പകർപ്പ് ആവശ്യപ്പെട്ട് അഡ്വ. പ്രശാന്ത് ഭൂഷൺ വിവരാവകാശ നിയമപ്രകാരം അപേക്ഷയും നൽകിയിട്ടുണ്ട്. കാര്യങ്ങൾ കൂടുതൽ സങ്കീർണതയിലേക്ക് പോവുന്നു എന്നാണിത് കാണിക്കുന്നത്. സമാദരണീയരായ ഭരണഘടന ശിൽപികളുടെ ദീർഘദർശനം കാരണം ലോകത്തിലെ തന്നെ ഏറ്റവും മികച്ച നീതിന്യായ വ്യവസ്ഥ നിലനിൽക്കുന്ന രാജ്യമാണ് നമ്മുടേത്. സ്വതന്ത്ര ജുഡീഷ്യറി ജനാധിപത്യ ക്രമത്തി​െൻറ അനിവാര്യ അടിസ്ഥാനങ്ങളിലൊന്നാണ്. കഴിഞ്ഞ കാലങ്ങളിൽ ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവം ഏറക്കുറെ നിലനിർത്തുന്നതിൽ നമ്മുടെ രാജ്യം വിജയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, അടുത്തകാലത്തായി സുപ്രീംകോടതിയിൽനിന്ന് കേൾക്കുന്ന വാർത്തകൾ അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതാണ്. 2018 ജനുവരി 12ന് ജസ്റ്റിസ് ചെലമേശ്വറി​െൻറ നേതൃത്വത്തിൽ നാലു മുൻനിര ജഡ്ജിമാർ അവരുടെ അസ്വസ്ഥത പത്രസമ്മേളനം നടത്തി നാട്ടുകാരെ അറിയിക്കുകയും ചെയ്തു. രാജ്യചരിത്രത്തിലെ ആദ്യ സംഭവമായിരുന്നു അത്. ഇപ്പോൾ, തനിക്കെതിരായ കുറ്റവിചാരണ നോട്ടീസ് പരിഗണിക്കാനായി അസാധാരണമായി ഒരു ബെഞ്ച് രൂപവത്കരിച്ച നടപടി അതേക്കാൾ സംശയങ്ങൾക്ക് ഇടയാക്കുന്നതാണ്. ലഖ്നോവിലെ പ്രസാദ് എജുക്കേഷൻ ട്രസ്റ്റുമായി ബന്ധപ്പെട്ട കേസിൽ സമാനമായ നടപടികൾ സ്വീകരിച്ചതി​െൻറ പേരിലാണ് ചീഫ് ജസ്റ്റിസിനെതിരായ കുറ്റവിചാരണ േനാട്ടീസ് ഉണ്ടായത് എന്ന് ഓർക്കുക. സുപ്രീംകോടതിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ പേര് പലപ്പോഴും വരുന്നുണ്ട്. ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ്, അമിത് ഷായുടെ മകൻ 'ദ വയർ' എന്ന ഓൺലൈൻ പോർട്ടലിനെതിരെ നൽകിയ കേസ് എന്നിവയിൽ ചീഫ് ജസ്റ്റിസ് സ്വീകരിച്ച സമീപനങ്ങൾ പലതരത്തിലുള്ള ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ, സർവരാലും ബഹുമാനിക്കപ്പെട്ടിരുന്ന സുപ്രീംകോടതിയുടെ യശ്ശസിന് കരിപടരുന്ന തരത്തിലുള്ള വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. എല്ലാ പ്രതീക്ഷകളും അവസാനിക്കുന്ന സന്ദർഭത്തിൽ സത്യവും നീതിയും തേടി ആളുകൾ നോക്കിയിരുന്ന സ്ഥാപനം അതി​െൻറ മഹത്തായ പൈതൃകത്തിൽനിന്ന് വ്യതിചലിക്കുകയാണോ എന്ന ആശങ്ക പരക്കെയുണ്ട്. ആ ആശങ്കയെ അസ്ഥാനത്താക്കി ജുഡീഷ്യറിയുടെ നിഷ്പക്ഷതയും സ്വതന്ത്ര സ്വഭാവവും സംരക്ഷിക്കേണ്ടത് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാവരുടെയും ഉത്തരവാദിത്തമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story