Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2018 5:09 AM GMT Updated On
date_range 2018-08-15T10:39:01+05:30നൊമ്പരമായി മുഹമ്മദ് യാസീന്‍: സങ്കടക്കടലില്‍ നാടും വീടും
text_fieldsഎകരൂല്‍: തിങ്കളാഴ്ച കാണാതായ ഉണ്ണികുളം പഞ്ചായത്തിലെ ഇയ്യാട് ഗ്ലോബല്‍ പബ്ലിക് സ്കൂളിലെ യു.കെ.ജി വിദ്യാര്‍ഥി ഏഴു വയസ്സുകാരന്‍ മുഹമ്മദ് യാസീനെ രണ്ടാംദിവസവും കണ്ടെത്തിയില്ല. ഇയ്യാട് ചേലത്തൂര്‍ മീത്തല്‍ മുഹമ്മദലിയുടെയും പൂനൂര്‍ തേക്കുംതോട്ടം ചക്കിട്ടമ്മല്‍ മിന്നത്തിെൻറയും മകനായ യാസീനെ തിങ്കളാഴ്‌ച വൈകീട്ട് മൂന്നരയോടെയാണ് ക്ലാസില്‍നിന്ന്‍ കാണാതാവുന്നത്. പൊലീസും ഫയര്‍ഫോഴ്സ് ജീവനക്കാരും സന്നദ്ധ സേനാംഗങ്ങളും നാട്ടുകാരും നാട് മുഴുവന്‍ അരിച്ചുപെറുക്കിയെങ്കിലും കുട്ടിയെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. സ്കൂളിനടുത്തുകൂടെ ഒഴുകുന്ന മുട്ടോളം വെള്ളമുള്ള തോട്ടില്‍ വീഴാനുള്ള സാധ്യത കണക്കിലെടുത്ത് സംഭവ ദിവസം രാത്രി വൈകുന്നതു വരെ നാട്ടുകാരും ഉേദ്യാഗസ്ഥരും തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല. ചൊവ്വാഴ്ച രാവിലെയാണ് തിരച്ചില്‍ പുനരാരംഭിച്ചത്. ശക്തമായ ഒഴുക്കുള്ള തോട് കടന്നുപോകുന്ന അത്തിക്കോട്, എരഞ്ഞിക്കല്‍, മങ്ങാട്, ചെറ്റക്കടവ് ഭാഗങ്ങളില്‍ കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചാണ് നാട്ടുകാര്‍ മുങ്ങിത്തപ്പിയത്. സ്കൂള്‍ മൈതാനത്തിെൻറ സമീപത്തുകൂടെ ഒഴുകുന്ന തോടിനും സ്കൂളിനുമിടയില്‍ രണ്ടടി ഉയരത്തിലാണ് മതില്‍ പണിതത്. തോട് മുറിച്ചുകടന്ന്‍ സ്കൂളിലേക്ക് പ്രവേശിക്കാന്‍ ചെറിയ കോണ്‍ക്രീറ്റ് പാലവും ചെറിയ ഗെയിറ്റും നിർമിച്ചിട്ടുണ്ട്. സദാ സമയവും പൂട്ടിയിടാറുള്ള ഗെയിറ്റോ രണ്ടടി ഉയരത്തിലുള്ള മതിലോ ചാടിക്കടന്ന് കുട്ടി വെള്ളത്തില്‍ വീണതാവുമോയെന്ന സംശയത്തിലാണ് നാട്ടുകാരും ഉദ്യോഗസ്ഥരും. സ്കൂളിന്നടുത്ത് വീതി കുറഞ്ഞ് ഒഴുകുന്ന നീര്‍ച്ചാല്‍ ഒരു കിലോമീറ്റര്‍ കഴിഞ്ഞാല്‍ ശക്തമായ ഒഴുക്കുള്ള വലിയ തോടായാണ് കുത്തിയൊഴുകുന്നത്. ഈ തോട് നെല്ലാംകണ്ടി ഭാഗത്ത് പുഴയിലാണ് ചെന്ന് ചേരുന്നത്. ശക്തമായ കുത്തൊഴുക്കുള്ള നെല്ലാംകണ്ടി പറക്കുന്ന് ഭാഗത്ത് സാഹസികമായാണ് നാട്ടുകാര്‍ തിരച്ചില്‍ നടത്തുന്നത്. പൂനൂര്‍ ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷെൻറ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദുരന്തനിവാരണസേനയിലെ വളൻറിയര്‍മാര്‍, കര്‍മ ഓമശ്ശേരി പ്രവര്‍ത്തകര്‍ എന്നിവരും തിരച്ചിലില്‍ പങ്കെടുത്തു. ചൊവ്വാഴ്ച ഉച്ചക്ക് ശേഷവും നാട്ടുകാര്‍ സ്ക്വാഡുകളായി തിരിഞ്ഞ് പ്രദേശത്തെ കവലകളും ഇടവഴികളും അരിച്ചുപെറുക്കി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെങ്കിലും ഫലമുണ്ടായില്ല. ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. കാന്തപുരം സുന്നി വിഭാഗത്തിെൻറ നിയന്ത്രണത്തിലുള്ളതാണ് സ്കൂള്‍. സ്കൂള്‍ കോമ്പൗണ്ടില്‍ പള്ളിയും മദ്റസയും പ്രവര്‍ത്തിക്കുന്നുണ്ട്. സ്ഥാപനം പ്രധാന പാതയോരത്തായതിനാല്‍ ആരുടേയും കണ്ണില്‍പെടാതെ റോഡ് മുറിച്ചുകടന്ന് കുട്ടി പുറത്ത്പോകാനുള്ള സാധ്യത വിരളമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. തൊട്ടടുത്ത കടയിലെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചെങ്കിലും ഫലം കണ്ടില്ല. ഡെപ്യൂട്ടി കലക്ടര്‍, ആര്‍.ഡി.ഒ, ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ സന്ദേശം നല്‍കിയിട്ടുണ്ട്. കുട്ടിയുടെ പിതാവ് മുഹമ്മദലി വിദേശത്താണ്. കുട്ടിക്ക് അപകടം സംഭവിക്കാതിരിക്കാൻ പ്രാർഥനയില്‍ മുഴുകിയിരിക്കുകയാണ് മാതാവ് മിന്നത്തും നാട്ടുകാരും.
Next Story