സ്ത്രീ വോട്ടർമാരെ പാട്ടിലാക്കാൻ അയൽക്കൂട്ട യോഗങ്ങളുമായി മുന്നണികൾ

05:02 AM
16/09/2019
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുടുംബയോഗങ്ങൾക്ക് പ്രാധാന്യം നൽകി മുന്നണികൾ. ഓരോ ബൂത്തിലും 50 വീടുകൾക്ക് ഓരു യോഗം എന്ന രീതിയിൽ സംഘടിപ്പിക്കാനാണ് താഴേത്തട്ടിൽ നൽകിയ നിർദേശം. ഓരോ ബൂത്തിൻെറയും ചുമതലയുള്ളവരിൽനിന്ന് ഇതിൻെറ റിപ്പോർട്ട് അവലോകന യോഗങ്ങളിൽ ആവശ്യപ്പെടുന്നുണ്ട്. കുടുംബയോഗങ്ങൾ വിളിച്ചുകൂട്ടുന്നതിൽ അനാസ്ഥ കാട്ടുന്നോ‍യെന്ന് പരിശോധിക്കാനാണ് റിപ്പോർട്ട് തേടൽ. കവല പൊതുയോഗങ്ങളിലും കോർണർ യോഗങ്ങളിലും കേൾവിക്കാരുടെ പ്രാതിനിധ്യം കുറയുന്ന സാഹചര്യത്തിലാണ് കുടുംബയോഗങ്ങൾ വിളിച്ചുചേർത്തുള്ള പ്രചാരണരീതിക്ക് പ്രാധാന്യം നൽകുന്നത്. ഇത്തരം യോഗങ്ങളിൽ പ്രധാനമായും സ്ത്രീ വോട്ടർമാരെ പങ്കെടുപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അയൽക്കൂട്ടയോഗ മാതൃകയിൽ വീട്ടുമുറ്റത്താണ് യോഗം ചേരുന്നത്. ജോലികഴിഞ്ഞ് വീടുകളിൽ ആളുകൾ എത്തുന്ന നേരംനോക്കി കൂടാനാണ് നിർദേശം. ചിലയിടങ്ങളിൽ ഉച്ചഭാഷിണിയും ഉപയോഗിക്കുന്നുണ്ട്. ഈ യോഗങ്ങളിൽ പങ്കെടുക്കുന്നവരുടെ പ്രാധാന്യമനുസരിച്ചാണ് പ്രസംഗകനെ നിശ്ചയിക്കുന്നത്. എൽ.ഡി.എഫും എൻ.ഡി.എയുമാണ് കൂടുതൽ യോഗങ്ങൾ നടത്താൻ തീരുമാനിച്ചത്. സർക്കാർ പ്രവർത്തനനേട്ടങ്ങളും വിശ്വാസികളോടുള്ള നിലപാടുമായിരിക്കും പ്രധാനമായും എൽ.ഡി.എഫ് യോഗങ്ങളിൽ വിശദീകരിക്കുക. കാരുണ്യ പദ്ധതിയും റബർ വിലയിടിവുമാണ് യു.ഡി.എഫ് വിശദീകരിക്കുന്നത്. കെ.എം. മാണി സഹതാപതരംഗം മാത്രം പോര വിജയിക്കാനെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. വിശ്വാസ പ്രശ്നത്തിൽ സർക്കാർ നിലപാടിനെ എതിർത്തും കേന്ദ്ര സർക്കാർ നേട്ടങ്ങളുമാണ് എൻ.ഡി.എ ആയുധമാക്കുന്നത്. മന്ത്രിമാർ പങ്കെടുക്കുന്ന കുടുംബയോഗങ്ങൾ എൽ.ഡി.എഫ് നടത്തുമ്പോൾ സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ചാണ് എൻ.ഡി.എ ആളെ കൂട്ടുന്നത്. പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമടക്കം നേതാക്കളെ പങ്കെടുപ്പിച്ചാണ് യു.ഡി.എഫ് യോഗങ്ങൾ. ഇതിനിടെ സാസ്കാരിക നേതാക്കളെ അണിനിരത്തിയും കലാപരിപാടികൾ അവതരിപ്പിച്ചുമുള്ള പ്രചാരണം മുന്നേറുകയാണ്. സംവിധായകന്‍ വിനയൻ, നടൻ ജാഫര്‍ ഇടുക്കി, നടി ഗായത്രി എന്നിവർ എൽ.ഡി.എഫിനായി പ്രചാരണത്തിനെത്തിയിരുന്നു. എൻ.ഡി.എ സുരേഷ്ഗോപിയെ പ്രചാരണത്തിനെത്തിക്കാൻ ശ്രമിക്കുന്നുണ്ട്. യു.ഡി.എഫിനായും കലാകാരന്മാരുടെ നേതൃത്വത്തിൽ പ്രചാരണം നടത്തുന്നുണ്ട്. ആലത്തൂരിൽ പാട്ടുപാടി ജയിച്ച രമ്യ ഹരിദാസ് എം.പി നാടൻപാട്ട് പാടി വോട്ടർമാരെ പാട്ടിലാക്കാൻ ഞായറാഴ്ചയെത്തി.
Loading...