അതിസുരക്ഷ നമ്പർപ്ലേറ്റ്​: വീണ്ടും മുന്നറിയിപ്പുമായി ഗതാഗതവകുപ്പ്​​

05:01 AM
11/07/2019
കോട്ടയം: അതിസുരക്ഷ നമ്പർപ്ലേറ്റ് ഘടിപ്പിക്കുന്നതിൽ വീഴ്ചവരുത്തിയാൽ വാഹന ഡീലർമാർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന മുന്നറിയിപ്പ് ആവർത്തിച്ച് മോേട്ടാർ വാഹന വകുപ്പ്. ഡീലർമാരെ കാര്യങ്ങൾ നേരിട്ടറിയിക്കാൻ അതത് ആർ.ടി.ഒമാർക്ക് ഗതാഗത കമീഷണർ നിർദേശം നൽകി. അതിസുരക്ഷ നമ്പർ പ്ലേറ്റിലെ കോഡ് നമ്പർ മോട്ടോർ വാഹന വകുപ്പിൻെറ വാഹൻ വെബ്സൈറ്റിൽ കൃത്യമായി അപ്ഡേറ്റ് ചെയ്യാത്തതിനാൽ ആയിരക്കണക്കിന് ആർ.സി ബുക്കുകൾ രജിസ്േട്രഷൻ നടത്താനാകാതെ കെട്ടിക്കിടക്കുകയാണ്. കോട്ടയത്തെ വിവിധ ആർ.ടി.ഒ ഓഫിസുകളിലായി 2500ലധികം ആർ.സി ബുക്ക് കെട്ടിക്കിടക്കുന്നുണ്ട്. പ്രതിമാസം കാറുകളും ഇരുചക്ര വാഹനങ്ങളുമടക്കം 1300 മുതൽ പതിനായിരത്തോളംവരെ വാഹനങ്ങൾ വിവിധ ജില്ലകളിൽ രജിസ്റ്റർ ചെയ്യുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ, കോഡ് നമ്പർ കിട്ടാത്തതിനാൽ ബഹുഭൂരിപക്ഷം വാഹനങ്ങളും രജിസ്റ്റർ ചെയ്യാനാകാത്ത സ്ഥിതിയാണ്. കോട്ടയം, ഇടുക്കി അടക്കം മധ്യകേരളത്തിലെ വിവിധ ജില്ലകളിൽ പുതിയ നമ്പർ പ്ലേറ്റ് ലഭിക്കുന്നത് എറണാകുളത്തുനിന്നാണ്. ഇവരുടെ കാലതാമസവും പ്രതിസന്ധി സൃഷ്ടിക്കുന്നതായാണ് ആക്ഷേപം. നമ്പർ പ്ലേറ്റ് കൃത്യമായി വിതരണം ചെയ്യാൻ എറണാകുളത്തെ സ്ഥാപനത്തിന് കഴിയുന്നില്ലെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ കുറ്റപ്പെടുത്തി. വാഹന ഡീലർമാർക്ക് സമയപരിധി നിശ്ചയിച്ചിട്ടുണ്ടെന്നും നടപടി വേഗത്തിലാണെന്നും രജിസ്േട്രഷൻ പുരോഗമിക്കുകയാണെന്നും വാഹന ഡീലർമാരും പറയുന്നു. ഇനി പുതിയ വാഹനങ്ങളിൽ ശേഷിക്കുന്നത് 30000ത്തോളം വാഹനങ്ങൾ മാത്രമാണെന്നും അവർ പറഞ്ഞു.
Loading...
COMMENTS