ശാലിനിയുടെ മൊഴിക്ക്​ കുമളിയിൽ ബ്രേക്ക്​​; 'ബോസ്​' ത്രിശങ്കുവിൽ തന്നെ

05:01 AM
11/07/2019
തൊടുപുഴ: പണംകൈമാറുന്നത് ആർക്കെന്ന് അറിയാതിരിക്കാൻ രാജ്കുമാർ ശ്രദ്ധിച്ചിരുന്നെന്നും ഒപ്പം കൊണ്ടുപോയെങ്കിലും പലയിടത്തും തനിക്ക് വിലക്കുണ്ടായിരുന്നെന്നും ഹരിതചിട്ടി തട്ടിപ്പുകേസിലെ രണ്ടാംപ്രതിയും സ്ഥാപനത്തിൻെറ എം.ഡിയുമായ ശാലിനി. കൈമാറാൻ കൊണ്ടുപോകുന്ന തുക ചില അവസരങ്ങളിൽ അതേപടി കുമാറിൻെറ കൈവശം പിന്നീട് കണ്ടിരുന്നുവെന്നതടക്കം ദുരൂഹ സാഹചര്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന മൊഴികളും ഇവരിൽനിന്ന് ക്രൈംബ്രാഞ്ചിന് ലഭിച്ചതായാണ് സൂചന. കസ്റ്റഡിയിൽ മർദനമേറ്റതിനെ തുടർന്ന് ഒന്നാംപ്രതി രാജ്കുമാർ ജയിലിൽ മരിച്ച സംഭവത്തിലാണ് ശാലിനിയെ ചോദ്യംചെയ്തത്. റിമാൻഡിലായിരുന്ന ശാലിനി ജാമ്യത്തിലിറങ്ങിയശേഷം ആറുദിവസം കാണാതായിരുന്നു. നേരത്തേ നൽകിയ മൊഴിയുടെ തുടർച്ചയായായാണ് െചാവ്വാഴ്ചയും ബുധനാഴ്ചയുമായി നെടുങ്കണ്ടം റെസ്റ്റ് ഹൗസിൽവെച്ച് എടുത്തത്. കുമളിയിലാണ് ഓരോ ദിവസത്തെയും കലക്ഷൻ കൈമാറിയിരുന്നതെന്നും ഇവിടെ എത്തിയാൽ കാറിൻെറ ഡ്രൈവർ അജിയെയും തന്നെയും മാറ്റിനിർത്തി കുറച്ചകലെ തനിയെ പോയി തിരികെവരികയാണ് രാജ്കുമാർ ചെയ്തിരുന്നതെന്നും ശാലിനി പറയുന്നു. കൂടുതൽ വിവരങ്ങൾ ചോദിച്ചാൽ താൻമാത്രം അറിയേണ്ട കാര്യങ്ങളിൽ ഇടപെടരുതെന്ന് താക്കീത് ചെയ്തിരുന്നെന്നും ഇവർ പറയുന്നു. അതേസമയം, കുമളിയിൽ ശാലിനിയും രാജ്കുമാറും അടക്കം തങ്ങിയിരുന്നതിൻെറ ലോഡ്ജ് രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായി സൂചനയുണ്ട്. രാജ്കുമാർ പണം കൈമാറിയിരുന്നെന്ന് പറയുന്ന അഭിഭാഷകൻ നാസറിനെ താൻ കണ്ടിട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ശാലിനി. അയാളെക്കുറിച്ച് തനിക്കൊന്നുമറിയില്ല. നാസർ എന്നു പരിചയെപ്പടുത്തി അജ്ഞാതനായിനിന്ന 'ബോസ്' ഇല്ലെന്ന സംശയം ശാലിനി തന്നെ ക്രൈംബ്രാഞ്ച് മുമ്പാകെ പ്രകടിപ്പിച്ചതായും അറിയുന്നു. ഇതിൽ സത്യമുണ്ടോയെന്നാണ് കണ്ടെത്തേണ്ടത്. അതല്ല പണം കൊണ്ടുപോയവർ ശാലിനിയെ സ്വാധീനിച്ച് മൊഴി ഇങ്ങനെ പറയിച്ചതാണോയെന്നും കണ്ടെത്തണം. കുമളിക്കപ്പുറം പോകാത്ത ശാലിനിയുടെ മൊഴിയും കുമളിയിൽ തന്നെ പണം കൈമാറ്റം നടന്നിരുന്നെന്ന് ഉറപ്പിക്കാനാകാത്തതും ബോസിലേക്ക് എത്തുന്നതിന് തടസ്സമാണ്. അതേസമയം, മൊഴിയിെല ചില സൂചനകൾ നാസർ എന്ന ബോസിലേക്ക് എത്താനോ അതല്ലെങ്കിൽ അങ്ങനെയൊരാളില്ലെന്ന് തെളിയിക്കാനോ തുണക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അന്വേഷണസംഘം സൂചന നൽകി. അതേസമയം, കുമാറിൻെറയോ കുമാറിൻെറ അമ്മയുടെയോ പേരിൽ മൂലമറ്റത്തെയോ ഏറ്റുമാനൂരിലേയെ ദേശസാത്കൃത ബാങ്കിൽ ഒരുകോടിയുടെ നിക്ഷേപത്തിൻെറ പാസ്ബുക്ക് താൻ കണ്ടിരുന്നുവെന്ന് ശാലിനി മൊഴിനൽകി. രാജ്കുമാർ മൂലമറ്റത്തുവെച്ച് ഒരു കടയിൽ കയറിയപ്പോൾ തന്നെ ഏൽപിച്ച ബാഗിൽ പരതിയപ്പോൾ ലഭിച്ച നാല് പാസ്ബുക്കുകളിൽ ഒരെണ്ണം പെട്ടെന്ന് നോക്കാനായെന്നും ഇതിൽ ഒരുകോടിയുടെ അക്കൗണ്ട് ബാലൻസ് ഉണ്ടായിരുന്നെന്നുമാണ് വെളിപ്പെടുത്തൽ.
Loading...
COMMENTS