കോട്ടയം എൻ.സി.പിയിൽ ഭിന്നത രൂക്ഷം, ശശീന്ദ്രൻ വിഭാഗം നേതാക്കൾക്കെതിരെ കൂട്ടനടപടി

05:01 AM
16/05/2019
കോട്ടയം: എൻ.സി.പി കോട്ടയം ജില്ല ഘടകത്തിൽ പോര് രൂക്ഷമായി തുടരുന്നതിനിടെ, ശശീന്ദ്രൻ വിഭാഗം നേതാക്കൾക്കെതിരെ കൂട്ടനടപടി. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി ജില്ലയിലെ അഞ്ചുനേതാക്കളെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് സംസ്ഥാന പ്രസിഡൻറ് തോമസ് ചാണ്ടി സസ്പെൻഡ് ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിലിനോട് വിശദീകരണവും തേടിയിട്ടുണ്ട്. ജില്ല ജനറൽ സെക്രട്ടറിമാരായ അഡ്വ. ഫ്രാൻസിസ് ജേക്കബ്, സാംജി പഴയപറമ്പിൽ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സാബു എബ്രഹാം, കോട്ടയം ബ്ലോക്ക് പ്രസിഡൻറ് ബാബു കപ്പക്കാല, പുതുപ്പള്ളി ബ്ലോക്ക് പ്രസിഡൻറ് രാധാകൃഷ്ണൻ ഓണംപള്ളി എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരിക്കുന്നത്. സംഘടന വിരുദ്ധ പ്രവർത്തനവും അച്ചടക്കലംഘനവും നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് തോമസ് ചാണ്ടി അറിയിച്ചു. ദേശീയ നേതൃത്വത്തിൻെറ നിർദേശാനുസരണം ടി.വി. ബേബിയെ ജില്ല പ്രസിഡൻറ് സ്ഥാനത്തുനിന്ന് നീക്കം ചെയ്ത നടപടി ചോദ്യംചെയ്യുകയും യോഗത്തിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തതിൻെറ അടിസ്ഥാനത്തിലാണ് സസ്പെൻഷനെന്നും വാർത്തക്കുറിപ്പിൽ പറയുന്നു. എന്നാൽ, ഇത് അംഗീകരിക്കിെല്ലന്ന നിലപാടിലാണ് ശശീന്ദ്രൻ വിഭാഗം. നടപടി എകപക്ഷീയമായാണ്. ജില്ല പ്രസിഡൻറ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മാണി സി. കാപ്പൻെറ സ്ഥാനാർഥിത്വത്തെ എതിർത്തതിലുള്ള പ്രതികാരനടപടിയാണിതെന്നും സസ്പെൻഷനിലായവർ വ്യക്തമാക്കി. ദേശീയ നേതൃത്വത്തിന് പരാതി നൽകുമെന്നും അവർ അറിയിച്ചു. ഉഴവൂർ വിജയൻ അനുകൂലികളും തോമസ് ചാണ്ടി വിഭാഗവും തമ്മിൽ നിലനിൽക്കുന്ന ഭിന്നത ഉഴവൂരിൻെറ മരണത്തോടെ കടുക്കുകയായിരുന്നു. അടുത്തിടെ തോമസ് ചാണ്ടി ഇടപെട്ട് ഉഴവൂരിനെയും ശശീന്ദ്രനെയും അനുകൂലിച്ചിരുന്ന ജില്ല പ്രസിഡൻറ് ടി.വി. ബേബിയെ നീക്കി. പകരം ചുമതല സംസ്ഥാന ജനറൽ സെക്രട്ടറി വി.ജി. രവീന്ദ്രന് നൽകി. ഇതിനു പിന്നാലെ ദേശീയ സമിതി അംഗം സുൽഫിക്കർ മയൂരിയുടെ അധ്യക്ഷതയിൽ ചേർന്ന പാലാ ബ്ലോക്ക് കമ്മിറ്റി യോഗം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയായി മാണി സി. കാപ്പനെ പ്രഖ്യാപിച്ചു. ഇതോെട ഭിന്നത രൂക്ഷമായി. ഉഴവൂർ വിജയനെ അനുകൂലിക്കുന്നവർ ഇത് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കുകയും വിജയൻെറ മരണവുമായി ബന്ധപ്പെട്ട് അരോപണവിധേയനായ സുൽഫിക്കറെ വിമർശിച്ച് രംഗത്തെത്തുകയും ചെയ്തു. ഇതിൻെറ തുടർച്ചയായി നടന്ന ജില്ല നേതൃയോഗം കൈയാങ്കളിയിലാണ് അവസാനിച്ചത്. ടി.ബി. ബേബിയെ നീക്കം ചെയ്ത് അംഗീകരിക്കാനാകിെല്ലന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബഹളം. തുടർന്നാണ് അച്ചടക്ക നടപടി വന്നിരിക്കുന്നത്. അതിനിടെ, ജില്ല പ്രസിഡൻറ് സ്ഥാനം സ്വന്തമാക്കാനുള്ള ചരടുവലികളും സജീവമാണ്. മുൻ ജില്ല പ്രസിഡൻറ് കാണക്കാരി അരവിന്ദാക്ഷനെ പ്രസിഡൻറാക്കാനാണ് സംസ്ഥാന നേതൃത്വത്തിനു താൽപര്യം. ബേബി തുടരണമെന്നാവശ്യത്തിലാണ് ഉഴവൂർ വിജയനെ അനുകൂലിക്കുന്നവർ.
Loading...