ജനങ്ങളും ഉദ്യോഗസ്ഥരും തമ്മില്‍ അകലമുണ്ടാകരുത് -മ​ന്ത്രി ഇ. ചന്ദ്രശേഖരൻ

05:53 AM
10/08/2018
പൊൻകുന്നം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജനങ്ങളോട് ഉത്തരവാദിത്തമുള്ളവരായി പ്രവര്‍ത്തിക്കണമെന്നും ജനങ്ങളും ഉദ്യോഗസ്ഥരും തമ്മില്‍ അകലം ഉണ്ടാകരുതെന്നും മന്ത്രി ഇ. ചന്ദ്രശേഖരന്‍. പൊന്‍കുന്നം മിനി സിവില്‍ സ്റ്റേഷൻ പ്രവര്‍ത്തനം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും താല്‍പര്യം സംരക്ഷിക്കുന്നതിനുമാണ് ഉദ്യോഗസ്ഥരുടെ ജോലി സാഹചര്യം മെച്ചപ്പെട്ടതാക്കുന്നത്. ഇത് പ്രതിഫലിക്കുന്ന സമീപനം ജീവനക്കാര്‍ സ്വീകരിക്കണം. ജനങ്ങളോട് ഔദാര്യം പറ്റുന്നവരെപ്പോലെ പെരുമാറരുത്. അവര്‍ക്കു നല്‍കേണ്ട സേവനങ്ങള്‍ യഥാസമയം കാലതാമസമില്ലാതെ മുഷിപ്പിക്കാതെ നല്‍കണം. തൃപ്തികരമായി സേവനം ലഭ്യമായാല്‍ ജനം എല്ലാ പിന്തുണയും ഉറപ്പായും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മിനി സിവില്‍ സ്റ്റേഷന്‍ അങ്കണത്തില്‍ നടുന്നതിനുള്ള പ്ലാവിന്‍തൈ മന്ത്രി തഹസില്‍ദാര്‍ക്ക് കൈമാറി. ഡോ. എന്‍. ജയരാജ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ആേൻറാ ആൻറണി എം.പി മുഖ്യപ്രഭാഷണം നടത്തി. വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ബാലഗോപാലന്‍ നായര്‍, ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ജയ ശ്രീധര്‍, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ശശികല നായര്‍, മറ്റ് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. കലക്ടർ ഡോ. ബി.എസ്. തിരുമേനി സ്വാഗതവും തഹസില്‍ദാര്‍ ജോസ് ജോര്‍ജ് നന്ദിയും പറഞ്ഞു.
Loading...
COMMENTS