കണ്ണന് ജന്മനാളില്‍ ഓളപ്പരപ്പില്‍ ദൃശ്യവിസ്മയം തീര്‍ത്ത് പള്ളിയോടങ്ങള്‍

05:35 AM
13/09/2017
കോഴഞ്ചേരി: . അഷ്ടമിരോഹിണി നാളില്‍ പമ്പയുടെ ഓളങ്ങളില്‍ പള്ളിയോടങ്ങള്‍ വഞ്ചിപ്പാട്ടി​െൻറ ശീലുകളുമായി തുഴഞ്ഞെത്തിയാണ് പാര്‍ഥസാരഥിക്ക് പിറന്നാൾ സമ്മാനം നല്‍കിയത്. മുഴുവന്‍ ഭക്തര്‍ക്കും വിഭവസമൃദ്ധമായ സദ്യ നല്‍കി അനുഗ്രഹം ചൊരിയുകയും ചെയ്തതോടെ ഇക്കൊല്ലത്തെ അഷ്ടമിരോഹിണി ആഘോഷങ്ങള്‍ ആറന്മുളയില്‍ സമാപിച്ചു. ആറന്മുള പ്രതിഷ്ഠദിനമായ ഉത്രട്ടാതി നാളിലാണ് പ്രധാനമായും മത്സരാന്തരീക്ഷത്തില്‍ ജലമേള നടക്കുന്നതെങ്കില്‍ അഷ്ടമിരോഹിണി നാളിലെ ജലമേള തികച്ചും ഭക്തിസാന്ദ്രമാണ്. പമ്പാനദിക്കരയിലെ മുഴുവന്‍ പള്ളിയോടങ്ങളുമായി കരക്കാരെ കാണുമെന്ന പ്രത്യേകതയും അഷ്ടമിരോഹിണി ജലമേളക്കുണ്ട്. 52 കരകളില്‍ ഇടനാട് പള്ളിയോടമാണ് ആദ്യം വഞ്ചിപ്പാട്ട് പാടി പമ്പയിലൂടെ ക്ഷേത്രക്കടവിലെത്തിയത്. ആദ്യമെത്തിയ ഇടനാട് പള്ളിയോടത്തെ വെറ്റ, പുകയില അടങ്ങിയ ദക്ഷിണ നല്‍കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ആചാരപൂര്‍വം വരവേറ്റു. കിഴക്ക്, പടിഞ്ഞാറ്, മധ്യ മേഖലകളില്‍നിന്നുള്ള പള്ളിയോടങ്ങളും പിന്നാലെയെത്തി. പള്ളിയോട സേവാസംഘം പ്രസിഡൻറ് ഡോ. കെ.ജി. ശശിധരന്‍ പിള്ള, വൈസ് പ്രസിഡൻറ് കെ.പി. സോമന്‍, സെക്രട്ടറി പി.ആര്‍. രാധാകൃഷ്ണന്‍, ദേവസ്വം എ.ഒമാരായ പി. പദ്മകുമാര്‍, എസ്. അജിത് കുമാര്‍, ഉപദേശകസമിതി പ്രസിഡൻറ് മനോജ് മാധവശ്ശേരില്‍ തുടങ്ങിയവര്‍ പള്ളിയോടങ്ങള്‍ക്ക് ദക്ഷിണ നല്‍കി സ്വീകരിച്ചു. ഗജമണ്ഡപത്തില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ നിലവിളക്കിനുമുന്നില്‍ എന്‍.എസ്.എസ് പ്രസിഡൻറ് പി.എന്‍. നരേന്ദ്രനാഥന്‍ നായരും കലക്ടര്‍ ആര്‍. ഗിരിജയും തൂശനിലയില്‍ സദ്യ വിളമ്പി ഭഗവാന് സമര്‍പ്പിച്ചതോടെ ഭക്തരും ഒപ്പം പങ്കുചേര്‍ന്നു. വീണ ജോർജ് എം.എല്‍.എ, മുന്‍ എം.എല്‍.എമാരായ എ. പദ്മകുമാര്‍, മാലേത്ത് സരളാദേവി, എൻ.എസ്.എസ് താലൂക്ക് യൂനിയന്‍ പ്രസിഡൻറുമാരായ സോമനാഥന്‍ നായര്‍, പി. അനില്‍കുമാര്‍, ജില്ല പഞ്ചായത്ത് പ്രസിഡൻറ് അന്നപൂര്‍ണാദേവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.ബി. സത്യന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ആര്‍. കൃഷ്ണകുമാര്‍, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് മിനി ശ്യാം മോഹന്‍, ആര്‍. അജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വഴിപാട് സദ്യക്ക് ജനം വാഹനങ്ങളില്‍ എത്തിയതോടെ പാര്‍ക്കിങ്ങിനാവശ്യമായ സ്ഥലമില്ലാതെയായി. ഉ്ത്രട്ടാതി ജലമേളക്ക് പാര്‍ക്കിങ്ങിന് പൊലീസ് വിവിധ സ്ഥലങ്ങള്‍ നിശ്ചയിച്ചെങ്കിലും ഫലവത്തായില്ല. ജലമേളക്ക് പമ്പയുടെ ഇരുകരകളിലുമാണ് ജനങ്ങള്‍ എത്തിയതെങ്കില്‍ ചൊവ്വാഴ്ച ഇവരെല്ലാം കേന്ദ്രീകരിച്ചത് ക്ഷേത്ര മതിലകത്തായിരുന്നു. ഇതുമൂലം ഏറെ നേരം ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. പൊലീസും സുരക്ഷ ഉദ്യോഗസ്ഥരും എണ്ണത്തില്‍ കുറവായിരുന്നു. ക്ഷേത്രമതിലിനകത്ത് വടക്കേ നടയിലൂടെയുള്ള പ്രവേശനം ഏറെ ദുഷ്‌കരമായിരുന്നു. പള്ളിയോടങ്ങളെ സ്വീകരിച്ചുകൊണ്ടുവരുന്നതിനിടയിലൂടെ സദ്യ കഴിച്ചവരും ഇലകളുമായി എത്തിയവരും ഒന്നിച്ചായപ്പോള്‍ പ്രയാസം വർധിച്ചു. വള്ളസദ്യ വിഭവസമാഹരണം പ്രഹസനമായെന്ന് പരാതി കോഴഞ്ചേരി: അഷ്ടമിരോഹിണി വഴിപാട് വള്ളസദ്യക്കായി പള്ളിയോട കരകളില്‍ നടത്തിയ വിഭവസമാഹരണം പ്രഹസനമായിരുന്നതായി പരാതി. സമൂഹസദ്യയുടെ െചലവ് കുറക്കുന്നതിനും വിഷരഹിത പച്ചക്കറികള്‍ സദ്യക്ക് ഉപയോഗിക്കുന്നതിനും വേണ്ടിയാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് പള്ളിയോട സേവാസംഘം വിഭവസമാഹരണത്തിന് തുടക്കം കുറിച്ചത്. സദ്യക്ക് മുമ്പുള്ള ദിവസങ്ങളില്‍ കരകളില്‍നിന്ന് സമാഹരിക്കുന്ന സാധനങ്ങളുടെ കണക്ക് എടുത്ത ശേഷം പിന്നീട് ആവശ്യമനുസരിച്ചാണ് പച്ചക്കറി സാധനങ്ങള്‍ വാങ്ങുന്നത്. എന്നാല്‍, സാധനങ്ങള്‍ എത്രത്തോളം ഉണ്ടെന്ന് പരിശോധിക്കാതെ സദ്യ കരാറുകാരന്‍ നല്‍കിയ പട്ടിക അനുസരിച്ചുള്ള സാധനങ്ങള്‍ മുന്‍കൂട്ടി വാങ്ങിയെന്നാണ് കരനാഥന്മാര്‍ പറയുന്നത്. കരകളില്‍നിന്ന് സമാഹരിച്ച സാധനങ്ങള്‍ നഷ്ടമാകുകയും പകരമായി വലിയ വില നല്‍കിയും ഇടനിലക്കാരിലൂടെയും എടുത്തെന്നുമാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. വിവിധയിനം പച്ചക്കറികള്‍, തേങ്ങ, ചേന, കാച്ചില്‍, ഏത്തക്കുല, പഴക്കുലകള്‍ തുടങ്ങിയവയെല്ലാം കരകളില്‍നിന്നും ഭക്തജനങ്ങള്‍ സദ്യക്കായി സമര്‍പ്പിച്ചിരുന്നു. സദ്യക്ക് ശേഷം മിച്ചം വരുന്നവ ലേലം ചെയ്യുമെന്നാണ് ഭാരവാഹികള്‍ പറഞ്ഞത്. ഇതില്‍ പലതും അപ്പോഴേക്കും ഉപയോഗ ശൂന്യമാകും. ആയതുകൊണ്ട് ലേലത്തില്‍ സാധനങ്ങള്‍ വാങ്ങാന്‍ ആരും തയാറാകില്ല. ഇത് ഭഗവാന് സമര്‍പ്പിച്ച കരക്കാരോടുള്ള അവഹേളനമായിട്ടാണ് ഭക്തജനങ്ങള്‍ കാണുന്നത്. മാത്രമല്ല ലേലം വിളിച്ചാല്‍ പള്ളിയോട സേവാസംഘത്തിന് ഇതി​െൻറ പേരില്‍ നഷ്ടമുണ്ടാകുമെന്നാണ് പള്ളിയോട കരയിലെ ആളുകള്‍ പറയുന്നത്.
COMMENTS