കല്ലൂര്‍ക്കാട് പഞ്ചായത്തില്‍ ക്ഷീരഗ്രാമം പദ്ധതിക്ക്​ 50 ലക്ഷം

05:03 AM
14/09/2019
മൂവാറ്റുപുഴ: സംസ്ഥാന ക്ഷീരവികസന വകുപ്പില്‍നിന്ന് ക്ഷീര ഗ്രാമം പദ്ധതിക്ക് കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുത്തതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. പദ്ധതിക്ക് 50 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ക്ഷീരകര്‍ഷകരുള്ള പഞ്ചായത്തും, ഏറ്റവും കൂടുതല്‍ പാലും, പാല്‍ ഉല്‍പന്നങ്ങളും ഉല്‍പാദിപ്പിക്കുന്നതും കല്ലൂര്‍ക്കാടാണ്. സംസ്ഥാനത്ത് 10 പഞ്ചായത്തുകളെയാണ് തെരഞ്ഞെടുത്തത്. ഒന്ന്, രണ്ട്, അഞ്ച്്്, 10 കറവപ്പശുക്കള്‍ ഉൾക്കൊള്ളുന്ന ഡെയറി യൂനിറ്റുകള്‍, അഞ്ച്, 10 കിടാരികള്‍ ഉള്‍ക്കൊള്ളുന്ന കിടാരി വളര്‍ത്തല്‍ യൂനിറ്റുകള്‍, തൊഴുത്ത് നിർമാണം, നവീകരണം, കറവ യന്ത്രം സ്ഥാപിക്കല്‍, ധാതുലവണ മിശ്രിതങ്ങളുടെ വിതരണം, ഗോകുലം ഡെയറി യൂനിറ്റുകള്‍ എന്നിവയാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. പദ്ധതി നടപ്പാക്കുന്നതോടെ ക്ഷീരമേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് ഏറെ ഗുണകരമാകുമെന്ന് എം.എല്‍.എ പറഞ്ഞു. കല്ലൂര്‍ക്കാട്, മഞ്ഞള്ളൂര്‍ പഞ്ചായത്തുകളില്‍ കേരകര്‍ഷകരെ സഹായിക്കുന്നതിനായി കേരഗ്രാമം പദ്ധതിയും അനുവദിച്ചിട്ടുണ്ട്.
Loading...