പള്ളിക്കൂടം കാണാത്ത പ്രതിഭ കലോത്സവത്തിനെത്തും; കാഴ്​ചക്കാരനായി

05:07 AM
06/12/2018
കായംകുളം: പുസ്തകസഞ്ചി തോളിലേറ്റാെതയും കലോത്സവവേദികളുടെ പകിട്ടിന് പിറകെ പായാതെയും പ്രതിഭ തെളിയിച്ച മിനോണും കലാനഗരിയിലുണ്ടാകും. അഭിനേതാവായും ചിത്രകാരനായും തേൻറതായ ഇടംകണ്ടെത്തിയ അപൂർവ പ്രതിഭയാണ് മിനോൺ. ത​െൻറ പ്രായക്കാരെല്ലാം സ്കൂളിലേക്ക് പോയപ്പോൾ മിനോൺ പാടത്തും പറമ്പിലും ചുറ്റിയടിച്ച് പ്രകൃതിയെ പഠിക്കുകയായിരുന്നു. മകനെ അവ​െൻറ വഴിക്ക് വിടാൻ തയാറായ മാതാപിതാക്കളുടെ വിജയമാണിത്. വളർച്ചയുടെ ഘട്ടങ്ങളിലെല്ലാം പുതിയ പാഠങ്ങൾ തേടിയുള്ള യാത്രകൾ മിനോണിനെ ഉയർച്ചയുടെ വഴിയിലേക്കുതന്നെയാണ് എത്തിച്ചത്. സാമ്പ്രദായിക സങ്കൽപങ്ങൾക്ക് പുറംതിരിഞ്ഞ് നടന്ന ഹരിപ്പാട് വീയപുരം ഇടത്തിട്ടങ്കരി ജോൺ ബേബിയും മിനിയും പ്രിയപ്പെട്ട മകനെ അവ​െൻറ ഇഷ്ടങ്ങൾക്ക് വിട്ടുകൊടുക്കുകയായിരുന്നു. അറിവ് സമ്പാദിക്കാൻ വെറുതെ സർട്ടിഫിക്കറ്റുകൾ വാരിക്കൂേട്ടണ്ട ആവശ്യമില്ലെന്നാണ് ഇവരുടെ സിദ്ധാന്തം. ഇത് ശരിയാണെന്ന് തെളിയിച്ച വളർച്ചയാണ് 18 വയസ്സിനുള്ളിൽ മിനോൺ നേടിയെടുത്തത്. 'നൂറ്റൊന്ന് ചോദ്യങ്ങൾ' സിനിമയിലൂടെ മികച്ച ബാലനടനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ മിനോണിനെ തേടിയെത്തി. ഇതിനകം 25 ചിത്രത്തിൽ അഭിനയിച്ചു. മഹാരാജാസ് കോളജിൽ കുത്തേറ്റ് മരിച്ച അഭിമന്യുവി​െൻറ ജീവിതം പറയുന്ന 'നാൻ പെറ്റ മകൻ' സിനിമയിൽ നായകനായും വേഷമിടുന്നു. ചിത്രരചനയിലും അതുല്യ പ്രതിഭയാണെന്ന് തെളിയിച്ച മിനോൺ ആയിരത്തോളം ചിത്രങ്ങൾ വരച്ച് നൂറോളം ചിത്രപ്രദർശനങ്ങൾ നടത്തിക്കഴിഞ്ഞു. മ്യൂറൽ പെയിൻറിങ്ങിലാണ് കൂടുതൽ താൽപര്യം. യാത്രകളും വായനയും ഏറെ ഇഷ്ടപ്പെടുന്ന മിനോണി​െൻറ പാഠശാല സ്വന്തം അനുഭവങ്ങൾതന്നെയാണ്. പഠിക്കാൻ സ്കൂളിൽ പോയില്ലെങ്കിലും അധ്യാപകനായി സ്കൂളിലും കോളജുകളിലുമൊക്കെ എത്തി. വിദ്യാഭ്യാസ മനഃശാസ്ത്രത്തെക്കുറിച്ച് ബി.എഡ് കോളജുകളിലാണ് ഏറെയും ക്ലാസ് നയിച്ചിട്ടുള്ളത്. ചിത്രരചനയും പരിസ്ഥിതിയുമൊക്കെ പഠിപ്പിക്കാൻ പോയി. ആക്ടിവിസ്റ്റ് എന്ന നിലയിലും ഇടപെടലുകളുണ്ട്. പരിസ്ഥിതി സംരക്ഷണസമരങ്ങൾക്കാണ് പിന്തുണ. ജോൺ ബേബി നല്ലൊരു ശിൽപിയും മിനി ചിത്രകാരിയുമാണ്. നർത്തകിയായ സഹോദരി മിൻറുവും സ്കൂളിൽ പോയിട്ടില്ല. ഇപ്പോൾ കൊച്ചി വാഴക്കാലയിലാണ് താമസം. ജന്മനാട്ടിൽ നടക്കുന്ന കൗമാര കലോത്സവത്തിന് നിശ്ചയമായും എത്തുമെന്ന് മിനോൺ 'മാധ്യമ'ത്തോട് പറഞ്ഞു. വാഹിദ് കറ്റാനം
Loading...
COMMENTS