വിമാനത്താവളത്തിൽ ടാക്​സി ഡ്രൈവർമാർ തമ്മിലെ സംഘർഷം: നാൽപതോളം പേർക്കെതിരെ കേസ്​; ഏഴ് പേർ അറസ്​റ്റിൽ

05:45 AM
13/10/2017
നെടുമ്പാശ്ശേരി: വിമാനത്താവളത്തിൽ പ്രീപെയ്ഡ് - ഓൺലൈൻ ടാക്സി ൈഡ്രവർമാർ സായുധരായി ഏറ്റുമുട്ടി. ബുധനാഴ്ച രാത്രി നടന്ന സംഘട്ടനത്തിൽ 30ലേറെ പേർക്ക് പരിക്കേറ്റു. സംഘർഷവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളിലുമായി നാൽപതോളം പേർക്കെതിരെ കേസെടുത്തു. ഏഴ് പേരെ അറസ്റ്റ് ചെയ്തു. വിമാനത്താവളത്തിൽനിന്ന് ഓൺലൈൻ ടാക്സിയിൽ പുറപ്പെട്ട യാത്രക്കാരെ പ്രീപെയ്ഡ് ടാക്സി ൈഡ്രവർമാർ ആക്രമിച്ചതാണ് സംഘർഷത്തിന് കാരണം. തുടർന്ന് ഓൺലൈൻ ടാക്സിക്കാരുടെ പ്രതിനിധികൾ പ്രീപെയ്ഡ് ടാക്സി തടഞ്ഞു. ഇതിനുശേഷമാണ് രാത്രി ഇരുകൂട്ടരും വിമാനത്താവള കവാടത്തിൽ ഏറ്റുമുട്ടിയത്. പലരുടെയും കൈകൾ ഒടിഞ്ഞു. രണ്ടുപേരുടെ തലക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇതേ തുടർന്നാണ് ജാമ്യമില്ലാത്ത വകുപ്പനുസരിച്ച് കേസെടുത്തത്. ഓൺലൈൻ ടാക്സിയിൽ യാത്രക്കാരെ കയറ്റുന്നത് തടയണമെന്നാവശ്യപ്പെട്ട് പ്രീപെയ്ഡ് ടാക്സിക്കാർ പണിമുടക്കിലാണ്. വിമാനത്താവള കമ്പനി പണിമുടക്ക് പിൻവലിച്ചില്ലെങ്കിൽ പെർമിറ്റ് റദ്ദാക്കുമെന്ന് നോട്ടീസ് നൽകിയെങ്കിലും ഇവർ വഴങ്ങിയിട്ടില്ല. വ്യാഴാഴ്ച പൊലീസി​െൻറയും സി.ഐ.എസ്.എഫി​െൻറയും വാഹനങ്ങൾ ഉപയോഗപ്പെടുത്തിയാണ് വിമാനത്താവളത്തിൽനിന്ന് യാത്രക്കാരെ വിവിധ സ്ഥലങ്ങളിലേക്ക് എത്തിച്ചത്. വൈകുന്നേരത്തോടെ ഓൺലൈൻ ടാക്സിക്കാരും വിമാനത്താവളത്തിൽനിന്ന് യാത്രക്കാരെ കൊണ്ടുപോകാൻ തുടങ്ങി. ഓൺലൈൻ ടാക്സികൾ തടഞ്ഞാൽ ഇനി കർശന നടപടികളെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംഘർഷമൊഴിവാക്കാൻ പ്രത്യേക പൊലീസ് പിക്കറ്റും വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
COMMENTS