Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2017 5:38 AM GMT Updated On
date_range 2017-12-17T11:08:59+05:30ഓഖി ദുരിതാശ്വാസ നിധി: സിയാൽ അഞ്ചുകോടി നൽകി
text_fieldsഘാനയിൽ മൂന്ന് വിമാനത്താവളങ്ങളിൽ സൗരോർജ പദ്ധതിക്ക് സിയാൽ സഹകരണം നെടുമ്പാശ്ശേരി:- ഓഖി ദുരന്തത്തിെൻറ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊച്ചി ഇൻറർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) അഞ്ചുകോടി രൂപ നൽകി. സിയാൽ ഡയറക്ടർ കൂടിയായ മന്ത്രി വി.എസ്. സുനിൽകുമാർ അഞ്ചുകോടിയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിൽ ശനിയാഴ്ച ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിെൻറ തീരുമാനപ്രകാരമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി സംഭാവന ചെയ്തത്. സംസ്ഥാന സർക്കാർ--സിയാൽ സംയുക്ത സംരംഭമായ ഉൾനാടൻ ജലപാത വികസന നടപടികൾ ത്വരിതപ്പെടുത്താൻ 4.41 കോടി നൽകാനും യോഗം തീരുമാനിച്ചു. ഹോസ്ദുർഗ് മുതൽ കോവളം വരെ ഉൾനാടൻ ജലപാത വികസിപ്പിക്കാൻ സർക്കാറും സിയാലും ചേർന്ന് രൂപവത്കരിച്ച കേരള വാട്ടർവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡിന് ഈ തുക ഉടൻ കൈമാറും. ലോകത്തെ ആദ്യ സമ്പൂർണ സൗരോർജ വിമാനത്താവളമായ സിയാലിെൻറ സാങ്കേതിക സഹകരണം തേടി നിരവധി രാജ്യങ്ങളും എയർപോർട്ട് ഏജൻസികളും നേരത്തേ അധികൃതരുമായി ചർച്ച നടത്തിയിരുന്നു. പശ്ചിമ ആഫ്രിക്കൻ രാജ്യമായ ഘാനയുടെ ഇന്ത്യയിലെ ഹൈകമീഷണർ മൈക്കേൽ ആരൺ നോർട്ടൻ ഒഖാന ജൂനിയർ ഇതുസംബന്ധിച്ച ചർച്ചക്ക് കഴിഞ്ഞദിവസം സിയാലിലെത്തിയിരുന്നു. സൗരോർജ വിമാനത്താവളങ്ങളുടെ വികസനത്തിന് സാങ്കേതിക സഹകരണം നൽകുന്നതിനുള്ള ആദ്യഘട്ടമായി ഘാനയുമായി കരാർ ഒപ്പുെവക്കാൻ ഡയറക്ടർ ബോർഡ് യോഗം അനുമതി നൽകി. ഇതനുസരിച്ച് ഘാനയിലെ മൂന്ന് വിമാനത്താവളങ്ങളിൽ സൗരോർജ പ്ലാൻറുകൾ സ്ഥാപിക്കാൻ സിയാൽ സാങ്കേതിക സഹകരണം നൽകും. ഇതിെൻറ തുടർനടപടിക്ക് യോഗം മാനേജിങ് ഡയറക്ടറെ ചുമതലപ്പെടുത്തി. സിയാൽ ഡയറക്ടർമാരായ മന്ത്രി വി.എസ്. സുനിൽകുമാർ, കെ.റോയ് പോൾ, എ.കെ. രമണി, സി.വി. ജേക്കബ്, ഇ.എം. ബാബു, എൻ.വി. ജോർജ്, മാനേജിങ് ഡയറക്ടർ വി.ജെ. കുര്യൻ, കമ്പനി സെക്രട്ടറി സജി കെ. ജോർജ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക കൈമാറിയ ചടങ്ങിൽ എയർപോർട്ട് ഡയറക്ടർ എ.സി.കെ. നായർ, എക്സിക്യൂട്ടിവ് ഡയറക്ടർ എ.എം. ഷബീർ, ചീഫ് ഫിനാൻഷ്യൽ ഓഫിസർ സുനിൽ ചാക്കോ, ജനറൽ മാനേജർ ജോസ് തോമസ് എന്നിവരും പങ്കെടുത്തു.
Next Story