കാഞ്ഞങ്ങാട്: ചാലിങ്കാൽ ദേശീയപാതയോരത്ത് ഒഴിഞ്ഞപറമ്പിൽ പുല്ലി ന് തീപിടിച്ചു. ഞായറാഴ്ച ഉച്ച ഒന്നരയോടെയാണ് സംഭവം. നിമിഷനേരംകൊണ്ട് തീ ആളിപ്പടർന്നു. വിവരമറിഞ്ഞ് രേണ്ടാടെ കാഞ്ഞങ്ങാടുനിന്ന് അസി സ്റ്റേഷൻ ഓഫിസർ ഗോപാലകൃഷ്ണൻ മാവിലയുടെ നേതൃത്വത്തിൽ രണ്ടു യൂനിറ്റ് അഗ്നിശമന സേനയെത്തി തീയണക്കാൻ ആരംഭിച്ചു. കാസർകോട്ടുനിന്ന് ഒരു യൂനിറ്റ് അഗ്നിശമന സേനയും എത്തി. 50 ഏക്കറോളം വരുന്ന പറമ്പിലെ പുല്ലും കാടുകളും കത്തിനശിച്ചു. തീ പടർന്നുപിടിച്ചതോടെ ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതതടസ്സം നേരിട്ടു. വൈകീട്ട് 4.45നാണ് തീ നിയന്ത്രണവിധേയമാക്കിയത്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് തീപിടിച്ചത്.
തുടർച്ചയായി ആറാം വർഷമാണ് ഈ പറമ്പിൽ തീപിടിക്കുന്നത്. പല പ്രാവശ്യം ഉടമയുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും ആവശ്യമായ മുൻകരുതൽ എടുത്തിരുന്നില്ല. ഒരാഴ്ച മുമ്പ് പുല്ലുർ പെരിയ പഞ്ചായത്ത് ഓഫിസിൽ അഗ്നിശമനസേനയുടെ ഫീൽഡ് ഓഫിസർ എത്തി അടിക്കടി തീപിടിക്കുന്നത് ശ്രദ്ധയിൽപെടുത്തിയിരുന്നു. ലീഡിങ് ഫയർമാൻ ആർ. രാമചന്ദ്രൻ, ഫയർമാൻ ഡ്രൈവർമാരായ ഇ. പ്രസീദ്, കെ. പ്രീയേഷ്, ജയരാജൻ, ഫയർമാൻമാരായ സണ്ണി ഇമ്മാനുവൽ, കെ.വി. സന്തോഷ്, അനു, രഞ്ജിത്ത്, കൃഷ്ണരാജ്, ഹരികെ സുകുമാർ, ഹോം ഗാർഡുമാരായ രാഘവൻ, വി.വി. നാരായണൻ, നാരായൺ എന്നീ സേനാ അംഗങ്ങളും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. ഇരുപതിനായിരത്തോളം ലിറ്റർ വെള്ളം പമ്പ് ചെയ്താണ് തീയണച്ചത്.