വൈദ്യുതി മുടക്കം അറിയിക്കുന്നതിന്​ കൃത്യതയില്ല; പടന്നയിൽ ഉപഭോക്താക്കൾക്ക്​ ദുരിതം

11:38 AM
15/11/2019

പടന്ന: മുന്നറിയിപ്പില്ലാതെ വൈദ്യുതി ഓഫാക്കി ഉപഭോക്താക്കളെ ദുരിതത്തിലാക്കി പടന്നയിൽ വൈദ്യുതി വകുപ്പ്. ലൈനിൽ നടക്കുന്ന അറ്റകുറ്റപ്പണികൾക്ക് വൈദ്യുതിവിതരണം നിർത്തിവെക്കുന്നതായുള്ള സന്ദേശം ഉപയോക്താക്കൾക്ക് ലഭിക്കുന്നത് വൈദ്യുതി പോയിക്കഴിഞ്ഞതിന് ശേഷമായിരിക്കും. കഴിഞ്ഞദിവസം വടക്കേപ്പുറത്ത് ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിനാൽ രാവിലെ 10 മണി മുതൽ വൈദ്യുതി മുടങ്ങും എന്നറിയിച്ചുള്ള സന്ദേശം പക്ഷേ ഉപയോക്താക്കൾക്ക് കിട്ടിയത് 10 മണി കഴിഞ്ഞതിന് ശേഷമായിരുന്നു. കൃത്യമായ അറിയിപ്പ് അയക്കാതെ വൈകീട്ട്​ അഞ്ചുമണി വരെ വൈദ്യുതി വിതരണം മുടങ്ങിയത് ജനങ്ങളെ ദുരിതത്തിലാക്കി. ഇതിനുമുമ്പും ഇത്തരം അനുഭവം ഉണ്ടായതുകൊണ്ട് സെക്​ഷൻ ഓഫിസിൽ ബന്ധപ്പെട്ട പലർക്കും കിട്ടിയ മറുപടി സ്ഥിരമായി പറയുന്നതുപോലെ കമ്പ്യൂട്ടർ വഴി അയക്കുന്ന മെസേജ് നെറ്റ്​വർക്കിലെ പ്രശ്നം കാരണം വൈകുന്നതാണ് എന്നായിരുന്നു.  

തുടർന്ന് മാധ്യമപ്രവർത്തകരും വാട്സ്ആപ്​ കൂട്ടായ്മകളും പ്രതിഷേധിക്കുകയും തങ്ങളൾക്ക് മുൻകൂട്ടി അറിയിപ്പ് അയച്ചാൽ സമൂഹമാധ്യമങ്ങൾ വഴി ജനങ്ങൾക്ക് സന്ദേശം എത്തിച്ച്  ജനങ്ങളുടെ ബുദ്ധിമുട്ട് പരമാവധി കുറക്കുന്നതിന് സഹകരിക്കാം  എന്നും അറിയിച്ചിരുന്നു. എന്നാൽ, ചൊവ്വാഴ്ച രാവിലെ മുതൽ ഉച്ചവരെ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന പണിയുമായി ബന്ധപ്പെട്ട്  അറിയിപ്പ് നൽകാതെ കൊട്ടയന്താർ ഭാഗത്ത് വീണ്ടും  വൈദ്യുതി വിതരണം നിർത്തിവെച്ചു. മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നത്  വീടുകളെ മാത്രമല്ല  തൊഴിലാളികളെയും വ്യാപാര സ്ഥാപനങ്ങളെയും ബുദ്ധിമുട്ടിലാക്കുകയാണ്. മുൻകൂട്ടി നിശ്ചയിച്ച പണികൾക്കുപോലും ഉപയോക്താക്കൾക്ക് കൃത്യമായ വിവരം അറിയിക്കാതെ വൈദ്യുതി നിർത്തിവെക്കുന്ന അധികൃതരുടെ നിരുത്തരവാദ സമീപനം നാട്ടുകാരിൽ കനത്ത പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. ജനങ്ങളെ വട്ടംകറക്കുന്ന ഉദ്യമത്തിൽ നിന്ന് പിന്തിരിഞ്ഞില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മേലധികാരികൾക്ക് പരാതിനൽകുമെന്നും വെൽഫെയർ പാർട്ടി പടന്ന പഞ്ചായത്ത് ഭാരവാഹികൾ പറഞ്ഞു.

Loading...
COMMENTS