ഡീസൽ ക്ഷാമം: ജില്ലയിൽ കെ.എസ്​.ആർ.ടി.സി സർവിസുകൾ മുടങ്ങി

06:33 AM
12/09/2018
കാസർകോട്: ഡീസൽ ക്ഷാമം മൂലം ജില്ലയിൽ കെ.എസ്.ആർ.ടി.സി സർവിസുകൾ മുടങ്ങി. കാഞ്ഞങ്ങാട് ഡിപ്പോയിൽ നിന്നുള്ള സർവിസുകളാണ് മുടങ്ങിയത്. കാഞ്ഞങ്ങാട് നിന്ന് മലയോര മേഖലകളിലേക്ക് ഉൾപ്പെടെ ചൊവ്വാഴ്ച ഉച്ചക്കുശേഷം സർവിസുകളൊന്നും നടന്നില്ല. കെ.എസ്.ആർ.ടി.സി കാഞ്ഞങ്ങാട് ഡിപ്പോയിൽ നിലവിൽ ഡെഡ് സ്റ്റോക്കായ 650 ലിറ്റർ ഡീസൽ മാത്രമാണ് ബാക്കിയുള്ളത്. ഇത് ഉപയോഗിക്കാനാവില്ല. ഡിപ്പോയിൽ നിന്ന് പ്രതിദിനം 58 സർവിസുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കും ജില്ലക്ക് പുറത്തേക്കുമായി നടത്തുന്നത്. ഇതിൽ മലയോര മേഖലകളായ പാണത്തൂർ, ചിറ്റാരിക്കാൽ, ആലക്കോട്, കൊന്നക്കാട്, എളേരി തുടങ്ങി വിവിധയിടങ്ങളിലേക്കുള്ള സർവിസുകളാണ് മുടങ്ങിയത്. പ്രതിദിനം 19293 കിലോമീറ്ററാണ് കാഞ്ഞങ്ങാട് ഡിപ്പോയിൽ നിന്ന് കെ.എസ്.ആർ.ടി.സി സർവിസ് നടത്തിയിരുന്നത്. അത് 15667 ആയി വെട്ടിക്കുറക്കണമെന്ന നിർദേശം കഴിഞ്ഞ ആഗസ്റ്റ് 30ന് തിരുവനന്തപുരം ചീഫ് ഒാഫിസ് പുറപ്പെടുവിച്ചിരുന്നു. ദിനംതോറും ഉപയോഗിക്കുന്ന 5000 ലിറ്ററിൽ നിന്നും 4000 ലിറ്ററായി ഡീസൽ ഉപഭോഗം വെട്ടിക്കുറക്കുക എന്നത് ലക്ഷ്യമിട്ടായിരുന്നു ഇത്. കഴിഞ്ഞ നാലുദിവസമായി ഡീസൽ ലഭിക്കാത്തതിനെ തുടർന്ന് ചൊവ്വാഴ്ച സർവിസുകൾ പൂർണമായും നിലക്കുകയായിരുന്നു. എന്നാൽ, ഡീസൽ ലഭ്യതക്കുറവ് കാസർകോട് ഡിപ്പോയുടെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചില്ല. പ്രതിദിനമുള്ള 92 ഷെഡ്യൂളുകളും സർവിസ് നടത്തി. 36287 കിലോമീറ്ററാണ് കാസർകോട് ഡിപ്പോയിൽനിന്ന് കെ.എസ്.ആർ.ടി.സി ദിനംതോറും സർവിസ് നടത്താറുള്ളത്. അത് 26089 കിലോമീറ്ററായി കുറക്കണമെന്ന നിർദേശം കെ.എസ്.ആർ.ടി.സി പുറപ്പെടുവിച്ചിരുന്നു. ദിവസംതോറും 8000 ലിറ്റർ ഡീസൽ ഉപയോഗിച്ചിരുന്നിടത്ത് അത് 6000 ലിറ്റർ ആയി ചുരുക്കാനായിരുന്നു നിർദേശം. എന്നാൽ, ഡിപ്പോയിൽ നിന്ന് കൂടുതലും അന്തർസംസ്ഥാന സർവിസുകളായതുകൊണ്ട് ഇൗ നിർദേശം പ്രായോഗികമായില്ല. കാസർകോടുനിന്ന് മംഗളൂരു ഭാഗത്തേക്ക് 42ഉം സുള്ള്യ, പുത്തൂർ എന്നിവിടങ്ങളിലേക്ക് ആറും ബംഗളൂരു, സുബ്രഹ്മണ്യ എന്നിവിടങ്ങളിലേക്ക് ഒാരോ സർവിസുകളും കെ.എസ്.ആർ.ടി.സി നടത്തുന്നുണ്ട്. സംസ്ഥാനത്ത് പ്രതിദിനം 3.5 കോടി രൂപയുടെ ഡീസലാണ് സാധാരണഗതിയിൽ കെ.എസ്.ആർ.ടി.സി വാങ്ങാറ്. ഇത് 2.25 കോടി രൂപയാക്കി ചുരുക്കി. 4.5 ലക്ഷം ലിറ്റർ ഡീസൽ വാങ്ങിയിരുന്നിടത്ത് 3.5 ലക്ഷം ലിറ്റർ ഡീസലായി കുറച്ചു. ഇതാണ് ഡീസൽ ലഭ്യത കുറയാൻ കാരണം.
Loading...
COMMENTS