ജി.എഫ്.യു.പി.എസ്​ മാണിക്കോത്ത്: പുതിയ ബ്ലോക്ക് നിർമാണത്തിന് ഭരണാനുമതി

05:04 AM
23/05/2020
കാഞ്ഞങ്ങാട്: കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി മാണിക്കോത്ത് ഗവ. ഫിഷറീസ് യു.പി സ്കൂളിൽ പുതിയ കെട്ടിട നിർമാണത്തിന് ഭരണാനുമതിയായി. ഒമ്പത് ക്ലാസ്മുറികളോടുകൂടി നിർമിക്കുന്ന കെട്ടിടത്തിന് 1.34 കോടി രൂപയാണ് വകയിരുത്തിയത്. കാഞ്ഞങ്ങാട് നിയോജക മണ്ഡലം എം.എൽ.എ ഇ. ചന്ദ്രശേഖരൻെറ ആസ്തി വികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ കെട്ടിട നിർമാണത്തിന് അനുവദിച്ചിട്ടുണ്ട്. ശേഷിക്കുന്ന 84 ലക്ഷം രൂപ കാസർകോട് വികസന ഫണ്ടിൽനിന്ന് അനുവദിക്കും. നിലവിൽ ഒമ്പത് ക്ലാസുകൾ മാത്രമുള്ള സ്കൂളിന് സ്ഥലപരിമിതി, അപര്യാപ്തമായ ഫർണിച്ചർ, ക്ലാസ്റൂമിൻെറ മോശം അവസ്ഥ തുടങ്ങിയവ ദുരിതമാകുകയാണ്. ഇത് വിദ്യാർഥികളുടെ അക്കാദമിക് ഫലങ്ങളെ മോശമായി ബാധിക്കുന്നതിനാലാണ് ഫിഷറീസ് മേഖലയിലുള്ള ഈ സ്കൂളിന് പദ്ധതി അനുവദിച്ചതെന്ന് ജില്ല കലക്ടർ ഡോ. ഡി. സജിത് ബാബു അറിയിച്ചു. പൊതുമരാമത്ത് കെട്ടിട നിർമാണ വിഭാഗം എക്സി. എൻജിനീയർ നിർവഹണ ഉദ്യോഗസ്ഥനായ പദ്ധതിയിൽ മൂന്നു നിലകളിലായി 650.25 മീ.സ്ക്വയറിൽ നിർമിക്കുന്ന കെട്ടിടത്തോടൊപ്പം റാമ്പും യാർഡ് ഇൻറർലോക്കിങ്ങും ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ ബ്ലോക്ക് നിർമാണം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് കാസർകോട് വികസന പാക്കേജ് സ്പെഷൽ ഓഫിസർ ഇ.പി. രാജ്മോഹൻ അറിയിച്ചു.
Loading...