കണ്ടല്‍ ശേഖരിച്ച് കായല്‍ യാത്ര; കിട്ടിയത് ആയിരത്തോളം വിത്തുകള്‍

10:24 AM
06/06/2016

തൃക്കരിപ്പൂര്‍: ആയിരത്തോളം കണ്ടല്‍ വിത്തുകള്‍ ശേഖരിച്ചും കേരളത്തില്‍ അത്യപൂര്‍വമായ സ്വര്‍ണക്കണ്ടലുകള്‍ വെച്ചുപിടിപ്പിച്ചും പരിസ്ഥിതി ദിനാചരണം.
ഇടയിലക്കാട് നവോദയ വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന്‍െറ ആഭിമുഖ്യത്തിലാണ് കവ്വായിക്കായലില്‍ യാത്ര നടത്തി കണ്ടല്‍ നഴ്സറി തയാറാക്കാനുള്ള വിത്തുകള്‍ ശേഖരിച്ചത്.
കവ്വായിക്കായലിനെ കണ്ടല്‍ സമൃദ്ധമാക്കാനും ജില്ലയിലെ വിവിധ പുഴകളില്‍ വെച്ചു പിടിപ്പിക്കാനും കവ്വായിക്കടുത്ത അഞ്ചിങ്ങമാടിലും തെക്കന്‍ തുരുത്തിലുമാണ് ഗ്രന്ഥാലയം പ്രവര്‍ത്തകര്‍ കണ്ടല്‍ വിത്തുകള്‍ തേടി തോണിയില്‍ യാത്ര പുറപ്പെട്ടത്.
അരയോളം ആഴത്തില്‍ താഴുന്ന ചതുപ്പുനിറഞ്ഞ ഈ തുരുത്തുകള്‍ കണ്ടലുകള്‍ നിറഞ്ഞവയാണ്.
അടുത്ത കാലത്തായി കായലോരവാസികളില്‍ ചിലരുടെ മാലിന്യ നിക്ഷേപ കേന്ദ്രമായി തുരുത്തുകള്‍ മാറിയതായി യാത്രാ സംഘത്തിന് ബോധ്യപ്പെട്ടു. ഭ്രാന്തന്‍ കണ്ടല്‍, വള്ളിക്കണ്ടല്‍, എഴുത്താണിക്കണ്ടല്‍, കണ്ടേലിയ കണ്ടല്‍ എന്നിവയുടെ വിത്തുകളാണ് ശേഖരിച്ചത്. പരിസ്ഥിതി സംരക്ഷണ ക്ളാസുകളും ഗീതങ്ങളും കായല്‍യാത്രക്ക് മിഴിവേകി.
ഗ്രന്ഥാലയം മുഖ്യരക്ഷാധികാരി വി. ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് പി.വി. പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം വി.കെ. കരുണാകരന്‍, ആനന്ദ് പേക്കടം, കെ.വി. കൃഷ്ണപ്രസാദ്, പി. വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.

Loading...
COMMENTS