Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2017 8:34 AM GMT Updated On
date_range 2017-07-02T14:04:18+05:30ശുചിത്വകാമ്പയിൻ വിലയിരുത്തി ജില്ലതല ടീം
text_fieldsകണ്ണൂർ: ജൂണ്‍ 27 മുതല്‍ 29വരെ ജില്ലയില്‍ നടത്തിയ മാലിന്യസംസ്‌കരണ, ശുചിത്വ കാമ്പയിന്‍ വിലയിരുത്തുന്നതിന് ജില്ലതല ടീം പരിശോധന നടത്തി. ജില്ല ആശുപത്രി, കവിത തിയറ്റർ, കണ്ണൂര്‍ മാൾ, ഗവ. ടൗണ്‍ ഹയര്‍സെക്കൻഡറി സ്‌കൂൾ, സെന്‍ട്രല്‍ മത്സ്യമാര്‍ക്കറ്റ്, എ. കെ.ജി ആശുപത്രി, ട്രാഫിക് പൊലീസ് സ്റ്റേഷൻ, കോര്‍പറേഷന്‍ ഓഫിസ് എന്നിവിടങ്ങളിലാണ് ഡി.എം.ഒയുടെ നേതൃത്വത്തിലുള്ള ഇന്‍സ്‌പെക്ഷന്‍ ടീം പരിശോധിച്ചത്. പരിശോധനയില്‍ കണ്ടെത്തിയ പോരായ്മകൾ പരിഹരിക്കാൻ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കുകയും നിയമപരമായ നോട്ടീസ് നല്‍കുന്നതിനായി കോര്‍പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു. ജില്ലയിലെ എല്ലാ ഹെല്‍ത്ത് ബ്ലോക്കുകളിലും ഇത്തരം പരിശോധനകള്‍ നടത്തി. തുടര്‍ന്ന് മേയര്‍ ഇ.പി. ലതയെ സന്ദര്‍ശിച്ച് പരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങളെക്കുറിച്ചും തുടര്‍പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും ചര്‍ച്ചചെയ്തു. ജില്ലതല ടീം അംഗങ്ങളായ ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റി അംഗം എം.പി. ജയരാജൻ, ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ ജില്ലയുടെ ചുമതലക്കാരനായ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സി.കെ. ജഗദീശൻ, ഡെപ്യൂട്ടി ജില്ല മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ. എം.കെ. ഷാജ്, ഡോ. കെ.ടി. രേഖ, ജില്ല മലേറിയ ഓഫിസര്‍ ഡോ. കെ.കെ. ഷിനി, ടെക്‌നിക്കല്‍ അസിസ്റ്റൻറ് ഗ്രേഡ് 1 പി. സുനില്‍ദത്തൻ, ജില്ല വിദ്യാഭ്യാസ മാധ്യമ ഓഫിസര്‍ (ആരോഗ്യം) കെ.എൻ. അജയ്, ജോസ് ജോൺ, സീനത്ത് ബീഗം, പ്രകാശൻ, ഡി.വി.സി യൂനിറ്റ് സ്റ്റാഫ് അംഗങ്ങള്‍ തുടങ്ങിയവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
Next Story