Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2017 9:23 AM GMT Updated On
date_range 2017-08-07T14:53:59+05:30മൂകമെങ്കിലും വാചാലം ഇവരുടെ ജീവിതം
text_fieldsശ്രീകണ്ഠപുരം: മൂകതക്കപ്പുറത്ത് വാചാലതയുടെ അതിർവരമ്പുകളില്ലാത്ത ഒരു ലോകമുണ്ടെന്ന് തെളിയിക്കുകയാണ് ഈ ചെറുപ്പക്കാർ. കേൾവിശേഷിയും സംസാരശേഷിയുമില്ലാത്ത ഇവർ ഒത്തുചേർന്ന് വാചാലതയുടെ പുതിയ അനുഭവങ്ങൾ സൃഷ്ടിക്കുമ്പോൾ ഏവരും ഒന്നമ്പരക്കും. ശ്രീകണ്ഠപുരം പി.കെ കോംപ്ലക്സിലാണ് ശബ്ദമില്ലാത്ത ലോകത്തുനിന്നെത്തുന്ന 35 ഓളം പേർ ദിനംപ്രതി ഒത്തുചേർന്ന് സങ്കടവും സന്തോഷവും പങ്കുവെക്കുന്നത്. ജന്മനാ കേൾവിയും സംസാരവും നഷ്ടമായവർ സായന്തനങ്ങളിൽ ഒത്തുചേർന്നാണ് കളിചിരിയും തമാശകളും സ്വപ്നങ്ങളും പ്രതീക്ഷകളും പങ്കുവെക്കുന്നത്. വിവിധ സ്ഥലങ്ങളിൽനിന്നുള്ള, വിവിധ ജോലികൾചെയ്യുന്ന ഇവർ ദിവസവും വൈകീട്ട് ആറോടെ ഒത്തുചേരും. റിക്രിയേഷൻ ക്ലബ് രൂപവത്കരിച്ചാണ് കൂട്ടായ്മ മുന്നോട്ടുനീങ്ങുന്നത്. ദമ്പതിമാർ ഉൾപ്പെടെ ഇക്കൂട്ടത്തിലുണ്ട്. നിശ്ശബ്ദതയുടെ ലോകത്തുനിന്ന് സ്വപ്രയത്നത്താൽ സർക്കാർ ജോലി നേടിയ ഏരുവേശി സ്വദേശിയും കണിയഞ്ചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ക്ലർക്കുമായ പി.പി. ബൈജുമോനാണ് ഇവരെ ഒന്നുചേർത്തത്. റബർ ടാപ്പിങ് നടത്തി മുന്നോട്ടുപോകുന്നതിനിടെ പത്താം ക്ലാസും ബിരുദവുമെല്ലാം സ്വന്തമാക്കി ജീവിതവിജയം നേടിയ വ്യക്തിയാണ് ബൈജുമോൻ. അഡൂരിലെ രാധാകൃഷ്ണൻ, മലപ്പട്ടത്തെ രാജീവ്, കോട്ടൂരിലെ കൃഷ്ണൻ, രാജേഷ്, എം.എം. സിനോജ്, ധന്യ സിനോജ്, ഐസക്, രതീഷ്, രാഗേഷ്, ജോസ് പരിപ്പായി, േജാണി, ഉണ്ണികൃഷ്ണൻ, തൻവീർ, സതീഷ്, മധു അഡൂർ, മിഥുൻ, റഷീദ് തുടങ്ങിയവരാണ് കൂട്ടായ്മയിലുള്ളത്. കൊത്തുപണിയും ആശാരിപ്പണിയും തയ്യലും വയറിങ്ങും പെയിൻറിങ്ങും ഉൾപ്പെടെ വിവിധ ജോലികൾചെയ്യുന്നവരാണിവർ. ഒരുമിച്ചുണ്ടാവുന്ന വേളയിൽ പി.എസ്.സി പരീക്ഷ പരിശീലനംകൂടി തുടങ്ങിയിരിക്കുകയാണ് ഇവർ. തങ്ങളുേടതായ ഒട്ടേറെ പ്രശ്നങ്ങൾ ഇവർക്ക് പറയാനുണ്ട്. അവ സർക്കാറിെൻറ ശ്രദ്ധയിൽപെടുത്താനും ഒരുങ്ങുകയാണിവർ. പ്രതിസന്ധികൾക്കുമുന്നിൽ തളരാതെ മുേന്നറാൻ ഇവർക്ക് കൈമുതലായുള്ളത് ഈ കൂട്ടായ്മയുടെ ആത്മവിശ്വാസവും കരുത്തും.
Next Story