Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2017 10:47 AM GMT Updated On
date_range 2017-06-08T16:17:39+05:30ദേശീയപാതയിൽ ഭീഷണിയായി തണൽമരങ്ങൾ; അപകടം പതിവായിട്ടും നടപടിയില്ല
text_fieldsആലപ്പുഴ: പാതയോരങ്ങളിൽ സ്ഥിതിചെയ്യുന്ന അപകടാവസ്ഥയിലായ തണൽമരങ്ങൾ വെട്ടിമാറ്റണമെന്ന കലക്ടറുടെ ഉത്തരവ് പാലിക്കുന്നതിൽ അധികൃതർ വീഴ്ചവരുത്തി. ജനങ്ങളുടെ സുരക്ഷയുടെ ഭാഗമായി മഴയെത്തുംമുമ്പുതന്നെ അപകടാവസ്ഥയിലായ മരങ്ങൾ വെട്ടിമാറ്റണമെന്ന് പൊതുമരാമത്ത്, റവന്യൂ, വനം വകുപ്പ്, കെ.എസ്.ഇ.ബി വിഭാഗങ്ങളോട് പ്രത്യേകം യോഗം ചേർന്ന് കലക്ടർ നിർദേശിച്ചിരുന്നു. എന്നാൽ, ഉത്തരവ് നടപ്പാക്കാൻ കുറച്ചെങ്കിലും ശ്രമിച്ചത് കെ.എസ്.ഇ.ബി മാത്രമാണ്. ലൈനുകളിൽ മുട്ടിനിൽക്കുന്ന മരശിഖരങ്ങൾ വെട്ടിമാറ്റി. എന്നാൽ, അത് പൂർത്തീകരിക്കാൻ കെ.എസ്.ഇ.ബിക്ക് കഴിഞ്ഞില്ല. ഇപ്പോഴും നഗരത്തിെൻറ പല ഭാഗത്തും മരങ്ങൾ വൈദ്യുതികമ്പിയിൽ ഉരസി നിൽക്കുന്നുണ്ട്. പല മരങ്ങളും മുകൾഭാഗം ദ്രവിച്ച് അപകടാവസ്ഥയിലാണ്. പലതും റോഡിലേക്ക് കുറേശ്ശെ ശിഖരങ്ങളായി വീണുതുടങ്ങുന്നുണ്ട്. കാലവർഷം എത്തിയതോടെ ഏതുസമയത്തും മരങ്ങൾ ദേശീയപാതയിലേക്ക് വീഴാറായ സ്ഥിതിയിലാണ്. ബുധനാഴ്ച നഗരമധ്യത്തിൽനിന്ന ജീർണാവസ്ഥയിലായ വാകമരം ദേശീയപാതയിലേക്ക് മറിഞ്ഞുവീണു. തലനാരിഴക്കാണ് വാഹനങ്ങൾ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. ഫയർഫോഴ്സ് എത്തി മണിക്കൂറോളം പ്രയത്നിച്ചാണ് മരം റോഡിൽനിന്ന് മാറ്റാൻ കഴിഞ്ഞത്. രണ്ടുമാസം മുമ്പും സമാനമായ മറ്റൊരു അപകടവും നഗരത്തിൽ അരങ്ങേറിയിരുന്നു. ഓടിക്കൊണ്ടിരുന്ന ഓട്ടോയുടെ മുകളിലേക്ക് കൂറ്റൻ മരം മറിഞ്ഞുവീണ് ഡ്രൈവർക്ക് പരിക്കേറ്റിരുന്നു. ആലപ്പുഴ കൊട്ടാരപാലത്തിന് സമീപമായിരുന്നു അന്ന് അപകടമുണ്ടായത്.
Next Story