ഒരു പട്ടാളക്കാരന്‍റെ ഒളിവു ജീവിതം -കഥ

soldier-comedy-20-05-2020.jpg
image courtesy: https://clipartstation.com

പൊള്ളച്ചങ്കില്‍ കുത്തിപ്പിടിച്ച്, നിലത്തുനിന്നുയര്‍ത്തി, വായുവില്‍ കിടന്ന് പിടയുന്ന പത്താംക്ലാസ്സില്‍ പഠിക്കുന്ന ആ ചെക്കന്‍റെ മുഖത്തു നോക്കിയപ്പോള്‍ മിലിട്ടറി അപ്പച്ചന്‍റെ ഉള്ളില്‍ ഗതകാല സ്മരണകള്‍ പോര്‍വിമാനങ്ങളെ പോലെ ഇരമ്പിയാര്‍ത്തു വന്നു. ഒരു നിമിഷം. തന്‍റെ തലക്കു മുകളില്‍ നില്ക്കുന്ന ഇടതുകൈക്കുള്ളില്‍ കിടന്ന് പിടക്കുന്നത് പഴയ സുവീര്‍ സിങ്ങാണെന്ന് മിലിട്ടറിക്കു തോന്നി. അതോടെ മിലിട്ടറിയില്‍ രോഷം ചീറി പാഞ്ഞു കയറി. ആരോടും പറയാതിരുന്ന പഴയ കാലത്തേക്ക് മിലിട്ടറി ഒരു തീർഥാടനം നടത്തി.

മിലിട്ടറി വറീത് വീട്ടില്‍ അപ്പച്ചനും നാട്ടില്‍ മിലിട്ടറിയുമാണ്. എല്ലാ മിലിട്ടറി ജീവികളെയും പോലെ തന്നെ വീടിനു പുറത്ത്, നാട്ടിന്‍പുറത്ത് ജഗജില്ലി. വായുവിനെ കീറി കുതിച്ചു വന്ന വെടിയുണ്ടകളെ നെഞ്ചുയര്‍ത്തി കാണിച്ച് തടഞ്ഞിട്ടുള്ളവന്‍. പത്തുപേര്‍ക്ക് തള്ളി നീക്കാനൊക്കാത്ത ടാങ്ക് ഒറ്റയ്ക്ക് വലിച്ചുകൊണ്ടു നടന്നിട്ടുള്ളവന്‍. മൂന്നുനാലുപേര്‍ ചേര്‍ന്നെടുക്കെണ്ട ഷെല്ലുകള്‍ ഒറ്റക്ക് തോളിലെടുത്ത് വെറുമൊരു മരത്തടിപ്പോലെ കൊണ്ടുപോയിട്ടുള്ളവന്‍. അങ്ങനെ പട്ടാളജീവിതത്തിലെ വീരസാഹസികതകള്‍ പറഞ്ഞാലും തീരുന്നവയല്ല.  ഇതൊക്കെ, സ്തുത്യര്‍ഹമായ മുഴുവന്‍ പട്ടാളജീവിതത്തിനും മുമ്പേ അടുത്തൂണ് പറ്റി പിരിഞ്ഞതിനുശേഷം പറഞ്ഞു നടന്നത്. കേള്‍ക്കുന്നവര്‍ക്ക് വിശ്വസിക്കാതിരിക്കാനും കഴിയില്ല. ശരീരം വീര്‍ത്തു നില്ക്കുന്നത് അതുപോലെയാണ്. ശരിക്കും ഒരു ആര്‍നോഡ് ബോഡി. ആ ബോഡിക്കൊത്ത ഒരു പണി കിട്ടണമെങ്കില്‍ അതു പട്ടാളത്തിലെ ഉണ്ടാകൂ. ഇതൊന്നും പേരാഞ്ഞ് നാലാള്‍ കൂടിയിടത്ത് എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കില്‍ ചുറ്റുമുള്ള എല്ലാവരേയും അടിച്ചിരുത്തും മട്ടില്‍ ഉറക്കെയുറക്കെ ഘോരഘോരം സംസാരിക്കും. ശബ്​ദത്തിന് ഒച്ചയില്ലാത്തവര്‍ തര്‍ക്കിക്കാന്‍ നിന്നിട്ട് കാര്യമില്ല. മിണ്ടാതെ കേട്ടുകൊണ്ടിരിക്കണം. ശരിക്കും ശേര്‍ തന്നെ. മലയാളത്തിലെ സിംഹം.

പക്ഷേ മടയില്‍, വീട്ടില്‍ കാലെടുത്തുവെച്ചാലൊ, ഉടനടി സിംഹം പൂച്ചയാകുന്നു. എപ്പോഴും ഓമനിക്കപ്പെട്ട് വാലാട്ടി. കാലുരുമി നടക്കുന്ന തനി ഒരു നാടന്‍ കുറിഞ്ഞിപൂച്ച. പട്ടാളത്തിലെ വെടിയുണ്ടയും ടാങ്കും ഷെല്ലുമൊന്നും വിലപോകുന്ന സ്ഥലമല്ല വീടിനകം. അവിടെ കാര്യം മുഴുവന്‍ ഭാര്യയാണ്. സിങ്കത്തിനാണെങ്കില്‍ ബി.പി. വേണ്ടുവോളമുണ്ട്. ബി.പി.യെന്നാല്‍ ഭാര്യയെ പേടി. ആര്‍നോള്‍ഡ് ശരീരത്തെ നിയന്ത്രിച്ച് നിര്‍ത്തുന്ന ഭാര്യയെ കണ്ടാലാണ് ചിരിവരിക. വടിയില്‍ തുണി ചുറ്റിയതുപോലെയുള്ള ഒരു സ്ത്രീരൂപം. മിലിട്ടറിയൊഴികെ മറ്റാരു കണ്ടാലും ആ രൂപത്തെ പേടിക്കില്ല. എന്നിട്ടും എന്തുകൊണ്ട് മിലിട്ടറി പേടിക്കുന്നു എന്നാര്‍ക്കും അറിയില്ല.  ‘‘അപ്പച്ചാ’’ എന്ന് വാത്സല്യാര്‍ദ്രമായി ഭാര്യ ഒന്നു വിളിച്ചാമതി. ഏതു പര്‍വ്വത സാനുവിലായാലും  ‘‘എന്തോ’’ എന്നു മറു കേള്‍വിയുമായി അപ്പച്ചനെത്തും.  അങ്ങനെ ഒരേ ശരീരത്തിലും മനസിലും രണ്ടുതരം ജീവിതവുമായി സ്വച്ഛന്ദസുന്ദര ശാന്തമായി ഒഴുകികൊണ്ടിരിക്കുമ്പോഴാണ് മിലിട്ടറിയുടെ പട്ടാള ജീവിതത്തെ തന്നെ ചോദ്യം ചെയ്തു മുള്‍മുനയില്‍ നിര്‍ത്തുന്ന ആ സംഭവമുണ്ടാകുന്നത്.  

ചെറുപ്പ കാലത്തു മുഴുവന്‍ ഒരു പട്ടാളക്കാരാനായി രാജ്യത്തെ സേവിക്കാനും വേണ്ടിവന്നാല്‍ യുദ്ധഭൂമിയില്‍ നെഞ്ചുവിരിച്ചു നിന്ന് വെടിയുണ്ടയേറ്റു വാങ്ങി നെഞ്ചിന്‍കൂട് തകര്‍ന്ന് ശവമായി കിടക്കാനും തയാറായി പട്ടാളത്തില്‍ ചേര്‍ന്ന മിലിട്ടറി അതു മുഴുമിപ്പിക്കാതെ നാട്ടില്‍ മിലിട്ടറിയും വീട്ടില്‍ അപ്പച്ചനുമായി ദ്വിമുഖ വ്യക്തിത്വം പ്രദര്‍ശിപ്പിക്കാനുള്ള കാരണം അധികമാര്‍ക്കും അറിയില്ലായിരുന്നു. ക്വാട്ടയില്‍ വരുന്ന കുപ്പികള്‍ കവല നിരങ്ങികള്‍ക്ക് ഒന്നാം തിയതിയും ഹര്‍ത്താലിനും അധിക വിലക്ക് കൊടുത്തശേഷം അവര്‍ക്കൊപ്പം തന്നെയിരുന്ന് ഷെയറുകൊടുക്കാതെ രണ്ടു പെഗ്ഗടിച്ച് മനസു നീറ്റുമ്പോഴും മിലിട്ടറി ഇത് ആരോടും പറഞ്ഞിരുന്നില്ല. അല്ലെങ്കില്‍ മിലിട്ടറിയുടെ ആ സന്തപ്ത ഹൃദയം മനസിലാക്കാനുള്ള ശ്രമം ഒരു കുടിയനില്‍ നിന്നും ഉണ്ടായില്ല. 

പതിനാറാം വയസില്‍ വീടും നാടും വിട്ട് കള്ളവണ്ടി കയറിപോയ മിലിട്ടറി ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച് ആശിച്ചപോലെ പട്ടാളത്തില്‍ ചെന്നു വീഴുകയാണുണ്ടായത്. അന്നവിടെ റിക്രൂട്ട്മെന്‍റിനെത്തിയ സകലമാന ഭാരതീയരിലും വെച്ച് ശരീരം കൊണ്ടും തൂക്കം കൊണ്ടും മസിലുകൊണ്ടും മുന്‍പന്തിയില്‍ മിലിട്ടറി തന്നെയായിരുന്നു. മിലിട്ടറിക്കൊപ്പം അതേ ബാച്ചില്‍ പഞ്ചാബില്‍ നിന്നുള്ള ഒരു സുവീര്‍ സിങ്ങുണ്ടായിരുന്നു. പഠിപ്പിലും വിദ്യാഭ്യാസത്തിലും മിലിട്ടറിയേക്കാള്‍ മുന്നില്‍ നിന്ന സിങ്​ പക്ഷേ ശരീരത്തിലും ബുദ്ധിയിലും ധൈര്യത്തിലും മിലിട്ടറിയേക്കാള്‍ പിറകിലായിരുന്നു. രണ്ടുമൂന്നു വര്‍ഷം അവര്‍ ഒരേ ബറ്റാലിയനില്‍ ഒരേയിടത്ത് ഒന്നിച്ച് ജോലി ചെയ്ത് കിടന്നുറങ്ങി. ഒന്നിച്ചിരിക്കുമ്പോഴും ഉറങ്ങുമ്പോഴും സിങ്ങിന് കേരള സിംഹത്തോട് അസൂയയും ദ്വേഷ്യവും മാത്രമേ ഉണ്ടായിരുന്നുള്ളൂ.  ഒരു തരം ദേവാസുരം ശൈലിയിലുള്ള പോര്. അന്നൊക്കെ നീലകണ്ഠനായത് മിലിട്ടറിയായിരുന്നെങ്കില്‍, പത്തുവര്‍ഷത്തിനുശേഷം സ്ഥലം മാറിപോയ സിങ്​ തിരിച്ചെത്തിയത് നീലകണ്ഠനേക്കാള്‍ വലിയ ആളായാണ്. മിലിട്ടറിയേക്കാള്‍ വിദ്യാഭ്യാസമുണ്ടായിരുന്ന സിങ്​ മിലിട്ടിറിയേക്കാള്‍ വലിയ ഉദ്യോഗസ്ഥനായി. അന്നും സിങ്​ പഴയ പോലെ തടികുറഞ്ഞ എലുമ്പന്‍ ശരീരി തന്നെ. മിലിട്ടിറിയോ, അപ്പൊഴേക്കും പട്ടാളചിട്ടകളില്‍ ആര്‍നോള്‍സിനേക്കാള്‍ കിടിലന്‍ ദേഹിയായി മാറി കഴിഞ്ഞിരുന്നു. 

പലര്‍ക്കും മിലിട്ടറിയുടെ ശരീരത്തോട് അസൂയയും കുശുമ്പും കുന്നായ്മയുമായിരുന്നു. അതുവരെ ഒളിഞ്ഞും തെളിഞ്ഞും അതു പ്രകടിപ്പിച്ച് തോറ്റിരുന്നെങ്കില്‍ ഉദ്യോഗസ്ഥനായപ്പോള്‍ തോല്‍ക്കില്ലെന്നായി. എന്നും ക്യാമ്പില്‍ മിലിട്ടറിക്ക് പണിഷ്മെന്‍റായി. ശിക്ഷ കഴിയുമ്പോള്‍ ‘സാലേ കുത്തേ’ എന്നുള്ള വിളിയും. അപ്പോഴൊക്കെ മിലിട്ടറി കടിച്ചുപിടിച്ചു നിന്നു, അഞ്ചു വര്‍ഷത്തോളം. അവസാനം ആ സാലെ കുത്തെയെ ക്ഷമയുടെ അതിര്‍ത്തി രേഖകളൊക്കെ നുഴഞ്ഞു കയറിച്ചെന്ന് താന്‍ വെടിവെച്ചു കൊന്നേക്കുമോ എന്നു ഭയന്നു മിലിട്ടറി പട്ടാളത്തില്‍ നിന്ന്​ സകലതും അവസാനിപ്പിച്ച് മാന്യമായി പടിയിറങ്ങി പോന്നു. നാട്ടിലുള്ള ഒരു സ്വര്‍ണ്ണക്കടയുടെ സെക്യൂരിറ്റിയും അക്കൗണ്ടന്‍റുമായി മിലിട്ടറി സമാധാനത്തോടെ മാസാമാസം കിട്ടുന്ന ക്വാട്ടയും കുടിച്ച് സുന്ദരമായി ജീവിച്ചു പോന്നു.

അതിനും മുമ്പ്​ ഒരു കൊല്ലം പഞ്ചായത്ത് മേളക്കാണ് മിലിട്ടറിയില്‍ പഴയ തിക്താനുഭവങ്ങളുടെ ഓര്‍മ്മപ്പെടുത്തലുണ്ടായത്. മേളയില്‍ സ്ഥിരമായി കശപിശയുണ്ടാകാറുള്ള പന്തുകളിക്കിടെ അടിയുണ്ടായി. തച്ചംപറമ്പില്‍ നിന്നുള്ള പന്തുകളി ടീമിന്‍റെ കോച്ച് മിലിട്ടറിയായിരുന്നു. ടീമിന്‍റെ ധൈര്യവും. കരുമക്കരയുമായുണ്ടായ മത്സരത്തിനിടെ അടിപൊട്ടി. മിലട്ടറിയുടെ പിള്ളേരെ പൂശാന്‍ തക്ക ബലമുള്ള ബോംബെ ദാദ അബൂട്ടി ‘സാലേ കുത്തേ’ എന്നു പറഞ്ഞു പാഞ്ഞെത്തി. ഒരു നിമിഷം. കഴിഞ്ഞകാല വിഭ്രാന്തിയില്‍ തേൾ കുത്തിയ പോലെ മിലിട്ടറി ചാടിയെണീറ്റു. ബോംബെ ദാദയുടെ കഴുത്തിനു കുത്തി പിടിച്ച് നിലത്തു നിന്നുയര്‍ത്തി.

‘‘നായിന്‍റെ മോനേ, ഇനി നീ സാലേ കുത്തേന്ന് പറഞ്ഞ് എന്‍റെ പിള്ളേര്‍ക്കടുത്ത് വന്ന നിന്നെ ഞാന്‍ നിലം തൊടീക്കാതെ വീട്ടിലെത്തിക്കും..’’ നിലത്തു നിന്നതേ ബോംബേ ദാദക്ക് ഓര്‍മ്മയുള്ളൂ. കിട്ടിയ വേഗത്തില്‍ ബോംബേ സ്വന്തം വീട്ടിലേക്കോടി കയറി. അതോടെ ആ അടി അവിടെ തീര്‍ന്നു. ഒരു നിമിഷം കൂടി ബോംബേ ദാദ അവിടെ നിന്നിരുന്നെങ്കില്‍ സുവീര്‍സിങ്ങെന്ന ധാരണയില്‍ മിലിട്ടറി അടിച്ച് പപ്പടമാക്കിയേനെ. അങ്ങനെയുള്ള മിലിട്ടറിയെ ഇത്തിരിയോളം പോന്ന സ്വന്തം ചെക്കനോളം പോലുമില്ലാത്ത ഒരുത്തന്‍ സാലെ കുത്തേ എന്നു വിളിച്ചാല്‍ വെറുതെ വിടുമോ?

അന്നു വൈകുന്നേരം ജ്വല്ലറിയിലെ കണക്കും മറ്റും തീര്‍ത്ത് മിലിട്ടറി നെഞ്ചും വിരിച്ച് ശരീരവും മസിലും വീര്‍പ്പിച്ച് നടുറോഡിലേക്കു നടക്കുകയായിരുന്നു. പെട്ടെന്ന് പ്രതീക്ഷിക്കാതെ എന്തോ ശക്തിയിലൊന്ന് ഇടതു തുടയില്‍ വന്നു കുത്തി. നടക്കാനായി മുന്നോട്ടാ വെക്കാനായി വായുവില്‍ അല്പം ഉയര്‍ന്നു കഴിഞ്ഞ ഇടതു തുടക്ക് നിലം തൊടാനായില്ല.  അതിനു മുന്‍പേ ബാലന്‍സ് തെറ്റിയ മിലിട്ടറി നിലത്തു വീണു. അടി തെറ്റിയാല്‍ ആനയും വീഴും. പിന്നെയല്ലേ മിലിട്ടറി. പക്ഷേ കാരണം അറിഞ്ഞപ്പോള്‍ വലിയ കുറച്ചിലായി. കവലയില്‍ നില്ക്കുന്ന ആള്‍ക്കാരൊക്കെയും കാണുകയും ചെയ്തു. മിലിട്ടറി റോഡില്‍ നിന്നും എഴുന്നേറ്റു. പിറകെ തന്നെ വന്നിടിച്ച സൈക്കിളും അതിന്‍ മേല്‍ നിന്ന് പത്താം ക്ലാസില്‍ പഠിക്കുന്ന ഒരു ചെക്കനും. മിലിട്ടറി അവനെ ആകെയാന്നു നോക്കി, പട്ടാളചിട്ടയില്‍. അവനും അതേപടി മിലിട്ടറിയെ നോക്കി. ഒരു കാറിടിച്ചാലും മിലിട്ടറിയുടെ ഉളളത്ര വേദനിക്കില്ലായിരുന്നു അതുണ്ടോ ചെക്കനറിയുന്നു.

‘‘എന്താടാ ചെക്കാ നിനക്ക് നോക്കി സൈക്കിള് ചവിട്ടിക്കൂടെ.’’

‘‘തനിക്ക് നോക്കി നടന്നൂടെടോ. നടുറോഡിലൂടെ നടക്കാതെ..’’

പറ്റിയ നാണക്കേടിനേക്കാള്‍ ഏറെയായി മിലിട്ടറിക്കത്. താനും രണ്ടു പിള്ളേരെ മാനം മര്യാദയായി വളര്‍ത്തുന്നതല്ലേ.  മിലിട്ടറിക്കത് സഹിച്ചില്ല. അപ്പോഴാണ് മിലിട്ടറി ചെക്കന്‍റെ പൊള്ള ചങ്കില്‍ കുത്തിപ്പിടിച്ച് വായുവില്‍ ഉയര്‍ത്തിയത്. ‘‘സാലേ കുത്തേ, എന്നെ നിലത്തിറക്കെടോ...’’ അടഞ്ഞ തൊണ്ടയിലൂടെ ചെക്കന്‍ പറഞ്ഞത് വ്യക്തമായും മിലിട്ടറി കേട്ടു. മിലിട്ടറി നടുങ്ങിത്തരിച്ചുവെന്നത് നേര്.  ഒരു നിമിഷം മിലിട്ടറിക്കുമുന്നില്‍ ചെക്കന്‍ പോയി യൂണിഫോമില്‍ വായുവില്‍ നില്ക്കുന്ന സുവീര്‍. ചെകിടിനിട്ട് മിലിട്ടറി വീശിയൊന്നു കൊടുത്തു. ചെക്കന്‍ നിലം തൊടാതെ അല്പം ദൂരെ തെറിച്ചു വീണു. ചെവിപൊത്തി പിടിച്ചെഴുന്നേറ്റ ചെക്കന്‍റെ കയ്യില്‍ നിറയെ ചോര.  മിലിട്ടറി ഒന്നു പകച്ചു. ഒരു നിമിഷം, മിലിട്ടറി രാജസ്ഥാന്‍ ക്യാമ്പില്‍ നിന്ന് തച്ചംപറമ്പില്‍ കവലയില്‍ തിരിച്ചെത്തി. വടിയും ക്രിക്കറ്റ്​ ബാറ്റുമായി സ്​കൂള്‍പിള്ളേര്‍ അഞ്ചുപത്തെണ്ണം അലറി വരുന്നുണ്ട്.  മിലിട്ടറിയാണെങ്കില്‍ നിരായുധന്‍. ടാങ്കിനും ഷെല്ലിനും ബുള്ളറ്റിനും മുന്നില്‍ മിലിട്ടറിക്ക് നെഞ്ചുവിരിച്ചു നിന്നുള്ള ശീലമേയുള്ളൂ. നാടന്‍ മുട്ടന്‍ വടിയും ക്രിക്കറ്റ് ബാറ്റുമായാല്‍ എന്ത് ചെയ്യും. പണ്ടത്തെ ബോംബെ ദാദ ചെയ്തതു തന്നെ മിലിട്ടറിയും ചെയ്തു. ഓട്ടം. സ്വന്തം വീട്ടിലേക്കായിരുന്നില്ല എന്നു മാത്രം. സ്വന്തം വീട് എന്നും മിലിട്ടറിക്ക് സ്നേഹവും സാന്ത്വനവും വാത്സല്യവും നിറഞ്ഞ ഒരഭയകേന്ദ്രമായിരുന്നു. അപ്പോഴത്തെ ആ ഓട്ടം മിലിട്ടറി ഓടിയത് ഒന്നും രണ്ടും മൂന്നുമല്ല, വരാനിരിക്കുന്ന പതിനാലു ദിവസത്തേക്കു വേണ്ടിയായിരുന്നുവെന്ന് കണ്ടവരോ കേട്ടവരോ, എന്തിന് പാവം മിലിട്ടറിപോലും അപ്പോള്‍ അറിഞ്ഞില്ലെന്നു മാത്രം. 

ചെക്കന്‍ നേരെ ആശുപത്രിയില്‍ അഡ്മിറ്റായി. ആദ്യ കരക്കമ്പിയില്‍ ചെക്കന്‍റെ കേള്‍വി പോയെന്നാണ് വന്നത്. അമേരിക്കയില്‍ പോയാലും രക്ഷയില്ലത്രെ. പാര്‍ട്ടിക്കാരും നാട്ടുകാരും സ്​കൂളുക്കാരും ചെക്കന്‍റെ പിറകില്‍ അണിനിരന്നു. നിയമവും കുന്തവും കോപ്പുമൊന്നുമില്ലാതെ മിലിട്ടറി ഒറ്റക്ക്. പക്ഷേ എവിടെ? അതാര്‍ക്കും അറിയില്ല. അപ്പച്ചാ എന്നു നീട്ടി വിളിക്കുന്ന അന്നമ്മക്കുപോലും. തലങ്ങും വിലങ്ങും പൊലീസും പാര്‍ട്ടിക്കാരും നാട്ടുകാരും നടന്നു.  ഭാഗ്യത്തിന് പട്ടാളമിറങ്ങിയില്ല. കരക്കമ്പിക്കാര്‍ ഒത്തുതീര്‍പ്പിന് വട്ടം കൂട്ടി. നഷ്ടപരിഹാരം അഞ്ചുലക്ഷം. ആരോടും ചോദിക്കാതെ അവര്‍ തീരുമാനിച്ചു. പക്ഷേ ഒത്തു തീര്‍ക്കാന്‍ മിലിട്ടറിയെ കിട്ടണ്ടേ.  പുറത്തിറങ്ങിയാല്‍ ജാമ്യം കിട്ടാതെ അകത്താകുമെന്നതിനാല്‍ മിലിട്ടറി രംഗത്തു വന്നതേയില്ല. ദിവസങ്ങള്‍ കഴിഞ്ഞു. പൊലീസ് ആദ്യത്തെ ഒന്നു രണ്ടു ദിവസമൊക്കെ തച്ചംപറമ്പില്‍ കറങ്ങി നടന്നു. അവര്‍ക്കു പിന്നെ ഇതുമാത്രമല്ലല്ലോ ഉള്ളത്. പാര്‍ട്ടിക്കാര്‍ ഒരാഴ്ചയോളം നടന്നു.  വേറെ സംഗതി കിട്ടിയപ്പോള്‍ അവരിതു വിട്ടു. ആഴ്ചയൊന്നു കഴിഞ്ഞപ്പോള്‍ സംഭവരഹിതമായി നീങ്ങുന്ന സംഭവത്തില്‍ നാട്ടുകാര്‍ക്കും താല്പര്യമില്ലാതായി. തീയുണ്ടെങ്കില്ലല്ലേ പുകയുള്ളൂ. അഞ്ചുലക്ഷം പറഞ്ഞ കരക്കമ്പിക്കാര്‍ അത് പറയാനുള്ള ആളെ കിട്ടാതായപ്പോള്‍ അതും വിട്ടു. 

അതിനിടെ നാലാം ദിവസം കുറേ തുള്ളി മരുന്ന് ഒഴിച്ച് ഒരു മാസം നോക്കാന്‍ പറഞ്ഞ് ആശുപത്രിയില്‍ നിന്ന് ചെക്കന്‍ പേര് വെട്ടി പോന്നു.  നാലു ദിവസം കൊണ്ട് ചെക്കന് ചെലവായത്  ഇരുപതിനായിരം രൂപ. അവസാനം, ആഴ്ച രണ്ടു കഴിഞ്ഞപ്പോള്‍, പൊലീസും പാര്‍ട്ടിക്കാരും നാട്ടുകാരുമൊന്നുമില്ലാതായപ്പോള്‍ കടം വാങ്ങി ബില്ലുകൊടുത്ത ചെക്കന്‍റെ അപ്പന്‍ ചെലവായ കാശു തന്നാല്‍ കേസു ഒത്തു തീര്‍പ്പാക്കാമെന്ന് കവലയില്‍ നിന്ന് മൂന്നു തവണ ഉറക്കെ പറഞ്ഞു. എവിടെയെങ്കിലും ഒളിച്ചിരിക്കുന്നുണ്ടെങ്കില്‍ മിലിട്ടറി കേള്‍ക്കട്ടെ.  അല്ലെങ്കില്‍ കേട്ട ആരെങ്കിലും പോയി മിലിട്ടറിയോടു പറയട്ടെ. ഒളിവിലിരുന്ന മിലിട്ടറി ചെവിവെച്ചു പിടിച്ചതാണോ എന്നറിയില്ല,  പതിനഞ്ചാം പക്കം കാലത്ത് മിലിട്ടറി പുറത്തിറങ്ങി. കേസും കൂട്ടവുമൊക്കെ ഒതുക്കി സ്വതന്ത്രനായി.  

കാലത്ത് പത്തുമണിക്ക് പതിനഞ്ചു ദിവസം മുന്‍പത്തെദിനം പോലെ, സാധാരണമായി മിലിട്ടറി ജ്വല്ലറിയിലേക്ക് നടന്നു. പതിനഞ്ചുദിവസം ഒളിവിലായിരുന്നെങ്കിലും ആർനോള്‍ഡിന് ക്ഷീണമൊന്നുമില്ല. അതേ നെഞ്ചുവിരിവും മസിലും. നെഞ്ചിന്‍കൂടിനകത്ത് മാത്രം ഒന്നുമില്ല.  സ്ക്കൂള്‍ പിള്ളേര്‍ മിലിട്ടറിക്കു പിന്നാലെ ദേഹത്തുതൊടാതെ തലങ്ങും വിലങ്ങും സൈക്കിളില്‍ പറന്നു. മിലിട്ടറി അവരെ ഒന്നു നോക്കുക പോലും ചെയ്തില്ല.  മറ്റേതോ ലോകത്തിലെന്ന പോലെ മിലിട്ടറി നടന്നു.  ഇനി അവരാരെങ്കിലും സാലേ കുത്തേ എന്നു വിളിച്ചാലും മിലിട്ടറി ഒന്നും മിണ്ടില്ല. മിലിട്ടറിയുടെ ഉള്ളില്‍ പഴയതൊക്കെ മാഞ്ഞുപോയിരുന്നു. പതിനഞ്ചുദിവസത്തെ ഒളിവാസം കൊണ്ട് ഉള്ളില്‍ നിന്ന് ഒരു ശത്രുവിനെ ഒഴിവാക്കി കളയാന്‍ സാധിച്ചത് ചെറിയ കാര്യമൊന്നുമല്ലല്ലോ. പക്ഷേ തച്ചംപറമ്പുകാര്‍ വെറുതെയിരിക്കുമോ. എന്തൊക്കെ പറഞ്ഞാലും കുനുഷ്ട്ടും കുന്നായ്മയും ഇഷ്ടംപോലെ കരക്കമ്പികളുമൊക്കെയുള്ള ഒരു നാട്ടിന്‍പുറം തന്നെയല്ലോ അത്.  ഒരു ടിപ്പിക്കല്‍ മിലിട്ടറിക്കാരനെ പോലെ ഒരു ടിപ്പിക്കല്‍ നാട്ടിന്‍പുറം. അവര്‍ മിലിട്ടറി അപ്പച്ചനെ ഒന്നുമാറ്റി പണിത് ഒളിവില്‍ അപ്പച്ചനാക്കി. 

ടാങ്കിന്‍റേയും ഷെല്ലിന്‍റേയും ബോംബിന്‍റേയും കഥപറയും നേരം അവരതിനെ ഒളിവില്‍ കഥകളാക്കി. അങ്ങനെയാണ് മിലിട്ടറിക്കഥകള്‍ ഒളിവില്‍ കഥകളായത്. പക്ഷേ ഒരിക്കല്‍ പോലും യഥാർഥ ഒളിവു ജീവിതത്തെക്കുറിച്ചോ, എവിടെയാണ് എല്ലാവരെയും വെട്ടിച്ച് ഒളവിലിരുന്നതെന്നോ അപ്പച്ചന്‍ പറഞ്ഞിരുന്നില്ലെന്നു മാത്രം. എപ്പോഴെങ്കിലും അന്നമ്മയോട് പറഞ്ഞിട്ടുണ്ടോ എന്ന് ആര്‍ക്കുമറിയില്ല.  എന്നാല്‍, എന്നെങ്കിലുമൊരിക്കല്‍ മിലിട്ടറിക്കഥകള്‍ തീരും നേരം ഒളിവില്‍ക്കഥകള്‍ പറയുമെന്ന പ്രതീക്ഷയില്‍ തച്ചുംപറമ്പുകാര്‍ കാതു കുര്‍പ്പിച്ചിരിക്കുകയാണ്.  ഒളിവില്‍ അപ്പച്ചന്‍റെ ചുണ്ടനങ്ങുന്നതും നോക്കി...
 

Loading...
COMMENTS