Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightPandalamchevron_rightഅനന്തതയുടെ കാവൽക്കാർ

അനന്തതയുടെ കാവൽക്കാർ

text_fields
bookmark_border
katha.jpg
cancel

കാലചക്രം ഉരുളുകയാണ്. ഒപ്പമെത്താൻ ജീവിതങ്ങളും. രണ്ടായിരത്തി ഇരുപത്തി മൂന്നാം ആണ്ടി​​​െൻറ അവസാന പാദത്തിലെ വൈകുന്നേരങ്ങൾ തണുത്തു തുടങ്ങിയിരിക്കുന്നു. ഇനി ശീതകാലം. ഒരുനാൾ പെട്ടെന്ന് മഞ്ഞുപെയ്തു തുടങ്ങും. ഈ പൈൻ മരങ്ങൾ ശുഭ്രവസ്ത്രം ധരിക്കും. പിന്നെ ഇതാണ് എ​​​െൻറ സ്വർഗം. ഞങ്ങളുടെ സ്വർഗം. ധിറുതിയിൽ ഞാൻ കുന്നു കയറി വരുന്നത് ദൂരെനിന്നു കണ്ടപ്പോഴേ വാലാട്ടിക്കൊണ്ട് ഗെർഷ ഓടി വന്നു. എ​​​െൻറ അരയോളം പൊക്കമുണ്ട് അവന്. തവിട്ടു നിറം. പുറംകാലിൽ പൊങ്ങിനിന്ന് എ​​​െൻറ തോളത്തു മുൻകാലുകൾ വെച്ച് അവ​​​െൻറ പതിവു സ്വീകരണം. ഞാനും ഗെർഷയും ഒന്നിച്ചുനടന്നു.ഇന്ന് കൂടുതൽ സന്ദർശകരുണ്ട്. കടങ്ങൾ തീർക്കാൻ ധൃതിയുള്ളവരാകും. മഞ്ഞ്​ വീണുതുടങ്ങിയാൽ കയറ്റിറക്കം അസാധ്യമെന്നുതന്നെ പറയാം. മുഖത്ത് മാസ്ക് അണിഞ്ഞ് അകലം പാലിച്ചാണ് നടക്കുന്നത്. കഴിഞ്ഞ രണ്ടര വർഷത്തിൽ പ്രകൃതി പഠിപ്പിച്ച ന്യൂ നോർമൽ ശീലങ്ങൾ. സ്​റ്റേ ഹോം സ്​റ്റേ സേഫ് ബോർഡുകൾ ഇപ്പോഴും കാണാം അങ്ങിങ്ങായി. പൊതുസ്ഥലങ്ങളിൽ ഓരോ അമ്പതു മീറ്ററിലും സാനിറ്റൈസർ ബാങ്കുകൾ. കാലത്തി​​​െൻറ അനിവാര്യത.

വാഹനങ്ങൾക്ക് അനുമതിയില്ലാത്ത വഴി കയറി ചെല്ലുമ്പോൾ പൈൻ കാടി​​​െൻറ നടുവിൽ വള്ളിച്ചെടികൾ പടർന്നു മൂടിയ കരിങ്കൽപ്പള്ളി. ഉയരവും വലിമയുമൊന്നും പറയാനില്ല. പഴക്കം. ശക്തി. കുരിശിൽ കിടക്കുന്നവ​​​െൻറ തല ഒടിഞ്ഞതുപോലെയായത് പഴക്കംകൊണ്ടാണെന്നാണ് ഞാൻ പണ്ടു കരുതിയിരുന്നത്! വിഡ്ഢി! അൾത്താരയിലിരിക്കുന്ന കുരിശി​​​െൻറ കീഴ്ക്കാലിനു നീളക്കുറവ് കണ്ടെങ്കിലും അതേക്കുറിച്ചു കൂടുതൽ ചിന്തിച്ചിരുന്നില്ല!

മെഴുകുതിരികൾമാത്രം വെളിച്ചമേകുന്ന ഒരു ചെറിയ ആലയം. കൂമ്പിനിൽക്കുന്ന മേൽക്കൂരയിലേക്കു നോക്കിയാൽ ചിലന്തിവലകൾ മെഴുകുതിരിവെട്ടത്തിൽ അങ്ങിങ്ങു തിളങ്ങുന്നത് കാണാം. തിങ്ങിനിറഞ്ഞ് ഇരുപതുപേരോളം ധ്യാനിച്ചുനിൽക്കുന്നയിടത്ത് ശ്രദ്ധിച്ചാൽ കേൾക്കുന്നത് മൂടപ്പെട്ട നിശ്വാസം മാത്രം. പേടിപ്പിക്കുന്ന നിശ്ശബ്​ദത. സ്തുതിഗീതങ്ങളോ നന്ദിചൊല്ലലോ കേൾക്കാനില്ല.

ഗെർഷ ആരെയും കൂസാതെ പടി കടന്നുചെന്നു.അൾത്താരക്കുള്ളിൽ പ്രവേശിക്കാൻ അവന് അനുവാദം വേണ്ട. അവനെ തടയാൻ പോയിട്ട് നോക്കാൻ പോലും ആരും ഭയക്കും. ഫാദർ തിയോഡോർ ഷോവാൾസ്‌കിയും  ധ്യാനത്തിലായിരുന്നു. ഗെർഷ അനുസരണയോടെ കാത്തിരുന്നു. ഫാദറി​​​െൻറ ദിനചര്യകളും ഓരോ ചലനങ്ങൾപോലും അവനു മനഃപാഠമാണ്.ഒരു വാക്കു  പോലും ഉരിയാടാതെ ഫാദറി​​​െൻറ ഒരു നോട്ടം കൊണ്ടുമാത്രം അവൻ അനുസരിക്കുന്നത് കാണുമ്പോൾ ഞാൻ അതിശയിച്ചുനിന്നിട്ടുണ്ട്. ഈ നിശ്ശബ്​ദ ലോകത്തി​​​െൻറ കാവൽക്കാരനാണവൻ. താഴെ റോഡിൽ ഗവൺമ​​െൻറി​​​െൻറ ഫുഡ് ഡെലിവറി റോബോട്ടുകൾ അവശ്യസാധനങ്ങളെത്തിക്കുമ്പോൾ ഗെർഷയാണ് അതു കടിച്ചുപിടിച്ചു കുന്നുകയറി ഫാദറിന് എത്തിച്ചുകൊടുക്കുന്നത്. പുരോഹിതന്മാരെ പൈതൃകത്തി​​​െൻറ ഭാഗമായി കാണുന്ന ഗവൺമ​​െൻറ് അവരെ ക്ഷേമത്തോടെ കരുതുന്നു. സൗജന്യമാണ് അവർക്കുള്ള ഭക്ഷ്യവസ്തുക്കൾ. എന്നെപ്പോലെയുള്ളവരുടെ ഏകാശ്രയമാണ് ഫാദർ. 

ഒരുനാൾ ഇതുപോലൊരു സന്ധ്യയിൽ മരിച്ചോർക്കുവേണ്ടി പ്രാർഥിക്കാൻ എല്ലാവരെയുംപോലെ വന്നതായിരുന്നു ഞാനും. ആകെ തകർന്നു തേങ്ങിയപ്പോഴാണ് ഫാദർ തിയോഡോർ സംസാരിക്കാൻ വിളിച്ചത്. ഫോസ്​റ്റർ ഹോമിലെ കുട്ടിക്കാലവും പഠനവും പിന്നീട് സൂറയെ കണ്ടുമുട്ടിയ കഥയുമെല്ലാം ഫാദറിനോട് ഞാൻ പറഞ്ഞു. സൂറയെ പരിചയപ്പെട്ട് രണ്ടു വർഷമായപ്പോഴേക്കും ഞങ്ങൾക്ക്‌ പരസ്പരം പിരിഞ്ഞിരിക്കാൻ വയ്യെന്നായി.വളരെ തിരക്കുള്ള ഒരു ഡോക്ടർ ഈ അനാഥപ്പെണ്ണിനുവേണ്ടി കരുതിവെച്ചിരുന്ന സമയത്തി​​​െൻറ മൂല്യം അളക്കാവുന്നതായിരുന്നില്ല. സൂറയുടെ നിർബന്ധമായിരുന്നു ഞാൻ പഠിക്കണമെന്ന്. അതുവരെ ലോൺഡ്രി ഷോപ്പിലെ ചെറിയ ജോലിയുമായി ഒതുങ്ങിക്കൂടിയ എന്നെ വലിയ സ്വപ്‌നങ്ങൾ കാണാൻ പഠിപ്പിച്ചത് സൂറയാണ്. അവ​​​െൻറ ഇഷ്​ടംപോലെ ഞാൻ യൂനിവേഴ്സിറ്റിയിൽ ചേർന്നു. അവസാനവർഷം ഇ​േൻറൺഷിപ് പൂർത്തിയാക്കാൻ ‌മറ്റൊരു ടെറിട്ടറിയിൽ മൂന്നുമാസം പ്രാക്ടിസ് ചെയ്യണം. അതിനുവേണ്ടി ഞാൻ വണ്ടി കേറുമ്പോൾ ഉറപ്പുതന്നിരുന്നു കുറച്ചുദിവസങ്ങൾക്കുള്ളിൽ എന്നെ കാണാൻ വരാമെന്ന്. അന്ന് പക്ഷേ കോവിഡ് എന്ന മഹാമാരി പെയ്‌തിറങ്ങുന്നേയുള്ളൂ. അങ്ങിങ്ങായി നാലും അഞ്ചും കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. രണ്ടാഴ്ചകൾക്കുള്ളിൽ കാര്യങ്ങൾ തകിടം മറിഞ്ഞു. ലോകത്തിലെ ഏറ്റവും തിരക്കുള്ള ടൂറിസ്​റ്റ്​ കേന്ദ്രമായ ഞങ്ങളുടെ നഗരം   കൊട്ടിയടക്കപ്പെട്ടു. പതിനായിരങ്ങൾ മരിച്ചുവീണപ്പോൾ എനിക്കുവേണ്ടി സൂറയെ മാറ്റിവെക്കാൻ ദൈവം മറന്നു. ഒരുപാടു പേരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നിട്ടാണ് സൂറ പോയത്. അവസാനദിനങ്ങളിലെ ഫോൺ സന്ദേശങ്ങളും ഈ ജന്മം കൂടെയുണ്ടാവുമെന്ന വാക്കും ബാക്കിവെച്ച് ഏതോ പള്ളിഭൂമിയിൽ ഏതോ തടിപ്പെട്ടിയിൽ അനേകരുടെ കൂടെ സൂറയും മറഞ്ഞു. മാസങ്ങൾ കഴിഞ്ഞു സൂറയില്ലാത്ത ശൂന്യതയിലേക്ക് കാലുകുത്തുമ്പോൾ മനസ്സുതുറന്നു കരയാൻ ഒരു കല്ലറയെങ്കിലുമില്ലാതെ എനിക്കു ഭ്രാന്തുപിടിച്ചു.  

വീണ്ടും അനാഥത്വത്തി​​​െൻറ പടുകുഴിയിൽ വീണു ഞാൻ നീറി. അന്നുവരെ വിശ്വസിച്ച കാൽവരിയിലെ കണ്ണുതുറക്കാത്ത സ്നേഹം  ത്യജിക്കാതിരിക്കാൻ എനിക്ക് എന്തു ന്യായം! ഫാദർ തിയോഡോറി​​​െൻറ ഉപദേശം സ്വീകരിച്ചതിൽ പിന്നെ നാളുകൾ പോയത് ഞാൻ അറിഞ്ഞിട്ടേയില്ല. നഷ്​ടപ്പെട്ടതിനെ അംശമായെങ്കിലും  തിരിച്ചുപിടിക്കുകയാണ്. എനിക്ക് എ​​​െൻറ ശരികൾ.
ഫാദർ എഴുന്നേറ്റതും ഗെർഷ മുരടനക്കി. അദ്ദേഹം തിരിഞ്ഞുനോക്കി. ആ ചാരക്കണ്ണുകൾ എന്നെ തന്നെയാണ് തിരഞ്ഞത്. ഗെർഷയുടെ ഓരോ ശബ്​ദവും  ഓരോ അർഥങ്ങൾ ഫാദറിനോട് പറയുന്നുണ്ടെന്നു സ്പഷ്​ടം. ഞാൻ അസ്വസ്ഥയാണെന്നു മനസ്സിലായതുകൊണ്ടാകണം ഫാദർ പെട്ടെന്നുതന്നെ വന്നു.
അദ്ദേഹം പടിയിറങ്ങി നടന്നു. ഇരുപതടിയോളം  പിന്നിൽ ഞാനും ഗെർഷയും. പൈൻമരക്കാടി​​​െൻറ  മാദക ഗന്ധം നുകർന്ന് ഞാൻ ഉഷാറായി. പാതിവഴിയിൽ ഒരു കരിനാഗം കുറുകെ കിടക്കുന്നു. ഫാദർ ഗൗനിക്കാതെ അതിനെ കടന്നുപോയി. ഞാൻ അസ്വസ്ഥയായി മടിച്ചുനിന്നു. ഗെർഷ ഒന്നു മുരണ്ടപ്പോഴേക്കും അത്  ഇഴഞ്ഞുപോയി. എണ്ണൂറു മീറ്റർ ദൂരെയുള്ള ആ കരിങ്കൽ ഗുഹയെത്തി. നന്നേ കുനിഞ്ഞുവേണം അകത്തുകയറാൻ. നിവർന്നുനിൽക്കാൻ സാധിക്കില്ല. താഴെയിരിക്കണം. ഭിത്തി മുഴുവൻ എനിക്കറിയാത്ത ഏതോ ഭാഷയുടെ ലിപി കൊത്തിയിരിക്കുന്നു. ഒമ്പതാം നൂറ്റാണ്ടിൽ പണിത പള്ളിയുടെ ഒരു ഭാഗമാണെന്നാണ് വിശ്വാസം. നടുവിൽ വെച്ചിരിക്കുന്ന കൽപാത്രത്തിൽ രക്തച്ചുവപ്പുള്ള ഒരു ദ്രാവകം. അതിൽ നാട്ടിയ സദാ കത്തുന്ന ചുവന്നുതടിച്ച മെഴുകുതിരിക്ക്​ ഇരുവശവും ഫാദർ തിയോഡോറും ഞാനും അഭിമുഖമായി ഇരുന്നു. ഒട്ടും പിടിവാശിയില്ലാതെ ഗെർഷ വാതിൽക്കൽ സർവ ശൗര്യത്തോടെയും കാവൽനിന്നു. രണ്ടു വർഷങ്ങളായി കേട്ടിട്ടും എനിക്ക് വഴങ്ങാത്ത ഏതോ ഭാഷയിൽ ഫാദർ ഉരുവിട്ടു തുടങ്ങി. കണ്ണുകളടയുന്നതു വരെ മെഴുകുതിരിവെളിച്ചം ഞാൻ കണ്ടു. പിന്നെ ശൂന്യത. ശേഷം സൂറ.ഞാനും സൂറയും മാത്രം.

ഷാലിൻ മൈ ലവ് എന്ന ഒറ്റ സംബോധനയിൽത്തന്നെ ഞാൻ അലിഞ്ഞില്ലാതായി. ഒരേയൊരു സ്പർശത്തിൽ  ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ  ഞാൻ ചുരുണ്ടു. ആനന്ദത്തി​​​െൻറ കൊടുമുടികൾ ഞങ്ങൾ ഒരുമിച്ചു കയറി. പൈൻ മരങ്ങളുടെ ഇടയിലൂടെ കൈകോർത്തു നടക്കുമ്പോൾ ഞങ്ങൾ ഞങ്ങളെതന്നെ തിരിച്ചറിയുന്നു.നഷ്​ടപ്പെടാനൊന്നുമില്ലെന്ന ഉറപ്പിൽ ചിരിച്ചുമറിഞ്ഞു.മുമ്പ്​ കണ്ട ഉരഗശ്രീമാൻ പൊത്തിൽനിന്ന് ഒന്നു തലപൊക്കി നോക്കി ഉൾവലിഞ്ഞു. സൂര്യൻ അസ്തമനം നേരത്തേയാക്കി ഇരുട്ടി​​​െൻറ തിരശ്ശീലകൊണ്ട്​ ഞങ്ങളെ മറച്ചു. കരിയിലകൾ ശബ്​ദമില്ലാതെ പൊടിഞ്ഞുതീർന്നു. ഒരിലപോലും അനക്കാതെ കാറ്റ് നിശ്ചലമായി. മനുഷ്യനെയും അമാനുഷനെയും ഉള്ളറിഞ്ഞു സ്വീകരിക്കാൻ പ്രകൃതിയോളം മനസ്സുള്ള മറ്റേതു ശക്തിയുണ്ടാകും! എന്നേക്കുമല്ലെന്നറിയാം. എനിക്കു ശ്വാസമുള്ളേടത്തോളം. നൂറു വയസ്സ് പ്രായമുള്ള ഫാദർ തിയോഡോറി​​​െൻറ കണ്ണിലെ ക്ഷീണം ഞാൻ ശ്രദ്ധിക്കുന്നുണ്ട്. ഫാദറിൽനിന്ന് പഠിച്ചെടുക്കണം. ഈ ശീതകാലത്തെ തിരക്കൊഴിഞ്ഞ ദിനങ്ങൾ അതിനുവേണ്ടിയുള്ളതാണ്. പൗരോഹിത്യം സ്വീകരിച്ച് ഈ നിശ്ശബ്​ദതയുടെ താക്കോൽ സൂക്ഷിപ്പുകാരിയാവണം. ഗെർഷയും ഞാനും വിളിപ്പുറത്ത് സൂറയും. എന്നെപ്പോലെ തകർന്നടിഞ്ഞവർക്ക് തുണയാകാൻ.
അൽപനാളേക്കുള്ള മനോധൈര്യവുമായി ഇരുളിൽ ഗെർഷയുടെ പിൻപറ്റി കുന്നിറങ്ങുമ്പോഴേക്കും കരിങ്കൽപ്പള്ളി വിജനമായിരുന്നു. താഴെ റോഡിലിറങ്ങി ബസ് കിട്ടുന്നതുവരെയും അവൻ എനിക്കു കൂട്ടിരുന്നു. വളവുതിരിഞ്ഞു ബസ് മറയുമ്പോൾ ഗെർഷ തിരികെ കയറുന്നതു കണ്ടു. കാലം എത്ര പുത്തനുടുപ്പുകൾ അണിഞ്ഞാലും പഴയത് ഊരിയെറിയാൻ മടിച്ചു നിൽക്കുന്ന ഒരു തലമുറയുടെ കാവൽക്കാര​​​െൻറയടുത്തേക്ക്.

Show Full Article
TAGS:
News Summary - short story- litrature
Next Story