നന്ദി വേണോ അതോ നന്നി മതിയോ?
text_fieldsഎഴുതുന്നതുപോലെ വായിക്കാതിരിക്കുന്ന ഒരു പ്രവണത മലയാളികള്‍ക്കുണ്ട്. പറയുന്നതുപോലെ എഴുതാതിരിക്കുക എന്ന് ഇത് തിരിച്ചും പറയാം. ഇങ്ങനെ എഴുത്തിലും ഉച്ചാരണത്തിലും വ്യത്യാസം വരുന്നതിന് കാരണങ്ങള്‍ പലതാണ്. ജലം, ജയലളിത, ജയ് ജയ് എന്നൊക്കെ എഴുതിയാലും ജെലം, ജെയലളിത, ജെയ് ജെയ് എന്നൊക്കെയാണ് ഉച്ചരിക്കുന്നത്. അകാരോച്ചാരണത്തെക്കാള്‍ അധ്വാനക്കുറവും സ്വാഭാവികതയും മലയാളിയുടെ എകാരോച്ചാരണത്തിനുള്ളതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അതൊക്കെ കൃത്യം അകാരമായിത്തന്നെ ഉച്ചരിച്ചാലും വിലക്ഷണതയാണ് അനുഭവപ്പെടുക. അതായത് ആ തെറ്റ് എഴുത്തിനൊന്ന് ഉച്ചാരണത്തില്‍ മറ്റൊന്ന് എന്ന മട്ടില്‍ മലയാളികള്‍ അംഗീകരിച്ചതാണെന്നര്‍ഥം.
നന്ദി, കുന്ദംകുളം, കുഴല്‍മന്ദം തുടങ്ങിയ പദങ്ങള്‍ നാം നന്നി, കുന്നംകുളം, കുഴല്‍മന്നം എന്നിങ്ങനെയാണ് ഉച്ചരിക്കാറ്. എന്താണ് ഇങ്ങനെ എഴുത്തും ഉച്ചാരണവും വേറെയാകുന്നതിന്‍െറ അടിസ്ഥാനം? സാധാരണ പറഞ്ഞുവരാറുള്ളത് മലയാളിയുടെ അനുനാസികഭ്രമമാണെന്നാണ്. വന്താന്‍ തുടങ്ങിയ തമിഴ് രൂപങ്ങള്‍ മലയാളത്തിലത്തെുമ്പോള്‍ ആദ്യം വന്നാന്‍ എന്നും പിന്നീട് വന്നു എന്നും ആകുന്നതിനെയാണ് ഈ അനുനാസികഭ്രമംകൊണ്ട് സൂചിപ്പിക്കുന്നത്. മലനാട്ടില്‍ സംസാരിച്ചിരുന്ന തമിഴ് മലയാളമായി പരിണമിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നായി ഇതു വിലയിരുത്തപ്പെടുന്നു. ഇങ്ങനെ അനുനാസികാതിപ്രസരം വരാത്ത പദങ്ങളെയും ഉച്ചാരണത്തില്‍ അനുനാസികമാക്കി ഉച്ചരിക്കാനുള്ള മലയാളിയുടെ ശീലമാണ് നന്ദിയെ നന്നിയും കുന്ദംകുളത്തെ കുന്നംകുളവും ആക്കുന്നത് എന്നാണ് പറഞ്ഞുവരാറുള്ളത്. എന്നാല്‍, നന്ദിയുടെ കാര്യത്തില്‍ ഇത് ശരിയല്ല. സന്തോഷം എന്ന അര്‍ഥത്തില്‍ സംസ്കൃതത്തില്‍ ഒരു നന്ദിയുണ്ട്. മലയാളികള്‍ കൃതജ്ഞത എന്ന അര്‍ഥത്തിലാണ് നന്ദി പ്രയോഗിക്കുന്നത്. ഇതിനു സമാനമായി തമിഴില്‍ നന്‍റി എന്ന രൂപമാണുള്ളത്.
നന്‍റി പരിണമിച്ച് നന്നി എന്നുതന്നെയാണ് ആവേണ്ടത്. അതായത് മലയാളത്തിലുള്ള നന്ദി ഉച്ചരിക്കുമ്പോഴല്ല, എഴുതുമ്പോഴാണ് തെറ്റിക്കുന്നത്. മലയാളത്തില്‍ കാണുന്ന നന്ദി എന്ന പദം ചരിത്രപരമായി സാധുതയില്ലാത്ത മായാപദം (Ghost word) ആണെന്നാണ് ടി.ബി. വേണുഗോപാലപ്പണിക്കര്‍ അഭിപ്രായപ്പെടുന്നത് (ഭാഷാവലോകനം: 2006: പേജ് 19). സമാനമായ മറ്റു രൂപങ്ങളുടെ മാതൃക തെറ്റായി അനുകരിച്ചാണ് നന്ദി എന്നൊരു രൂപം നാം ഉണ്ടാക്കിയെടുത്തത്. കന്നി, പുന്ന തുടങ്ങിയ വാക്കുകളില്‍ കാണുന്ന ന്ന വര്‍ത്സ്യമായ ന ഇരട്ടിച്ചതാണ് (പനയിലെ ന). കുന്നംകുളം, കുഴല്‍മന്നം തുടങ്ങിയ വാക്കുകളിലെ ന്ന കാരം വര്‍ത്സ്യമല്ല ദന്ത്യമാണ് (നമ്മള്‍ എന്ന പദത്തിലെ ന) എന്നു കാണിക്കാനാണ് അവയെ ന്ദ ആക്കുന്നത്. അതായത് കുന്നംകുളം, കുഴല്‍മന്നം തുടങ്ങിയ ഉച്ചാരണം ശരിയാണെന്നര്‍ഥം.
അങ്ങനെയാണെങ്കില്‍ ഇന്ദിര, ചന്ദനം തുടങ്ങിയ പദങ്ങളോ? ഇവ സംസ്കൃതത്തില്‍നിന്നു വന്നിട്ടുള്ള പദങ്ങളാണ്. അവ എഴുതുന്നതുപോലത്തെന്നെ ഉച്ചരിക്കണം.
പക്ഷേ, മലയാളിയുടെ അനുനാസികപ്രിയം അവയെയും ഇന്നിര, ചന്നനം എന്നിങ്ങനെ മാറ്റിത്തുടങ്ങിയിരിക്കുന്നു.