Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightഏഴഴകുള്ള ഏഴിമല...

ഏഴഴകുള്ള ഏഴിമല ഓര്‍മകള്‍

text_fields
bookmark_border
ഏഴഴകുള്ള ഏഴിമല ഓര്‍മകള്‍
cancel

എന്‍െറ സുഹൃത്ത് നിത്യചൈതന്യയതിയാണ് കണ്ണൂരിനടുത്തുള്ള ഏഴിമല എന്ന പ്രകൃതിരമണീയമായ സ്ഥലം കണ്ടത്തെി അവിടെ ലോകസമാധാനസമ്മേളനം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചത്.  അന്നദ്ദേഹത്തിന് പില്‍ക്കാലത്തുണ്ടായിരുന്നത്രയും പ്രശസ്തി ഇല്ലായിരുന്നു. രണ്ടോ മൂന്നോ പ്രാവശ്യം യതി അവിടെ സമ്മേളനം നടത്തിയതായി ഞാന്‍ ഓര്‍ക്കുന്നു. യതി കോഴിക്കോട്ടത്തെുമ്പോള്‍ ശിഷ്യനായ ലോഹിതാക്ഷനെ കാണാനത്തെും. മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജിനടുത്തായിരുന്നു ലോഹിതാക്ഷന്‍ താമസിച്ചിരുന്നത്.  കോഴിക്കോട് സര്‍വകലാശാലയുടെ ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന ചരിത്രവിഭാഗം അന്ന് മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജിലായിരുന്നു. പി.കെ.നാരായണനും യതിയും ഞാനുമായി അപ്പോള്‍ ദീര്‍ഘനേരം സംസാരിച്ചിരിക്കും. അങ്ങനെയിരിക്കെയാണ് ലോകമഹാശാന്തിസമ്മേളനത്തിന് യതി എന്നെ ക്ഷണിക്കുന്നത്. ഏഴിമല കാണാനും അവിടെ പോകാനുമുള്ള സുവര്‍ണാവസരമായി കരുതി ഞാനത് സന്തോഷത്തോടെ സ്വീകരിച്ചു. എന്നെ അവിടേക്ക് ആകര്‍ഷിച്ച മറ്റ് ഘടകങ്ങളുണ്ടായിരുന്നു.

സംഘകാലകൃതികളില്‍ ഏഴിമലക്ക് ഏഴില്‍മല എന്നാണ് പറയുന്നത്. എഴുന്നുനില്‍ക്കുന്ന മല എന്നായിരിക്കാം അതിനര്‍ഥം. ഒരു സംഘകാല കവി മലയുടെ മുകളില്‍ കയറിനിന്ന് കപ്പല്‍ കണ്ണില്‍ നിന്നും മറയുന്നതുവരെയുള്ള കാഴ്ചയുടെ മനോഹാരിത വര്‍ണിക്കുന്നുണ്ട്. നന്നന്‍ എന്ന ഒരു മൂപ്പന്‍െറ പല പരാക്രമങ്ങളെക്കുറിച്ചും വിവരിക്കുന്നുണ്ട്. പ്രഫ. എളംകുളം കുഞ്ഞന്‍പിള്ള അദ്ദേഹത്തിന്‍െറ ലേഖനങ്ങളില്‍ ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം വിശദീകരിക്കുന്നുണ്ട്. ഞാന്‍ ലണ്ടന്‍ യൂണിവേഴ്സിറ്റിയില്‍ ജോലി ചെയ്തിരുന്ന കാലത്ത് ഇക്കാര്യത്തെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ നന്നനും ഏഴിമലയും മൗര്യന്‍മാരും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഒരു സൂചന കിട്ടി. മാമോലിനാര്‍ എന്ന സംഘകാലകവി  നന്നനെപ്പറ്റിയും പാടലീപുത്രത്തെപ്പറ്റിയും പറഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം എന്‍െറ ജിജ്ഞാസ വര്‍ധിപ്പിക്കുകയും ഇതേക്കുറിച്ച് കൂടുതലറിയണമെന്ന ആഗ്രഹം ജനിപ്പിക്കുകയും ചെയ്തു. ഏഴിമലയിലേക്കുള്ള എന്‍െറ യാത്രയുടെ ഉദ്ദേശം അവിടെ ഒരു ക്ഷേത്രത്തിലുണ്ടായിരുന്ന ഈ ലിഖിതങ്ങള്‍ വായിക്കുക എന്നതായിരുന്നു.

സമ്മേളത്തിനോടനുബന്ധിച്ച് രണ്ടുമൂന്നു ദിവസം ഞാന്‍ ഏഴിമലയില്‍ താമസിച്ചു. യതി ഒരു നീന്തല്‍ വിദഗ്ധന്‍ കൂടിയായിരുന്നു. കടലില്‍ അദ്ദേഹം നിന്തുമ്പോള്‍ ഞാന്‍ കരയിലിരിക്കും. യൂറോപ്പിലും അമേരിക്കയിലുമൊക്കെയായി പല ബീച്ചുകളും ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ കണ്ടിട്ടുള്ളതില്‍വെച്ചേറ്റവും മനോഹരമായ ബീച്ചായിരുന്നു ഏഴിമലയിലേത്. ഒരു വശത്ത് മല കടലിലേക്ക് ഉന്തി നില്‍ക്കുന്നുണ്ട്. മറുവശത്ത് പാറക്കൂട്ടങ്ങള്‍ കടലിലേക്ക് തള്ളിനില്‍ക്കുന്നു. അത്ര ഉയരമുള്ള മലയൊന്നുമല്ല.നമുക്ക് കയറിപ്പോകാവുന്നതേയുള്ളൂ. പണ്ട് അറബിക്കടിലിലെ(അന്ന് അറബിക്കടല്‍ എന്നല്ല അതിന്‍െറ പേര്) നാവികര്‍ക്ക് ദൂരെ നിന്ന് കാണാവുന്ന അടയാളചിഹ്നം ആയിരുന്നു ആ മലകള്‍.  അവിടെ നിന്നും തമിഴ്നാട്ടിലേക്ക് പോകേണ്ടവര്‍ വടക്കോട്ടും കര്‍ണാടകത്തിലേക്ക് പോകേണ്ടവര്‍ തെക്കോട്ടും പോകുന്നു. ഇക്കാര്യങ്ങളെല്ലാമായിരുന്നു മനസ്സിലെങ്കിലും എന്നെ ആകര്‍ഷിച്ചത് ആ ഭൂവിഭാഗത്തിന്‍െറ മനോഹാരിത തന്നെ. ഏഴിമലയുടെ തൊട്ടടുത്തുതന്നെ ഇട്ടിക്കുളം എന്നൊരു ഗ്രാമമുണ്ട്. തൊട്ടടുത്തായി കടല്‍ ഉള്ളിലേക്ക് കയറിക്കിടക്കുന്ന ഒരു ഭാഗവുമുണ്ട്. പറങ്കികളുടെ കോട്ടയുടെ അവശിഷ്ടങ്ങളും കാണാമിവിടെ. പാറകള്‍ കടലിലേക്ക് തള്ളിനില്‍ക്കുന്നു. ഈ താമസിത്തിനിടക്ക്  ഞാന്‍ ചെറിയ ക്ഷേത്രത്തിലത്തെി. അവിടെ അരയടി ഉയരത്തില്‍ ഒരു ശിലാഫലകം പൊങ്ങിനില്‍ക്കുന്നുണ്ടായിരുന്നു. അതില്‍ സ്വസ്തിശ്രീ എന്നു എഴുതിയിട്ടുണ്ട്. അതൊരു പുരാലിഖിതത്തിന്‍െറ ഭാഗമാണെന്ന് ഞാന്‍ അനുമാനിച്ചു. ആളുകളെ വിളിച്ചുവരുത്തി അത് മണ്ണില്‍ നിന്നും കുഴിച്ചെടുത്തപ്പോള്‍ ഒരാള്‍ പൊക്കമുള്ള കൂറ്റന്‍ഫലകമാണ് കിട്ടിയത്.  ഞാന്‍ അത് വായിച്ചു. പിന്നീടൊരിക്കല്‍ രാഘവവാര്യരുമായി ചേര്‍ന്ന് അവിടെ പോയി അത് വിശദമായി വായിച്ചു മനസ്സിലാക്കി. പഴയ കോലത്തുനാട്ട് രാജാവിന്‍െറ പേര് അതില്‍ ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു. ആ പേര് അതുലന്‍െറ മൂഷകവംശത്തിലും പരാമര്‍ശിച്ചിട്ടുണ്ട്. പിന്നീട് ഈ ലിഖിതങ്ങള്‍ വായിച്ചെടുക്കാനായി രണ്ടു മൂന്നു തവണ കൂടി രാഘവവാര്യരുമൊത്ത് ഞാന്‍ അവിടെ പോയിട്ടുണ്ട്.

ആ ഭൂവിഭാഗത്തിന്‍െറ മനോഹാരിതയില്‍ അത്രയും ആകൃഷ്ടനായതുകൊണ്ട് ആ പ്രദേശത്തെക്കുറിച്ച് ഞാന്‍ സുഹൃത്ത് കെ.പി. അച്യുതമേനോനോട് പറഞ്ഞു. മേനോന്‍ ഫാറൂക്ക് കോളേജില്‍ ലക്ചററായി പ്രവര്‍ത്തിച്ചിരുന്ന സമയത്ത് ഞാനവിടെ വിദ്യാര്‍ഥിയായിരുന്നു. രണ്ടുവര്‍ഷമേ അദ്ദേഹം അവിടെ ജോലി ചെയ്തിട്ടുള്ളൂ എന്നാണ് ഓര്‍മ. ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മില്‍ വളരെ അകന്ന ബന്ധമുണ്ട് എന്നും പറയാം. ചരിത്രത്തിലും സംസ്കൃതത്തിലും താല്‍പര്യമുള്ള അദ്ദേഹവുമായി ഞാന്‍ വളരെ വേഗം അടുത്തു. വളരെ അടുത്ത സുഹൃത്തുക്കളുമായിത്തീര്‍ന്നു. അതിനിടയില്‍ അദ്ദേഹത്തിന് ഐഎഎസ് ലഭിക്കുകയും ഡല്‍ഹിയിലേക്ക് പോകുകയും ചെയ്തു. പിന്നീട് യുജിസിയുടേയോ യൂണിവേഴ്സിറ്റിയുടേയോ സെമിനാറുകള്‍ക്കോ പരിപാടികള്‍ക്കോ ഞാന് ഡല്‍ഹിയില്‍ ചെല്ലുമ്പോള്‍ ഞങ്ങള്‍ ഒരുമിച്ചു കൂടും.  അദ്ദേഹത്തിന്‍െറ വീട്ടിലാണ് താമസിക്കുക. ഒരിക്കല്‍ അങ്ങനെ ഡല്‍ഹിയില്‍ പോയപ്പോഴാണ് ഞാന്‍ ഏഴിമലയെക്കുറിച്ച് അദ്ദേഹത്തോടു പറയുന്നത്. കുന്ന്, പാറകള്‍, അതിനടുത്ത ഇട്ടിക്കുളം എന്ന ഗ്രാമം, ഉള്‍ക്കടലുപോലെ അകത്തേക്കു കയറിനില്‍ക്കുന്ന സമുദ്രഭാഗം , അമ്പലം, അമ്പലത്തിലെ ലിഖിതങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം വിശദമായി അദ്ദേഹത്തോടു പറഞ്ഞു. അന്നദ്ദേഹം ഇന്ത്യസര്‍ക്കാരിന്‍െറ പ്രതിരോധസെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയായിരുന്നു. എന്‍െറ വിവരണത്തില്‍ ആകൃഷ്ടനായി അടുത്ത കിട്ടിയ സന്ദര്‍ഭങ്ങളിലൊന്നില്‍ ഹെലികോപ്റ്ററില്‍ അദ്ദേഹം ആ സ്ഥലം സന്ദര്‍ശിച്ചു. തന്ത്രപ്രധാനവും മനോഹരവുമായ ഈ സ്ഥലം നേവല്‍  അക്കാദമിക്കുവേണ്ടി തെരെഞ്ഞെടുക്കപ്പെടുന്നത് അങ്ങനെയാണ്. അദ്ദേഹത്തിന്‍െറ കാലത്തായിരുന്നു അങ്ങനെയൊരു പ്രൊപ്പോസല്‍ സര്‍ക്കാരിന് സമര്‍പ്പിക്കപ്പെടുന്നത്. പല തരത്തിലും എനിക്ക് പ്രിയപ്പെട്ട ഒരു സ്ഥലമാണ് ഏഴിമല. സംഭവങ്ങളുടെ യാദൃശ്ചികമായ ഒരു തുടര്‍ച്ചയാണ് ഉണ്ടായത്.

പില്‍ക്കാലത്ത് മേനോനോട് ഈ സ്ഥലത്തെക്കുറിച്ച് പറഞ്ഞത് അബദ്ധമായോ എന്ന് തോന്നാനിടയായിട്ടുണ്ട്. കേരളത്തില്‍ ഒരു നാവിക അക്കാദമി വരുന്നത് നല്ല കാര്യം തന്നെ. എന്നാല്‍ ഇത്രയും മനോഹരമായ സ്ഥലത്ത് നാവിക അക്കാദമി വരുന്നതോടെ അവിടേക്കുള്ള പ്രവേശനം നിഷേധിക്കപ്പെടുകയും ആ സ്ഥലത്തിന്‍െറ മനോഹാരിത ആസ്വദിക്കാനുള്ള സഞ്ചാരികളുടെ അവസരം നഷ്ടപ്പെടുകയുമാണല്ളോ. അക്കാദമി വന്നതിനുശേഷം ഞാനൊരിക്കല്‍ക്കൂടി അവിടം സന്ദര്‍ശിച്ചു. ലിഖിതങ്ങള്‍ കിട്ടിയ ആ ക്ഷേത്രവും മറ്റും ഇപ്പോള്‍ നാവിക അക്കാദമിയുടെ കൈവശമാണ്. അവിടെ വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് ഇപ്പോള്‍ പൂജകള്‍ നടക്കുന്നത്. ഞാനും രാഘവവാര്യരും  ലിഖിതങ്ങള്‍ വായിക്കാനും മറ്റുമായി  ഏഴിമലയില്‍  താമസിച്ചപ്പോള്‍  ഞങ്ങള്‍ക്ക് ആതിഥ്യമരുളിയ വാര്യര്‍മാരുടെ ചെറിയ വീടുണ്ടായിരുന്നു. ആ വീടിന്‍െറ കോലായിലാണ് പായും തലയിണമിട്ടാണ് ഞങ്ങള്‍ കിടന്നുറങ്ങിയിരുന്നത്. ആ സ്ഥലമെല്ലാം പിന്നീട് നാവിക അക്കാദമിയുടേതായി മാറി. ആ കുടുംബത്തിന് മറ്റെങ്ങോട്ടോ പോകേണ്ടിവന്നു.

ഞാനും രാഘവവാര്യരും കൂടി ഒരിക്കല്‍ അവിടെ പോയപ്പോള്‍ ആ അമ്പലത്തില്‍ പോയാലോ എന്ന ചിന്തയുദിച്ചു. നാവിക അക്കാദമിയില്‍ നിന്നും അനുമതിയുണ്ടെങ്കില്‍ മാത്രമേ അവിടേക്ക് പ്രവേശനം അനുവദിക്കൂവെങ്കിലും അപ്പോഴത്തെ മാനസികാവസ്ഥയില്‍ അതിനൊന്നും തുനിയാതെ ക്ഷേത്രത്തിലേക്കു തിരിച്ചു. ഇരുട്ടായിരുന്നു. ഞങ്ങള്‍ ചെറിയ കഴായ (ഒരു മുളകൊണ്ടുള്ള ഗേറ്റ്) കടക്കുമ്പോള്‍ ഇങ്ങോട്ടും അതുപോലെ ആരോ വരുന്നുണ്ടായിരുന്നു. രണ്ടു സംഘത്തിനും ടോര്‍ച്ചോ മറ്റു വെളിച്ചമോ ഇല്ലാത്തതിനാല്‍ പരസ്പരം കാണാന്‍ കഴിയുന്നില്ല. സംസാരം കേട്ടിട്ട് ഇങ്ങോട്ടുവരുന്നയാള്‍ 'അത് എംജിഎസല്ളേ' എന്നു ചോദിച്ചു. സംസാരിച്ചപ്പോഴാണ് മനസ്സിലായത്, പഴയ ആ വാര്യര്‍ കുടുംബത്തിലെ ഒരംഗമായ പൂജാരിയുമായിരുന്നു അത്. വര്‍ഷത്തിലൊരിക്കലുള്ള പൂജക്കുവേണ്ടി വന്നതായിരുന്നു അദ്ദേഹം.  വര്‍ഷത്തിലൊരിക്കലുള്ള പൂജക്കുവേണ്ടി അദ്ദേഹം വന്ന അതേ ദിവസം അതേ സമയത്തുതന്നെ ഞങ്ങളും അവിടെയത്തെുകയും വീണ്ടും കണ്ടുമുട്ടാനിട വരികയും ചെയ്യുക. വല്ലാത്ത യാദൃശ്ചികത തന്നെ.


ഞങ്ങള്‍ പഴയ അതേ വീടിന്‍െറ കോലായില്‍ത്തന്നെ രാത്രി കഴിച്ചുകൂട്ടുവാന്‍ തീരുമാനിച്ചു. കിലോമീറ്ററുകളോളം വിജനമായിക്കിടക്കുന്ന കടല്‍തീരം. പൗര്‍ണമിയായിതിനാല്‍ സുന്ദരമായ ഒരു രാത്രിയായിരുന്നു  അത്. നിലാവ് നിറഞ്ഞൊഴുകുകയാണ്. കടലില്‍ ഒരു കപ്പല്‍ പകുതി മുങ്ങിക്കിടക്കുന്നതു കാണാം. ഫോര്‍ച്യൂണ്‍ എന്ന കപ്പലിന്‍െറ ഒരു ഭാഗം മാത്രം പൊങ്ങിനില്‍ക്കുന്നു. ഭൂമിയും ആകാശവും നിലാവില്‍ കുളിച്ച  മനോഹരമായ രാത്രി ഞങ്ങളെയും മത്തുപിടിപ്പിച്ചു. അത്രയും സുന്ദരമായ ആ രാത്രി ഉറങ്ങിത്തീര്‍ക്കുവാനുള്ളതല്ലായിരുന്നു. പാതിരാത്രിയായിക്കാണണം, കടല്‍ക്കരയിലൂടെ കുറേ ദൂരം നടക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. കടല്‍ക്കരയിലെ കുന്നിന്‍െറ താഴ്വാരത്തില്‍ രണ്ടുമൂന്നു കുടിലുകള്‍ കാണാം. നിത്യചൈതന്യയതി ആശ്രമം നിര്‍മിക്കാനായി ശ്രമിച്ചുകൊണ്ടിരുന്ന സമയത്ത് അദ്ദേഹത്തിന്‍െറ ശിഷ്യന്‍മാര്‍ കെട്ടിയ കുടിലുകളാണ് അവ. ബല്‍ജിയം കാരായ ഒരു ഡോക്ടറും എന്‍ജിനീയറും ആ പണിയില്‍ വ്യാപൃതരായിക്കൊണ്ടിരിക്കുന്നതിന് ഞാന്‍ സാക്ഷിയാണ്. അവര്‍ സ്വയം കല്ലുകള്‍ വെട്ടി, മുളകള്‍ പാകി ഉണ്ടാക്കിയെടുത്തവയാണ് ആ കുടിലുകള്‍. യതി പിന്നീട് കൂനൂരിലേക്ക് പോയി.
നേവല്‍ അക്കാദമി വന്നപ്പോള്‍ വിദേശികളെ അവിടെ താമസിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കാത്തിനാല്‍ ബെല്‍ജിയംകാരായ അവര്‍ക്കും അവിടെ വിട്ടുപോകേണ്ടിവന്നു. ആ കുടിലുകളില്‍ ഞങ്ങള്‍ കുറേനേരം ഇരുന്നു. അപ്പോഴും ആ മനോഹരമായ ഭ്രാന്തില്‍ നിന്നും ഞങ്ങള്‍ മുക്തരായിരുന്നില്ല. നാലുമണിയായിക്കാണണം, കടല്‍ത്തീരത്തൂടെ വീണ്ടും ഞങ്ങള്‍ നടക്കാനിറങ്ങി. ബീച്ചില്‍ ആരുമുണ്ടായിരുന്നില്ല. പാറക്കെട്ടുകള്‍ കടലിലേക്ക് തള്ളിനില്‍ക്കുന്ന സ്ഥലത്തേക്ക് നടന്നു. അവിടെയത്തെിയപ്പോള്‍ പാറകള്‍ക്കുമുകളില്‍ രണ്ടുമൂന്നുപേര്‍ നില്‍ക്കുന്നതുകണ്ടു. മനുഷ്യരാരും ഇല്ലാത്ത ആ സമയത്ത് അവര്‍ അവിടെ എന്തുചെയ്യുകയാണെന്ന് ഞങ്ങള്‍ക്കു മനസ്സിലാകാത്തതുകൊണ്ട് കുറച്ചു ഭയം തോന്നി.

കാരണം കടല്‍ ഉള്ളിലേക്ക് തള്ളിക്കിടക്കുന്ന ആ സ്ഥലവും തൊട്ടടുത്ത ഗ്രമാമായ എട്ടിക്കുളവും കള്ളക്കടത്തിന്‍െറ കേന്ദ്രമെന്ന നിലയില്‍ കുപ്രസിദ്ധിയാര്‍ജിച്ച സ്ഥലമായിരുന്നു. തിരിച്ചുപോകാന്‍ നിവൃത്തിയില്ല. ഞങ്ങളെ അവരും കണ്ടിരിക്കുന്നു. മുന്നോട്ടുതന്നെ നടന്നു. അവര്‍ ഞങ്ങളെയും സംശയത്തോടുകൂടിയാണ് നോക്കിയതെങ്കിലും പോലീസോ കുഴപ്പക്കാരോ അല്ളെന്ന് മനസ്സിലായതുകൊണ്ടാവണം, സ്വാഗതം ചെയ്തു. കച്ചവടക്കാരാണ് അവരെന്നും ബോബെയില്‍ നിന്ന് വരുന്ന ഉരു കാത്തുനില്‍ക്കുകയാണ് എന്നും പറഞ്ഞു. ഉരു ഈ ഭാഗത്തത്തെുമ്പോള്‍ അവര്‍ അതില്‍ നിന്നും തൂവാല വീശും ഇവര്‍ തിരിച്ചങ്ങോട്ടും. അതാണ് അടയാളം. എന്തു വിദേശസാധങ്ങള്‍ തരാമെന്ന് പറഞ്ഞ് തൊട്ടടുത്തുള്ള ഗ്രാമത്തിലേക്ക് അവര്‍ ഞങ്ങളെ ക്ഷണിച്ചു. പിന്നീടൊരിക്കല്‍ വരാമെന്നുപറഞ്ഞ് സൗഹാര്‍ദ്ദമായിത്തന്നെ ഞങ്ങള്‍ പിരിഞ്ഞു.

പണ്ടുമുതലേ കപ്പല്‍ക്കാരുടേയും കടല്‍ക്കൊള്ളക്കാരുടേയും, പുതിയ കാലത്ത് സ്വര്‍ണകടത്തുകാരുടേയും കേന്ദ്രമായിരുന്ന, ഒരു കാലത്ത് പോര്‍ട്ടുഗീസുകാരുടെ കോട്ടയുണ്ടായിരുന്ന ആ മനോഹര തീരം ഇന്ന് നേവല്‍ അക്കാദമിയുടെ കേന്ദ്രമാണ്. ഏഴിമലയുമായി വളരെ അപ്രതീക്ഷിതമായ ഒരു വൈകാരികബന്ധമാണ് എനിക്കുള്ളത്.

Show Full Article
Next Story