വിചാരണ ചെയ്യപ്പെടുന്ന വംശീയത
text_fieldsസ്വെന്‍ ലിന്‍സ്ക്വിസ്റ്റിന്‍െറ ‘കിരാതന്മാരെ കൊന്നൊടുക്കൂ’ (Exterminate the Brutes) എന്ന പുസ്തകം ക്രൂരമായ പല സത്യങ്ങളുടെയും ഏറ്റുപറച്ചിലാണ്. നൂറ്റെഴുപതില്‍പരം പുറങ്ങളുള്ള ഈ കൊച്ചുകൃതി ഒരോര്‍മക്കുറിപ്പോ ഗവേഷണ പ്രബന്ധമോ ചരിത്രാഖ്യായികയോ അല്ല. ആഫ്രിക്കയിലെ പരുഷമായ ഭൂപ്രകൃതിയിലൂടെ പശ്ചാതാപവിവശനായ ഒരു പാശ്ചാത്യന്‍ നടത്തുന്ന തീര്‍ഥാടനത്തിന്‍െറ മേലാവരണത്തോടെയാണ് ലിന്‍ഡ്ക്വിസ്റ്റ് കഥ പറയുന്നതെങ്കിലും കൃതി ഒരു യാത്രാവിവരണമല്ല.
വന്‍കരയിലെ പുകള്‍പുറ്റ വിനോദ കേന്ദ്രങ്ങളോ മൃഗസങ്കേതങ്ങളോ ലക്ഷ്യമാക്കിയല്ല ഈ സ്വീഡിഷ് എഴുത്തുകാരന്‍ സഞ്ചരിക്കുന്നത്. ചരിത്രത്തിന്‍െറ നീളത്തില്‍ ഏറെ ചോരപ്പാടുകള്‍ തീര്‍ത്ത കുരുതിപ്പാടങ്ങള്‍ തേടിയാണ് അദ്ദേഹത്തിന്‍െറ യാത്ര.
ആമുഖമായി അദ്ദേഹം കുറിക്കുന്ന വാചകങ്ങള്‍ ഇങ്ങനെ: ഇതൊരു കഥയാണ്; ചരിത്രഗവേഷണത്തിനുള്ള സംഭാവനയല്ല. ഒരു മനുഷ്യന്‍ സഹാറന്‍ മരുഭൂമിയിലൂടെ ബസില്‍ സഞ്ചരിക്കുന്നതിന്‍െറ കഥയാണിത്. അതേയവസരം അയാള്‍ തന്‍െറ കമ്പ്യൂട്ടറിലൂടെ വംശീയ ഉന്മൂലനമെന്ന സങ്കല്‍പത്തിന്‍െറ ചരിത്രത്തിലൂടെ സഞ്ചരിക്കുന്നു. മണലടിക്കുന്ന മരുസത്രങ്ങളെ ഇടത്താവളമാക്കിക്കൊണ്ടാണ് ആ യാത്ര. അയാളുടെ പഠനസാരം ജോസഫ് കോണ്‍റാഡിന്‍െറ ‘അന്ധകാരത്തിന്‍െറ ആത്മാവ് (Heart of Darkness) എന്ന നോവലിലെ ഒരു വാചകം കൊണ്ട് സംഗ്രഹിക്കാം. ‘കിരാതന്മാരെ കൊന്നൊടുക്കുക’... മരുഭൂമിയിലൂടെയുള്ള യാത്രകള്‍ എന്നെ തര്യപ്പെടുത്തിയ ഒരു വസ്തുതയുണ്ട്: ‘നാല് വന്‍കരകളിലെ ‘അധമ’ വംശജരെ കൊന്നൊടുക്കാന്‍ യൂറോപ്യര്‍ ഉപയോഗിച്ച അതേ യുക്തിയാണ് ആറ് മില്യണ്‍ ജൂതന്മാരെ കൊന്നൊടുക്കാന്‍ ഹിറ്റ്ലര്‍ ഉപയോഗിച്ചത്. യൂറോപ്യന്‍ ചിന്തയുടെ കാനല്‍ കോണ്‍റാഡിന്‍െറ ആ വാചകത്തില്‍ കുടികൊള്ളുന്നു. അതെ, ഏതാനും വാക്കുകള്‍ മാത്രമുള്‍ക്കൊള്ളുന്ന ലളിതമായ ആ വാക്യത്തില്‍: ഹോളോ ഡീന്‍ മുതല്‍ ഹോളോ കോസ്റ്റ് വരെയുള്ള യൂറോപ്യന്‍ ചരിത്രത്തിന്‍െറ സാരംശം അടങ്ങിയിരിക്കുന്നു. നമ്മുടെ മാനവികതയുടെ; മഹാവന്‍കരയുടെ ചരിത്രത്തെഅത് ആറ്റിക്കുറുക്കുന്നു. ശരിയാണ്, മാനവിക വാദത്തിന്‍െറയും ജനാധിപത്യത്തിന്‍െറയും ക്ഷേമസങ്കല്‍പത്തിന്‍െറയും പ്രഭവ സ്ഥാനമെന്ന നിലക്ക് യൂറോപ്പിനെ പരിചയപ്പെടുത്തുന്നില്ല...’
‘കിരാതന്മാരെ കൊന്ന് തീര്‍ക്കൂ’ എന്ന കോണ്‍റാഡിന്‍െറ വാചകം പുസ്തകത്തിലുടനീളം ഒരു ‘റിഫ്രെയ്ന്‍ .... ആയി ലിന്‍ഡ്ക്വിസ്റ്റ് ഉപയോഗിക്കുന്നു.
അനന്തരം അദ്ദേഹം ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിലും അമേരിക്കയിലും വെള്ളക്കാര്‍ നടത്തിയ കൂട്ട നരമേധങ്ങളുടെ കഥ പറയുന്നു. 15ാം നൂറ്റാണ്ടിന്‍െറ തുടക്കത്തില്‍ ഉത്തര അമേരിക്കയിലെയും യൂറോപ്പിലെയും ജനസംഖ്യ ഏറെക്കുറെ സമാനമായിരുന്നു: 70 മില്യണ്‍. തുടര്‍ന്ന് യൂറോപ്യര്‍ കൂട്ടത്തോടെ നവലോകത്തേക്ക് പാലായനമാരംഭിച്ചു. ദശലക്ഷക്കണക്കിന് തദ്ദേശീയരുടെ കൊലക്കും ഉന്മൂലനത്തിനുമാണ് ഇത് വഴിവെച്ചത്. 70 ദശലത്തോളമുണ്ടായിരുന്ന തദ്ദേശീയുടെ എണ്ണം ഏതാനും ദശകങ്ങള്‍ കഴിഞ്ഞപ്പോള്‍ വെറും പത്തോ പതിനഞ്ചോ മില്യണായിരുന്നു.
വംശീയ ഉന്‍മൂലനത്തിന്‍െറ അല്‍പ്പമാത്രമായ ഇത്തരം സ്ഥിതി വിവരങ്ങള്‍ ലിന്‍ഡ്ക്വിസ്റ്റ് നിരത്തുന്നത് കറുത്തവനെയും ഏഷ്യക്കാരനേയും അമരീന്ത്യനേയും കൊന്നൊടുക്കിയ യൂറോപ്യന്‍ ഭീകരതയുടെ പല നേര്‍ക്കാഴ്ചകളുടെയും പശ്ചാത്തലത്തിലാണ്.
ഇതില്‍ ഏറ്റവും ഹൃദയസ്പര്‍ശിയായ രംഗം ആഫ്രിക്കയിലെ ഹെറോറോകളുടെ കഥയാണ്. നമീബ മരുഭൂമിയോട് ചേര്‍നുള്ള ജനവാസകേന്ദ്രങ്ങളില്‍ സമാധാനത്തോടെ പുലര്‍ന്ന ഒരു ഗോത്രവര്‍ഗമായിരുന്നു ഹോറോറോകള്‍. 19ാം നൂറ്റാണ്ടിന്‍െറ ഉത്തരാര്‍ധത്തോടെ യൂറോപ്യര്‍ ലോകത്തെ ഏതാണ്ട് പൂര്‍ണമായും വീതം വെച്ച് കഴിഞ്ഞിരുന്നു. ഇംഗ്ളണ്ട്, ഫ്രാന്‍സ്, സ്പെയിന്‍, പോര്‍ച്ചുഗല്‍, ഹോളണ്ട് തുടങ്ങിയ യൂറോപ്യന്‍ ശ്കതികള്‍ മറ്റ് വന്‍കരകളിലെ പ്രദേശങ്ങളത്രയും തങ്ങളുടെ അധീനതയിലാക്കി. ജര്‍മനി കണ്ണ് തുറന്നപ്പോള്‍ നേരം ഏറെ വൈകിയിരുന്നു. പിടിച്ചടക്കാന്‍ പുതിയ രാജ്യങ്ങളോ പ്രദേശങ്ങളോ ഇല്ലാത്ത അവസ്ഥ.
ആഫ്രിക്കയിലെ അവശേഷിക്കുന്ന തുണ്ടുകളില്‍ അവരുടെ കഴുതക്കണ്ണുകള്‍ പതിച്ചു. ഹെറോകളുടെ അധിവാസകേന്ദ്രങ്ങള്‍ ആക്രമിച്ച ജര്‍മന്‍സേന അവരെ കൂട്ടത്തോടെ നമീബ മരുഭൂമിയിലേക്ക് ആട്ടിയോടിച്ചു. ആറ് മാസങ്ങള്‍ക്ക് ശേഷം ചൂട് ശമിച്ചപ്പോള്‍ ജര്‍മന്‍ പട്ടാളക്കാര്‍ മരുഭൂമിയുടെ ഉള്ളറകളിലേക്ക് ഒരു പര്യവേഷണത്തിനിറങ്ങി. തങ്ങള്‍ ആട്ടിയോടിച്ച ഹെറോകളില്‍ ചിലരെ അവര്‍ അവിടെ കണ്ടു. അഥവാ ഇരുപതും ഇരുപത്തഞ്ചും അടി താഴ്ചയുള്ള ഗര്‍ത്തങ്ങളില്‍ തങ്ങളുടെ ഇരകളുടെ ചേതനയറ്റ അസ്ഥിമാടങ്ങള്‍ ആ സൈനികര്‍ കണ്ടു. ഒരു കാര്യം വ്യക്തമായിരുന്നു. ദാക്ഷിണ്യമേശാത്ത മരുക്കാടുകളില്‍ വെള്ളം കിട്ടാതെ വലഞ്ഞപ്പോള്‍ ഒരു കണ്ണീരുറവെങ്കിലും കണ്ടത്തെുമെന്ന പ്രത്യാശയില്‍ ആ ഹതഭാഗ്യര്‍ കിണര്‍ മാന്തുകയായിരുന്നു. ഒടുവില്‍ ഒരു തുള്ളി ഈറനുതിര്‍ക്കാത്ത ആ കിണറുകള്‍ അവരുടെ കുഴിമാടങ്ങളായി.
പല പ്രായത്തിലും പെട്ട സ്ത്രീകളുടെയും കുട്ടികളുടെയും അസ്ഥികൂടങ്ങള്‍ ആ കുഴികളില്‍ മറമൂടപ്പെടാതെ കിടന്നു. കറുത്ത മനുഷ്യരുടെ ആ വെളുത്ത അസ്ഥിമാടങ്ങള്‍ കണ്ട് ജര്‍മന്‍ പട്ടാളക്കാര്‍ വല്ലവരും കരഞ്ഞോ? അവരുടെ മനസ് മരുഭൂമിയേക്കാള്‍ ദാക്ഷിണ്യമേശാത്തതായിരുന്നോ? ലിന്‍ഡിക്വിസ്റ്റ് അത് പറയുന്നില്ല.
പക്ഷെ അദ്ദേഹം പറയുന്ന മറ്റ് ചില കാര്യങ്ങളുമുണ്ട്. ഭൂമുഖത്ത് അധിവസിപ്പിച്ചിരുന്ന ജീവിവര്‍ഗങ്ങളില്‍ 99.99ശതമാനത്തിനും സമൂലമായ വംശനാശം സംഭവിച്ചിരിക്കുന്നു. ശേഷിക്കുന്ന പലതും പുര്‍ണനാശത്തിന്‍െറ വക്കിലാണ്.
അര്‍ഹതയുള്ളവയുടെ അതിജീവനം എന്ന സിദ്ധാന്തമാവിഷ്കരിച്ച സ്റ്റീഫന്‍െറയും ‘പ്രകൃതി നിര്‍ദ്ധാരണ’ വാദം അവതരിപ്പിച്ച ചാള്‍സ് ഡാര്‍വിന്‍െറയും അഭിപ്രായത്തില്‍ അതിജീവന യോഗ്യതയില്ലാത്ത ജീവിവര്‍ഗങ്ങള്‍ ഭൂമിയില്‍ നിന്ന് തുടച്ച് നീക്കപ്പെടും; അഥവാ അവയെ ആരെങ്കിലും തുടച്ച് നീക്കിയാല്‍ അവര്‍ പ്രകൃതിയുടെ നിയോഗം പൂര്‍ത്തീകരിക്കുക മാത്രമാണ് ചെയ്യുന്നത്. പടിഞ്ഞാറന്‍ മേലാളന്‍മാരുടെ അഭിപ്രായത്തില്‍ ഗറില്ലകളോടും ചിംബാന്‍സികളോടും ആകാരസാദൃശ്യമുള്ള ആഫ്രിക്കക്കാര്‍ അവറ്റകളുടെ ചാര്‍ച്ചക്കാരും അതിനാല്‍ അതിജീവനത്തിന് അര്‍ഹതയില്ലാത്തവരുമായിരുന്നു. അതിനാല്‍ തന്നെ അവരെ കൊന്നൊടുക്കുകയെന്നത് മനുഷ്യപുരോഗതിയെ ത്വരിതപ്പെടുത്തുവാനുള്ള സ്വാഭാവിക നടപടി മാത്രം.
എഡ്വാര്‍ഡ് മോന്‍ ഹാര്‍ട്ട്മാന്‍ എന്ന ജര്‍മ്മന്‍കാരന്‍ ഇക്കാര്യം ലളിതമായി വിശദീകരിച്ചു. രോഗം ബാധിച്ച ഒരു പട്ടിയുടെ വാല് മുറിച്ച് നീക്കണമെങ്കില്‍, ഇഞ്ചിഞ്ചായി അത് മുറിച്ചൊഴിവാക്കുന്നതില്‍ യുക്തിയുണ്ടോ? ഒറ്റയടിക്ക് മുരട്ടില്‍ നിന്ന് ഛേദിക്കുന്നതല്ളേ കരണീയം? അതിജീവനത്തിന് അര്‍ഹതയില്ലാത്തവരെയും ഇങ്ങനെ ഒറ്റയടിക്ക് ’ദയാവധം’ ചെയ്യുന്നതാണ് യുക്തിയയെന്ന് സായ്പ്പിന്‍െറ കാരുണ്യം അവനോട് മന്ത്രിച്ചു. പാശ്ചാത്യരുടെ അധീശത്വമനസ്ഥിതിക്ക് ഇത്തരം ധാരാളം ഉദാഹരണങ്ങള്‍ ലീന്‍ഡ്ക്വിസ്റ്റ് തന്‍െറ കൃതിയില്‍ നിരത്തുന്നു. ഇത് വായിച്ച് കഴിയുമ്പോള്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ മുതല്‍ ബേഡന്‍ പവ്വല്‍ വരെയുള്ള പല വിഗ്രഹങ്ങളും നമ്മുടെ മുമ്പില്‍ വീണുടയും.
വംശീയതയുടെ ക്രൂരതയ അനാവരണം ചെയ്യുന്ന മറ്റൊരു കൃതിയാണ് ഡേവിഡ് തിയോ ഗോള്‍ഡ്ബേര്‍ഗിന്‍െറ ‘‘ദ ത്രെറ്റ് ഓഫ് റെയ്ഡ്’’ ലിന്‍സ് ക്വിസ്റ്റിനെ പോലെ ആറ്റിക്കുറുക്കി കദനശൈലിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുകയല്ല ഗോള്‍ഡ് ബേര്‍ഗ് ചെയ്യുന്നത്; മറിച്ച് വംശീയതയുടെ വിവിധ മാനങ്ങളെ നിശിതമായ അവലോകനത്തിന് വിധേയമാക്കുകയാണ്.
മധ്യകാല കുരിശ് യോദ്ധാക്കളുടെ മനോഘടനയില്‍ നിന്ന് ആധുനിക പാശ്ചാത്യ സമൂഹം ഒട്ടും മുമ്പോട്ട് പോയിട്ടില്ളെന്നും മൃഗാത്മകഗതയില്‍ നിന്ന് മനുഷ്യത്വത്തിലേക്കെന്നതിനാല്‍, മനുഷ്യത്വത്തില്‍ നിന്ന് മൃഗാത്മകതയിലേക്കാണോ പരിണാമത്തിന്‍െറ ഗതിയെന്ന് സന്ദേഹിക്കേണ്ടിയിരിക്കുന്നുവെന്നും പറഞ്ഞുകൊണ്ടാണ് ‘ജീവനോടെ കുഴിച്ച് മൂടപ്പെട്ടവര്‍’ എന്ന ആദ്യാധ്യായം ആരംഭിക്കുന്നത്.
ലിന്‍ഡ്ക്വിസ്റ്റിനെപോലെ, ശാസ്തവും വേദവും എങ്ങിനെ തൊലി നിറത്തിന്‍െറ അടിസ്ഥാനത്തില്‍ മനുഷ്യനെ ‘ഉത്തമനെ’ന്നും ‘അധമ’നെന്നും വേര്‍തിരിക്കാന്‍ ഉപയോഗിച്ചുവെന്ന് ഗോള്‍ഡ് ബോര്‍ഗും വിശദീകരിക്കുന്നു. ഒരുദ്ധരണി ‘‘അടിമകളാക്കാപ്പെട്ട പത്ത് മില്യണ്‍ ആഫ്രിക്കക്കാര്‍ സമുദ്രയാത്രക്കിടെ മരിച്ചതായി യുക്തി സഹമായ കണക്കുകള്‍: മരണത്തേക്കാള്‍ ഭയാനകമായ ഒരു ജീവിതത്തിലേക്കുള്ള യാത്രമധ്യേ സംഭവിച്ച മരണങ്ങളായിരുന്നു അവ. പട്ടിണിക്കിട്ട്; ഭീകരമായി മര്‍ദ്ദിച്ച്, ശ്വാസം മുട്ടിച്ച്, രോഗികളാക്കി കൊന്ന് തള്ളിയവര്‍... യൂറോപ്യന്‍ കോളനിവല്‍ക്കരണത്തിന്‍െറയും ആധുനികവല്‍ക്കരണത്തിന്‍െറയും ഭാഗമായി ഏഴ് മില്യണ്‍ തദ്ദേശീയരാണ് ഓസ്ട്രേലിയയില്‍ ഉന്‍മൂലനത്തിനിരയായത്. 1890കളിലെ അമേരിക്ക: ഒന്നിടവിട്ട ദിവസങ്ങളില്‍ ഒരു കറുത്തവന്‍ വീതം അവിടെ വിചാരണകൂടാതെ കൊല ചെയ്യപ്പെട്ടു. 1885നും 1908നുമിടക്ക് 10 മില്ല്യണ്‍ ആളുകളെ കോംഗയില്‍ ലിയോപ്പോള്‍ഡിന്‍െറ രാക്ഷസീയ ഭരണകൂടം തുടച്ച് നീക്കി; അവിടത്തെ പകുതി ജനാവലിയും വന്ധ്യംകരണത്തിനും അംഗഛേദങ്ങള്‍ക്കും വിധേയരായി. ഇങ്ങിനത്തെ ഒരു മൃഗീയത പിന്നീടുണ്ടായത് 1940കളില്‍ ആര്യന്‍ അധീശത്വത്തിന്‍െറ പേരിലായിരുന്നു...’’
ആമുഖമായി ഇങ്ങിനെ കുറിക്കുന്ന ഗോള്‍ഡ് ബേര്‍ഗ് 400ല്‍ പരം പുറങ്ങളുള്ള പുസ്തകത്തില്‍, ആധുനിക ലോകത്ത് നടമാടുന്ന ഫലസ്തീനടക്കമുള്ള നരമേധങ്ങള്‍ക്ക് പിന്നിലെ വംശീയതയുടെ വേരുകള്‍ അനാവരണം ചെയ്യുന്നു.
പുസ്തകം വായിച്ച് മേശപ്പുറത്തുള്ള ഭൂപടത്തിലേക്ക് നോക്കിയപ്പോള്‍ അറ്റ്ലാന്‍റിക്കിന് ചുവപ്പ് നിറം. 10 മില്യണ്‍ കറുത്ത മനുഷ്യരുടെ ചോര കലര്‍ന്നുണ്ടായ ആ ചുവപ്പ് കണ്ണുകളില്‍ ഇരുട്ടായി ഇരച്ച് കയറി.