Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightആത്മനാശത്തിന്‍റ ...

ആത്മനാശത്തിന്‍റ കാലൊച്ചകള്‍

text_fields
bookmark_border
ആത്മനാശത്തിന്‍റ  കാലൊച്ചകള്‍
cancel

ഭ്രാന്തമായ ആവേഗത്തില്‍ ഇളകിമറിയുകയാണ് കാലപ്രവാഹം. തിരക്കാഴ്ചകള്‍ കണ്ണില്‍ തെളിയുന്നില്ല. മനസ്സില്‍ നിറയുന്നില്ല. ഒന്നിനെ പിറകേ ഒന്നായി പിടിതരാതെ അവ ഒഴുകി മറയുന്നു. സത്യമായതൊന്നും അടയാളപ്പെടുത്താതെ വ്യര്‍ഥതമാത്രം അവശേഷിപ്പിക്കുന്ന ആധുനികകാലത്തിന്‍റ കുത്തൊഴുക്കുകള്‍.

സാങ്കേതിക വിദ്യയുടെ വളര്‍ച്ചയില്‍ സംഭവിച്ച ദുരന്ത പരിണാമമാണ് ഇത്. ആരും ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കുന്നില്ല. ആശ്രയിക്കുന്നതെന്തും തള്ളിക്കളയാന്‍ വൈമുഖ്യമില്ലാത്ത ഹൃദയഭാവം. ബന്ധങ്ങള്‍ അയഥാര്‍ഥമാകുന്നു. മൂല്യങ്ങള്‍ തിരിച്ചറിയപ്പെടാതാകുന്നു. സ്നേഹവും ആര്‍ദ്രതയും അപരിചിത വികാരങ്ങള്‍ ജീവിതത്തിനാകെ യാന്ത്രികഭാവം. മനുഷ്യന്‍ യന്ത്രങ്ങളായി അധ:പതിക്കുംപോലെ.
ആഗോളികരണത്തിന്‍െറ ഫലശ്രുതിയില്‍ പ്രാദേശിക സംസ്കൃതികള്‍ തികച്ചും അവഗണിക്കപ്പെട്ടിരിക്കുന്നു. മാതൃഭാഷകള്‍ തിരോഭവിക്കുന്നു. മനുഷ്യകഥകള്‍ ആവേശം വളര്‍ത്തുന്നില്ല. ആനന്ദം ജനിപ്പിക്കുന്നില്ല. സംസ്കാരങ്ങളുടെ നീരോട്ടം നിലയ്ക്കുന്നു. സാമൂഹിക ബോധത്തിനും ദേശീയതയ്ക്കും ഉടവുതട്ടുന്നു.
ഇന്നിപ്പോള്‍ സ്വാര്‍ഥതയുടെ ഹ്രസ്വദൃഷ്ടികള്‍ക്കപ്പുറം സ്വയം നഷ്ടപ്പെടാനോ മറ്റുള്ളവര്‍ക്കുവേണ്ടി ത്യാഗപൂര്‍വം ചിന്തിക്കാനോ ആരെങ്കിലും ഒരുക്കമുണ്ടോ? സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട്, തന്നെക്കുറിച്ചുമാത്രം വ്യാകുലപ്പെട്ട് വ്യര്‍ഥതാബോധത്തില്‍ വിലപിക്കുന്നവര്‍. കിട്ടാത്തതിനെക്കുറിച്ചുമാത്രം ദുഖങ്ങള്‍, കിട്ടിയതു വളരെ. പക്ഷേ, അവയൊന്നും സംതൃപ്തി നല്‍കുന്നില്ല. നല്ല ഷൂസില്ലാത്തതിനാല്‍ നിരാശ. കാലില്ലാത്തവരെ കാണാന്‍ കണ്ണുകളില്ല. ആ ഹൃദയരോദനങ്ങള്‍ ശ്രവിക്കാന്‍ ഉണര്‍ന്നിരിക്കുന്നില്ല. ഒടുവില്‍ ആത്മഹത്യയുടെ മുനമ്പില്‍ കാലിടറി വീഴല്‍.
അത്തരം കഥകള്‍ പെരുകി അവയുടെ വാര്‍ത്താ പ്രധാന്യം പോലും ഇല്ലാതെയായി. പീഡനകഥകളും നിഷ്ഠൂരകൊലകളും വാര്‍ത്താമാധ്യമങ്ങളുടെ ഉള്‍പ്പേജില്‍ നിറം മങ്ങിക്കിടക്കുന്നു. ലോകം മുഴുവന്‍ കൈവിരല്‍ത്തുമ്പില്‍ ഒതുക്കിയെന്ന് അഹങ്കരിക്കുന്ന ആധുനിക ദശാസന്ധിയില്‍ തിരിച്ചറിവുകള്‍ വേഗത്തില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.
ഈ മൂല്യനിരാസം നാം കണ്ടില്ളെന്ന് നടിക്കുകയാണ്. വ്യക്തിബോധത്തിന്‍െറ നനവുകള്‍ വറ്റിവരളുന്നത് അവഗണിക്കുകയാണ്. ധനലാഭവും അധികാരാസക്തിയും വികൃതമാക്കിയ കപട സംസ്കാരത്തിന്‍െറ നീരാളികള്‍ ഹൃദയഭാവങ്ങളെ വരിഞ്ഞുമുറുക്കുമ്പോള്‍ ആത്മനാശത്തിന്‍െറ കാലൊച്ചകള്‍ സമീപസ്ഥമാകുന്നത് നാം മനസ്സിലാക്കുന്നതേയില്ല.
ജീവിതത്തിന്‍റ സമസ്ത മേഖലകളിലുമുണ്ട് തകര്‍ച്ചയുടെ മണിമുഴക്കങ്ങള്‍. ഭൂമിയുടെ നനവുകള്‍ വറ്റി വളരുമ്പോള്‍ മണ്ണ് മണല്‍ക്കാടാകും. കാറ്റിന് ഈര്‍പ്പമില്ലാതെയായാല്‍ ജീവവായു കിട്ടാതെ ചൈതന്യത്തിന്‍റ തുടിപ്പുകള്‍ നിലയ്ക്കും. ഒരുജനപദത്തെ ഇക്കാലമത്രയും ഐക്യത്തില്‍ അടയാളപ്പെടുത്തിയത് പാരമ്പര്യത്തിന്‍റ ശക്തിധാരകളാണ്. മാനവികതയുടെ മുദ്രകള്‍ ചാലിച്ചെഴുതിയ ചിത്രപടം പോലെ ഭൂമിയും മനുഷ്യരും. മഹത്തായ ആ മനോഹരിതയായിരുന്നു നമ്മുടെ സംസ്കാരം. അതിന്‍റ അടിക്കലുക്കളായി പ്രദേശിക സംസ്കൃതികള്‍ വികസിച്ചുവന്നു. സാംസ്കാരിക ഭൂപടം അതിരുകളില്ലാതെ അനന്തമായി ആകാശം കണക്കേ വ്യാപിച്ചുകിടക്കുന്നു.
എല്ലാം പഴയ കഥകള്‍ വര്‍ത്തമാനകാലം സൗഹൃദത്തിന്‍റതല്ല. കാലുഷ്യത്തിന്‍റതാണ്. അതിനുകനംവച്ച് ഭീകരയായി മാറുകയാണ്. സ്വന്തം പുരയ്ക്കു തീകൊളുത്താനോ കുടിവെള്ളത്തില്‍ വിഷം കലര്‍ത്താനോ മടിയില്ലാത്തവര്‍ സമസ്ത മേഖലകളിലും അവരുടെ വിളയാട്ടമാണ്. മനുഷ്യസേവനത്തിന് സ്വയാര്‍പ്പിതരായ ത്യാഗമൂര്‍ത്തികളുടെ കഥകളില്‍ കോരിത്തരിച്ച ബാല്യം നമുക്ക് ഓര്‍മിച്ചെടുക്കാം. പാഠപുസ്തകങ്ങളില്‍ ദര്‍ശിച്ചത് അത്തരം മഹജ്ജീവിതങ്ങളുടെ രേഖാചിത്രങ്ങള്‍. വായിച്ചും പഠിച്ചും ആദര്‍ശമാക്കിയത് ആ മഹദ്വ്യക്തിത്വങ്ങള്‍. ‘ത്യാഗമെന്നതോ നേട്ടം -താഴ്മതാനഭൂന്നതി’ മന്ത്രം പോലെ സദാജപിക്കാന്‍ വിധിക്കപ്പെട്ടത് അങ്ങനെ ചില ആശയങ്ങളായിരുന്നല്ളോ. ആ എളിമപ്പെടലില്‍ നിന്നാണ് മറ്റുള്ളവരെ ആദരിക്കാനുള്ള ആത്മമഹത്വം ആര്‍ജിച്ചെടുത്തത്.
പുതിയ ബാല്യത്തിന് ഈ പാഠങ്ങളൊന്നും നാം പരിചയപ്പെടുത്തുന്നില്ല. ഇത് മത്സരത്തിന്‍െറ കാലമാണെന്ന് മുതിര്‍ന്നവര്‍ കുട്ടികളുടെ കാതില്‍ ഓതിക്കൊടുക്കുന്നു. പരസ്പരം പടവെട്ടുക. കൂട്ടുകാരനെ പരാജിതനാക്കി. നേട്ടങ്ങള്‍ കൊയ്തെടുക്കുക വിട്ടുവീഴ്ചകളില്ല. അന്യോന്യം അറിയാനോ ആദരിക്കാനോ സന്നദ്ധതയില്ല.
ഒറ്റപ്പെട്ട തുരുത്തില്‍ അലയുന്ന അനാഥത്വത്തെയാണ് ഇന്നത്തെ ചെറുപ്പം അടയാളപ്പെടുത്തുന്നത്. ഏകാകികളായി കഴിയാനുള്ള വിധി ഏറ്റെടുത്തവര്‍. എന്തുകൊണ്ട് സമപ്രായക്കാര്‍ കൂട്ടുചേരാന്‍ മടിക്കുന്നു. പ്രത്യയശാസ്ത്രങ്ങളെ വിലമതിക്കാന്‍ വിസമ്മതിക്കുന്നു? സാമുഹിക ബന്ധങ്ങളുടെ മനോഹാരിതയില്‍ ഒരുമിക്കാന്‍ കഴിയാതെ പുറംതിരിഞ്ഞു നില്‍ക്കാനും പുറകോട്ടു നടക്കാനും ശ്രമിക്കുന്ന യുവത്വം എന്നില്‍ അസ്വാസ്ഥ്യം വളര്‍ത്തുന്നുണ്ട്.
ഈ പ്രസ്താവം ശരിയോ എന്നുസംശയിക്കുന്നവരുണ്ടാകാം. അവര്‍ ഫെയ്സ്ബുക്ക്, ഓര്‍ക്കുട്ട്, ട്വിറ്റര്‍ തുടങ്ങിയ കൂട്ടായ്മകള്‍ ചൂണ്ടിക്കാണിക്കുന്നു. വലിയ സൗഹൃദവലയമല്ളേ അത്? പ്രാദേശിക പരിമിതികള്‍ വെടിഞ്ഞ് ലോകമൊട്ടാകെ വ്യാപിക്കുന്ന സൗഹൃദസഖ്യങ്ങള്‍. പ്രശ്നങ്ങളോട് എത്ര വേഗത്തില്‍ അവര്‍ സംവദിക്കുന്നു! പരസ്പരം ആശയങ്ങള്‍ പങ്കുവയ്ക്കാനും സാമൂഹിക വിരുദ്ധ നടപടികള്‍ക്കെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കാനും ജനതയെ പ്രത്യേകിച്ച് ചെറുപ്പത്തെ അവര്‍ സന്നദ്ധരാക്കുന്നില്ളേ? ദല്‍ഹിയിലെ തെരുവില്‍ അപമാനിതയാവുകയും കൊല്ലപ്പെടുകയും ചെയ്ത പെണ്‍കുട്ടി ഇന്ത്യന്‍ മന$സാക്ഷിയെ ഉണര്‍ത്തിയ സാംസ്കാര പ്രബുദ്ധതയുടെ അടയാളമായിരുന്നില്ളേ?
ശരിയാണ് അത്തരം ശക്തവും ഫലപ്രദവുമായ നീക്കങ്ങളെ അഭിനന്ദിക്കാനും പ്രാധാന്യം എടുത്തുപറയാനും നാം ഉത്സുകരാകേണ്ടതുതന്നെയാണ്. പക്ഷേ, അതോടൊപ്പം ഇത്തരം കൂട്ടായ്മകള്‍ സൃഷ്ടിക്കുന്ന സാംസ്കാരിക പ്രശ്നങ്ങളും കാണാതിരുന്നുകൂടാ. സോഷ്യല്‍ നെറ്റ്വര്‍ക്കിലൂടെ പരിചിതരാകുന്ന നമുടെ സുഹൃത്തുക്കള്‍ ആരൊക്കെയാണ്? അവരുടെ അസ്തിത്വം എന്താണ്? ഭൂമിയുടെ ഏതു ദിശയിലാണ് അവര്‍ ജീവിക്കുന്നത്. ശരിക്കും ആരാണ് സൗഹൃദ വലയത്തില്‍ വന്നുപെടുന്ന വ്യക്തികള്‍?
ഒരേ വീട്ടില്‍ തൊട്ടടുത്ത മുറികളില്‍ കഴിയുന്ന സഹോദരനും സഹോദരിയും അവര്‍ അന്യോന്യം മനസ്സിലാക്കാതെ ഫെയ്സ് ബുക്കിലെ തെറ്റായ വിവരങ്ങളില്‍ ആകൃഷ്ടരായി പ്രണയബന്ധരായി ഭവിച്ച അപകടകരമായ അനുഭവം വാര്‍ത്തയായിരുന്നു. നേരിട്ടു പരിചയമില്ലാതെ സോഷ്യല്‍ നെറ്റ്വര്‍ക്കിലൂടെ രൂപപ്പെടുന്ന സൗഹൃദം ഇങ്ങനെ ആപല്‍ക്കരമായ പരിവേഷങ്ങള്‍ സൃഷ്ടിച്ചു എന്നുവരാം. പൂര്‍ണമായ അറിവും ബോധ്യങ്ങളും അനുപേക്ഷണീയം അല്ലാത്തപക്ഷം ആത്മനാശത്തിന്‍െറ പടുകുഴിയിലാവും പതനം.
വഴിയോരത്തുകൂടി ഒറ്റക്ക് നടന്നുപോകുന യുവതീയുവാക്കള്‍ എന്‍െറ കണ്ണില്‍പ്പെടുന്നു. അവര്‍ ഉച്ചത്തില്‍ സംസാരിക്കുകയും സ്വയം മറന്ന് ചേഷ്ടകള്‍ പ്രകടിപ്പിക്കുകയും ചെയ്തുകൊണ്ടാണ് സഞ്ചരിക്കുന്നത്. പക്ഷേ, ഒപ്പം ആരുമില്ല. ഒരുമിച്ച നീങ്ങുകയും കൈകള്‍കോര്‍ത്ത് ഹൃദയ വികാരങ്ങള്‍ കൈമാറുകയും ചെയ്യുന്ന സ്നേഹിതരെ കാണ്‍മാനേയില്ല. കാതില്‍ തൂങ്ങിക്കിടക്കുന്ന വയര്‍ എവിടെയോ ഒളിപ്പിച്ച മൊബൈല്‍ ഫോണിനോട് ബന്ധിച്ചിരിക്കുന്നു. എന്തോ അജ്ഞാതനോടാണ് നിരന്തര സംഭാഷണം. വഴി മനസ്സ് ഇണചേര്‍ക്കുന്നത്. ഒരിക്കലും തമ്മില്‍ കാണുകപോലും ചെയ്തിട്ടുണ്ടാവില്ല. കേവലം ആകസ്മിക ബന്ധങ്ങള്‍ അപകടകരമായ നീര്‍ച്ചുഴിയിലേക്ക് അവ നയിക്കുന്നു. വഞ്ചിതരാകുന്ന യുവത്വത്തിന്‍െറ കഥകളില്‍ നമുടെ വിവേകം കത്തിക്കാളുന്നു.
ഇങ്ങനെ നിരന്തരം മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങളില്‍ മുഴുകുകയോ ഐപ്പോഡില്‍നിന്ന് ഒഴുകിയത്തെുന്ന സംഗീതത്തിന്‍െറ ചടുതലയില്‍ വിഭ്രാമകമാനസികാവസ്ഥയില്‍ എത്തിപ്പെടുകയോ ചെയ്യുന്ന ചെറുപ്പക്കാര്‍ നഗരങ്ങില്‍ മാത്രമല്ല പരിസരം മറന്ന് ബുദ്ധിഭ്രമലക്ഷങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ ഗ്രാമവീഥികളില്‍പ്പോലും സുലഭം. മാസ്മരിക ലഹരികളില്‍ ലയിച്ച് ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ആത്മഹത്യയിലേക്ക് യാത്ര ചെയ്യുന്നു. ഇതര വാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും അപകടങ്ങള്‍ സൃഷ്ടിക്കുന്നു.
ഈ മതിഭ്രാമം വര്‍ത്തമാനകാലത്തിന്‍െറ മുഖമുദ്രയായി തീര്‍ന്നിരിക്കുന്നു. സ്വയം മറക്കുന്ന യുവത്വം ആര്‍ക്കും ആരെക്കുറിച്ചും ഒന്നും അറിയണമെന്നില്ല. പരിസരബോധത്തിലൂടെ സാമൂഹികൈക്വം ദൃഢതരമാക്കണമെന്നില്ല. വികസിപ്പിക്കണമെന്നില്ല. ജീവിതാന്തരീക്ഷത്തിന്‍െറ സത്യങ്ങള്‍ വെളിപ്പെടുത്തുന്ന ലോക വിജ്ഞാനത്തിലേക്ക് വാതില്‍ തുറക്കുന്ന വര്‍ത്തമാനപ്പത്രങ്ങള്‍ വായിക്കുകയോ സമൂഹ ചലനങ്ങളില്‍ താല്‍പര്യമെടുക്കുകയോ ചെയ്യുന്നവരുടെ തലമുറ അസ്തമിക്കുകയാണെന്ന് ഞാന്‍ ഭയപ്പെടുന്നു. ധനവും അധികാരവും നിയന്ത്രിക്കുന്ന കാലാവസ്ഥകളുടെ പുറംമേനികളില്‍ സുഖം തേടുന്നവര്‍ സാംസ്കാരിക ദുരന്തത്തിന്‍െറ ഇരകളായി പരിണമിക്കുകയാണ്.
ഇത് ദേശീയതക്കോ സംസ്കാരത്തിനോ അനുരൂപമായ അന്തരീക്ഷമല്ല. നമ്മുടെ ഭൂമിയും ആകാശവും മനുഷ്യസ്നേഹത്തിലും സാമൂഹിക ബോധത്തിലും അധിഷ്ഠിതമായിരുന്നല്ളോ. അയല്‍ക്കാരന്‍െറ സുഖദുങ്ങളില്‍ പങ്കുചേരുന്ന ഗ്രാമീണതയുടെ ഭംഗികള്‍ മനസ്സില്‍ നിന്ന് വിട്ടകന്നിരുന്നില്ല. അവിടെ പുഴ ഒഴുകുകയും കൈതക്കാടുകള്‍ പുഞ്ചിരിതൂക്കി പരിമളം പരത്തുകയും ചെയ്തിരുന്നില്ളോ.
ആ നല്ലകാലം നഷ്ടപ്പെട്ടുവോ? ആഗോളീകരണത്തിന്‍റ പിടിമുറുക്കത്തില്‍ കച്ചവട തന്ത്രങ്ങളുടെ കാപട്യങ്ങള്‍ നമുടെ ഗ്രാമമനസ്സിനെപ്പോലും വിരൂപമാക്കിയെന്ന് ഭയപ്പാട്. എനിക്കെന്തു കിട്ടും എന്നല്ലാതെ എന്തുകൊടുക്കാനാകുമെന്നത് ഗൃഹസദസ്സുകളില്‍ പോലും ചിന്താവിഷയമാകുന്നില്ല. ഒരേ വീട്ടിനുള്ളില്‍ അന്യരെപ്പോലെ കഴിയുന്ന മതാപിതാക്കള്‍, മക്കള്‍, പറക്കാന്‍ പ്രായമായാല്‍ കുട്ടികള്‍ കൂടുവിട്ട് ദൂരേക്ക് അകലാന്‍ വെമ്പുന്നു. എളുപ്പത്തില്‍ അവര്‍ സ്വന്തം കൂടുകള്‍ മറക്കുന്നു. അമ്മയുടെ ഹൃദയച്ചുടും അച്ഛന്‍െറ പരിരക്ഷണത്തിന്‍െറ ഊഷ്മളതയും വിസ്മൃതമാകുന്നു.
ഒറ്റതിരിഞ്ഞ് ബന്ധങ്ങളാകെ വേര്‍പ്പടുത്തി സ്വന്തന്ത്രരായി ജീവിതം ആഘോഷിക്കാന്‍ വെമ്പുന്ന യുവതലമുറ നമുടെ സംസ്കാരത്തിന്‍െറ പാറ്റേണുകള്‍ തിരസ്കരിക്കുകയാണ്. പാരമ്പര്യങ്ങളുടെ ബലമുള്ള കണ്ണികള്‍ വളര്‍ത്തിയെടുത്ത സാംസ്കാരിക പൈതൃകം നഷ്ടപ്പെടുത്തി സാമ്പത്തിക നേട്ടങ്ങള്‍ കൊയ്തെടുക്കാന്‍ മാത്രം ബന്ധപ്പാടുകള്‍ മുതലാളിത്തിത്തിന്‍െറ കളിപ്പാവകളായി മാറിയ ഭരണ കൂടങ്ങള്‍ ദേശീയതായുടെ മൂല്യങ്ങള്‍ പാടേ നിരസ്കരിക്കുന്നു. ഈ അപഥസഞ്ചാരം അപകടപ്പെടുത്തുന്നത് സമൂഹത്തിന്‍െറ സന്മാര്‍ഗത്തെയാണ്. ജീവിതഗതിയെ നയിക്കേണ്ട സാംസ്കാരിക സത്തയെയാണ്.
വിശ്രാന്തിയുടെ ഇടം ഏതു ബോധിമരച്ചുവട്ടിലാകും? സ്വാര്‍ഥതയുടെ മൂര്‍ച്ഛയുള്ള വാള്‍മുനയില്‍ വീണു മരണം വരിക്കുന്ന മലയാളി മനസ്സിനെക്കുറിച്ച് നമുക്ക് വ്യാകുലപ്പെടാം. ആധ്യാത്മിക ദര്‍ശനങ്ങള്‍ അടയാളപ്പെടുത്തിയ ത്യാഗസന്ദേശമോ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ ബലപ്പെടുത്തിയ സേവനാഭിമുഖ്യമോ വെളിച്ചം വിതറാത്ത അന്ധകാരപൂര്‍ണമായ യാത്രാവഴികളിലൂടെ ഭോഗാസക്തിയോടെ സഞ്ചരിക്കുന്ന ആധുനികതലമുറ; ദിശാഭ്രമം സംഭവിച്ച് കാലപ്രവാഹത്തില്‍ ആത്മനാശത്തിലേക്കാണ് കുപ്പുകുത്തുന്നതെന്ന് എങ്ങനെയാകും തിരിച്ചറിയുന്നത്?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story