Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightരാജരാജന്‍റ...

രാജരാജന്‍റ സാഹിത്യസാഹ്യം

text_fields
bookmark_border
രാജരാജന്‍റ സാഹിത്യസാഹ്യം
cancel

സര്‍വകലാശാലാതലത്തില്‍ മലയാളഭാഷയും സാഹിത്യവും പഠിപ്പിക്കാന്‍ അഭിധാനഗ്രന്ഥങ്ങളില്ളെന്ന ആക്ഷേപത്തിന് പരിഹാരമായിട്ടാണ് എ.ആര്‍. രാജരാജ വര്‍മ ശാസ്ത്രഗ്രന്ഥങ്ങള്‍ രചിച്ചത്. കേരളപാണിനീയം (1896), ശബ്ദശോധിനി (1902), ഭാഷാഭൂഷണം (1902), വൃത്തമഞ്ജരി (1905), സാഹിത്യസാഹ്യം (1911), കേരളപാണിനീയം (1916) എന്നിവയാണ് മലയാളത്തിന് വേണ്ടി എ.ആര്‍ രചിച്ച ശാസ്ത്രഗ്രന്ഥങ്ങള്‍. സംസ്കൃതഭാഷാപഠനത്തിനായി മണിദീപിക (1908)യും ലഘുപാണിനീയവും (1909), ലഘുപാണിനീയം ഉത്തരകാണ്ഡവും (1913 പ്രസിദ്ധീകരിച്ചു. ഭാഷാപഠനത്തിനായി ഇത്രയേറെ ശാസ്ത്രഗ്രന്ഥങ്ങള്‍ മറ്റാരില്‍ നിന്നും മലയാളത്തിന് ലഭിച്ചിട്ടില്ല. വ്യാകരണം, സാഹിത്യം എന്നിവ അഭ്യസിക്കുന്നവര്‍ക്ക് ഇന്നും ആധികാരിക ഗ്രന്ഥങ്ങളായി വര്‍ത്തിക്കുന്നത് മുകളില്‍ പറഞ്ഞവയാണ്.

മലയാളഗദ്യ രചനക്ക് മാര്‍ഗദര്‍ശകമായി എ.ആര്‍. രചിച്ച കൃതിയാണ് സാഹിത്യസാഹ്യം. ഭാഷാഭൂഷണം പോലെ ഭാഷാപോഷണത്തിന് പ്രയോജകീഭവിക്കുന്ന ശാസ്ത്രഗ്രന്ഥമാണിത്. എ.ആറിന്‍െറ കാലത്ത് പദ്യസാഹിത്യം പോലെ വളര്‍ച്ച നേടിയ ശാഖയായിരുന്നില്ല ഗദ്യസാഹിത്യം. ഇംഗ്ളീഷുമായുള്ള ബന്ധം വര്‍ധിച്ചതോടുകൂടിയാണ് യൂറോപ്പില്‍ വളര്‍ച്ച നേടിക്കഴിഞ്ഞിരുന്ന നോവല്‍, ചെറുകഥ, നര്‍മ്മോപന്യാസം വിമര്‍ശനം തുടങ്ങിയഗദ്യസാഹിത്യരൂപങ്ങള്‍ മലയാളത്തില്‍ ആവിര്‍ഭവിക്കാന്‍ തുടങ്ങിയത്. 1899ല്‍ നാട്ടുഭാഷാ സൂപ്രണ്ടായി എ.ആര്‍. നിയമിക്കപ്പെട്ടതോടെ പാഠ്യഗ്രന്ഥങ്ങളുടെ ദാരിദ്ര്യം അനുഭവപ്പെട്ടുവെന്നും ആ കുറവു പരിഹരിക്കുന്നതിനായി ഗ്രന്ഥരചനാ ശ്രമം ആരംഭിച്ചുവെന്നും ഭാഷാ ഭൂഷണതിന്‍െറ മുഖവുരയില്‍ എ.ആര്‍ രേഖപ്പെടത്തിയിട്ടുണ്ട്. ഭാഷാഭൂഷണ നിര്‍മ്മിതിയില്‍ സംസ്കൃത സാഹിത്യമീംസായെയാണ് അദ്ദേഹം പ്രധാനമായും അവലംബിച്ചത്. ഗദ്യസാഹിത്യത്തെ സംബന്ധിച്ചിടത്തോളം സംസ്കൃതത്തില്‍ നിന്ന് ലഭിക്കാവുന്ന സഹായം തുലോം തുച്ഛമായിരുന്നു. കാരണം ഗദ്യം പരിപുഷ്ടമായ ഒരു സാഹിത്യസരണിയല്ല സംസ്കൃതത്തില്‍ എന്നതുതന്നെ.

മലയാളത്തില്‍ വികസ്വരമായിക്കൊണ്ടിരിക്കുന്ന ഗദ്യസരണിയെ സഹായിക്കുന്നതിന് ഒരു ലക്ഷണഗ്രന്ഥം ആവശ്യമാണെന്ന ബോധം വളര്‍ച്ചക്ക് തന്നെഅദ്ദേഹത്തില്‍ ഉദയം കൊണ്ടെങ്കിലും മാര്‍ഗദര്‍ശകമാക്കാവുന്ന ലാക്ഷണിക ഗ്രന്ഥങ്ങള്‍ പൗരസ്ത്യസാഹിത്യ മീമാംസയില്‍ തീരെ കുറവായിരുന്നതിനാല്‍ ഇംഗ്ളീഷ് സാഹിത്യത്തത്തെന്നെ അദ്ദേഹത്തിന് അവലംബിക്കേണ്ടിവന്നു. ഈക്കാര്യം സാഹിത്യസാഹ്യത്തില്‍ ഇങ്ങനെ വെളിപ്പെടുത്തിയിരിക്കുന്നു. ‘ഇംഗ്ളീഷ് സഹിത്യശാസ്ത്രകാരന്മാര്‍ ചെയ്തിട്ടുള്ള വ്യവസ്ഥകളില്‍ സ്വഭാഷക്ക് യോജിക്കുന്നതിടത്തോളം ഭാഗം അതേവിധം പകര്‍ത്തുകയും ആ ഛായ പിടിച്ച് മറ്റുചിലത് യഥാമതി കൂടിച്ചേര്‍ക്കുകയും മാത്രമേ ഞാന്‍ ഇപ്പുസ്തകത്തില്‍ ചെയ്തിട്ടുള്ളു’.
സാഹിത്യ സാഹിത്യത്തിന്‍െറ ഉള്ളടക്കം പൂര്‍വഭാഗമെന്നും ഉത്തരഭാഗമെന്നും വിഭജിച്ചാണ് ക്രമപ്പെടുത്തിയത്. പീഠിക, ആഖ്യാനം, വര്‍ണനം, വിവരണം, ഉപപാദനം എന്നിവ പൂര്‍വഭാഗത്തിലും പദം-ശബ്ദശുദ്ധി, വാക്യം -വാക്യശുദ്ധി, രീതി, ശൈലികള്‍, ഒൗചിത്യം എന്നിവ ഉത്തരഭാഗത്തിലും പരാമൃഷ്ടമായിരിക്കുന്നു. ഇംഗ്ളീഷ് സാഹിത്യത്തിലെ narrative (ആഖ്യാനം) descripiton (വര്‍ണനം) explanation (വിവരണം) argument (ഉപപാദനം) എന്നീ രീതികളുടെ ലക്ഷണവും തക്ക ഉദാഹരണങ്ങളും പൂര്‍വഭാഗത്തില്‍ നല്‍കിയിരിക്കുന്നു. മലയാളഗദ്യപദ്യ സാഹിത്യങ്ങളുടെ തല്‍ക്കാലാവസ്ഥ വിവരിക്കുന്ന പീഠിക ഫലത്തില്‍ തനതു സമ്പാദ്യത്തെക്കുറിച്ചുള്ള ഒരുവിലയിരുത്തല്‍ കൂടിയാണ്.

ഗദ്യരചനക്ക് മാതൃകയാക്കാവുന്നത് ഇംഗ്ളീഷ് ഭാഷയെയാണ്. നൂതന സാഹിത്യരൂപങ്ങള്‍ ഭാഷയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത് ഇംഗ്ളീഷ് ഭാഷാ സമ്പര്‍ക്കം മൂലമാണ്. അതിനാല്‍ ഗദ്യസാഹിത്യത്തിന്‍െറ വിവിധ ഭാവരൂപങ്ങള്‍ വ്യവസ്ഥപ്പെടുത്തുന്നതിന് മുഖ്യാവലംബമായി എ.ആര്‍ കണ്ടത് ആംഗലാലങ്കാരികന്മാരുടെ അഭിപ്രായങ്ങളാണ്. ഭാഷാഭൂഷണം സംസ്കൃതാലങ്കാരികന്മാരെ പിന്തുടര്‍ന്നപ്പോള്‍ സാഹിത്യസാഹ്യം ആംഗലാലങ്കാരികന്മാരെ മതങ്ങളെ പിന്തുടര്‍ന്നുവെന്നു ചുരുക്കം. സാഹിത്യസാഹ്യം ഗദ്യസാഹിത്യഗ്രന്ഥമാണെങ്കിലും പദ്യസാഹിത്യത്തെക്കുറിച്ചും ചിലതെല്ലാം പറഞ്ഞിട്ടുണ്ട്.
കഥാകഥനമാണ് ആഖ്യാനത്തിന്‍െറ സ്വഭാവം, റിപ്പോര്‍ട്ട് അല്ളെങ്കില്‍ അന്വാഖ്യാനം, പത്രങ്ങളിലെ സ്ഥല ചെയ്തികള്‍ ദേശവൃത്താന്തങ്ങള്‍ എന്നിവ ആഖ്യാനത്തിന്‍െറ വകഭേദങ്ങളാണ്. ആഖ്യാനത്തിന് ഉദാഹരണമായി മണ്ണാങ്കട്ടയും കരീലയും കാശിക്കുപോയ കഥയും തച്ചോളിക്കഥയില്‍ നിന്നു ഒരുഭാഗവും നളോപാഖ്യാനവുമാണ് എ.ആര്‍ നല്‍കിയിട്ടുള്ളത്. വര്‍ണനത്തെ ലൗകീകമെന്നും ശാസ്ത്രീയമെന്നും വിഭജിച്ചാണ് സ്വരൂപ നിര്‍ണയനം നടത്തിയത്. ലൗകീകം വിനോദത്തിനുവേണ്ടിയും ശാസ്ത്രീയം അറിവിനുവേണ്ടിയും ചെയ്യുന്ന വര്‍ണനമാണ്. മഹാകാവ്യങ്ങളിലെ വ്യഥാസ്ഥൂലങ്ങളായ നഗരാര്‍ണവ ശൈലര്‍ത്തുക്കളുടെ വര്‍ണനകളിലെ അനൗചിത്യം രാജരാജന്‍ സന്ദര്‍ഭവശാല്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇക്കാര്യത്തില്‍ ഭാരവി, മാഘന്‍ തുടങ്ങിയ മഹാകവികളുടെ കൃതികളില്‍ കാണുന്ന അനാവശ്യവര്‍ണനകളിലെ അനൗചിത്യം പരാമര്‍ശിക്കാന്‍ എ.ആര്‍ മടച്ചിട്ടില്ല. ശാരദ, നളചരിതം തുള്ളല്‍, ഗദ്യമാലിക, കഥാരത്നമല എന്നിവയില്‍ നിന്നുള്ള ഉദാഹരണങ്ങള്‍ നല്‍കിയാണ് വര്‍ണനത്തിന്‍െറ സാങ്കേതിക വശങ്ങള്‍ എ.ആര്‍ വിശദീകരിച്ചത്.

ഒരു വസ്തുവിന്‍റയോ സംഭവത്തിന്‍റയോ ഏര്‍പ്പാടിന്‍റയോ മറ്റോ സ്വരൂപം, സ്വഭാവം, പ്രയോജനം മുതലായതു വിശദപ്പെടുത്തിക്കാണിക്കയാകുന്നു വിവരണം. ഒരു സംഗതിക്ക് സമാധാനം പറയുന്നതും വിവരണമാണ്. ഗുണദോഷങ്ങളെ നിരൂപിക്കുന്ന വിവരണമാണ് വിമര്‍ശനം. അതുഖണ്ഡനമോ മണ്ഡനമോ ആകാം. വിവരണത്തിന് നല്‍കിയിട്ടുള്ള ഉദാഹരണങ്ങളില്‍ ഒന്ന് ചതുരംഗക്കളിയാണ്. മാമാങ്കം, ശബ്ദം, മഴ എന്നിവയെപ്പറ്റിയുള്ള വിവരണങ്ങളും ദൃഷ്ടാന്തങ്ങളില്‍പ്പെടുന്നുണ്ട്. വ്യാഖ്യാനവും ഭാഷ്യവും പരാവര്‍ത്തനവും സംഗ്രണവും വിവരണത്തിന്‍റ ഭാഗങ്ങളാണ്. യുക്തി കാണിച്ച് ഒരു അഭിപ്രായം സ്ഥാപിക്കുന്നതാണ് ഉപപാദനം. ഉണ്ണായിവാര്യര്‍ക്ക് അറം പറ്റിയെന്ന എ.ആറിന്‍റ നിരീക്ഷണം കാന്താതാരകത്തിന്‍റ മുഖവുരയിലുണ്ട്. ആ ഭാഗമാണ് ഉപപാദനത്തിന് ആദ്യ ഉദാഹരണമായി നല്‍കിയിട്ടുള്ളത്. ഭാഷയില്‍ കര്‍മ്മണി പ്രയോഗം കൃത്രിമമാകുന്നു എന്ന കേരളപാണിനീമതവും ഉപപാദനത്തിന്‍റ ഉദാഹരണങ്ങളില്‍പ്പെടുന്നു.
കൃതിപ്രണയനം എന്നാല്‍ സാഹിത്യസാഹ്യം ഉത്തരഭാഗത്തിന് എ.ആര്‍ പേര്‍ നല്‍കിയിട്ടുള്ളത്. കൃതികള്‍ ഉണ്ടാക്കേണ്ടതെങ്ങനെയെന്ന് വിചാരണ ചെയ്യുന്ന ഭാഗമാണിത്. പദങ്ങള്‍ ചേര്‍ന്നു വാക്യവും വാക്യങ്ങള്‍ ചേര്‍ന്നു ഖണ്ഡികയും ഖണ്ഡികകള്‍ ചേര്‍ന്ന് അധ്യായവും അധ്യായങ്ങള്‍ ചേര്‍ന്ന് കാണ്ഡവും കാണ്ഡങ്ങള്‍ ചേര്‍ന്ന് ഗ്രന്ഥവും ഉണ്ടാകുന്നു. വാക്യം മുതല്‍ കാണ്ഡം വരെയുള്ള ഓരോ ഭാഗം കൊണ്ടും കൃതികള്‍ ചമയ്ക്കാം. ശബ്ദശുദ്ധ, വാക്യശുദ്ധി എന്നിവയില്‍ വളരെ നിഷ്ക്കര്‍ഷയോടുകൂടി ഒരു വൈയാകരണന്‍റ സ്ഥാനത്ത് നിന്നാണ് എ.ആര്‍ നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നത്. പദശുദ്ധി ചര്‍ച്ചയില്‍ നൂതനശബ്ദ സൃഷ്ടിയെക്കുറിച്ചുള്ള എ.ആറിന്‍റ അഭിപ്രായങ്ങള്‍ ഇന്നും പ്രസക്തമാണ്.

‘‘പ്രകൃതിയുടെ രഹസ്യങ്ങളെ ആരാഞ്ഞറിഞഞ് തദീയശക്തികളെ ജനോപകാരത്തിനായി ഉപയോഗിച്ചുകൊണ്ടുവരുന്ന ഇക്കാലത്തില്‍ പുതിയ പുതിയ വസ്തുക്കള്‍ നിത്യമെന്ന പോലെ ഉണ്ടായിക്കൊണ്ടിരിക്കുന്നു. പുതിയ വസ്തുക്കളെ കുറിക്കുന്നതിന് പുതിയ ശബ്ദങ്ങളും വേണ്ടിവരുന്നു. അതിനാല്‍ നൂതന ശബ്ദങ്ങളെ സൃഷ്ടിക്കേണ്ടുന്ന ആവശ്യം ആധുനികഭാഷകള്‍ക്കെല്ലാം നേരിട്ടുട്ടുണ്ട്. പുതിയ സാധനങ്ങളെ നിര്‍മിക്കുന്നതു പാശ്ചാത്യവര്‍ഗക്കാരാണ്. അവര്‍ പ്രായേണ തങ്ങളുടെ മൂലഭാഷകളായ ‘ലത്തീന്‍’ ‘ഗ്രീക്ക്’ എന്ന രണ്ടുഭാഷകളിലെ ധാതുക്കളെക്കൊണ്ട് ആവശ്യപ്പെട്ട ശബ്ദങ്ങളെ സൃഷ്ടിക്കുന്നു. യൂറോപ്പില്‍ ഗ്രീക്ക്, ലത്തീന്‍ ഭാഷകള്‍കള്‍ക്കുള്ള സ്ഥാനം ഇന്ത്യയില്‍ സംസ്കൃതമാണ് വഹിക്കുന്നത്. അതിനാല്‍ പുതിയ സാധനങ്ങള്‍ക്ക് ഉചിതമായി നാമകരണം ചെയ്യുന്നത് സംസ്കൃതം കൊണ്ടേ സാധിക്കുകയുള്ളു’ (സാഹിത്യസാഹ്യം പുറം 96)
നൂതനസാങ്കേതിക ശബ്ദസൃഷ്ടിയില്‍ ഏറ്റവും കൂടുതല്‍ ഉദ്യമിച്ചിട്ടുള്ള വൈയാകരണനാണ് എ.ആര്‍. ‘ഭാഷാഭിമാനികളായ പലേ ബി.എക്കാര്‍ക്കും വേണ്ടി സാങ്കേതിക ശബ്ദസൃഷ്ടിഭാരം ഈ ഗ്രന്ഥകാരന്‍ നിര്‍വഹിച്ചിട്ടുണ്ട്’ (പുറം 96) എന്ന പ്രസ്താവം നവലോക സൃഷ്ടിക്ക് ഉതകുംവിധം സ്വന്തം മാതൃഭാഷയെ സജ്ജമാക്കുന്നതിനുവേണ്ടി ഈ തമ്പുരാന്‍ എത്രമാത്രം ക്ളേശം സഹിച്ചുവെന്നതിന് നല്ളൊരു ദൃഷ്ടാന്തമാണ്.
അംഗാഗീഭാവമില്ലാതെ ഒറ്റയായി നില്‍ക്കുന്ന വാക്യം ചൂര്‍ണിക, പല അംഗവാക്യങ്ങളായി പിരിക്കുന്നതു സങ്കീര്‍ണകം; അംഗാഗീഭാവം കൂടാതെ പ്രധാനമായിത്തന്നെ പല പിരിവുകളുള്ളതു മഹാവാക്യം. ഇവയുടെ വിശദമായ ചര്‍ച്ചയാണ് വാക്യം -വാക്യശുദ്ധി എന്ന അധ്യായത്തിലുള്ളത്.
രീതി, ശൈലികള്‍, ഒൗചിത്യം എന്നിവയെക്കുറിച്ചുള്ള ചിന്തയാണ് തുടര്‍ന്ന് സാഹിത്യസാഹ്യതില്‍ കാണുന്നത്. രീതിയെക്കുറിച്ചുള്ള അധ്യായം സാമാന്യം സമഗ്രവും അപഗ്രഥനാത്മക സ്വഭാവം ഉള്ളതുമാണ്. രീതിക്ക് അനേകം ഗുണദോഷങ്ങളുണ്ട്. ഈ ഗുണദോഷങ്ങളെ ജോടി ചേര്‍ത്ത് 12 ഇനമായി ക്രമപ്പെടുത്തി രാജരാജവര്‍മ വിവരിച്ചിരിക്കുന്നു. സ്വന്തം കൃതികളില്‍ നിന്നുകൂടി ഈ ജോടികള്‍ക്ക് ഉദാഹരണം എ.ആര്‍ നല്‍കുന്നുണ്ട്. ഒന്നാം ജോടിയായ ലളിതവും കഠിനവും എന്ന രീതി ഭേദത്തില്‍ കേരള പാണിനീയത്തിലെയും മധ്യമവ്യാകരണത്തിലെയും വിഭക്തി ചര്‍ച്ചയാണ് ഉദാഹരണങ്ങളായി ഉദ്ധരിച്ചിട്ടുള്ളത്. ശാസ്ത്ര വിചാരത്തില്‍ സ്വന്തം ശൈലിയുടെ ശക്തിദൗബല്യങ്ങള്‍ പരിശോധിക്കാന്‍ ഭാവുകന്മാരോട് ആവശ്യപ്പെടുന്ന ആ വ്യക്തിത്വം രാജരാജന് മാത്രം അവകാശപ്പെട്ടതാണ്. സരസവും ശുഷ്ക്കവും എന്ന രീതിഭേദത്തില്‍ താരതമ്യത്തിനായി എ.ആര്‍ നിര്‍ദേശിച്ചത് ഭഗവത് ദൂതുനാടകവും നളചരിതവും കഥകളിയുമാണ്. ഭഗവത്ദൂത് നാടകത്തിന്‍റ രീതി ലളിതമാണ്. എന്നാല്‍ അതിന്‍െറ സരസതയ്ക്ക് കുറവുണ്ട്. നളചരിതം കഥകളി കഠിനമാണ്. എങ്കിലും അത് ഒരിടത്തും ശുഷ്ക്കമല്ല.

13 രീതി ഭേദങ്ങളാണ് മലയാളകൃതികളില്‍ നിന്നും രാജരാജവര്‍മ കണ്ടത്തെിയത്. 1911 കാലത്ത് ഈ വിധമൊരു അന്വേഷണാത്മകമായ അപഗ്രഥനം ഇന്ത്യന്‍ ഭാഷാകളിലൊന്നും രീതി സംബന്ധമായി നടന്നിട്ടില്ളെന്നത് കണക്കിലെക്കുമ്പോഴാണ് സര്‍വാതിശായിയായ യുക്തി വിചാരകൗശലത്തിന്‍െറ അഗാധത തികച്ചും ബോധ്യമാകുന്നത്. 1. ലളിതവും കഠിനവും 2. സരസവും ശുഷ്ക്കവും 3. സരളവും വക്രവും 4. പ്രസന്നവും കലുഷവും 5. മധുരവും പരുഷവും 6. ഗംഭീരവും വൃഥാസ്ഥൂലവും 7. ശാലീനവും ദീപ്രവും 8. ഉജ്ജ്വലവും അലസവും 9. സൗമ്യവും ഉദ്ധതയും 10. ഉര്‍ജസ്വലവും ദുര്‍ബലവും 11. പ്രൗഢവും ബാലിശവും 12. ധാരാവാഹിയും ക്ളിഷ്ടവും 13 അവഗാഹിയും മസ്യണവും എന്നിവയാണ് തമ്പുരാന്‍െറ കാലത്തുണ്ടായിരുന്ന ഭാഷാകൃതികളെ ആസ്പദമാക്കി കണ്ടത്തെിയ രീതിഭേദങ്ങള്‍. 1911ല്‍ നിന്ന് ഇന്ന് മലയാളശൈലിക്ക് അത്ഭുതാവഹമായ പരിണാമങ്ങള്‍ ഉണ്ടായിട്ടുകൂടി എ.ആര്‍ ചെയ്തതുപോലുള്ള ഒരു രീതി പഠനം ആര്‍ക്കും നടത്താന്‍ പറ്റിയിട്ടില്ല.
രീതിഭേദങ്ങളില്‍ എ.ആര്‍ പ്രകടിപ്പിച്ച സ്വാഭിരപ്രായങ്ങള്‍ ചിലര്‍ സ്വന്തം കണ്ടത്തെലെന്ന നിലക്ക് വികസപ്പിച്ചെടുത്തതിന് ധാരാളം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാകും ഏതാനും ചിലത് സൂചിപ്പിക്കുന്നു.
1. എഴുത്തച്ഛന്‍റ വര്‍ണനകള്‍ സരസങ്ങളാണെങ്കിലും അലസങ്ങാണ്. ഒരിടത്തുവര്‍ണിച്ച തോതില്‍ത്തന്നെയാണ് മറ്റൊരിടത്തും കവി വര്‍ണ ആരംഭിക്കുന്നത്. (8 ഉജ്വലവും അലസവും) കൃഷ്ണഗാഥയില്‍ ഏകദേശവ്യാപിയായി സരസതയും സര്‍വ ദേശവ്യാപിയായി അലസതയും ഉള്ളതായി പറയേണ്ടിയിരിക്കുന്നു.
3. style is the man എന്ന പാശ്ചാത്യ ദര്‍ശനത്തെ ധാരാവാഹിയും ക്ളിഷ്ടവും (രീതഭേദം 12ാം ജോടി) എന്ന ഗുണദോഷ വിചിന്തനത്തില്‍ തമ്പുരാന്‍ ആദരിച്ചിട്ടുണ്ട്. പദം അര്‍ഥം, വിഷയം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് രീതി ധര്‍മങ്ങള്‍ എ.ആര്‍ ചര്‍ച്ച ചെയ്തത്.
തനതായൊരു വാക്യശൈലിക്ക് ഉടമയാണ് മലയാളം എല്ലാ ഭാഷകള്‍ക്കും ചില തറവാട്ടു പാരമ്പര്യങ്ങളും പതിവുകളും മാമൂലകളും ഉണ്ട്. വാക്യ ശൈലി അതിലൊന്നാണ്. ശൈലികള്‍ അര്‍ഥത്തെ എന്നപോലെ വ്യാകരണ വിധികളെയും പ്രയോഗഭംഗികളേയും കൂടി ബാധിക്കുന്നുണ്ട്. ഈ വസ്തുതകള്‍ കണക്കിലെടുത്ത് മലയാളത്തിന്‍െറ തനതായ വാക്യശൈലികളെ പരിചയപ്പെടുത്തുന്ന അധ്യായമാണ് ശൈലികള്‍. മലയാളം അനുവര്‍ത്തിക്കേണ്ട ശൈലി ഇന്നതായിരിക്കണമെന്ന് ആദ്യമായി നിര്‍ദേശിച്ചത് എ.ആറാണ്. ബഹുവചനം, കര്‍മണിപ്രയോഗം, ലിംഗവചനപ്പൊരുത്തം, സംബന്ധ നിര്‍വചനം എന്നിവ ശൈലിയില്‍ എങ്ങനെ ദീക്ഷിക്കണമെന്ന് വേണ്ടത്ര വിശദാംശങ്ങളോടെ എ.ആര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ശൈലി ചര്‍ച്ചയുടെ ഭാഗമായി സംസ്കൃത വാക്കുകളുടെ പ്രയോഗങ്ങളെപ്പറ്റിയും നിരൂപിക്കുന്നുണ്ട്. സര്‍വാബദ്ധങ്ങളായ സംസ്കൃര പ്രയോഗങ്ങള്‍ കൊണ്ടു മലയാളഭാഷയെ ദുഷിപ്പിക്കുന്ന പ്രവണതയെ ആദരിക്കാന്‍ തന്നെക്കൊണ്ടാവില്ളെന്ന സൂചനയോടെ സാധാരണ കാണുന്ന കുറേ അബദ്ധ പ്രയോഗങ്ങള്‍ അദ്ദേഹം നിരത്തുന്നു. മനോസാക്ഷി, അതിശയനീയം, പ്രാധാന്യത, ക്രമീകരിക്ക, അധികരിക്കുക, ലൗകീകം, വൈദീകം, അതിശയനീയം, സ്വയപരിഷ്കാരം, വയോധിക്യം, ത്രാണനം എന്നീ പ്രയോഗങ്ങള്‍ തെറ്റാണ്.
സന്ധി എവിടെയൊക്കെയാണ് വേണ്ടതെന്ന ചോദ്യത്തിന് സമാധാനം സാഹിത്യസാഹ്യത്തിലുണ്ട്. ‘സമാസത്തില്‍ ഏക പദത്വ പ്രതീതിക്കുവേണ്ടി സന്ധി ആവശ്യമാണ്. ശ്ളോകത്തിലും വൃത്തസംബന്ധമായ ദര്‍ഢ്യത്തിനുവേണ്ടി സന്ധി ചെയ്യണം. ഗദ്യങ്ങളില്‍ സന്ധിവിട്ട് എഴുതന്നതു തന്നെ കൊള്ളാം’ (പുറം 193).

സാഹിത്യസാഹ്യത്തിലെ അവസാന ചര്‍ച്ച ഒൗചിത്യത്തെക്കുറിച്ചാണ്. പദം, വാക്യം, സന്ദര്‍ഭം ഇതുകള്‍ക്ക് ശുദ്ധിക്കുറവ് വരാതെ ഒൗചിത്യം സര്‍വത്രദീക്ഷിക്കേണ്ടതാണ്. അറിയാവുന്ന സംഗതി അതിശയോക്തിയും അത്യുക്തിയും കൂടാതെ എഴുതുന്നതില്‍പ്പരം ഒൗചിത്യം മറ്റെന്താണെന്ന എ.ആറിന്‍െറ മതം എത്ര അര്‍ഥഗര്‍ഭമായിരിക്കുന്നു.
എ.ആര്‍ രാജരാജവര്‍മയുടെ ശാസ്ത്രകൃതികളില്‍ സാഹിത്യ സാഹ്യമൊഴിച്ചുള്ളവയെല്ലാം ഖണ്ഡന വിമര്‍ശനത്തിനു പാത്രമായിട്ടുണ്ട്. എന്നാല്‍ സാഹിത്യസാഹ്യത്തില്‍ കൈവെയ്ക്കാന്‍ ആരും ധൈര്യപ്പെട്ടിട്ടില്ല. അന്നേയ്ക്കു മൂപ്പത്തെിയിട്ടില്ലാത്ത മലയാള ഗദ്യസാഹിത്യത്തിന് ഒരുലാഷണിക ഗ്രന്ഥം നിര്‍മിക്കാന്‍ എ.ആറിന്‍െറ മുമ്പില്‍ മാതൃകാഗ്രന്ഥങ്ങളുണ്ടായിരുന്നില്ല. ലാക്ഷണികഗ്രന്ഥത്തിന് ഒരു ചട്ടക്കൂട് തയാറാക്കി ആവശ്യമായ ഉപാത്തങ്ങള്‍ ഇംഗ്ളീഷ് സാഹിത്യത്തില്‍ നിന്നു സ്വീകരിച്ചും പോരാത്തവ സ്വയം സൃഷ്ടിച്ചുമാണ് അദ്ദേഹം ഗ്രന്ഥ രചന നിര്‍വഹിച്ചത്. മാറിവരുന്ന ഭാവുകത്വങ്ങളെ പരിചയപ്പെടുത്തുന്നതോടൊപ്പം പദവാക്യ ശൈലികളുടെ പരിഷ്കരണവും അദ്ദേഹം ലക്ഷ്യം വെച്ചിരുന്നു. സാഹിത്യവിദ്യയില്‍ അവഗാഹം നേടിയ ഒരു പ്രതിഭാശാലിയുടെയും വ്യാകരണപാരംഗതനായ ഒരു ധിഷണാശാലിയുടെയും ദ്വിമുഖങ്ങള്‍ സാഹിത്യസാഹ്യത്തില്‍ ദര്‍ശിക്കാം. അങ്ങനെയൊരു വ്യക്തിത്വം. മലയാളത്തില്‍ പിന്നീട് ഉണ്ടായില്ല. സാഹിത്യസാഹ്യത്തിലെ പദ-വാക്യ-ശൈലി ഖണ്ഡങ്ങളില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് കുട്ടിക്കൃഷ്ണമാരാര് രചിച്ച പ്രൗഢഗ്രന്ഥമാണ് ‘മലയാള ശൈലി’ . എ.ആറിന്ശേഷം മലയാളത്തിലെ ഗദ്യസാഹിത്യത്തെപ്പറ്റി കാര്യമായി ചര്‍ച്ച ചെയ്തത് എം.പി പോളാണ്. കടുത്ത ഇംഗ്ളീഷ് പക്ഷപാതിത്വത്തിലും ഗൈര്‍വാണിയുടെ അതിപ്രസരത്തിലും പ്പെട്ട് തേജസ്സുമങ്ങിപ്പോയ മലയാളഭാഷയെ ഈതിബാധകങ്ങളില്‍ നിന്ന് രക്ഷിച്ചത് എ.ആര്‍ രാജരാജവര്‍മയാണ്. സാഹിത്യശാസ്ത്രത്തിലും ഭാഷാ ശാസ്ത്രത്തിലുംസവ്യസാചിത്വം തെളിയിച്ച ഈ മഹാപുരുഷന്‍ എല്ലാ അര്‍ഥത്തിലും നവയുഗ ശില്‍പിതന്നെയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story