Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വിശപ്പിന്‍റെ സുഗന്ധം
cancel

വിശപ്പിന്‍റെ സുഗന്ധം പുരട്ടിയാണ് ഗോപാലൻ എന്നെ കാണാൻ വന്നത്. വീടിനടുത്തുള്ള ആദിവാസി കോളനിയിലാണ് ഗോപാലന്‍റെ വീട്. അമ്മയെ കാണാൻ വീട്ടിലെത്തിയാൽ അനുജനെപ്പോലെ സ്നേഹം തരാറുള്ള നല്ല സ്നേഹിതൻ. ഗുരു എന്നാണ്‌ അയാൾ വിളിക്കുന്നതെങ്കിലും എന്‍റെ ഗുരു അയാളാണ്.

 

1987ൽ പത്താം ക്ലാസ് കഴിഞ്ഞ് കാൻ ഫെഡ് വളണ്ടിയറായിരുന്നപ്പോഴാണ് ഞാൻ ഗോപാലന് അധ്യാപകനായത്. കോളനിക്കരികിലെ റോഡരികിൽ സമീപവാസിയായ അനന്ത ഭട്ടിന്‍റെ ജീപ്പ് ഷെഡിലായിരുന്നു ഞങ്ങളുടെ പഠന കേന്ദ്രം. ഓടുമേഞ്ഞ ഷെഡ് സൗജന്യമായാണ് അനന്ത ഭട്ട് ഞങ്ങൾക്ക് ഉപയോഗിക്കാൻ തന്നത്.

അദ്ദേഹത്തിന്‍റെ മക്കൾ, ഭാര്യ ഗംഗാദേവി, സഹോദരൻ യക്ഷഗാന കലാകാരൻ കൃഷ്ണ ഭട്ട്, ഭാര്യ ഗോദാവരി, മക്കൾ, ഈ വീട്ടിൽ താമസിച്ചിരുന്ന ക്ലായിക്കോട് സ്വദേശിയും കൃഷി വകുപ്പ് ഉദ്യോഗസ്ഥനുമായിരുന്ന കൃഷ്ണേട്ടൻ എന്ന ടി. കുഞ്ഞികൃഷ്ണൻ എന്നിവർ സ്നേഹത്തോടെയാണ് എന്നോട് പെരുമാറിയിരുന്നത്. കൃഷ്ണഭട്ടിന്‍റെ വീട്ടിൽ നിന്ന് ഭക്ഷണം ലഭിച്ചിരുന്നു.

ഞാൻ കൂലിവേലക്കു പോയിരുന്ന കാലം. രാത്രികളിൽ ഈ വീട്ടിലേക്ക് കൊട്ടടക്കയുടെ തോട് പൊളിക്കാൻ പോകാറുണ്ടായിരുന്നു. മരപ്പലകയിൽ ഉറപ്പിച്ച  വളഞ്ഞ കത്തികൊണ്ടാണ് അടക്ക പൊളിക്കുക. എന്‍റെ നാട്ടുകാരൻ നാരായണേട്ടനാണ് കത്തികളുണ്ടാക്കിയിരുന്നത്. കത്തിമുന ഉളളംകൈയിൽ തുളച്ചുകയറും. അടക്കത്തോട് പൊളിക്കുമ്പോൾ കത്തിയുടെ കടക്കൽ ശേഷിക്കുന്ന വെളുത്ത പൊടി മുറിപ്പാടിൽ അമർത്തിപ്പിടിക്കണം. അതാണ് മരുന്ന്‌. 
വീടിനടുത്ത് താമസിച്ചിരുന്ന അലാമിയേട്ടനാണ് ഈ ജോലിയിൽ എന്‍റെ ഗുരു. മുറിവിന് മരുന്നു പറഞ്ഞ് തന്നതും ഇദ്ദേഹമാണ്. നാട്ടറിവിലൂടെ കിട്ടിയ മരുന്ന് വെച്ചാൽ മുറിവ് പിന്നീട് അലട്ടാറില്ല.

ഫലിതപ്രിയനായ, അമ്പലത്തറ മൂന്നാംമൈൽ സ്വദേശിയായ അലാമിയേട്ടൻ കഴിവു പ്രകടിപ്പിക്കാൻ അവസരം കിട്ടാതെ വിട പറഞ്ഞു. അദ്ദേഹം തന്ന കത്തിയാണ് ഞാൻ ഉപയോഗിച്ചിരുന്നത്. ഇത്തരമൊന്നു ഞാൻ സ്വന്തമാക്കി.
അലാമിയേട്ടൻ ദിവസം  ക്വിന്‍റലോളം അടക്കതോട് പൊളിക്കും. ഞാൻ രാവിലെ മുതൽ രാത്രി വരെ കഷ്ടപ്പെട്ടാൽ കഷ്ടിച്ച് 30, 40 കിലോ എത്തിയാലായി. അപ്പോഴേക്കും ഇടതു കൈയിൽ തുളകൾ നിറഞ്ഞിരിക്കും. കിലോഗ്രാമിന്‌ 40 മുതൽ 50 പൈസ വരെയാണ് കൂലി. ഭക്ഷണം ജോലി ചെയ്യുന്ന വീട്ടിൽനിന്നു കിട്ടും. ദിവസം 150ഓളം രൂപ കിട്ടിയാലായി. എനിക്കത് വലിയ തുകയായിരുന്നു. ഈ പണം ഷർട്ടും മുണ്ടും വാങ്ങാനോ പുസ്തകങ്ങൾ വാങ്ങാനോ ഉപകരിച്ചു,  സിനിമ കാണാനും.
 
അകന്ന ബന്ധുവായ കിട്ടേട്ടൻ എന്ന കൃഷ്ണൻ നായരുടെ വീട്ടിൽ ജോലിക്ക് പോകുമ്പോൾ അമ്മയും കൂടെയുണ്ടാകും. കിട്ടേട്ടന്‍റെ ഭാര്യ പരേതരായ കാർത്യായനിയമ്മ, അമ്മ കുഞ്ഞമ്മാറമ്മ എന്നിവർ ഏറെ ദിവസങ്ങളിൽ എനിക്ക്‌ ഭക്ഷണം തന്നിട്ടുണ്ട്. കിട്ടേട്ടന്‍റെ അച്ഛൻ കുഞ്ഞമ്പു നായർ, സഹോദരൻമാരായ കുഞ്ഞിരാമൻ നായർ, മാധവേട്ടൻ എന്ന മാധവൻ നായർ, സഹോദരിമാർ എന്നിവരും കുടുംബാംഗങ്ങളും എന്നെയും വീട്ടുകാരെയും വീട്ടിലെ അംഗങ്ങളെപ്പോലെയാണ് കരുതിയിരുന്നത്. ഞങ്ങൾ അങ്ങോട്ടും.

ബാങ്ക് ഉദ്യോഗസ്ഥനായി വിരമിച്ച മാധവേട്ടൻ എന്നെ പoന കാലത്ത് സാമ്പത്തികമായി ഏറെ സഹായിച്ചിട്ടുണ്ട്. പ്രീഡിഗ്രിക്കാലത്ത് പഠനയാത്ര പോകാനും  
ലൈബ്രറി കൗൺസിൽ നടത്തിയ ലൈബ്രറി സയൻസ് കോഴ്സിലേക്കുള്ള പരീക്ഷക്കും അഭിമുഖത്തിനുമായി തിരുവനന്തപുരത്തു പോകാനും സഹായിച്ചത് മാധവേട്ടനാണ്.

ലൈബ്രേറിയൻ തസ്തികയിലേക്ക് ഇന്‍റർവ്യൂവിന് തിരുവനന്തപുരത്തു പോകാനും സഹായിച്ചത് ഇദ്ദേഹമാണ്‌. കവികളായ എ. അയ്യപ്പൻ, പബ്ലിക്‌ ലൈബ്രറിയിൽ ഉദ്യോഗസ്ഥനായിരുന്ന സഹോദരൻ കുരീപ്പുഴ ശ്രീകുമാർ, സുബ്രഹ്മണ്യ ദാസ് എന്നിവരെ പരിചയപ്പെട്ടത് ഈ യാത്രകളിലാണ്‌.  അസുഖങ്ങളുണ്ടായപ്പോൾ ഡോക്ടറെ കാണാനും ജ്യേഷ്ഠനെപ്പോലെ മാധവേട്ടൻ കൂടെ വന്നു. പുസ്തക ശേഖരത്തിന്‍റെ ഉടമയായ ഇദ്ദേഹം മാതൃഭൂമി ആഴ്ചപ്പതിപ്പ് വരുത്തിയിരുന്നു.
കള്ളാർ ഗ്രാമീണ വായനശാലയുടെ പേരിലാണ് പഠന കേന്ദ്രം അനുവദിച്ചത്. വായനശാലക്കൊപ്പം എഴുത്തിലേക്ക്‌ വഴി തുറന്നത് ഈ വീടും അവിടുത്തെ പുസ്തകങ്ങളുമാണ്.

കിട്ടേട്ടന്‍റെ വീട്ടിൽ നിന്നാണ് അലാമിയേട്ടൻ ഗുരുവായത്. അദ്ദേഹത്തിന്‍റെ കഥകൾ രസകരമായിരുന്നു. ഭാവനയിൽ മെനയുന്ന കഥകളൊന്നും          രേഖപ്പെടുത്തിയിട്ടില്ല.
കിട്ടേട്ടൻ  കച്ചവടത്തിനുപയോഗിച്ചിരുന്ന കെട്ടിടത്തിൽ ആരംഭിച്ച പഠന കേന്ദ്രത്തിൽ അലാമിയേട്ടനും പഠിതാവായി. പിന്നീട് പഠന കേന്ദ്രം ചെറുപനത്തടി    കോളനിക്കരികിലേക്കു മാറ്റിയപ്പോൾ സഹപാഠി ഗണപതിയും സഹായത്തിനുണ്ടായി. വായനശാലയുടെ പേരിലാണ് പഠന കേന്ദ്രം അനുവദിച്ചത്.      വായനശാലയുടെ പ്രവർത്തകരായിരുന്നു ഞാനും ഗണപതിയും.

മാസം തോറും കിട്ടിയ 300 രൂപയായിരുന്നു പ്രതിഫലം. എനിക്കത് വലിയ തുകയായി. പഠിതാക്കൾക്കുളള ചോക്കുകൾ, സ്ലേറ്റുകൾ, അതിൽ എഴുതാനുള്ള കല്ലുപെൻസിൽ എന്നിവ ധാരാളം കിട്ടി. റാന്തൽ വെളിച്ചത്തിൽ നടത്തിയിരുന്ന ക്ലാസിൽ സ്ത്രീകളും കുട്ടികളുമായി ഇരുപതോളം പഠിതാക്കളാണ്  എത്തിയിരുന്നത്. ഭൂരിഭാഗവും കൂലിത്തൊഴിലാളികൾ. ഗോപാലൻ മുടങ്ങാതെ എത്തിയിരുന്നു. പ്ലാസ്റ്റിക്ക് ഷീറ്റായിരുന്നു ബ്ലാക്ക് ബോർഡ്. ഒമ്പതു മണിയോടെ ക്ലാസ് അവസാനിക്കും. ഗോപാലനെ വീട്ടിൽ കൊണ്ടുവിടാൻ  ഞാനും പോകും. 
പരേതാത്മാക്കൾ പ്രണയിക്കാൻ ഒരുമിക്കുന്ന കരിമ്പാറക്കെട്ടിനപ്പുറം നിലാവ് അടർന്നുവീണ നാട്ടുവഴിയിലൂടെ ഞാൻ വീലേക്കു മടങ്ങും. റാന്തൽ വെളിച്ചം എനിക്ക്‌ മുന്നിലായി നടക്കും.

മുത്തച്ഛൻ എണ്ണപ്പാറ മുരിക്കൂറിലെ പാലയും മുത്തശ്ശി കള്ളാറിലെ ചിരുതയുമായിരുന്നു ഗോപാലന് രക്ഷിതാക്കൾ. അച്ഛൻ അമ്പാടി മരിച്ചപ്പോൾ, അമ്മ കോട്ടച്ചി മറ്റൊരാളോടൊപ്പം പോയതോടെയാണ് ഗോപാലൻ മുത്തച്ഛന്‍റെയും മുത്തശ്ശിയുടെയും തണലിലായത്. പട്ടിണി പൂക്കുന്ന ഓലക്കുടിലിൽ വിശപ്പായിരുന്നു ഭക്ഷണം. കണ്ണീരിന്‍റെയും വിയർപ്പിന്‍റെയും ഉപ്പു ചേർത്തു വേവിച്ച് മുത്തശ്ശി അതവന്‌ വിളമ്പി. കാറ്റും മഴയും ഓലവാതിൽ മുട്ടി വിളിക്കുമ്പോൾ മഴച്ചീളുകൾ തുന്നിയ പുതപ്പിട്ട് മുത്തശ്ശി അവനെയുറക്കും.

ബാല്യത്തിലെ ജീവിതദുരിതങ്ങൾ ഗോപാലൻ പറയുന്നതിങ്ങനെ....
‘‘അച്ഛനമ്മമാർ  പണിക്കുപോയാൽ അടുത്ത പറമ്പുകളിൽ നിന്നു പറിച്ചെടുക്കുന്ന (കട്ടെടുക്കുന്ന) ചക്ക, മാങ്ങ, പപ്പായ  എന്നിവയായിരിക്കും പ്രധാന ഭക്ഷണം. കൊയ്ത്തുകഴിഞ്ഞാൽ സമീപത്തുള്ള വീടുകളിൽ പുത്തരി സദ്യ നടത്തും. നെൽകറ്റകൾ ചുമക്കാൻ സഹായിച്ചവർക്കെല്ലാം ഭക്ഷണം കിട്ടും. തറവാട്ടിൽ പുത്തരി സദ്യ ഉണ്ടാകുമ്പോഴും കൊയ്ത്തിനു സഹായിച്ചവർക്കെല്ലാം ഭക്ഷണം കിട്ടും.  മുത്തശ്ശി കുളിച്ച ശേഷം മാത്രമേ ഭക്ഷണമുണ്ടാക്കിയിരുന്നുള്ളൂ. 95 വയസായപ്പോഴാണ്‌ അവർ മരിച്ചത്. എനിക്കു വേണ്ടിയാണവർ ജീവിച്ചത്. വീട്ടിൽ ചോറിന് നല്ല കറിയുണ്ടാകാറില്ല. മീൻകാരി കാഞ്ഞങ്ങാട്ടുനിന്നു വരുന്ന കുഞ്ഞാതിയമ്മക്ക് മീൻ പൊതിഞ്ഞ് വിൽക്കാനുള്ള ഇലകളും വാഴവള്ളികളും എത്തിച്ച്കൊടുത്താൽ കിട്ടുന്ന മീനാണ് കറിക്കുപയോഗിച്ചിരുന്നത്. കറിക്ക് മസാലക്കൂട്ടുകളുണ്ടായിരുന്നില്ല. മഞ്ഞളും കാന്താരിമുളകും ചേർത്തരച്ചാണ്  കറിയുണ്ടാക്കിയിരുന്നത്. മുത്തശ്ശിയുടെ വായയായിരുന്നു ഞങ്ങളുടെ മിക്സി. മഞ്ഞളും മുളകും ചവച്ചരച്ച ശേഷം മുത്തശ്ശി കറിയിലേക്കിടും. അത് രുചിയേറിയ കറിയായിരിക്കും.

എനിക്കു 48 വയസുണ്ട്. ഉസ്കൂളിൽ പഠിച്ചിട്ടില്ല. എന്‍റെ പ്രായക്കാർ പഠിക്കാൻ പോകുമ്പോൾ ഞാൻ കാലിമേയ്ക്കുകയായിരുന്നു. പ്രതിദിനം രണ്ടു രൂപയാണ് കൂലി. മുത്തച്ഛൻ  നൂറ് വയസു വരെ ജീവിച്ചു. (പാല മുത്തച്ഛന്‍റെ ഫോട്ടോ ഈ ലേഖകൻ സുഹൃത്ത്‌ സന്തോഷ് കുട്ടമത്തിന്‍റെ എസ്. എൽ.ആർ കാമറ ഉപയോഗിച്ച്  പകർത്തിയിരുന്നു. വീട് മാറുമ്പോൾ ഇതിന്‍റെ നെഗറ്റീവ്  നഷ്ടമായി. കഥാകൃത്ത് സന്തോഷ് പനയാലിന്‍റെയും എളേരി മല കർഷക കലാപ പോരാളികളുടെയും ചിത്രങ്ങൾ ഇക്കൂട്ടത്തിലുണ്ടായിരുന്നു. പത്രപ്രവർത്തക സുഹൃത്ത് ടി.കെ നാരായണനൊപ്പം പോയാണ് അദ്ദേഹത്തിന്‍റെ പിതാവ് ഉൾപ്പെട്ട പോരാളികളെ കണ്ടത്.) 
എനിക്കിപ്പോൾ എ. ഗോപാലൻ എന്ന്  പേരെഴുതാൻ അറിയാം. പത്രം വായിക്കാനും കഴിയുന്നുണ്ട്. ഭാര്യ ശ്യാമള എട്ടാം ക്ലാസുവരെ പഠിച്ചിട്ടുണ്ട്. മകൾ ശ്യാമിലി ഡിഗ്രി കഴിഞ്ഞു. രണ്ടാമത്തെ മകൾ ഗോപിക പ്ലസ് ടുവിന് പഠിക്കുന്നു. മകൻ ഗോപി ആറാം ക്ലാസിലും. ഗോപിക നല്ലൊരു ഗായികയാണു. ശ്യാമിലിയും പാടും.

മകളുടെ ഗ്രാൻഡ് വാങ്ങാൻ ഉസ്കൂളിൽ പോയപ്പോൾ അതു തന്നത് അധ്യാപിക സരോജിനിയായിരുന്നു. പൊതുപ്രവർത്തകനായിരുന്ന അധ്യാപകൻ മൻമഥന്‍റെ ഭാര്യയായ ഇവർ വിരമിച്ചപ്പോൾ എനിക്ക് സങ്കടമായി. വീട്ടിലെത്തി മക്കളോടു പറഞ്ഞു, ഞാൻ കവിത ചൊല്ലാം, എഴുതിയെടുക്കണമെന്ന്. അതിങ്ങനെയാണ്-
വിട്ടു പോകില്ല, ഞാൻ മക്കളേ,
അറിവിന്‍റെ പാഠം ഞാൻ ചൊല്ലിത്തന്നില്ലയോ
അലിവോടെ വളരണേ മക്കളേ...
എന്നുള്ളിൽ നീറിപ്പടരുന്ന തീ നാളങ്ങളണക്കുന്നത് നിങ്ങളല്ലയോ...?’’

(ഗ്രാമീണ വായനശാലയുടെ പ്രസിഡന്‍റും അധ്യാപകനുമായിരുന്നു സഹോദര തുല്യനായ മൻമഥൻ മാസ്റ്റർ. പനത്തടിയും കോടോത്തും ഹയർ സെക്കൻഡറി സ്കൂളുകളിൽ  ജോലി ചെയ്തിട്ടുണ്ട്. വായനശാലയുടെ സ്ഥാപകരിലൊരാളായിരുന്ന ടി.എ ജോസഫിന്‍റെ പിൻഗാമിയാണ്.

ടി.എ ജോസഫ്
 

പ്രവർത്തിച്ചിരുന്ന സംഘടനയുടെ സംസ്ഥാന സമ്മേളനം കാസർകോട്ട് നടത്തിയപ്പോൾ അദ്ദേഹത്തിനു വേണ്ടി ഞാൻ ആശംസാ ബാനർ എഴുതിക്കൊടുത്തിട്ടുണ്ട്. നാടക മത്സരങ്ങളിലും പഞ്ചായത്ത് കേരളോത്സവത്തിലും വായനശാലാ ടീം സമ്മാനം നേടുമ്പോൾ ആഹ്ലാദവേളകളിൽ മാഷും ഉണ്ടാകാറുണ്ട്. ലോറി ൈഡ്രവറായും ക്ലീനറായും ജോലി ചെയ്ത് ദുരിത വഴികൾ താണ്ടിയാണ് അദ്ദേഹം അധ്യാപകനായത്.)

രണ്ടു വർഷം മുമ്പ് കള്ളാറിൽ കുട്ടി കിണറ്റിൽ വീണപ്പോൾ ഗോപാലൻ രക്ഷിച്ചു. ആറു മീറ്ററോളം ആഴമുള്ള പടവുകളില്ലാത്ത കിണറ്റിലേക്ക് കയറിൽ തൂങ്ങിയാടിയിറങ്ങിയാണ് ഗോപാലൻ കുട്ടിയെ രക്ഷിച്ചത്.
സമൂഹ സ്നേഹിയായ പലചരക്കുകട ജീവനക്കാരൻ ജിമ്മി വടാന ഗോപാലനെ അഭിനന്ദിച്ച്  പാരിതോഷികം നൽകിയിരുന്നു. മറ്റു വാഗ്ദാനങ്ങൾ ഉണ്ടായെങ്കിലും കിട്ടിയില്ല.

​െതങ്ങുകയറ്റമാണ് ഗോപാലന്‍റെ ജോലി. മറ്റു ജോലികൾക്കും പോകും. മക്കളെ പഠിപ്പിച്ച് ജോലി നേടിക്കൊടുക്കണം. ഗോപാലന്‍റെ ലക്ഷ്യമതാണ്. അവർക്ക് ജോലി കിട്ടിയാൽ തന്‍റെ കഷ്ടപ്പാട് തീരുമെന്ന് ഗോപാലൻ പറയുന്നു. കേശവൻ നമ്പീശൻ നൽകിയ 13 സെന്‍റ് ഭൂമിയിലാണ് ഗോപാലൻ ബ്ലോക്ക് പഞ്ചായത്തിന്‍റെ സഹായത്തോടെ വീട് പണിതത്. മുപ്പത് കൊല്ലത്തോളം എഴുത്തുതൊഴിലാളിയായി ജീവിതം തുലച്ചിട്ടും ഒരു തുണ്ട് ഭൂമിയോ വീടോ സ്വന്തമാക്കാൻ എനിക്കു കഴിഞ്ഞില്ല. തെങ്ങിൽ കയറാനോ കിണറ്റിലിറങ്ങാനോ അറിയില്ല, തൂമ്പപ്പണിയും ചെയ്യാനാവില്ല. ഗോപാലനെ എന്‍റെ ഗുരുസ്ഥാനത്തിരുത്തുന്നതിന്‍റെ കാരണമിതാണ്...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MemoriesLiterature ArticleMadhyamam Literature
News Summary - venu kallar writes about memories-literature article
Next Story