കിനാത്തുരുത്തുകള്‍

എൻ.പി ധനം
14:08 PM
16/02/2018

ഏകാന്തമായ  ഉച്ചവെയിലുകള്‍ താണ്ടിയും പെരുമഴയില്‍ കുതിര്‍ന്നും ചന്ദനനിറത്തിലെ കുനുകുനാ  വരകളും ഒരു നീലാകാശം  നിറയെ കുഞ്ഞുറുമ്പുകളുമായി  ആരെങ്കിലും  നിങ്ങളെ തേടി വരാറുണ്ടോ? പാതിമുറിഞ്ഞ കിനാവുകളിലേക്ക്​ വിരല്‍ നീട്ടിക്കൊണ്ട് ഒരു സൈക്കിള്‍ ബെല്‍. എന്തൊക്കെയോ കൊണ്ടുവന്നിരുന്നു അവ. കത്തുകള്‍  യഥാര്‍ത്ഥത്തില്‍  ഓരോരുത്തരുടെയും നഗ്നതയാണ്. മറ്റൊരാള്‍ അറിഞ്ഞാല്‍ നാണക്കേട് പോലെ ഒന്ന്. എത്രയോ ആവർത്തി മണത്തും വായിച്ചും ഹൃദയത്തില്‍  സൂക്ഷിച്ച കത്തുകള്‍. ഇന്ന് ഞാന്‍ ‘മാരകപ്രണയം’ പോല്‍ കാക്കുന്ന  ഫോണിനേക്കാള്‍ സ്വപ്നവും ജീവനും നിറഞ്ഞവ.

രണ്ടുപേര്‍ക്കിടയിലെ കിനാവിന്‍റെ നേര്‍ത്ത ഇഴകളാണ് കത്തുകള്‍. ജീവിതത്തില്‍ ഏറ്റവും മനോഹരമായത് സൗഹൃദമാണ്. പ്രണയികള്‍ക്കിടയില്‍ പോലും . അവിടെ  മറകളില്ലാതെ ഊര്‍ന്നു വീഴാനാവുന്നു... അക്ഷരയുറുമ്പുകള്‍ പെറുക്കിയെടുത്ത്, വിതറി നമ്മള്‍ നമ്മളിലേയ്ക്ക് നിലാവായ് പൂക്കും. കത്തുകള്‍  ആരുടെയാണ്? എഴുതുന്നവന്‍റെയോ? വായിക്കുന്നവന്‍റെയോ? എനിക്കതിലേതും സംശയമില്ല. അത് വായിക്കുന്നവന്‍റെ തന്നെയാണ്​. എഴുതുന്നവന്‍ തന്‍റെ ഉയിരും ഉണ്മയും ചേര്‍ത്ത് പണിയുന്ന സൗധങ്ങളാണ് അവ.

കുഞ്ഞുനാള്‍ മുതല്‍ വീട്ടിലേക്ക്​ വരുന്ന കത്തുകള്‍ കാത്തിരിക്കും. എന്തിനെന്നറയില്ല. അച്ഛനായിരുന്നു കത്തുകളുടെ ഉടമ. ബോംബെയില്‍ നിന്നും മഹാനഗരവിശേഷങ്ങളും കലമ്പലും സ്നേഹവുമായി രാജിമന്നി എഴുതിയിരുന്ന നീണ്ട കത്തുകളെ അച്ഛന്‍ മഹാഭാരതം എന്നാണ് വിശേഷിപ്പിച്ചിരുന്നത്​. ചിത്രവേലകള്‍ നിറഞ്ഞ ഹരിമണിയുടെ കത്ത്, നല്ല ഇംഗ്ലീഷിൽ  ഏട്ടാന്യന്മാരെഴുതിയിരുന്ന കത്ത്. ഇതെല്ലാം  ഫയലില്‍ അച്ഛന്‍  സൂക്ഷിച്ചു. ആര്‍ക്കും  വായിക്കാനോ തൊടാനോ തരാതെ. കത്തുകള്‍ക്ക് ആത്മാവുണ്ടെന്ന് തോന്നിയതങ്ങനെയാണ്​. വായിക്കുന്നവന്‍റെ ചെവിയില്‍ സ്വകാര്യമായി  പറയുന്നുണ്ടാവണം എന്ന് തോന്നിയിരുന്നു. എനിക്കായി കത്തുകള്‍ വരുന്നത്  കാത്തിരുന്നു. കോളജ് കാലം മുതല്‍ എന്‍റെ മേല്‍വിലാസത്തില്‍ കത്തുകള്‍  വരാന്‍തുടങ്ങി. എത്രയോ ഇടങ്ങള്‍ താണ്ടി മണങ്ങള്‍ ചേര്‍ത്ത് മേഘസന്ദേശം  പോലെ അവയോരോന്നും വന്നു. എത്രയെത്ര ഋതുക്കളാണ് അവയില്‍  ഞാനറിഞ്ഞത്? ആമ്പല്ലൂരില്‍ വേനല്‍വാകകള്‍ ജ്വലിച്ചുനിന്ന നേരങ്ങളില്‍, പെരുംമഴയില്‍ മണലിപ്പുഴ  കലങ്ങിയൊഴുകിയപ്പോള്‍, വൃശ്ചികക്കാറ്റില്‍ തനുവും മനവും തരളിതമാവുന്ന വേളകളില്‍ കാറ്റ് പോലെ മഴ പോലെ വെയില്‍ത്തിളക്കം പോലെ അവ വന്നു. എനിക്കായി മാത്രം അകം നിറച്ചെഴുതിയ വിശേഷങ്ങള്‍ .

അക്കാലത്ത് ‘പെന്‍ ഫ്രണ്ട്സ്’ എന്നൊരു ചാറ്റ് ബോക്സ് ഉണ്ടായിരുന്നു. എനിക്കതിലിടം ഉണ്ടായിരുന്നില്ല. എന്‍റെയൊരു കൂട്ടുകാരിക്ക്​ ബംഗാളിലെ ബേലൂര്‍മഠത്തില്‍ നിന്ന് ബംഗാളിലെ കാണാക്കാഴ്ചകളും രീതികളും സുരോജിത്ത് അയച്ചിരുന്നു. പിന്നീടെപ്പോഴൊ, കുത്തൊഴുക്കുകളില്‍ ആ സൗഹൃദം  മാഞ്ഞ്പോയി... അത് ഞങ്ങളുടെ  ബി എ കാലം.

പണ്ട്, ഞങ്ങളുടെ  ബി.എ കാലം കത്തെഴുത്തുകളാല്‍ സമ്പന്നമായിരുന്നു. കേരളവര്‍മയുടെ തട്ടകത്തില്‍ പ്രണയിക്കാന്‍ കഴിഞ്ഞില്ലെന്ന സങ്കടം  ഉണ്ടെങ്കിലും  സൗഹൃദം  സമൃദ്ധമായിരുന്നു... അന്നൊരിക്കല്‍ എന്‍റെ കൂട്ടുകാരി അനിത എഴുതി... ‘ശിവന്‍ ഉമയെ സ്നേഹിക്കുന്നതിനേക്കാള്‍, കണ്ണന്‍ രാധയെ സ്നേഹിക്കുന്നതിനേക്കാള്‍, നളന്‍ ദമയന്തിയെ സ്നേഹിക്കുന്നതിനേക്കാള്‍  ഞാന്‍ നിന്നെ സ്നേഹിക്കുന്നു’ ഞെട്ടിയൊന്നുമില്ല. ഒക്കെത്തിന്‍റെയും സ്വഭാവം  കണക്കും, ഇത്തിരി  വെടക്കും ആണല്ലോ... അതിന് താഴെയുള്ള വരി എന്‍റെ  ഖല്‍ബ് തകര്‍ത്തു .... ‘കമലദളം കണ്ടെടോ. അതിലെ ഡയലോഗാ ഇത്. ആരോടെങ്കിലും പറയാന്‍ വീര്‍പ്പുമുട്ടി...അതാ എഴുതിയത്ന്ന്..’ അങ്ങനെ പ്രണയവും വിരഹവും കലര്‍ന്ന സൗഹൃദങ്ങള്‍

 പുന്നയൂര്‍ക്കുളവും മുണ്ടത്തിക്കോടും പരിയാരവും അനന്തപുരിയും നിറഞ്ഞ എഴുത്തുകള്‍. വായിച്ച പുസ്തകങ്ങള്‍, കണ്ട സിനിമകള്‍, കേട്ട പാട്ടുകള്‍, പൂത്തുലഞ്ഞ മരങ്ങള്‍, എന്തിന് ഉള്ളിലൂറിയതെന്തും അതില്‍ ഉണ്ടായിരുന്നു. നടന്ന വഴികളില്‍  കേട്ട കുയിലിന് നല്‍കിയ  മറുകൂവല്‍ പോലെ മറുപടികള്‍ . വരയ്ക്കാന്‍  അറിയില്ലെങ്കിലും നിറയെ ചിത്രംവരയ്ക്കുമായിരുന്നു ഞാന്‍. പേജുകള്‍ക്ക് അനങ്ങാനാവാത്തവിധം വരകളും വരികളും കാണാനാണ്  എനിക്കിഷ്ടം. ചിലരുടെ കത്തുകള്‍  രഹസ്യപ്പൂട്ടുകള്‍ തുറക്കും പോലെയാണ്. വരികള്‍ക്കിടയിലെവരികളും വരകളും. എഴുതാതെ എഴുതിയതും കാണാതെ കണ്ടതിനെയും ചേര്‍ത്ത് പിടിച്ച സ്വപ്നങ്ങള്‍. ചെട്ട്യാരുബംഗ്ളാവിന് സമീപത്തെ തപാലാപ്പീസില്‍ പോയി കത്തുകള്‍  അയയ്ക്കുമ്പോള്‍  തഞ്ചാവൂരിലെ ഏതോ പെണ്‍കൊടിയെന്ന പോല്‍ നടന്നു. അത്രമേല്‍  സ്വപ്നാത്മകമായ വരികളനുഭവിച്ചതിന്‍റെ ഉന്മാദം. 

കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ പോസ്റ്റ് ചെയ്യാതെ കിട്ടിയ കത്തുകള്‍. എത്ര സംസാരിച്ചാലും തീരാത്ത ചിലതിനെ വരികളാലൊതുക്കാന്‍ ശ്രമിച്ചു. കടലിനെ ശംഖിലെന്ന പോല്‍. സി.വി. ശ്രീരാമന്‍റെയും ടി. പത്മനാഭന്‍റെയും കഥകളിലെ തിരക്കേറിയ ഇടങ്ങളിലെ സൗഹൃദവേളകള്‍. ഒരു കപ്പ് കാപ്പിക്കിരുപുറം അതിനപ്പുറം  പങ്കിടാന്‍ നേരമില്ലാത്ത ജീവിതപ്പെരുക്കങ്ങള്‍. അതിനിടയില്‍  മൂക്കുത്തി  തിളങ്ങും പോല്‍ തിളക്കമേറിയ വരികള്‍.

പാരിജാതം തളിര്‍ത്തതും അത് മരമായി പൂക്കുന്ന കിനാവുകളും ശലഭങ്ങളും മണങ്ങളും മാത്രം നിറഞ്ഞതായിരുന്നു പല കത്തുകളും. ചിലപ്പോള്‍ ചോണനുറുമ്പ് പോല്‍ കടിച്ചും പുളിയുറുമ്പ് പോല്‍ നീറ്റിയും മറ്റുചിലപ്പോള്‍ നിരനിരയായി വഴിയോരക്കാഴ്ചകളേകിയും വന്നവ. ചിലത് ചാരമായി. മറ്റു ചിലത് പുമ്പാറ്റകള്‍ പോല്‍ പാറി. വേറേ ചിലത് നിറം മങ്ങിയാലും തിളക്കം  പോവാതെയെന്‍റെ കൂടെ. മറ്റുള്ളവര്‍ക്ക് വെറും ലിപികളും കടലാസുകളുമായവ എനിക്കെന്തെല്ലാമോ ആയിരുന്നു. കാൽനികതയുടെ മഷിപുരണ്ടവ. എന്‍റെ ഫോണിലെ സന്ദേശങ്ങളെ ഒറ്റയമര്‍ത്തലില്‍ മായ്ക്കുമ്പോള്‍ കണ്ണു നിറയുന്നതെന്തിന്? ആശയങ്ങള്‍ പൂര്‍ണ്ണമാകാതെ കലഹിച്ച് ഉറങ്ങുമ്പോള്‍ നീറുന്നതെന്തിന്?

ഇനിയെനിക്കായി, സ്വപ്നങ്ങളും വിശേഷങ്ങളും നിറഞ്ഞ കടലാസുകള്‍ വരില്ലെന്നറിഞ്ഞിട്ടോ? താന്‍ പോലുമറിയാതെ ഇല പൊഴിക്കുന്ന മരങ്ങള്‍ പോലെ, ഞാന്‍ ഏറെ സ്നേഹിക്കുന്ന വരികള്‍ കൊഴിഞ്ഞു വീഴുമോ? എന്‍റെ പാതിജീവന്‍ നിറച്ച വരികളെ കാലം കടലെടുത്തുപോവും മുമ്പ് ഞാനൊന്നുകൂടി മണക്കട്ടെ. ആ നേരങ്ങളെ  ഭദ്രമായെന്നുള്ളില്‍ നിറയ്ക്കട്ടെ. എന്‍റെയെന്ന് ആവര്‍ത്തിച്ചോതിയ വരികളാണല്ലോ അതെല്ലാം. അതത്രയും എനിക്കായി മാത്രം എന്‍റെ സൗഹൃദം  തന്നതാണല്ലോ

Loading...
COMMENTS