സുനിലിന്‍റെ ഓട്ടോയെ നാം എന്ത് വിളിക്കും?; പുസ്തകം, പത്രം, കുടിവെള്ളം, മാസ്ക്, മൊബൈൽ ചാർജർ എല്ലാം കിട്ടും...
text_fieldsഓട്ടോയിലെ പുസ്തകങ്ങൾക്ക് സമീപം സുനിൽകുമാർ പറമ്പിൽ
കോഴിക്കോട്: സഞ്ചരിക്കുന്ന ലൈബ്രറിയാണ് സുനിൽകുമാർ പറമ്പിലിന്‍റെ 'ശ്രീ മുത്തപ്പൻ' ഓട്ടോ. വൈക്കം മുഹമ്മദ് ബഷീർ, പെരുമ്പടവം ശ്രീധരൻ, വള്ളത്തോൾ, ഒ.എൻ.വി, വി.കെ.എൻ തുടങ്ങിയവരുടേതടക്കം അമ്പതോളം കഥ, കവിത, നോവൽ തുടങ്ങിയ പുസ്തകങ്ങളാണ് പറമ്പിൽ ബസാറിൽ സർവിസ് നടത്തുന്ന ഈ ഓട്ടോയിൽ ഒരുക്കിയത്. ഡ്രൈവർ സീറ്റിന്‍റെയും യാത്രക്കാരുടെ സീറ്റിന്‍റെയും പിറകിൽ പ്രത്യേകം റേക്ക് ഒരുക്കിയാണ് കൊച്ചു ലൈബ്രറി സജ്ജീകരിച്ചത്. യാത്രക്കാർക്ക് ഇഷ്ടമുള്ള പുസ്തകം തിരഞ്ഞെടുത്ത് വീട്ടിലേക്ക് കൊണ്ടുപോകാം. വായിച്ച ശേഷം രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ തിരിച്ചേൽപിച്ചാൽ മതി. രണ്ടു പത്രങ്ങളും എന്നും ഓട്ടോയിലുണ്ടാവും.
മൊബൈൽ ചാർജർ, കുടിക്കാൻ ചുക്കുവെള്ളം, പ്രധാന ഫോൺ നമ്പറുകൾ, ആവശ്യക്കാർക്ക് മാസ്ക്, പ്രായമായവർക്ക് എളുപ്പത്തിൽ ഉള്ളിലേക്ക് കയറാനുള്ള സംവിധാനം, ബസ് സമയ ചാർട്ട് എന്നിവയെല്ലാം സുനിൽ ഓട്ടോയിൽ ഒരുക്കിയിട്ടുണ്ട്. നടക്കാൻ പ്രയാസമുള്ളവർ വിളിച്ചാൽ വീൽചെയർ, വാക്കർ എന്നിവയുമായി വന്ന് ഓട്ടോക്കടുത്തേക്കു അവരെ എത്തിക്കാനും സുനിലിന് മടിയില്ല.
മുപ്പതുവർഷത്തോളമായി നഗരത്തിലും പറമ്പിൽ ബസാറിലും ഓട്ടോ ഡ്രൈവറായ സുനിൽ ദിവസവും ലഭിക്കുന്ന തന്‍റെ വരുമാനത്തിൽ നിന്ന് പത്തുശതമാനം തുക മാറ്റിവെച്ചാണ് ഈ പ്രവർത്തനങ്ങൾക്കെല്ലാമുള്ള സാമ്പത്തികം സമാഹരിക്കുന്നത്.
പറമ്പിൽ മേഖലയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഇദ്ദേഹം സജീവമാണ്. 'എല്ലാവരും വായിച്ചുവളരട്ടെ' എന്നാഗ്രഹിച്ച് അഞ്ചുവർഷം മുമ്പാണ് ഓട്ടോയിൽ ലൈബ്രറി ഒരുക്കിയതെന്നും ഇതിനകം അഞ്ഞൂറിലേറെ പേർ പുസ്തകം വീട്ടിൽ കൊണ്ടുപോയി വായിച്ചെന്നും സുനിൽ 'മാധ്യമ'ത്തോട് പറഞ്ഞു.
മൂന്നു പതിറ്റാണ്ടുനീണ്ട 'ഓട്ടോ ജീവിത'ത്തിനിടെ 12 വർഷം മുമ്പ് തലച്ചോറിന് ടി.ബി. ബാധിച്ച് ഏറെക്കാലം കിടപ്പിലായതാണ് ഇദ്ദേഹത്തെ അലട്ടിയ സംഭവം. അന്ന് ആകെയുണ്ടായിരുന്ന കിടപ്പാടം വിറ്റ് അഞ്ചരലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ചികിത്സിച്ചത്. ജീവൻ തിരിച്ചുകിട്ടിയെങ്കിലും പിന്നീട് വീട് എന്നത് സ്വപ്നമായി. ഏറെക്കാലം വാടക വീട്ടിൽ കഴിഞ്ഞു. ഇതിനിടെ സി.പി.എം പറമ്പിൽ വെസ്റ്റ് ലോക്കൽ കമ്മിറ്റിയാണ് പൂളക്കടവ് പാറേക്കാട്ടിൽ ഭാഗത്ത് സുനിലിന് വീട് നിർമിച്ചുനൽകിയത്.
പറമ്പിൽ ഓട്ടോ കോഓഡിനേഷൻ കമ്മിറ്റി പ്രസിഡന്‍റ്, ലൈറ്റ് മോട്ടോർ ആൻഡ് എൻജിനീയറിങ് വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) യൂനിറ്റ് പ്രസിഡന്‍റ്, സംസ്ഥാന ഓട്ടോ കൂട്ടായ്മ ഭാരവാഹി, പറമ്പിൽ 'സുലൈമാനി' സെക്രട്ടറി എന്നീ നിലകളിലും സുനിൽ പ്രവർത്തിക്കുന്നു. അൽബ ഓഡിറ്റോറിയം ജീവനക്കാരി പി.എം. സുജാതയാണ് ഭാര്യ. മക്കൾ: അർജുൻ (മിൽമ), ആകാശ് (പ്ലസ് ടു വിദ്യാർഥി).