കരുണയുടെ കാക്കിത്തുരുത്ത് 

  • എറണാകുളം നോർത്ത്, സൗത്ത് റെയിൽവേ സ്​റ്റേഷനുകളിലെ അഗതികൾക്കും അനാഥർക്കും ആശ്രയമായ സീനിയർ സിവിൽ പൊലീസുകാരി റീന ജീവന്‍റെ വിശേഷങ്ങൾ...

പി. ലിസി 
10:41 AM
24/06/2018
Reena Jeevan
റീന ജീവൻ

ദിനേന ആയിരക്കണക്കിന് ആളുകൾ കയറിയിറങ്ങുന്നയിടമാണ് എറണാകുളത്തെ റെയിൽവേ സ്​റ്റേഷനുകൾ. യാത്രക്കാർക്കു പുറമെ ഭിക്ഷക്കാർ, അനാഥർ, രോഗികൾ, പ്രായമായവർ തുടങ്ങിയവരെല്ലാം ഓരോ പ്ലാറ്റ്ഫോമുകളിലെയും നിത്യക്കാഴ്ചയാണ്. അറപ്പുളവാക്കുന്ന വേഷവും പാറിപ്പറക്കുന്ന മുടിയുമൊക്കെയായി ഇരിക്കുന്ന ആളുകളെ ആരും ശ്രദ്ധിക്കാറുപോലുമില്ല. ഇതിൽ ചിലര്‍ ട്രെയിനിനടിയിൽപെട്ട്​ ഇൗ ലോകം വിട്ടുപോകുന്നു. അല്ലാത്തവര്‍ പിച്ചുംപേയും പറഞ്ഞ് മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടി നടക്കുന്നു. 

ഇതൊന്നും കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നവർക്കിടയിൽ മനുഷ്യത്വത്തി​​​​​െൻറ കാക്കിയണിഞ്ഞ ഒരു വനിതയുണ്ട്​; റീന ജീവൻ. എറണാകുളം നോർത്ത്, സൗത്ത് റെയിൽവേ സ്​റ്റേഷനുകളിലെ അഗതികൾക്കും അനാഥർക്കും വലിയൊരു ആശ്രയമാണ് റീനയെന്ന സീനിയർ സിവിൽ പൊലീസുകാരി. പാലക്കാട് മലമ്പുഴ സ്വദേശിനിയായ റീന പാലക്കാട് സൗത്ത് പൊലീസ് സ്​റ്റേഷനില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ എറണാകുളം സൗത്ത് റെയില്‍വേ പൊലീസ് സ്​റ്റേഷനില്‍ എത്തിയിട്ട് ഒന്നര വര്‍ഷം ആകുന്നേയുള്ളൂ. ഈ ചുരുങ്ങിയ കാലയളവിൽ ജോലിയോടൊപ്പം നിരവധി പേരെയാണ് ഇവർ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്. ആരും തിരിഞ്ഞുനോക്കാനില്ലാത്ത 70ഓളം പേർക്ക് ഭക്ഷണവും താമസ സൗകര്യവുമൊരുക്കിയാണ്​ ഇൗ കരുണയുള്ള മനസ്സി​​​​​െൻറ ഉടമ സമൂഹത്തിന്​ മാതൃകയാകുന്നത്​.

ഗർഭപാത്രം മണ്ണിൽ പുതഞ്ഞൊരു അമ്മ
എറണാകുളം നോര്‍ത്ത് റെയില്‍വേ സ്​റ്റേഷനില്‍ പ്ലാറ്റ്ഫോം ഡ്യൂട്ടിയിലായിരുന്നു അന്ന്. തൊട്ടടുത്ത പ്ലാറ്റ്ഫോമിലെ കാഴ്ച കണ്ട് ഒരു നിമിഷം തരിച്ചുനിന്നു. അസ്ഥികൂടംപോലെ ഒരു അമ്മ ചുരുണ്ടുകിടക്കുന്നു. മീനാക്ഷി എന്നാണ് പേര്. ചുറ്റിലും മലമൂത്രവിസര്‍ജ്യം നിറഞ്ഞുകിടക്കുന്നു. ആയിരക്കണക്കിന് ആളുകള്‍ ദിനേന വന്നിറങ്ങുന്ന സ്​റ്റേഷനില്‍ ഒരാൾപോലും ആ സ്ത്രീയെ കണ്ടതായി ഭാവിക്കുന്നില്ല. അവരെ അവിടെ ഉപേക്ഷിച്ചുപോരാനും മനസ്സു വന്നില്ല. അനാഥരെയും അഗതികളെയും സംരക്ഷിക്കുന്ന തെരുവോരം മുരുകനെ വിളിച്ചു കാര്യം പറഞ്ഞു. ഒരു മണിക്കൂറിനകം  അവിടെനിന്ന്​ ആളെത്തി എറണാകുളം ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റാക്കി. 

പിറ്റേന്ന് സൗത്ത് റെയില്‍വേ സ്​റ്റേഷനില്‍ എത്തിയപ്പോള്‍ റീന വീണ്ടും അമ്പരന്നു. ആശുപത്രിയില്‍ അഡ്മിറ്റാക്കിയ അവർ അവിടെ കിടക്കുന്നു. പഴയതിനെക്കാള്‍ അവശയായി. കാര്യം തിരക്കിയപ്പോള്‍ തളര്‍ന്ന ശബ്​ദത്തില്‍ അവര്‍ പറഞ്ഞു. ആശുപത്രിയില്‍നിന്ന് ഇറക്കിവിട്ടെന്ന്. വീണ്ടും മുരുകനെ വിളിച്ച് അവര്‍ ആ സ്ത്രീയെ തെരുവുവെളിച്ചം അഗതിമന്ദിരത്തിലേക്ക് കൊണ്ടുപോയി. അവിടത്തെ ജോലിക്കാരി ഇവരെ കുളിപ്പിക്കുമ്പോള്‍ തലകറങ്ങിപ്പോയി. ആ അമ്മയുടെ ഗര്‍ഭപാത്രം പുറത്തേക്ക് തള്ളിയ നിലയിലായിരുന്നു. അതിലാകെ മണ്ണുപുരണ്ട് പഴുത്ത് അളിഞ്ഞിരിക്കുന്നു. അസഹ്യമായ ദുർഗന്ധവും. ഈ കാരണത്താലാണത്രേ ആശുപത്രിയില്‍നിന്ന് ഇറക്കിവിട്ടത്. തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ നല്‍കി. അവരിപ്പോൾ ജീവിതത്തിലേക്ക് തിരിച്ചുവരുകയാണ്.
Reena Jeevan
അര്‍ബുദം വിഴുങ്ങിയ ഷണ്‍മുഖം 
നോര്‍ത്ത് റെയില്‍വേ സ്​റ്റേഷനിൽ പട്ടാപ്പകൽ ആളുകളെല്ലാം ഒരാളെ ഓടിച്ചുവിടുന്നു. കാര്യം അന്വേഷിച്ചപ്പോള്‍ ആരോ പറഞ്ഞു, അതൊരു അര്‍ബുദ രോഗിയാണെന്ന്. തളര്‍ന്നവശനായ അയാളുടെ അടുത്തുപോയപ്പോള്‍ കഴുത്തിലൂടെ ചോര പൊട്ടിയൊഴുകുന്നു. എന്താ പറ്റിയതെന്ന് ചോദിച്ചപ്പോള്‍ കഴുത്തിലെ ഷാള്‍ മാറ്റി ആ മനുഷ്യന്‍. കഴുത്തിലാകെ അര്‍ബുദം കാര്‍ന്നുതിന്നിരിക്കുന്നു. വലിയ വ്രണങ്ങളില്‍നിന്ന് ചോര പൊട്ടിയൊഴുകുന്നു. സേലത്താണ് സ്വദേശമെന്നും പേര് ഷൺമുഖമെന്നും പറഞ്ഞു. ഭക്ഷണം കഴിച്ചോ എന്ന് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു. ആരും തിരിഞ്ഞുനോക്കുന്നില്ലമ്മാ... വിശന്നിട്ടു വയ്യ. ഓടിപ്പോയി അയാള്‍ക്ക് ഒരു പൊതിച്ചോറ് വാങ്ങിക്കൊണ്ടുവന്നു. ആര്‍ത്തിയോടെ അയാള്‍ അത് കഴിക്കുമ്പോള്‍ വ്രണങ്ങളില്‍ ഈച്ച പറക്കുന്നുണ്ടായിരുന്നു. അവിടെയുണ്ടായിരുന്ന ചുമട്ടുതൊഴിലാളിയുടെ തോര്‍ത്ത് വാങ്ങി ഈച്ചകളെ ഓടിച്ചു. അതിനിടയില്‍ തെരുവോരം മുരുകനെ വിളിച്ചു. അവരുടെ പാര്‍പ്പിടത്തിലേക്ക് ഷൺമുഖത്തെ ഏല്‍പിച്ചുകൊടുത്ത ശേഷമാണ് ഭക്ഷണം പോലും കഴിച്ചത്.

ജീവിതം മാറ്റിമറിച്ച പിതാവി​​​​​െൻറ വിയോഗം
2006 ജൂണിൽ ഹൃദയാഘാതം വന്ന് അച്ഛൻ മരിക്ക​ുന്നത് അദ്ദേഹത്തി​​​​​െൻറ 54ാമത്തെ വയസ്സിലാണ്. ആ സംഭവം ജീവിതത്തെ താളംതെറ്റിച്ചെന്നു പറയാം. അച്ഛനുവേണ്ടി ഒന്നും ചെയ്യാൻ പറ്റിയില്ലല്ലോ എന്ന ചിന്ത മനസ്സിനെ വേട്ടയാടി. അതിനുശേഷം ആ പ്രായക്കാരെ കാണുമ്പോൾ വല്ലാത്തൊരു സങ്കടമാണ്. പാലക്കാട് സ്​റ്റേഷനിൽ ഉള്ളപ്പോൾ തന്നെ ദിവസവും 15 പൊതിച്ചോറുമായാണ് ഡ്യൂട്ടിക്കിറങ്ങുക. വഴിയരികിലോ കടത്തിണ്ണയിലോ ഭക്ഷണം കഴിക്കാൻ വകയില്ലാതെയിരിക്കുന്നവർക്ക് ചോറ് നൽകും. അവരത് കഴിക്കുന്നത് കാണുമ്പോഴേ ഉള്ളുനിറയും. 

ഒരിക്കൽ മുഷിഞ്ഞ വേഷത്തിലിരിക്കുന്ന പ്രായമായൊരു മനുഷ്യനെ കണ്ടു. ഭക്ഷണം വേണോ എന്നുചോദിച്ചപ്പോൾ വേണമെന്ന് പറഞ്ഞു. പാലക്കാട് തന്നെയാണ് അദ്ദേഹത്തി​​​​െൻറ വീട്. വളരെ സമ്പന്നമായ നിലയിൽ ജീവിച്ചുവന്ന കുടുംബം. അഞ്ച് ആൺമക്കളടക്കം ഒമ്പത് മക്കൾ. എല്ലാവരും നല്ലനിലയിൽ കഴിയുന്നു. മക്കളുടെ വിലാസം ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് എന്നെ ഞെട്ടിച്ചു. അതൊന്നും വേണ്ട മോളേ. ആർക്കും ബുദ്ധിമുട്ടാകുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഇങ്ങനെയും കുറെ മനുഷ്യർ നമുക്ക് ചുറ്റും ജീവിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയത് അന്നായിരുന്നു. 2017 ജൂണിലാണ് സ്​ഥലംമാറ്റം കിട്ടി എറണാകുളത്തേക്ക് വരുന്നത്. ഇവിടെയെത്തിയപ്പോൾ കുറേക്കൂടി സാഹചര്യങ്ങളുണ്ടായി. ആദ്യത്തെ മാസം പൊതിച്ചോറ് മാത്രമായിരുന്നു നൽകിയത്. പിന്നീടാണ് ഇത്തരത്തിലുള്ള ആളുകളെ സഹായിക്കാൻ തുടങ്ങിയത്. കൂട്ടുകാരിയാണ് മുരുക​​​​​െൻറ നമ്പർ തരുന്നത്. ആദ്യസമയത്ത് ആലപ്പുഴ വരെ ട്രെയിനിൽ ബീറ്റ് ഡ്യൂട്ടി ഉണ്ടായിരുന്നു. 

ഒരിക്കൽ ചേർത്തല റെയിൽവേ സ്​റ്റേഷനിൽ എറണാകുളത്തേക്കുള്ള ട്രെയിൻ കാത്തുനിൽക്കുമ്പോൾ അടുത്തുള്ള ബെഞ്ചിൽ 23 വയസ്സുള്ള യുവാവ് കിടക്കുന്നു. താടിയും മുടിയും നീട്ടിവളർത്തി ഇംഗ്ലീഷിൽ എെന്താക്കെയോ  സംസാരിക്കുന്നു. അടുത്തു ചെന്നപ്പോൾ വിറച്ചുവിറച്ച് അവൻ ചോദിച്ചു, ‘‘എനിക്ക് മാനസിക പ്രശ്നമുണ്ട്, ചികിത്സിക്കാമോ.’’ നോക്കുമ്പോൾ നന്നായി പനിക്കുന്നുമുണ്ട്. അടുത്ത കടയിൽനിന്ന് ബ്രഡും വെള്ളവും വാങ്ങി കൈയിലുണ്ടായിരുന്ന പാരസെറ്റമോൾ ഗുളികയും നൽകി. ചേർത്തല പൊലീസ് സ്​റ്റേഷനിൽ വിളിച്ചു കാര്യം പറഞ്ഞു. അപ്പോഴേക്കും ട്രെയിൻ വന്നു. പേരും നമ്പറും കടലാസിൽ കുറിച്ചുനൽകി ഞാൻ വണ്ടികയറി. പിറ്റേന്ന് അയാൾ എന്നെതേടി എറണാകുളം സ്​റ്റേഷനിൽ എത്തി. അയാളെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുകയും ചികിത്സ നൽകുകയും െചയ്തു. 

reena-jeevan

ആന്ധ്ര സ്വദേശിയാണെന്നും നവദീപ് എന്നാണ് പേരെന്നും പിന്നീടറിഞ്ഞു. ഇപ്പോഴും അയാൾക്ക് ചികിത്സ നൽകുന്നുണ്ട്. പഴയതിൽനിന്ന് ഒരുപാട് മാറ്റമുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. അവനെയാണ് ആദ്യമായി പുനരധിവാസ കേന്ദ്രത്തിലെത്തിക്കുന്നത്. തുടർന്നിങ്ങോട്ട് എത്രയോ പേർ. റെയിൽവേ പൊലീസ് സ്​റ്റേഷനിൽ ജോലി തുടങ്ങിയതിനു ശേഷം ട്രെയിൻ ഇടിച്ച് മരിക്കുന്ന അജ്ഞാതരുടെ എണ്ണത്തിൽ വലിയ കുറവ് വന്നിട്ടുണ്ടെന്ന് സഹപ്രവർത്തകർ പറയും. അത് വലിയൊരു അംഗീകാരമായാണ് കാണുന്നത്. 

അപകടങ്ങളിൽ പതറാതെ
പൊലീസുകാരിയായതിനാൽ എത്രവലിയ അപകടമായാലും ഇടപെടേണ്ടിവരും. നിരവധി അപകടങ്ങളിൽ ഒന്നുംനോക്കാതെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങേണ്ടിവന്നിട്ടുണ്ട്. അപകടം കൺമുന്നിൽ നടന്നാലും തിരിഞ്ഞുനോക്കാത്ത വലിയൊരു ജനവിഭാഗമാണ് പലയിടത്തും. പക്ഷേ, നമുക്കങ്ങനെ പറ്റില്ലല്ലോ. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കേണ്ടിവന്നിട്ടുണ്ട്. ചോരയിൽ കുളിച്ച് അവയവങ്ങൾ പൊട്ടിച്ചിതറിയ നിലയിലായിരിക്കും പലരും. ഡ്യൂട്ടി എന്നതിലപ്പുറം അതൊരു കടമയാണ് എന്ന തിരിച്ചറിവു തന്നെയാണ് പ്രധാനം. തക്കസമയത്ത് ആശുപത്രിയിലെത്തിച്ച് നിരവധി പേരുടെ ജീവൻ കാക്കാൻ കഴിഞ്ഞിട്ടുണ്ട്. അവരിൽ പലരും ഇപ്പോഴും വിളിക്കാറുണ്ട്. വിശേഷം പങ്കുവെക്കാറുണ്ട്. അതിനെക്കാൾ വലിയ പ്രതിഫലം ഇനിയെന്ത് ലഭിക്കാനാണ്?

വീടില്ലാത്തവർ ഇനിയുണ്ടാകരുത്
‘‘തെരുവിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നവർക്ക് താമസിക്കാനും ഭക്ഷണം നൽകാനും ഒരു ഷെൽട്ടർ ഹോം പണിയണമെന്നാണ് എ​​​​െൻറ ഏറ്റവും വലിയ ആഗ്രഹം. അത് സാധിപ്പിച്ചുതരാൻ കൂടെ നിൽക്കുമോ?’’ ആദ്യമായി എന്നെ പെണ്ണുകാണാൻ വന്നയാളോട് ചോദിച്ച കാര്യമിതായിരുന്നു. ചോദ്യം കേട്ട് ചെറുക്കൻ ആദ്യമൊന്ന് അമ്പരന്നെങ്കിലും ഉറപ്പായിട്ടും കൂടെയുണ്ടാകു​െമന്നന്നു പറഞ്ഞു. ആ ഉറപ്പാണ് ഇപ്പോഴും കൂടെയുള്ളത്. ഭർത്താവ് ജീവൻ ആലുവയിൽ ബിസിനസുകാരനാണ്. 

എ​​​​െൻറ ഈ പ്രവർത്തനങ്ങൾക്കെല്ലാം പൂർണ പിന്തുണയുണ്ട്. തിരുവനന്തപുരം വട്ടപ്പാറയിൽ ‘ശാന്തി മന്ദിരം’ എന്നൊരു സ്​ഥാപനമുണ്ട്. അതിൽ അദ്ദേഹവും അംഗമാണ്. അടുത്തിടെ നെടുമങ്ങാട്ട്​ ഭക്ഷണം കഴിക്കാൻ വകയില്ലാതെ ബുദ്ധിമുട്ടുന്ന അമ്മയുടെയും മകളുടെയും കഥ ഫേസ്ബുക്കിൽ ഒരുപാട് പേർ ഷെയർ ചെയ്യുന്നുണ്ടായിരുന്നു. ഞാൻ അവരുടെ കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ജ്വാല ‍എന്ന സംഘടനയുമായി ബന്ധപ്പെട്ട് അവരെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് അവരെ ശാന്തിമന്ദിരത്തിലാക്കി. ഇവിടെ ഇരുന്നുകൊണ്ട് എനിക്ക് തിരുവനന്തപുരത്തുള്ള കാര്യം ചെയ്യാൻ സാധിച്ചു.

‘‘സ്വന്തമായി ഷെൽട്ടർ ഹോം പണിയുന്നതിനൊപ്പം വിവിധ ജില്ലയിലെ ഇത്തരത്തിലുള്ള ഷെൽട്ടർ ഹോമുകൾ കണ്ടുപിടിച്ച് അവിടെയുള്ളവരുമായി ബന്ധമുണ്ടാക്കണം. ഇതുപോലെയുള്ള ആളുകളെ  അത് കേരളത്തിൽ എവിടെയാണെങ്കിലും പുനരധിവസിപ്പിക്കണം. ഇതാണ്​ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം.’’ റീന ജീവൻ ഇത്​ പറയു​േമ്പാൾ നാം കേൾക്കുന്നത്​ സമൂഹത്തിൽനിന്ന്​ മാഞ്ഞുകൊണ്ടിരിക്കുന്ന മനുഷ്യത്വത്തി​​​​​െൻറ വാക്കുകളാണ്​.

Loading...
COMMENTS