Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_right​െനഞ്ചകം വിണ്ടുകീറി ...

​െനഞ്ചകം വിണ്ടുകീറി ഒരു കാലം മലയിറങ്ങുന്നു

text_fields
bookmark_border
​െനഞ്ചകം വിണ്ടുകീറി  ഒരു കാലം മലയിറങ്ങുന്നു
cancel
ജോഷിമഠ് വിണ്ടുകീറുകയാണ്. ഒരു നാട് നെയ്തുകൂട്ടിവെച്ച സ്വപ്നങ്ങൾക്കുമുകളിൽ വിള്ളലുകൾ വീണുകൊണ്ടേയിരിക്കുന്നു. എന്തുകൊണ്ട് ഇങ്ങനെയെന്ന് ചോദിക്കുന്നവർക്കുമുന്നിൽ കൃത്യമായ ഉത്തരങ്ങൾ നൽകാൻ ആർക്കുമാവുന്നില്ല. ആയിരക്കണക്കിന് വീടുകൾ ഇതിനോടകം വിണ്ടുകീറിക്കഴിഞ്ഞു. കൂട്ടപ്പലായനത്തിന്റെ കാഴ്ചയാണ് എങ്ങും. ജോഷിമഠിന്റെ മണ്ണിലൂടെ...

പിടയുന്ന ഹൃദയവും കൂട്ടിപ്പിടിച്ച് സ്വന്തം മണ്ണിൽനിന്ന് യാത്രയാകാൻ തയാറാവുകയായിരുന്നു സോന ബെൻ. റോഡരികിൽ അവർക്കായി കാത്തുകിടക്കുന്ന വാഹനത്തിലേക്ക് കൈയിലൊതുങ്ങുന്ന സാധനങ്ങൾ പെറുക്കിയെടുത്ത് കയറ്റുകയാണ്. രണ്ട് പെൺമക്കളുടെ അമ്മയായ അവരുടെ കണ്ണുകളിൽ ഭാവിയെക്കുറിച്ച ആശങ്കയുണ്ട്. സംസാരിച്ചുതുടങ്ങിയപ്പോൾതന്നെ അവരുടെ കൊച്ചുവീട്ടിലേക്ക് ക്ഷണിച്ചു. കെട്ടിടങ്ങൾക്കിടയിലൂടെയുള്ള വീട്ടിലേക്ക് വഴികാട്ടി. ഒരായുസ്സ് മുഴുവൻ ചോരനീരാക്കി പണിയെടുത്ത് നിർമിച്ച വീട് രണ്ടായി പിളർന്നുനിൽക്കുന്ന കാഴ്ചയാണ് ആദ്യം കണ്ടത്. വീട് നോക്കി അവസാനമായി സോന നിന്നു. പിന്നെ വേഗം തിരികെ നടന്നു. അപ്പോഴേക്കും സങ്കടം കണ്ണീരായി പടർന്നിരുന്നു.

‘‘പശുവളർത്തലിൽനിന്ന് സ്വരുക്കൂട്ടിയ പണംകൊണ്ടുണ്ടാക്കിയ സ്വപ്നമായിരുന്നു ഞങ്ങളുടെ ഈ വീട്...’’ കണ്ണീരിൽ കലങ്ങിയ കണ്ണുകൾ ഹിമാനി റാവത്ത് സാരിത്തുമ്പുകൊണ്ട് മറച്ചു. വാക്കുകൾ മുറിഞ്ഞു, സങ്കടം അടക്കാൻ സാധിക്കാതെ വിതുമ്പിക്കൊണ്ടവർ പറഞ്ഞു: ‘‘ഇനി എന്തുചെയ്യണമെന്ന് അറിയില്ല. ഇത്രയും പ്രായമായി, കുറച്ചുകാലം കൂടിയേ ഇനി ജീവൻ കാണൂ. അതുവരെ ഈ മണ്ണിൽതന്നെ കഴിയണമെന്നായിരുന്നു ആഗ്രഹം. ഇനിയത് നടക്കുമോയെന്ന് അറിയില്ല. ഇതെല്ലാം പൊളിക്കാൻ പോകുന്നുവെന്നാണ് കേൾക്കുന്നത്.’’

മാറ്റിപ്പാർപ്പിച്ച കെട്ടിടത്തിൽ ഇന്നലെകളെക്കുറിച്ചോർത്തിരിക്കുന്ന മണ്ഡോദരിയെയും കണ്ടു. കൊച്ചുമകളെയും കൈയിലെടുത്താണ് ഇടിഞ്ഞുതാഴ്ന്ന വിട്ടിൽനിന്ന് ക്യാമ്പിലേക്ക് എത്തിയത്. തിരികെ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്താമെന്ന ഒരു പ്രതീക്ഷയും ഇവരുടെ കണ്ണുകളിലില്ല. ചോദ്യങ്ങൾക്കു മറുപടി നൽകാനാകാത്തവിധം സങ്കടത്തിൽ മുങ്ങിയിരുന്നു അവർ.

കൊടുംതണുപ്പിനെ പ്രതിരോധിക്കാൻ കമ്പിളിയും ഈ വീട്ടിൽ ജീവിച്ചിരുന്നുവെന്ന് തെളിയിക്കാനുള്ള വീടിന്റെ രേഖകളും വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുമായി ജോഷിമഠിലെ ഓരോരുത്തരും പുറത്തേക്കിറങ്ങുകയാണ്.

ആരുടെ വാതിലുകൾ മുട്ടണമെന്നറിയാതെ ജനിച്ചുവീണ മണ്ണിൽ നേടിയതെല്ലാം ഉപേക്ഷിച്ച് ഈ ജനത മലയിറങ്ങുകയാണ്, എങ്ങോട്ടെന്നറിയാതെ.

പൂജ്യത്തോടടുത്ത കൊടുംതണുപ്പ്, നെടുകെ പിളരുന്ന കെട്ടിടങ്ങൾ, ഇടിഞ്ഞുതാഴുന്ന ഭൂമി. അതിനിടയിൽ കുറേയധികം മനുഷ്യർ. നീറുന്ന കാഴ്ചകളാണ് ജോഷിമഠിലെ ഓരോ ഇടങ്ങളിലും. വർഷങ്ങളായി ജീവിച്ച വിട്ടിൽ ഒരുനിമിഷം പോലും നിൽക്കാൻ കഴിയാത്ത മനുഷ്യർ ആ ഗ്രാമംവിട്ട് പോകുകയാണ്. എങ്ങോട്ട് പോകണമെന്ന് ഇവർക്ക് ആർക്കും അറിയില്ല. ബന്ധുക്കളോ മറ്റു സഹായികളോയില്ല. വർഷങ്ങൾ കാത്തിരുന്നുണ്ടാക്കിയ വീടുകളെ ഓർത്തുള്ള വിലാപം ജോഷിമഠിൽ സമരവും പ്രതിഷേധവുമായി ആളി. രാത്രിയിലെ അതി ശൈത്യത്തിലും സ്ത്രീകൾ സമരം നടത്തി. 800ലധികം വീടുകൾക്കാണ് വളരെ വേഗം വിള്ളലുകൾ വീണത്. നെടുകെ പിളർന്നു പോയതും തകർന്ന് നിലംപതിച്ചതുമായ കെട്ടിട്ടങ്ങൾ വേറെയും.



ജോഷിമഠിൽ നിന്ന് പലായനം ചെയ്യുന്നവർ


ജോഷിമഠിന് സംഭവിക്കുന്നതെന്ത്

ജോഷിമഠിലെ നിലവിലെ പ്രതിഭാസത്തിന് പലകാരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. ഇതിൽ പലതും സർക്കാർതന്നെ തള്ളിക്കളഞ്ഞു. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ സമുദ്ര നിരപ്പിൽനിന്ന് 6150 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചെറുപട്ടണമാണ് ജോഷിമഠ് അഥവാ ജ്യോതിർമഠ്. ഹിമാലയം കീഴടക്കാനെത്തുന്ന മിക്കവരുടെയും ബേസ് ക്യാമ്പ് കൂടിയാണ് ഈ പട്ടണം. ശങ്കരാചാര്യർ സ്ഥാപിച്ച നാല് മഠങ്ങളിൽ ആദ്യത്തേത് ഇവിടെയാണെന്ന പ്രത്യേകതയും ജോഷിമഠിനുണ്ട്. മലകളാൽ ചുറ്റപ്പെട്ട പരിസ്ഥിതിലോല മേഖല കൂടിയാണ്. ഹിമാലയത്തിന്റെ സൗന്ദര്യം ഈ പട്ടണത്തിന്റെ ചുറ്റുംകാണാം.

കെട്ടിടങ്ങളിൽ ചെറുതും വലുതുമായ വിള്ളൽ വീഴുന്നതും ഭൂമിക്കടിയിൽനിന്ന് പുറത്തേക്ക് ശക്തമായ നീരൊഴുക്കും ഭൂമി ഇടിഞ്ഞു താഴുന്നതുമാണ് നിലവിൽ ജോഷിമഠിലെ താമസക്കാരെ വലക്കുന്ന പ്രശ്നം. പ്രദേശത്തെ അതിശൈത്യം ഇത്തരം പ്രതിഭാസങ്ങളുടെ ആക്കം കൂട്ടിയെന്നും ജോഷിമഠിലുള്ളവർ പറയുന്നു. വീടുകളിലെല്ലാം ഓരോ ദിവസം കഴിയുമ്പോഴും വിള്ളലുകൾ കൂടുകയാണ്.

ഭൂചലന സാധ്യത ഏറെയുള്ള പ്രദേശമാണ്. ഹിമാലയൻ മലനിരകളിൽ ഭൂചലനത്തിൽ ഇടിഞ്ഞുവീണ മണ്ണും പാറയുംകൊണ്ടാണ് ഈ പ്രദേശം രൂപപ്പെട്ടിട്ടുള്ളതെന്ന് പറയുന്നു. 1976ൽ കേന്ദ്രസർക്കാർ നിയോഗിച്ച മിശ്ര കമ്മിറ്റി ജോഷിമഠിൽ അനിയന്ത്രിതമായ നിർമാണപ്രവർത്തനങ്ങൾ പാടില്ലെന്ന് നിർദേശിച്ച സ്ഥലംകൂടിയാണ് ഇവിടം. എന്നാൽ, വിനോദ സഞ്ചാരികൾ ധാരാളമായെത്തുന്ന ഇവിടെ ഒരുവിധ നിയന്ത്രണവും പാലിക്കാതെയാണ് നിർമാണങ്ങൾ നടന്നതും നടക്കുന്നതും.

വില്ലനായത് എൻ.ടി.പി.സി?

ജോഷിമഠിൽനിന്ന് 12 കി.മീ. അകലെയാണ് തപോവൻ -വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതി നടക്കുന്നത്. നാഷനൽ തെർമൽ പവർ കോർപറേഷന്റെ (എൻ.ടി.പി.സി) നേതൃത്വത്തിൽ 2006ൽ ആരംഭിച്ച പദ്ധതി 2013ൽ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യം. എന്നാൽ, ഇപ്പോഴും പദ്ധതിയുടെ നിർമാണം പൂർത്തിയായിട്ടില്ല.

പദ്ധതിയുടെ ഭാഗമായി ഭൂമിക്കടിയിലൂടെ പാറ തുരന്ന് രണ്ട് തുരങ്കമാണ് നിർമിക്കുന്നത്; ഒന്ന് തപോവനിലും മറ്റൊന്ന് സെലാങ്ങിലും. 12 കിലോമീറ്ററുള്ള ഈ തുരങ്കനി‍‍ർമാണമാണ് ദുരിതങ്ങൾക്ക് മുഴുവൻ കാരണമെന്ന് ജോഷിമഠുകാ‍‍‍ർ വിശ്വസിക്കുന്നു. എന്നാൽ, ഇക്കാര്യം എൻ.ടി.പി.സി നിഷേധിച്ചു. പദ്ധതിയുടെ ഭാഗമായുള്ള തുരങ്കം ജോഷിമഠ് നഗരത്തിലൂടെ കടന്നുപോകുന്നില്ല. ഈ സമയങ്ങളിൽ സ്ഫോടനങ്ങൾ നടത്തിയിട്ടില്ലെന്നും എൻ.ടി.പി.സി വ്യക്തമാക്കി. സർക്കാറും എൻ.ടി.പി.സിക്കൊപ്പമാണ്.

തപോവൻ വിഷ്ണുഗഡ് ജലവൈദ്യുതി പദ്ധതി കൂടാതെ, 900 കി.മീ. നീളമുള്ള ചാർധാം പദ്ധതിയും ഇവിടെ നടക്കുന്നുണ്ട്. 520 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ സാധിക്കുന്ന അണക്കെട്ടാണിത്. ഇതിനായി വൻതോതിൽ ഖനന പ്രവൃത്തി നടക്കുന്നുണ്ട്. എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാൻ സാധിക്കുന്ന റോഡ് പദ്ധതിയാണ് ചാർധം. തീർഥാടന വിനോദസഞ്ചാരം ലക്ഷ്യമാക്കിയാണ് റോഡ് നിർമാണം. ഈ രണ്ട് പദ്ധതികളും തങ്ങളുടെ വിധി മറ്റൊന്നാക്കിത്തീർക്ക​ുന്നതിൽ പ്രധാന പങ്കുവഹിച്ചതായി ജോഷിമഠിലെ നാട്ടുകാർ പറയുന്നു.

പ്രദേശത്ത് വമ്പൻ പദ്ധതികൾ പാടില്ലെന്ന് നാല് പതിറ്റാണ്ട് മുമ്പ് വിദഗ്ധർ മുന്നറിയിപ്പ് നൽകിയതാണെങ്കിലും മാറിമാറി വരുന്ന സർക്കാറുകൾ വികസനം പറഞ്ഞ് അതെല്ലാം മറന്നു. വികസനം അനിവാര്യമാണെങ്കിലും ഇത്തരം പാരിസ്ഥിതിക, മാനവിക ദുരന്തം ക്ഷണിച്ചുവരുത്തിയാകരുതെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിരുന്നു. ഹിമാലയൻ പർവത നിരകളിലേക്കുള്ള ആരോഹണ മാർഗങ്ങൾ, ബദ്‍രിനാഥ് പോലുള്ള തീർഥാടന കേന്ദ്രങ്ങൾ, ഇന്തോ-ചൈന അതിർത്തി തുടങ്ങിയവയുടെ പ്രവേശന മാർഗമാണ് ജോഷിമഠ്. ഏറെ തന്ത്രപ്രധാന കേന്ദ്രം. ഈ ആവശ്യങ്ങളെയെല്ലാം ലക്ഷ്യമാക്കി നിരവധി കെട്ടിടങ്ങൾ ജോഷിമഠിലുണ്ട്. 2013ലെ കേദാർനാഥ് വെള്ളപ്പൊക്കം, 2021ലെ ഋഷി ഗംഗ മിന്നൽ പ്രളയം തുടങ്ങിയ ദുരന്തങ്ങളിൽനിന്ന് സർക്കാറുകൾ ഒന്നും പഠിച്ചില്ലെന്ന് ഭൗമശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. പരിസ്ഥിതിലോല പ്രദേശമാണ് ഹിമാലയം. ഭൂകമ്പത്തിന് ഏറെ സാധ്യതയുള്ള സീസ്മിക് സോൺ അഞ്ച്, നാല് എന്നിവയിലാണ് ഉത്തരാഖണ്ഡിലെ അധിക പ്രദേശങ്ങളും. നിലവിലെ പ്രതിഭാസത്തിന്റെ കാരണം കേന്ദ്രം നിയോഗിച്ച വിദഗ്ധസംഘം പഠിക്കുന്നുണ്ട്. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ഇനി മുന്നോട്ടുള്ള നടപടികൾ.

സർക്കാർ ഇടപെടലുകൾ

അപകടസാധ്യത മുന്നിൽകണ്ട് ജനങ്ങളെ എത്രയുംവേഗം മറ്റൊരിടത്തേക്ക് പുനരധിവസിപ്പിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് സർക്കാർ. കാരണം, വിള്ളലുകൾ കണ്ടുതുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോഴും വളരെക്കുറച്ച് കുടുംബങ്ങളെ മാത്രമാണ് മാറ്റിപ്പാർപ്പിക്കാൻ സാധിച്ചത്. സർക്കാർ സഹായം ചെയ്യുന്നില്ലെന്ന പരാതികളും ഉയർന്നു. ഹോട്ടലുകൾ, ഹോസ്റ്റലുകൾ തുടങ്ങിയ താൽകാലിക ഇടങ്ങളിലേക്കാണ് ഈ മാറ്റിപ്പാർപ്പിക്കൽ നടക്കുന്നത്. ഇവർക്കായുള്ള പുനരധിവാസ പദ്ധതികളെക്കുറിച്ചുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി അറിയിച്ചിരുന്നു. അടിയന്തര സഹായത്തിനായി ഒരു കുടുംബത്തിന് ഒന്നരലക്ഷം രൂപ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ജോഷിമഠിന് സമീപമുള്ള മുനിസിപ്പാലിറ്റികളിലും വിള്ളലുകൾ കണ്ടത് ആശങ്ക ഇരട്ടിപ്പിച്ചിട്ടുണ്ട്.

അപായസൂചന

‘’ഗുരുതരമായ എല്ലാ കെട്ടിടങ്ങളും പൊളിക്കാനാണ് സർക്കാർ തീരുമാനം. എന്നാൽ, ഒരു കെട്ടിടത്തിന്റെയും വില കണക്കാക്കിയിട്ടില്ല. നമ്മളെ രക്ഷിക്കാനാണത്രേ എല്ലാം പൊളിക്കുന്നത്. ഒന്നരലക്ഷം രൂപ നൽകുമെന്നും ഇവിടെനിന്ന് മാറണമെന്നുമാണ് പറയുന്നത്. എന്നാൽ, എവിടേക്കാണ് പോകേണ്ടത്. കുട്ടികൾക്ക് പരീക്ഷയടുത്തു. പ്രായമായവർ വീട്ടിലുണ്ട്. മതിയായ നഷ്ടപരിഹാരം ലഭിക്കാതെ മരിച്ചാലും മാറില്ലെന്ന് പൊളിക്കാൻ ഉത്തരവിട്ട ‘മലായി ഇൻ’ ഹോട്ടലിന്റെ മുന്നിൽ പ്രതിഷേധിക്കാനെത്തിയ വീർ സിങ് പറയുന്നു. നഷ്ടപരിഹാരം ലഭിക്കാതെ ഹോട്ടലിന് മുന്നിൽനിന്ന് മാറില്ലെന്ന് ഹോട്ടൽ ഉടമ ഠാക്കൂർ സിങ് രണയും കൂട്ടിച്ചേർത്തു.

ഇവരുടെ വീടുകൾ മാത്രമല്ല പിളർന്നത്; ഹൃദയംകൂടിയാണ്. കാരണം, നെയ്തുകൂട്ടിവെച്ച നല്ല സ്വപ്നങ്ങൾക്ക് ഇനിയും യാഥാർഥ്യമാകാൻ.. ചുമരിലെ ചുവന്ന അടയാളങ്ങൾ ജോഷിമഠിലെ പാവപ്പെട്ട മനുഷ്യരുടെ ജീവിതത്തിന്റെ അതിർത്തിയാണ്. ഈ കെട്ടിടങ്ങളും വീടുകളും ഇനി ഉപയോഗിക്കാൻ സാധിക്കില്ലെന്നാണ് സർക്കാർ മുന്നറിയിപ്പ്. കൂട്ടപ്പലായനക്കാഴ്ചയാണ് എങ്ങും. ജനിച്ചുവളർന്ന മണ്ണിലേക്ക് തിരികെവരാൻ ഒരിക്കൽ സാധിക്കുമെന്ന പ്രതീക്ഷയോടെയാണ് ഓരോരുത്തരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brokenmountain descends
News Summary - My heart was broken The mountain descends for a while
Next Story