Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നിങ്ങളാവരുത് വിദ്യാർഥികളുടെ മനസ്സിലെ ആ മോശം അധ്യാപകൻ
cancel

ഇക്കുറി സ്കൂൾ ബെൽ മുഴങ്ങുമ്പോൾ ഉത്സാഹം ഡബിളാണ്. അടച്ചിരുപ്പിൽ നിന്നുള്ള മോചനം പകരുന്ന ഊർജപ്രവാഹമാണ് ആ അത്യുത്സാഹത്തിന് പിന്നിൽ. ന്യൂ നോർമൽ കാലത്തെ അക്ഷരവെളിച്ചത്തെ വരവേൽക്കാൻ കുട്ടികളും രക്ഷിതാക്കളും പതിവുപോലെ ഒരുങ്ങുകയാണ്.വിദ്യാഭ്യാസ സമ്പ്രദായങ്ങളും സാങ്കേതിക വിദ്യയും തലമുറയുടെ പെരുമാറ്റ പഠന രീതികളുമൊക്കെ അതിവേഗം മാറുന്ന കാലത്ത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ നെടുംതൂണുകളായ അധ്യാപകർക്കും വേണ്ടേ ചില തയാറെടുപ്പുകൾ? സ്കൂൾ പഠനകാലത്ത് ശിക്ഷിച്ച അധ്യാപകനെ സോഡാക്കുപ്പികൊണ്ട് പൂർവവിദ്യാർഥി തലക്കടിച്ച സംഭവമുണ്ടായത് ഈയിടെയാണ്. അധ്യാപകനോടുള്ള വിദ്യാർഥിയുടെ...

Your Subscription Supports Independent Journalism

View Plans

ഇക്കുറി സ്കൂൾ ബെൽ മുഴങ്ങുമ്പോൾ ഉത്സാഹം ഡബിളാണ്. അടച്ചിരുപ്പിൽ നിന്നുള്ള മോചനം പകരുന്ന ഊർജപ്രവാഹമാണ് ആ അത്യുത്സാഹത്തിന് പിന്നിൽ. ന്യൂ നോർമൽ കാലത്തെ അക്ഷരവെളിച്ചത്തെ വരവേൽക്കാൻ കുട്ടികളും രക്ഷിതാക്കളും പതിവുപോലെ ഒരുങ്ങുകയാണ്.

വിദ്യാഭ്യാസ സമ്പ്രദായങ്ങളും സാങ്കേതിക വിദ്യയും തലമുറയുടെ പെരുമാറ്റ പഠന രീതികളുമൊക്കെ അതിവേഗം മാറുന്ന കാലത്ത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ നെടുംതൂണുകളായ അധ്യാപകർക്കും വേണ്ടേ ചില തയാറെടുപ്പുകൾ? സ്കൂൾ പഠനകാലത്ത് ശിക്ഷിച്ച അധ്യാപകനെ സോഡാക്കുപ്പികൊണ്ട് പൂർവവിദ്യാർഥി തലക്കടിച്ച സംഭവമുണ്ടായത് ഈയിടെയാണ്. അധ്യാപകനോടുള്ള വിദ്യാർഥിയുടെ പകയാണ് വർഷങ്ങൾക്കുശേഷം ആക്രമണത്തിൽ കലാശിച്ചത്.


സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ ചർച്ചയാണ് സാമൂഹിക മാധ്യമങ്ങളിൽ നടന്നത്. പഠന കാലത്ത് അധ്യാപകരിൽ നിന്നുണ്ടായ മോശം അനുഭവങ്ങൾ ഒട്ടേറെ പേർ പങ്കുവെച്ചു. അധ്യാപനം വെറുമൊരു തൊഴിലും പ്രഫഷനുമായി ചുരുങ്ങിയതും അഭിരുചിയില്ലാത്തവർ ഈ മേഖലയിൽ എത്തിപ്പെട്ടതുമൊക്കെയാണ് അധ്യാപകരുടെ നിലവാരത്തകർച്ചക്ക് കാരണമായി പലരും ചൂണ്ടിക്കാട്ടിയത്.

അധ്യാപനം ഒരു തൊഴിലെന്നതിനപ്പുറം സമൂഹത്തെയും ഭാവിതലമുറയെയും രൂപപ്പെടുത്തുന്ന മഹത്തായ ഒരു ദൗത്യമാണ്. അധ്യാപകർ ഏത് സമൂഹത്തിലും ആദരീണയരാകുന്നത് അതുകൊണ്ടാണ്. ആ ദൗത്യത്തിന് ഒരുങ്ങുന്നവർ സവിശേഷമായ ചില തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട്. വർഷങ്ങളായി അധ്യാപനം നടത്തുന്നവർ കാലത്തിനനുസരിച്ച് സ്വയം നവീകരിച്ചുകൊണ്ടിരിക്കുകയും വേണം. കാലവും സമൂഹവും ആവശ്യപ്പെടുന്ന മാതൃകാ അധ്യാപകരാവാൻ വേണ്ട ചില തയ്യാറെടുപ്പുകൾ ഇതാ...


1. അധ്യാപനം ഒരു മഹത്തായ ദൗത്യം

തലമുറകളെ വാർത്തെടുക്കുന്ന പ്രക്രിയയാണല്ലോ വിദ്യാഭ്യാസം. ലോകത്തെ ധര്‍മത്തിലും നന്മയിലും അധിഷ്ഠിതമായി നയിക്കാനും പുനഃസൃഷ്ടിക്കാനുമുള്ള ഒന്നാമത്തെ ചുമതല അധ്യാപകനാണെന്നത് മറക്കരുത്. പലപ്പോഴും പകര്‍ന്നു നല്‍കുന്ന വിഷയങ്ങൾ വളരെ പെട്ടെന്ന് ഉൾക്കൊള്ളാന്‍ കഴിയുന്നവരും സാവധാനം ഉള്‍കൊള്ളാന്‍ കഴിയുന്നവരുരുമൊക്കെ കുട്ടികളിൽ ഉണ്ടാവും. എല്ലാവരെയും പരിഗണിച്ച് വേണം അധ്യാപകര്‍ വിദ്യാർഥികളിലേക്ക് ഇറങ്ങിച്ചെല്ലാൻ.

അടിച്ചേൽപിക്കലല്ല അധ്യാപനം. വലിയ ഉത്തരവാദിത്തവും ദൗത്യനിര്‍വഹണവുമാണ് തന്നിലൂടെ നടക്കുന്നതെന്ന തികഞ്ഞ ബോധം അധ്യാപകനുണ്ടാവണം. അധ്യാപകന്‌ കൃത്യമായ ബോധനശാസ്‌ത്രവും ബോധനരീതിയും ഉണ്ടാകണം. കുട്ടിയെ അറിവിലേക്കും തിരിച്ചറിവിലേക്കും അന്വേഷണത്തിലേക്കും ചിന്തയിലേക്കും നയിക്കുക എന്നതാണ്‌ ഈ ബോധനശാസ്‌ത്രത്തിന്റെ ലക്ഷ്യം.

മുന്നിലിരിക്കുന്ന വിദ്യാർഥിയെ മനസ്സിലാക്കി വേണം എപ്പോഴും അധ്യാപകന്‍ പെരുമാറേണ്ടത്. കുട്ടികൾ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന അധ്യാപകരുടെ വലിയ സവിശേഷത നിഷ്കളങ്കമായ പെരുമാറ്റവും വിനയവുമാണ്. തലക്കനവും പൊങ്ങച്ചവും പ്രകടിപ്പിക്കുന്ന അധ്യാപകരെ വിദ്യാർഥികൾ വെറുക്കുന്നു.


2. ബദൽ രക്ഷാകർത്താക്കളാണ് അധ്യാപകർ

അധ്യാപകർ ബദൽ രക്ഷാകർത്താക്കൾ കൂടിയാണ്. മുന്നിലിരിക്കുന്ന കുട്ടികളെ സ്വന്തം മക്കളായി കാണാൻ അവർക്ക് സാധിക്കണം. വീടുകളിലുണ്ടായേക്കാവുന്ന രക്ഷാകർതൃത്വ പാളിച്ചകൾക്കും പ്രതികൂല സാഹചര്യങ്ങൾക്കും ബദലായിനിന്ന് ബദൽ രക്ഷാകർത്താക്കൾ എന്ന ഒരു റോൾ വഹിക്കേണ്ടത് അധ്യാപകരാണ്.

അറിവ് പകരുക എന്നതിന് അപ്പുറത്തേക്ക് സ്വഭാവ രൂപവത്കരണത്തിലും വ്യക്തിത്വവികാസത്തിലും ചാലകശക്തിയാകേണ്ടതുണ്ട്. അധ്യാപക ന്‍റെ വളരെ പ്രധാനപ്പെട്ട ഒരു ചുമതലയാണത്. നിലവിലെ നമ്മുടെ വിദ്യാഭ്യാസരീതിയുടെ ലക്ഷ്യം ഉയർന്ന ഗ്രേഡ് വാങ്ങൽ മാത്രമായതുകൊണ്ട് സിലബസിന് അപ്പുറത്തേക്ക് ചിന്തിക്കാൻ പറ്റാത്ത രീതിയിൽ കുറെയേറെ അധ്യാപകരുടെ മനസ്സ് സങ്കുചിതമായിപ്പോയിട്ടുണ്ട്.


3. പുതു തലമുറയെ മനസ്സിലാക്കാം

പുതുതലമുറയിലെ കുട്ടികളെ ക്ലാസ് മുറികളിൽ കൈകാര്യം ചെയ്യുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. അവരിലെ മാറ്റങ്ങളെ പൂർണമായി ഉൾക്കൊള്ളാനും മനസ്സിലാക്കാനും കഴിഞ്ഞാൽ മാത്രമേ ക്ലാസ് മുറിയിൽ വിജയിക്കാൻ കഴിയൂ. ഈ മാറ്റങ്ങൾ ഉൾക്കൊള്ളാതെ അവരുടെ വ്യക്തിത്വത്തെ മുറിപ്പെടുത്തുന്ന രീതിയിൽ പെരുമാറുന്ന അധ്യാപകൻ വിദ്യാർഥികളാൽ വെറുക്കപ്പെടും. ആ വെറുപ്പ് കുട്ടികളുടെ പഠനത്തെയും ബാധിക്കും.

പുതുതലമുറ വിദ്യാർഥികളുടെ മനസ്സിലെ ചിന്തകളിൽ വരുന്ന മാറ്റങ്ങൾ അവരുടെ പെരുമാറ്റങ്ങളിൽ പ്രതിഫലിക്കപ്പെടും. ഇത് കൃത്യമായി തിരിച്ചറിഞ്ഞ്, വ്യത്യാസങ്ങൾ ഉൾക്കൊണ്ട് അവരിൽ ആത്മവിശ്വാസവും ലക്ഷ്യബോധവും നൽകാൻ അധ്യാപകന് സാധിക്കണം. വിദ്യാർഥികളുടെ മനസ്സ് തൊടാനും പുഞ്ചിരിക്കുന്ന മുഖവുമായി അവരെ സമീപിക്കാനും അവരെ സ്വന്തം മക്കളെയും സുഹൃത്തിനെയും പോലെ കരുതാനും കഴിയണം.

അധ്യാപകർ പഠിപ്പിക്കുന്നതിനപ്പുറത്തേക്ക് നവസാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി അറിവ് കണ്ടെത്തുന്നവരാണ് ന്യൂജൻ കുട്ടികൾ. അധ്യാപകർക്ക് വിഷയങ്ങളിൽ കൃത്യമായ അറിവില്ലെങ്കിൽ നവസാങ്കേതിക വിദ്യകൾവഴി കുട്ടികൾ അത് മനസ്സിലാക്കുമെന്ന വെല്ലുവിളിയുണ്ട്.

അതത് വിഷയത്തിൽ അപ്ഡേറ്റ് ആവുക എന്നതിലുപരി പുതിയ തലമുറയിലെ കുട്ടികളിലെ മാനസിക വളർച്ചയിൽ അപ്ഡേറ്റാവുകയാണ് വേണ്ടത്. പുതിയ കാലത്തെ കുട്ടികൾ പുതിയ അനുഭവമുള്ളവരാണ്, പണ്ടത്തെ സങ്കൽപങ്ങളല്ല. സാങ്കേതികപരമായും ചിന്താപരമായും ഇന്ന് ലോകത്തോളം ഉയർന്ന കുട്ടികളാണ് അവരെന്ന് അധ്യാപകൻ മനസ്സിലാക്കണം. അറിവിൽ മാത്രമല്ല, കുട്ടികളെ മനസ്സിലാക്കുന്നതിലും അധ്യാപകർ വിജയിക്കണം


4. കഴിവുകൾ കണ്ടെത്താം, പ്രോത്സാഹിപ്പിക്കാം

കുട്ടികളുടെ മിടുക്കുകളെ പ്രോത്സാഹിപ്പിച്ചു വളര്‍ത്തുക എന്നതാണ് അധ്യാപകന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി. അറിവിന്റെ കാര്യത്തിൽ പുതിയ ലോകത്തിലെ കുട്ടികൾക്ക് ഒപ്പംനിന്ന് അവരെ ഉത്തേജിപ്പിക്കുകയും ആകർഷിക്കുകയും ചെയ്യുന്ന രീതിയിൽ അറിവ് നൽകേണ്ട ചുമതല അധ്യാപകരിലുണ്ട്.

പാഠ പുസ്തകങ്ങളിൽ മാത്രം ഊന്നിയോ വർഷങ്ങൾക്കുമുമ്പ് പരിശീലന സമയത്തോ പഠന സമയത്തോ തയാറാക്കിയ ഒരു നോട്ട് ആവർത്തിച്ച് കുട്ടികളെ വായിച്ചുകേൾപ്പിച്ച് ഇനിയും മുന്നോട്ട് പോകാൻ പറ്റില്ല. വെറുതെ ഒരു ക്ലാസെടുപ്പ് വഴി കുട്ടികളെ ആകർഷിക്കാനും സാധിക്കില്ല.

സർക്കാർതലത്തിൽ ഹൈസ്കൂൾ വിദ്യാർഥികളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച യങ് ഇന്നവേറ്റിവ് പ്രോഗ്രാമിൽ 1500ഓളം പുതിയ ആശയങ്ങളാണ് കണ്ടെത്തിയത്. ഇത് കുട്ടികളുടെ ചിന്താതലങ്ങളെയും കാഴ്ചപ്പാടുകളെയും സൂചിപ്പിക്കുന്നു. കുട്ടികളെ നിരീക്ഷണത്തിലൂടെയും അന്വേഷണത്തിലൂടെയും അറിവുനേടാൻ ഉത്തേജിപ്പിച്ചിട്ട് അതിന്റെയൊരു സമാഹരണമായോ ക്രോഡീകരണമായോ ഉള്ള പഠനരീതിയിലേക്ക് മാറേണ്ടിയിരിക്കുന്നു.


5. അറിവുകൾ പുതുക്കാം

കാലത്തിന്റെ മാറ്റമനുസരിച്ച് അധ്യാപകർ വൈജ്ഞാനിക സമ്പത്ത് ആര്‍ജിക്കണം. നന്നായി അറിവ് ശേഖരിക്കാനാവാത്തവര്‍ക്ക് അറിവ് ഫലപ്രദമായി പറഞ്ഞു ഫലിപ്പിക്കാനുമാകില്ല. ഇത്തരക്കാര്‍ക്ക് സമൂഹത്തെ പുരോഗതിയില്‍കൊണ്ടെത്തിക്കാനുമാകില്ല.

ഇത് അധ്യാപകന്‍റെ പിഴവ് പിഴവുതന്നെയാണെന്ന് ഓർക്കുക. വിഷയത്തിലുള്ള അവഗാഹം വർധിപ്പിച്ച് എങ്ങനെ പുതിയരീതിയിൽ കുട്ടികൾക്ക് ആകർഷകമാകുന്ന രീതിയിൽ അറിവുപകരാം എന്നതിലേക്കുള്ള തയാറെടുപ്പുകളും സജീവമായി നടത്തണം. ഗൂഗ്ൾ, ഓൺലൈൻ കോഴ്സ്, ഓൺലൈനിലൂടെ കിട്ടുന്ന അറിവുകൾ എല്ലാം അവലംബിച്ച് സ്വയം മാറ്റം ഉൾക്കൊള്ളുകയും നിലവിലെ ബോധന സമ്പ്രദായം പരിഷ്കരിക്കുകയും ചെയ്തുകൊണ്ടിരിക്കണം.


6. ബോധന രീതികൾ പരിഷ്കരിക്കാം

മനഃപാഠം പഠിപ്പിക്കാതെ കുട്ടികളുടെ മനസ്സിൽ കാര്യങ്ങൾ ഉറപ്പിച്ചുനിർത്തി മനസ്സിലാക്കി പഠിക്കുക എന്ന രീതിയിലേക്ക് മാറേണ്ടതുണ്ട്. പഴയ ഹോംവർക്ക് രീതികളിൽനിന്ന് മാറി കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന ബോധനരീതികളും അവലംബിക്കേണ്ടി വരും.

അധ്യാപകന്‍റെ ബോധനരീതി കാരണം വിഷയത്തിന്‍റെ സത്ത മനസ്സിലാക്കാൻ പറ്റാത്ത കുട്ടികളും ഉണ്ടാവും. ആ കുട്ടികൾക്ക് മനസ്സിലാവുന്ന രീതിയിലുള്ള ബദൽ ബോധന സംവിധാനം സ്വീകരിക്കേണ്ടിവരും. കുട്ടികൾക്കൊപ്പം അറിവിന്റെ ലോകത്തേക്ക് ഒരു യാത്ര എന്നരീതിയിൽ അധ്യാപകരും പങ്കാളിയാവേണ്ടിവരും. പഠനത്തോട് കുട്ടികളിൽ ആഭിമുഖ്യം വർധിക്കാനും പഠിക്കാനുള്ള പ്രചോദനം ലഭിക്കാനും അത് വഴിയൊരുക്കും.


7. രക്ഷിതാക്കളിലേക്കൊരു പാലം വേണം

അധ്യാപകരും രക്ഷാകർത്താക്കളും തമ്മിലുള്ളൊരു വർക്കിങ് ബന്ധം പ്രധാനപ്പെട്ടതാണ്. കുട്ടിയുടെ സമഗ്രമായ വ്യക്തിത്വ വികസനത്തിനും പഠനകാര്യങ്ങൾക്കുമെല്ലാം അത്തരം ഒരു ബന്ധം നിർബന്ധമാണ്. പ്രോഗ്രസ് കാർഡ് ഒപ്പിടാനോ യോഗത്തിനോ വരുമ്പോഴോ മാത്രമുണ്ടാകുന്ന ബന്ധമല്ല ഇത്.

ഓരോ കുട്ടിയുടെയും സാമൂഹിക പശ്ചാത്തലം, ന്യൂനതകൾ, ഏതെല്ലാം വിഷയങ്ങളിലാണ് മിടുക്ക്, പാഠ്യേതര വിഷയങ്ങളിലെ മിടുക്ക് തുടങ്ങിയ കാര്യങ്ങളെല്ലാം രേഖപ്പെടുത്തിയ കൃത്യമായ ഡേറ്റാബേസ് അധ്യാപകർ ശേഖരിക്കണം. ഇത് കുട്ടിയെ മനസ്സിലാക്കാനും ഇടപെടാനും സഹായിക്കും. പ്രശ്നങ്ങളുള്ള കുട്ടിയാണെങ്കിൽ അത് മനസ്സിലാക്കി രക്ഷകർത്താവുമായി ചേർന്ന് പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്.

അധ്യാപകർ കുട്ടികളെക്കുറിച്ച് മോശമായി രക്ഷിതാക്കളോട് സംസാരിക്കരുത്. കുട്ടിയെക്കുറിച്ച് രക്ഷിതാക്കളോട് പറയുമ്പോൾ എന്തൊക്കെ ചെയ്യുന്നു, എന്തൊക്കെ ചെയ്യാൻ പറ്റുന്നില്ല എന്നും പറയണം. അവ പ്രോത്സാഹിപ്പിക്കാനുള്ളതും പരിഹരിക്കാനുള്ളതുമായ നിർദേശങ്ങൾ രക്ഷിതാവിന് നൽകാം. ചിലപ്പോൾ രക്ഷാകർത്താവിന്റെ കുട്ടിയിലുള്ള ടെൻഷൻ കാരണം അധ്യാപകനെയോ അധ്യാപനരീതിയെയോ കുറ്റംപറഞ്ഞു എന്നുവരാം. എടുത്തുചാടി മറുപടി പറയാതെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുക.

8. നേട്ടങ്ങളെ പ്രോത്സാഹിപ്പിക്കാം

ഓരോ വിദ്യാർഥിയും അംഗീകാരം ലഭിക്കുന്നതിനായി ആഗ്രഹിക്കുന്നുണ്ട്. ഈ മനഃശാസ്ത്ര സത്യം തിരിച്ചറിഞ്ഞുകൊണ്ട് അവരുടെ ചെറിയ ചെറിയ നേട്ടങ്ങളെപ്പോലും ഉയർത്തിക്കാട്ടാൻ ഒരധ്യാപകന് കഴിയണം. അരുത് എന്ന് പറയുമ്പോൾ എന്തുകൊണ്ട് അരുത് എന്ന് പറഞ്ഞെന്നതും, ദേഷ്യം അഭിനയിക്കേണ്ടിവരുമ്പോൾ എന്തുകൊണ്ട് അങ്ങനെ ചെയ്യേണ്ടിവന്നുവെന്നതും കൃത്യമായി പിന്നീട് കുട്ടിയെ ബോധ്യപ്പെടുത്തിക്കൊടുക്കാൻ അധ്യാപകന് കഴിയണം.


9. ശിക്ഷകൾ പോസിറ്റീവാക്കാം

ദേഷ്യം എന്ന വികാരത്തിന് ക്ലാസ് മുറികളിൽ ഒരിക്കലും സ്ഥാനമില്ല എന്ന് ഓരോ അധ്യാപകനും മനസ്സിലാക്കണം. അതേസമയം, അച്ചടക്കത്തിനുവേണ്ടിയും പഠന പ്രവർത്തനങ്ങളിൽ മുന്നേറ്റം ഉണ്ടാക്കുന്നതിനും ചില ഘട്ടങ്ങളിൽ ദേഷ്യം 'അഭിനയിക്കേണ്ടി'വരും.

കുട്ടികളുടെ മനഃശാസ്ത്രം മനസ്സിലാക്കി വേണം അധ്യാപകന്‍റെ ഇടപെടലുകൾ. കുട്ടികളെ അടിക്കുന്നതുകൊണ്ടോ താഴ്ത്തി പറയുന്നതുകൊണ്ടോ എന്ത് പെരുമാറ്റത്തെയാണോ അധ്യാപകർ മാറ്റാൻ ഉദ്ദേശിക്കുന്നത്, അത് മനസ്സിനെ വ്രണപ്പെടുത്തുന്ന രീതിയിലായാൽ അതൊരിക്കലും ഫലപ്രദമാവില്ല. കുട്ടിയുടെ ശാന്തമായ മനസ്സിലാണ് തിരുത്തൽ ഉണ്ടാവുക.

ക്ലാസിൽ മറ്റു കുട്ടികളുടെ മുന്നിൽവെച്ച് ഒരു കുട്ടിയെയും താഴ്ത്തി പറയാതിരിക്കാൻ അധ്യാപകർ ശ്രദ്ധിക്കണം. എല്ലാവരുടെയും മുന്നിൽവെച്ച് താഴ്ത്തി പറഞ്ഞാൽ അവനിൽ അത് മായാതെ അവശേഷിക്കും. അതാണ് ചിലപ്പോൾ പകയായി മാറുന്നത്. ക്ലാസ് കഴിഞ്ഞശേഷം ശാന്തമായി, ബുദ്ധിപരമായ രീതിയിൽ കാര്യങ്ങൾ പറഞ്ഞുകൊടുക്കുക. തിരുത്തലിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തുക.

മറ്റെന്തെങ്കിലും ചുമതലകൾ ഏൽപിച്ച് സ്ഥിരമായി ചെയ്യുന്ന കാര്യത്തിൽനിന്ന് വഴി തിരിച്ചുവിടുകയുമാവാം. ഉദാഹരണത്തിന് മറ്റു കുട്ടികളുടെ കൂടെ കുറച്ചു ദിവസം കളിക്കാൻ വിടാതെ എന്തെങ്കിലും ജോലിയോ പഠനസംബന്ധമായ കാര്യങ്ങളിലോ വ്യാപൃതനാക്കുക. ചുമതലകൾ കൃത്യമായി നിർവഹിച്ചാൽ അഭിനന്ദിക്കുക. തുടർന്ന്, കുട്ടിയെ കാര്യംപറഞ്ഞ് മനസ്സിലാക്കി തിരുത്താം. അടി, ചീത്തപറയൽ, ക്ലാസിന് പുറത്തുനിർത്തൽ തുടങ്ങിയ ശിക്ഷാരീതികൾക്ക് പുതിയ വിദ്യാഭ്യാസരീതിൽ സ്ഥാനമേയില്ലെന്ന് തിരിച്ചറിയുക.

ശിക്ഷകൊണ്ടോ ഭയപ്പെടുത്തിയോ കുട്ടികളെ നന്നാക്കാനാവില്ല എന്ന തിരിച്ചറിവുണ്ടാകണം. ഭയം എന്ന ഘടകമാണ് പണ്ടൊക്കെ കുട്ടികളെ അനുസരിപ്പിക്കാനും ബഹുമാനിക്കാനും നിർബന്ധിതരാക്കിയത്. കാര്യങ്ങൾ ഇന്ന് അങ്ങനെയല്ല, ജനാധിപത്യപരമാണ് കാര്യങ്ങളെല്ലാം. ഭയപ്പെടുത്തിയോ ശിക്ഷിച്ചോ നടപ്പാക്കുന്ന ബോധനരീതികൾ ഒഴിവാക്കണം.


10. റോൾ മോഡലാവണം

അധ്യാപകന്‍റെ പ്രതിഭ കാര്യക്ഷമതയോടെ ക്ലാസ് മുറികളില്‍ പ്രയോജനപ്പെടുത്തണം. എപ്പോഴും കര്‍മനിരതമായിരിക്കണം. ആത്മവിശ്വാസം മുഖമുദ്രയാകണം. ജീവിതവിശുദ്ധി സൂക്ഷിക്കാനും അധ്യാപകര്‍ക്ക് ബാധ്യതയുണ്ട്. അധ്യാപകന്റെയും മാതാപിതാക്കളുടെയും ഓരോ ചലനവും കുട്ടിയെ സ്വാധീനിക്കുമെന്ന്‌ ഓർക്കണം.

അതുകൊണ്ടുതന്നെ ദൈനംദിന ഇടപെടലുകള്‍ സൂക്ഷ്മതയോടെ ആയിരിക്കണം. തന്നിലെ അസാധാരണത്വം അനുനിമിഷം ഏറ്റുപിടിക്കാന്‍ ലക്ഷങ്ങള്‍ കണ്ണുംകാതുമോര്‍ത്ത് നിലകൊള്ളുന്നു എന്ന ബോധം സദാ ഉണ്ടായിരിക്കണം. സ്കൂളിന് പുറത്തുംഅധ്യാപകരുടെ ജീവിതം മാതൃകാപരമാവണം.

കൗമാരകാലത്ത് കുട്ടികൾ അധികസമയവും നേരിട്ടു കാണുന്നത്‌ അധ്യാപകരെയാണ്‌. അവരുടെ ഭാവം, ഭാഷ, സഹജീവിബന്ധങ്ങൾ, പ്രകൃതിസ്‌നേഹം, വായന, കാരുണ്യം, കരുതൽ എന്നിവയെല്ലാം അറിയാതെ പകരുന്നത്‌ കുട്ടികളിലേക്കാണ്‌. മദ്യം, മയക്കുമരുന്ന്‌, പുകയില തുടങ്ങിയ ദുശ്ശീലങ്ങൾ കുട്ടികളിൽ ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്ന അധ്യാപകർ തങ്ങളുടെ ജീവിതത്തിൽ നിന്നും അവയെ മാറ്റി നിറുത്തണം.

സ്കൂൾ അന്തരീക്ഷം കുട്ടിയുടെ വ്യക്തിത്വ വികാസം, അറിവുപകരൽ, കഴിവുകൾ ആവിഷ്കരിക്കൽ എന്നിവക്ക് വേണ്ടിയുള്ള ശാന്തമായ അന്തരീക്ഷമാണ്. ഇതിന് യോജിച്ച വസ്ത്രധാരണമാണ് അധ്യാപകർ സ്വീകരിക്കേണ്ടത്.


11. ഹൈടെക് ആക്കാം പഠനം

ക്ലാസ് മുറിയിലെ പ്രവര്‍ത്തനങ്ങള്‍ ആനന്ദകരവും ആയാസരഹിതവുമാക്കാന്‍ ഹൈടെക് ക്ലാസുകള്‍ക്ക് കഴിയും. അതിന് അധ്യാപകന്‍ തയാറെടുപ്പുകള്‍ നടത്തണം. ഉപകരണങ്ങള്‍, അവയുടെ ഉപയോഗം, പ്രവര്‍ത്തനം എന്നിവ അറിയുകയാണ് ആദ്യം വേണ്ടത്.

താന്‍ ക്ലാസില്‍ കൈകാര്യം ചെയ്യാന്‍ ഉദ്ദേശിക്കുന്ന പഠനപ്രവര്‍ത്തനത്തെ ലഘൂകരിക്കാനും കുട്ടികള്‍ക്ക് അത് വേഗത്തില്‍ ഹൃദിസ്ഥമാക്കാനും കഴിയുന്ന വിഡിയോകള്‍, ഓഡിയോകള്‍, സിനിമാശകലങ്ങള്‍, ടെക്​സ്​റ്റുകള്‍ എന്നിവ കണ്ടെത്തി/തയാറാക്കി വെക്കണം. അവ അനുയോജ്യമായ സമയത്ത് ഉപയോഗിക്കുന്നതിനും പരിചയം ആവശ്യമാണ്.

മൊബൈൽ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ പോസിറ്റിവായി പഠന പങ്കാളിയായി ഉപയോഗപ്പെടുത്താനുള്ള വഴികളാണ് അധ്യാപകർ പറഞ്ഞുകൊടുക്കേണ്ടത്. അല്ലാതെ, മൊബൈൽ സർവസാധാരണയായ ഇക്കാലത്ത് നെഗറ്റിവിനെ മാത്രം കരുതി കുട്ടികളിൽനിന്ന് തടഞ്ഞുനിർത്തുകയല്ല വേണ്ടത്. ഒപ്പം, സമൂഹമാധ്യമങ്ങളെ പഠനത്തിനായി ഉപയോഗപ്പെടുത്തി രസകരമായ പഠന പ്രക്രിയക്കും വഴിയൊരുക്കാം.

12. മാനസിക പിന്തുണ നൽകാം

സാങ്കേതിക ബോധന ശാസ്ത്രം (ടെക്നോപെഡഗോഗി) എന്ന രീതിയിലൂടെ വിദ്യാഭ്യാസമാണ് 18 വയസ്സുവരെയുള്ള കുട്ടികൾക്ക് ലഭിക്കുന്നത്. വളരെ മാനസിക പിരിമുറുക്കത്തിന്‍റെ സമയമാണത്. പഠനത്തിന്‍റെ ആവശ്യകത ബോധ്യപ്പെടാത്ത പ്രായംകൂടിയാണത്.

അവരുടെ വ്യക്തിപരമായ കാര്യങ്ങൾ പരിഗണിക്കാതെ അറിവ് വിനിമയം ചെയ്താൽ അവരിൽ അധ്യാപകർക്ക് സ്വാധീനം ചെലുത്താൻ സാധിക്കില്ല. ഇവിടെ അറിവിന്‍റെ വിനിമയം മാത്രമല്ല വേണ്ടത്, മാനസിക പിന്തുണയും പ്രചോദനവുമാണ് ആവശ്യമുള്ളത് എന്ന ബോധ്യം അധ്യാപകനുണ്ടാവണം.


13. അധിക്ഷേപം വേണ്ട

അറിവില്ലാത്തവനെയോ പഠിക്കാന്‍ കഴിയാത്തവനെയോ കൂടുതല്‍ പരിശീലനങ്ങള്‍ നല്‍കി മെച്ചപ്പെടുത്തിക്കൊണ്ടുവരാനാണ് നല്ല അധ്യാപകന്‍ ശ്രമിക്കേണ്ടത്. വിഡ്ഢിയെന്നോ മന്ദബുദ്ധിയെന്നോ മറ്റോ വിളിച്ച് അധിക്ഷേപിക്കുന്നതും പരിഹസിക്കുന്നതും സ്ഥിരമായി അവനെ അങ്ങനെ ബ്രാന്‍ഡ് ചെയ്യുന്നതും യഥാർഥ അധ്യാപകന്റെ ശൈലിയല്ല.


14. പുനരാലോചിക്കാം

അധ്യാപകന്‍ എന്നും ഒരു വിദ്യാർഥിയാകണം. അധ്യാപകന് ഉണ്ടാവേണ്ട കഴിവാണ് റിഫ്ലക്​ഷന്‍ (പുനരാലോചന/പുനര്‍ചിന്തനം). ത​ന്റെ ക്ലാസ്‌റൂം പ്രവര്‍ത്തനത്തില്‍ എന്തെല്ലാം ശരിയായി, എവിടെയെങ്കിലും പാളിച്ചകളുണ്ടായോ, എന്തെല്ലാം മാറ്റങ്ങളാണ് അടുത്ത തവണ വരുത്തേണ്ടത് തുടങ്ങിയ കാര്യങ്ങള്‍ അധ്യാപകനില്‍ ഉണര്‍ത്താന്‍ റിഫ്ലക്ഷന്​ കഴിയും.


15. റിലാക്സ് ചെയ്യാം

അധ്യാപകർ സ്വന്തം മാനസിക ആരോഗ്യം സംരക്ഷിക്കുകയും റിലാക്സ് ചെയ്യാനുള്ള സമയം കണ്ടെത്തുകയും വേണം. അധ്യാപകരുടെ മാനസിക ആരോഗ്യം നന്നായെങ്കിൽ മാത്രമേ കുട്ടികളുമായി ഊഷ്മള ബന്ധം നിലനിർത്തിപ്പോരാൻ സാധിക്കൂ. ജീവിതത്തിന്റെ വിഷമ മുഹൂര്‍ത്തങ്ങള്‍ക്കു നേരെ പതറാത്ത മനസ്സിന് ഉടമകളാവണം.

16. സ്വയം നവീകരിക്കാം

പുതുതലമുറയിലെ വിദ്യാർഥികൾക്ക് ഏറെ മടുപ്പുളവാക്കുന്ന ഒന്നാണ് പ്രസംഗരീതിയിലുള്ള അധ്യാപനം. അധ്യാപനത്തി​ന്റെ നൂതന ആശയങ്ങള്‍ സ്വാംശീകരിച്ച് പുതിയ സാങ്കേതികതയുടെ സഹായത്തോടെ പഠിപ്പിക്കാന്‍ അധ്യാപകന് കഴിയണം. മാറിവരുന്ന പഠന-പാഠ്യരീതികള്‍ ഉള്‍ക്കൊള്ളാന്‍ അധ്യാപകന്‍ സന്നദ്ധനാകണം. അധ്യാപക നവീകരണം ലക്ഷ്യംവെച്ചുകൊണ്ടുള്ള പലതരം ഓൺലൈൻ കോഴ്‌സുകൾ ഇന്ന് ലഭ്യമാണ്. ആവശ്യമെങ്കിൽ അതിലെല്ലാം പങ്കാളികളാവാം.


17. അജ്ഞതയെ മറച്ചുവെക്കരുത്

തന്‍റെ അജ്ഞതയെ മറച്ചുവെക്കാൻ തെറ്റായ വിവരങ്ങൾ കുട്ടികളിൽനിന്ന് പ്രതീക്ഷിക്കാതെ വരുന്ന ചോദ്യങ്ങൾക്ക് ഉത്തരമായി നൽകാൻ ഒരിക്കലും ഒരധ്യാപകനും ശ്രമിക്കരുത്. പകരം, കൃത്യമായ ഉത്തരം നൽകാൻ കഴിയാത്ത ഘട്ടങ്ങൾ വരുമ്പോൾ, അന്വേഷിച്ച് ഉത്തരം കണ്ടെത്തി അറിയിച്ചുതരാമെന്ന് പറയാനുള്ള മനസ്സ് കാണിക്കുന്ന അധ്യാപകരോടാണ് വിദ്യാർഥികൾക്ക് ഏറെ ഇഷ്ടവും ആദരവും.

18. അപകർഷം ഉളവാക്കരുത്

ഇന്ന് നിലനിൽക്കുന്ന പരീക്ഷകൾ ഒരിക്കലും ഒരു വിദ്യാർഥിയുടെ കഴിവുകളെ പൂർണമായി അളക്കുന്ന ഒരു മാനദണ്ഡമേ അല്ല എന്ന് പരോക്ഷമായെങ്കിലും വിദ്യാർഥികളുടെ മുന്നിൽ അവതരിപ്പിക്കാൻ അധ്യാപകന് കഴിയണം. കാരണം, പരീക്ഷകളിൽ മാർക്ക് കുറഞ്ഞുപോയി എന്നതിന്റെ അടിസ്ഥാനത്തിൽ അപകർഷബോധം കുട്ടികളിൽ രൂപപ്പെടാൻ ഇടയാകുന്ന വാക്കുകൾ അധ്യാപകരിൽനിന്ന് വരാൻ പാടില്ല. പരീക്ഷകളിൽ ഫുൾ എ പ്ലസ് എന്നതിനെക്കാൾ ജീവിതത്തിൽ വിജയം എന്ന ആശയമാണ് അധ്യാപകൻ ഉയർത്തിപ്പിടിക്കേണ്ടത്.

19. പരിഗണന നൽകാം

ക്ലാസ് റൂമിലെ വിദ്യാർഥികൾക്ക് എല്ലാവർക്കും വാക്കുകളിലൂടെയും ശരീരഭാഷയിലൂടെയും പെരുമാറ്റത്തിലൂടെയും ഒരേ പരിഗണന നൽകാൻ അധ്യാപകൻ ശ്രദ്ധിക്കണം. കുട്ടികളുടെ ആവശ്യങ്ങളറിഞ്ഞ് അവരെ നയിക്കുക എന്നതാണ് അധ്യാപകന്റെ കര്‍ത്തവ്യം. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ ക്ലാസിലുണ്ടെങ്കില്‍ അവരോട് ഇടപെടാന്‍ സന്നദ്ധനായിരിക്കണം.


20 കുട്ടികൾ വ്യത്യസ്തരാണ്

ക്ലാസ് മുറികളിലെ കുട്ടികള്‍ ഒരേ അച്ചില്‍ വാര്‍ത്തവരല്ല. അവരുടെ അഭിരുചികള്‍ വ്യത്യസ്തമാണ്. പഠനത്തില്‍ മികവുപുലര്‍ത്തുന്നവരെയും പാഠ്യേതര വിഷയങ്ങളില്‍ ശോഭിക്കാന്‍ കഴിയുന്നവരെയും ലക്ഷണങ്ങള്‍ വഴി ഓരോ അധ്യാപകനും തിരിച്ചറിയണം. ശാരീരികവും മാനസികവുമായ വൈകല്യങ്ങള്‍ ഉള്ളവരും സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍പെട്ടവരുമായ വിദ്യാർഥികളെ തലോടുന്നതില്‍ ഒട്ടുംതന്നെ പിശുക്ക് പാടില്ല.

സ്വഭാവ രൂപവത്കരണമാണ് പ്രധാനം, അല്ലാതെ പാഠ്യപദ്ധതിയല്ല- എം.എൻ. കാരശ്ശേരി

എന്‍റെയൊക്കെ സ്കൂൾ പഠനകാലത്ത് അധ്യാപകർ കുട്ടികളെ ശിക്ഷിക്കുന്നത് കുറവായിരുന്നു. എന്നെ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്തിരുന്ന അധ്യാപകരോട് ഒരിക്കലും വെറുപ്പോ വിദ്വേഷമോ തോന്നിയിട്ടില്ല. അവർക്ക് കുട്ടികളോട് സ്നേഹമുണ്ടായിരുന്നു. എന്നെ പഠിപ്പിച്ച മിക്ക അധ്യാപകരുമായും ഊഷ്മള ബന്ധം നിലനിർത്തിപ്പോന്നിട്ടുണ്ട്.


മാതാപിതാക്കളെപ്പോലെയായിരുന്നു അധ്യാപകർ കുട്ടികളോട് പെരുമാറിയിരുന്നത്. ശിക്ഷിക്കുന്നുണ്ടെങ്കിൽപോലും ഒരിക്കലും ഇഷ്ടത്തോടെയോ സന്തോഷത്തോടെ അല്ലായിരുന്നു. പണ്ടൊക്കെ വികൃതി കാണിക്കുമ്പോൾ ഏത് സ്കൂളിലാണ് നീ പഠിക്കുന്നതെന്ന് ആളുകൾ കുട്ടികളോട് ചോദിക്കാറുണ്ടായിരുന്നു. ഇന്നതുണ്ടോ എന്നറിയില്ല. ഇന്നത്തെ സാഹചര്യം രീതികൾക്കൊക്കെ മാറ്റംവന്നിട്ടുണ്ടാവാം.


വിദ്യാലയങ്ങൾ എന്നാൽ പരിശീലനകേന്ദ്രങ്ങളാണ്. അധ്യാപകർ മാതൃകാ അധ്യാപകരും. മാതാപിതാക്കളെപ്പോലെ കുട്ടികളെ സ്നേഹിക്കാൻ അധ്യാപകർക്കാവണം. പഠിപ്പിക്കുന്നതിനൊപ്പം കുട്ടികളെ സ്നേഹിക്കുന്നതും അധ്യാപകരുടെ ജോലിയാണ്. മാതാപിതാക്കളെക്കാളും അധ്യാപകർ പറയുന്നതും ചെയ്യുന്നതുമാണ് ശരിയെന്ന് വിശ്വസിക്കുന്നവരാണ് കുട്ടികൾ.

അതിൽ തെറ്റുണ്ടെങ്കിൽപോലും നമ്മൾ തിരുത്താൻ ശ്രമിച്ചാൽ അധ്യാപകരുടെ വാക്കുകൾക്ക് മാത്രം ഊന്നൽനൽകുന്നവരാണ് വിദ്യാർഥികൾ. അവിടെയാണ് അധ്യാപകനെന്ന വ്യക്തിത്വത്തിന് പ്രാധാന്യംമേറുന്നത്, സ്വയം റോൾ മോഡലാവേണ്ടത്.


സമൂഹത്തിൽ ഇടപെടൽ, സാമൂഹികമൂല്യം, പെരുമാറ്റം, വിനയം, വൃത്തി, ചിട്ട, ബഹുമാനം, ആദരവ്, വ്യക്തിത്വം, ശാസ്ത്ര-കലാ-സാസ്കാരിക ബോധം എല്ലാം പഠിപ്പിക്കേണ്ടതും വളർത്തിയെടുക്കേണ്ടതും അധ്യാപകരാണ്. അത് ചെയ്യേണ്ട ഉത്തരവാദിത്തം അധ്യാപകർക്കാണ്.

ചെറുപ്രായത്തിൽതന്നെ അതെല്ലാം പഠിപ്പിക്കണം സമൂഹത്തെ പഠിപ്പിക്കുക എന്നതിനെക്കാളേറെ ഇത്തരം കാര്യങ്ങൾ പരിശീലിപ്പിക്കുകയാണ് വേണ്ടത്. പാഠപുസ്തകത്തിലില്ലാത്തത് പലതും പഠിപ്പിക്കേണ്ടി വരും. സ്വഭാവ രൂപവത്കരണമാണ് പ്രധാനം.

അല്ലാതെ പാഠ്യ പദ്ധതിയല്ല. മൂല്യങ്ങളാണ് പഠിപ്പിക്കേണ്ടത്, പാഠപുസ്തകത്തിലുള്ളതൊക്കെ അവരുടെ ആവശ്യത്തിന് അവർ പഠിച്ചെടുത്തോളും. പണ്ടത്തെപ്പോലെയല്ല ഇന്നത്തെ പഠന സമ്പ്രദായം. എല്ലാവരും ജയിക്കുന്നു, എല്ലാവർക്കും എ പ്ലസ്. എന്ത് എഴുതിയാലും മാർക്ക്, കുട്ടികൾ തോൽക്കുന്നില്ല എന്നതെല്ലാം കൂടിച്ചേരുന്നതാണ് ഇന്നത്തെ വിദ്യാഭ്യാസ രീതി.

അക്കാരണത്താൽ ജയവും തോൽവിയും ശരിയും തെറ്റും കുട്ടികൾ തിരിച്ചറിയാതെ പോകുന്നു. അക്കാദമിക രംഗത്ത് മുഴുവൻ എ പ്ലസ് വാങ്ങി ജയിച്ചാലും ജീവിതത്തിലെ ജയവും തോൽവിയും കുട്ടി പഠിക്കാതെ വരുന്ന സാഹചര്യമുണ്ടാവും. തെറ്റിനെ തെറ്റായിതന്നെ അധ്യാപകർ ചൂണ്ടിക്കാണിക്കണം.
ജീവിതത്തെ നേരിടാനുള്ള പരിശീലനമാണ് സ്കൂളിലുണ്ടാവേണ്ടത്.

വെറും പാഠപുസ്തകത്തിൽ കുട്ടികളെ തളച്ചിട്ട് എ പ്ലസിനും മാർക്കിനും വേണ്ടി പ്രയത്നിക്കുന്നതല്ല വിദ്യാഭ്യാസം. കൂട്ടുകാരുമായി ഇടപഴകിയും സാമൂഹിക രീതികൾ മനസ്സിലാക്കിയും മറ്റും അവന് പാഠപുസ്തകത്തിനപ്പുറത്ത് ഏറെ പഠിക്കാനുണ്ട്. എല്ലാ കാര്യത്തിലും തികഞ്ഞ ധാരണ കുട്ടികളിലുണ്ടാവേണ്ടതുണ്ട്.

കടപ്പാട്:

-സി.ജെ ജോൺ (സീനിയർ സൈക്യാട്രിസ്റ്റ്. മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, എറണാകുളം)

-കെ.എം. ശരീഫ് (അസിസ്റ്റന്‍റ് പ്രഫസർ, ഫാറൂഖ് ട്രെയിനിങ് കോളജ്)

-പി.എ. നൗഷാദ് (അധ്യാപകൻ, എഴുത്തുകാരൻ. എം.ഐ.എം ഹയർ സെക്കൻഡറി സ്കൂൾ പേരോട്)

( ചിത്രങ്ങൾക്ക് കടപ്പാട് )

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationguidestudentrelationshipteacherinspirational relationships
News Summary - teacher and a willing student together make one of the purest and deeply inspirational relationships
Next Story