Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
എന്തിനീ വെല്ലുവിളി സ്വയം പേറണം?
cancel

​കേരളത്തിലെ ഗാർഹിക പ്രസവത്തിന്​ ഒരു തരത്തിലുള്ള ന്യായീകരണവുമില്ല. വിചിത്രവും അശാസ്ത്രീയവുമായ വാദങ്ങളാണ്​ ഇതിന്‍റെ വക്താക്കൾ മുന്നോട്ടുവെക്കുന്നത്​. ആർ.സി.എച്ച് ഓഫിസറായ ഞാൻ ഇതിനു പിന്നിലുള്ളവരിലേക്ക് നേരിട്ടു ചെല്ലുകയും കാര്യങ്ങൾ ബോധ്യപ്പെടുത്തിക്കൊടുക്കാൻ ശ്രമിക്കുകയും ചെയ്യാറുണ്ട്​. എത്രയൊക്കെ ഉപദേശിച്ചാലും ചിലർക്ക് അനങ്ങാപ്പാറ നയമായിരിക്കും.

ജനസംഖ്യ കൂടുതലായതു കൊണ്ടും താരതമ്യേന നാച്വറോപ്പതി, അക്യുപങ്ചർ ചികിത്സാരീതി പിന്തുടരുന്നവരുടെ എണ്ണം കൂടുതലായതുകൊണ്ടുമാണ് മലപ്പുറം ജില്ലയിൽ വീട്ടിലെ പ്രസവം അധികരിക്കാൻ കാരണമെന്നാണ്​ പഠനത്തിൽനിന്ന് മനസ്സിലായത്. ഇത്തരം പ്രസവ രീതിയിലേക്ക്​ ആധുനിക കാലത്തും ആളുകൾ ആകർഷിക്കപ്പെടുന്നു എന്നറിയുമ്പോൾ ശരിക്കും ഭയമാണ് തോന്നുന്നത്. മികച്ച വിദ്യാഭ്യാസമുള്ളവരും ഉന്നത സ്ഥാനത്തിരിക്കുന്നവരും ഇതിനു പിന്നിലുണ്ട്. ഗാർഹിക പ്രസവത്തിനെതിരായ പ്രവർത്തനങ്ങൾക്ക്​ വേണ്ടത്ര പിന്തുണ കിട്ടാത്ത സാഹചര്യവുമുണ്ട്​.

ഒരുപാട് ശ്രദ്ധയോടെ വേണം ഒരു പ്രസവമെടുക്കാൻ. പൊക്കിൾക്കൊടി മുറിക്കുന്നതിൽ പോലും വൈദഗ്ധ്യം അത്യാവശ്യമാണ്. വീടുകളിൽ നടക്കുന്ന പ്രസവങ്ങളിൽ അത്തരം കാര്യങ്ങൾ പലപ്പോഴും ശ്രദ്ധിക്കാറില്ല. കുഞ്ഞിന് ശ്വാസമെടുക്കാൻ പറ്റാത്തതു പോലുള്ള അപകടങ്ങൾ ഉണ്ടാകുമ്പോൾ അതിനുള്ള സജ്ജീകരണങ്ങളും അത്യാവശ്യമാണ്. പ്രസവശേഷം അമിത അളവിൽ രക്തസ്രാവം ഉണ്ടായാൽ സ്ത്രീയുടെ ജീവൻ രക്ഷിക്കാനുള്ള സംവിധാനങ്ങളും വീടുകളിൽ ഉണ്ടാവില്ല.

ഇന്നത്തെ കാലത്ത് അത്യാവശ്യം സൗകര്യങ്ങളുള്ള ഒട്ടേറെ സർക്കാർ ആശുപത്രികൾ നമുക്കു ചുറ്റിലും എത്രയോ ഉണ്ട്. കൃത്യമായ പരിചരണവും സൗജന്യ മരുന്നും എല്ലാ ആശുപത്രികളും നൽകുന്നുണ്ട്. അനിവാര്യ ഘട്ടത്തിലല്ലാതെ ഒരു ആശുപത്രിയും സിസേറിയൻ ചെയ്യില്ല. അനാവശ്യ സിസേറിയൻ ചെയ്യുന്നത് നിയമവിരുദ്ധമാണ്. അതിന് കൂട്ടുനിൽക്കുന്നത് കുറ്റകൃത്യവുമാണ്. അതുകൊണ്ടുതന്നെ ഗർഭിണിക്ക് അടുത്ത് സൗകര്യമുള്ള സർക്കാർ ആശുപത്രി തന്നെ പ്രസവത്തിന് തിരഞ്ഞെടുക്കാവുന്നതാണ്.

ഗവ. ആശുപത്രികളിലെ പ്രസവത്തെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. സാമ്പത്തിക സഹായവും നൽകുന്നുണ്ട്. ആശുപത്രി പ്രസവം വ്യാപകമായതോടെയാണ്​ നമ്മുടെ നാട്ടിലെ ശിശുമരണ നിരക്ക് ഗണ്യമായി കുറഞ്ഞത്.

കേരളത്തിലെ

Infant Mortality Rate

(1000 കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ ഒരു വയസ്സ്​ തികയുന്നതിനു മുമ്പ്​ മരിക്കുന്നത്​)

വർഷം നിരക്ക്​

2005 14

2021 5.05

national 28 (2020)

Neonatal Mortality Rate

(പ്രസവിച്ച്​ 28 ദിവസത്തിനു ള്ളിൽ മരിക്കുന്നത്​)

2005 10.9

2021 5

Stillbirth Rate

(പ്രസവത്തിനു മുമ്പോ പ്രസവ സമയത്തോ കുഞ്ഞ്​ മരിക്കുന്നത്​)

2005 8.5

2021 4.72

Maternal Death Rate

(സ്ത്രീയുടെ പ്രസവ അനുബന്ധ​ മരണം​)

2005 360

(ഒരു ലക്ഷത്തിൽ)

2020 19

ഗാർഹിക പ്രസവം നേരിടുന്നതിൽ അനുഭവിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി ആരോഗ്യവകുപ്പിനോടുള്ള വിശ്വാസമില്ലായ്മയാണ്​. ജനങ്ങളുടെ ക്ഷേമത്തിന്​ പ്രവർത്തിക്കുന്ന വിഭാഗമാണ് ആരോഗ്യ പ്രവർത്തകർ. എന്നാൽ, ഗാർഹിക പ്രസവത്തിലെ അപകടങ്ങളെ കുറിച്ചുള്ള ബോധവത്കരണത്തിന് ശ്രമിക്കുമ്പോഴൊക്കെ അധികവും പരാജയമാണ് സംഭവിക്കുന്നത്. അവരോടുള്ള കമ്യൂണിക്കേഷൻ പലപ്പോഴും ശരിയാംവിധം സാധ്യമാവാറില്ല. ചിലർ പ്രകോപനപരമായി സംസാരിക്കുകയും വീട്ടിൽനിന്ന് ആട്ടിയിറക്കി വിടുകയുമൊക്കെ ചെയ്തിട്ടുണ്ട്.

കുത്തിവെപ്പ് സ്വീകരിക്കുന്ന കാര്യത്തിലും ഇത്തരക്കാർക്ക് പിന്നാക്ക നിലപാടാണുള്ളത്. എന്നാൽ, മിഷൻ ഇന്ദ്രധനുഷ് 5.0 കാമ്പയിനിന്‍റെ ഭാഗമായി ജില്ലയിലെ കുത്തിവെപ്പ് നിരക്ക് ഉയർത്തിക്കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. നേരത്തേ മടി കാണിച്ചിരുന്ന പലരും വാക്സിൻ സ്വീകരിക്കാനായി മുന്നോട്ടുവരുന്നത് ആശാവഹമായ കാര്യമാണ്.

ആശുപത്രി പ്രസവത്തെ കുറ്റപ്പെടുത്തുന്നവരിൽ മറ്റ് അസുഖങ്ങൾ വരുമ്പോൾ ആധുനിക വൈദ്യശാസ്ത്രത്തെ ആശ്രയിക്കുന്നവരും കുറവല്ല. അതുകൊണ്ടുതന്നെ ഈ വിഷയത്തിലെ അവരുടെ ഇരട്ടത്താപ്പ് മനസ്സിലാക്കാം.

ഗാർഹിക പ്രസവം തടയാൻ നിയമത്തിന്‍റെ പിൻബലം അനിവാര്യമാണ്​. നിയമത്തിന്‍റെ അപര്യാപ്തത പലപ്പോഴും ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവർക്ക്​ പിടിവള്ളിയാവുകയും ആരോഗ്യപ്രവർത്തകർക്ക്​ വിലങ്ങുതടിയാവുകയും ചെയ്യുന്നുണ്ട്​. എന്നാൽ, ഭർത്താവോ മറ്റാരെങ്കിലുമോ ഗർഭിണിയെ നിർബന്ധിപ്പിച്ച് വീട്ടിൽ പ്രസവം നടത്തിക്കുന്നത്​ കുറ്റകരമാണ്. അങ്ങനെയുള്ള കേസുകൾ ധാരാളമുണ്ടെങ്കിലും വീട്ടുകാരെ ഭയന്ന് പുറത്തുപറയുന്നില്ലെന്നതാണ് വാസ്തവം.

ജനനം ​സ്വാഭാവികവും പ്രകൃതിസഹജവുമാണെന്ന് പറയാമെങ്കിലും ഹൈറിസ്ക് വിഭാഗത്തിലാണ് എന്നും അതിന്‍റെ സ്ഥാനം. കാരണങ്ങൾ ഏറെയുണ്ടല്ലോ. പണ്ടുകാലത്ത് മറ്റു മാർഗങ്ങൾ ഇല്ലാത്തതുകൊണ്ട് വീട്ടിൽ പ്രസവം ധാരാളമായിരുന്നു. അന്ന് ഗർഭിണിയോ കുഞ്ഞോ മരണപ്പെടുന്ന എത്രയോ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഓരോ വീട്ടിലും ഒരു കുഞ്ഞ് വീതമെങ്കിലും മരിക്കുന്ന സ്ഥിതിയായിരുന്നെന്നാണ് അനൗദ്യോഗിക വിവരം. കൃത്യമായി രേഖപ്പെടുത്താൻ ആരോഗ്യ വകുപ്പിന് അന്ന്​ സംവിധാനങ്ങളില്ലാത്തതിനാൽ തന്നെ പലതും കണക്കിനു പുറത്താണ്.

ഈ സാഹസത്തിന് ഇനിയും മുതിരുന്നവരോട് പറയാനുള്ളത്, നിങ്ങളുടെ ജീവൻവെച്ച് പരീക്ഷണം നടത്താതിരിക്കുക, ഒന്നുമറിയാത്ത കുഞ്ഞിനെ കൊലക്കുകൊടുക്കാതിരിക്കുക. വിശ്വാസത്തിന്‍റെയോ നിലപാടുകളുടെയോ ഒക്കെ പേരിലായാലും ഒരു കാര്യം ഓർത്താൽ നന്ന്, ഗർഭസ്ഥ ശിശുവിനുമുണ്ട് അവകാശങ്ങൾ.


(മലപ്പുറം ജില്ല ആർ.സി.എച്ച് ഓഫിസറാണ്​ ലേഖിക)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - Why take this challenge on yourself?
Next Story