Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightTravelchevron_rightTraveloguechevron_rightബി.എസ്​.എഫിന്‍റെ...

ബി.എസ്​.എഫിന്‍റെ അനുമതിപത്രത്തോടെ മാത്രം പ്രവേശിക്കാനാവുന്ന ഗ്രേറ്റ് റാൻ ഓഫ് കച്ചിലേക്കൊരു യാത്ര

text_fields
bookmark_border
ബി.എസ്​.എഫിന്‍റെ അനുമതിപത്രത്തോടെ മാത്രം പ്രവേശിക്കാനാവുന്ന ഗ്രേറ്റ് റാൻ ഓഫ് കച്ചിലേക്കൊരു യാത്ര
cancel
camera_alt

റാൻ ഓഫ് കച്ചിലെ ഉപ്പുമരുഭൂമി


ഭുജ് റെയിൽവേ സ്റ്റേഷനിൽനിന്ന് പുറത്തിറങ്ങിയതുതന്നെ ടാക്സി സ്റ്റാൻഡിലേക്കാണ്. നേരത്തേ ബുക്ക് ചെയ്ത ഹോട്ടലിലേക്ക് മൂന്നു കിലോമീറ്റർ ദൂരമുണ്ട്. വേഗം ഓട്ടോ പിടിച്ച് അവിടെയെത്തി. ഒരു മണിക്കൂറിനകം കുളിയും പ്രാതലും കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ സമയം രാവിലെ 11 മണി.

കൃത്യസമയം പാലിച്ച് അഭിലാഷ് ജീപ്പുമായെത്തി. ജീപ്പിൽ കയറിയിരുന്നതും അഭിലാഷ് ഓർമപ്പെടുത്തി, ആദ്യം കലോദുംഗറിലേക്ക്, അതുകഴിഞ്ഞ് റാൻ ഓഫ് കച്ചിലേക്ക്. ഞങ്ങൾ തല കുലുക്കിയതും ജീപ്പ് മുന്നോട്ടുനീങ്ങി. വളവുതിരിവുകളില്ലാത്ത നല്ല റോഡ്. ഇരുവശവും നോക്കെത്താദൂരത്തോളം തരിശുനിലങ്ങൾ. ഇടക്കിടെ കള്ളിമുൾച്ചെടികളും ഒട്ടകക്കൂട്ടങ്ങളും മിന്നിമറയുന്നു. കുറെ ദൂരം ചെന്നിട്ടും കാഴ്ചകൾക്ക് വലിയ മാറ്റമൊന്നുമില്ല.

ജീപ്പ് ഖവ്ദ ഗ്രാമത്തിലെത്തി. ഖവ്ദ മുതൽ വടക്കോട്ട് ഭൂനിരപ്പ് ഉയർന്നുയർന്നുകിടക്കുകയാണ്. കലോദുംഗറിലേ അതവസാനിക്കൂ. സമുദ്രനിരപ്പിൽനിന്ന് 462 മീറ്റർ ഉയരത്തിലാണ് കലോദുംഗർ. കച്ചിലെ ഏറ്റവും ഉയർന്ന പ്രദേശമാണിത്. ഞാൻ ഇരുവശങ്ങളിലേക്കും മാറിമാറി നോക്കിക്കൊണ്ടിരുന്നു.

കയറ്റം കയറിക്കൊണ്ടിരിക്കെ റോഡിന്‍റെ ഇരുവശത്തും കറുത്ത പാറക്കൂട്ടങ്ങൾ. ആകാശത്തിനുപോലും ആ ഇരുണ്ട നിറം പകർന്നുകിട്ടിയതുപോലെ. കലോദുംഗറിന് ബ്ലാക്ക് ഹിൽ എന്ന പേരുണ്ടെന്നത് ഞാൻ അപ്പോഴാണ് ഓർത്തത്. കൂട്ടുകാരോട് അതു പറയുകയും ചെയ്തു. അപ്പോഴേക്കും ജീപ്പ് കലോദുംഗറിൽ എത്തി.

കലോദുംഗറിൽ സഞ്ചാരികളെയും വഹിച്ച് കുന്ന് കയറാനൊരുങ്ങി നിൽക്കുന്ന ഒട്ടകങ്ങൾ


ദത്താത്രേയ ക്ഷേത്രം

ജീപ്പിൽനിന്നിറങ്ങി ചുറ്റും കണ്ണോടിച്ചപ്പോൾ റോഡ് അൽപംകൂടി മലമുകളിലേക്ക് നീണ്ടുകിടക്കുന്നുണ്ട്. അങ്ങോട്ടു ജീപ്പ് പോകില്ല. നടന്നുകയറണം. അതല്ലെങ്കിൽ ഒട്ടകപ്പുറത്തു കയറി റോഡിന്‍റെ അറ്റംവരെ പോകാം. അതിനു 50 രൂപ ഫീസുണ്ട്. 50 രൂപ കൊടുത്താലെന്താ ഒരു ഒട്ടകസവാരി കിട്ടുമല്ലോ. ഞങ്ങൾ ഒട്ടകസവാരി തിരഞ്ഞെടുത്തു.

ഒട്ടകം നാലഞ്ചു ചുവട് മുന്നോട്ടുവെച്ചപ്പോഴേക്കും റോഡിന്‍റെ ഇടതുവശത്തായി ഒരു കൊച്ചുക്ഷേത്രം. ദത്താത്രേയ ക്ഷേത്രമാണത്. ക്ഷേത്രത്തെ ചുറ്റിപ്പറ്റി ഒന്നുരണ്ട് ഐതിഹ്യങ്ങളുണ്ട്. അതിലൊന്ന് ദത്താേത്രയൻ ഭൂമിയിലൂടെ നടന്ന് കലോദുംഗറിൽ എത്തിയതും വിശന്നുവലഞ്ഞ കുറെ കുറുക്കന്മാർ ചുറ്റുംകൂടി വിശപ്പടക്കാനുള്ള ഭക്ഷണം ആവശ്യപ്പെട്ടതുമാണ്.

അലിവു തോന്നിയ ദത്താത്രേയൻ സ്വശരീരം അവക്ക് ഭക്ഷണമായി നൽകിയെന്നും പിന്നീട് പൂർവരൂപം പ്രാപിച്ച് മറ്റൊരിടത്തേക്ക് നടന്നുപോയെന്നുമാണ് ഐതിഹ്യം. രണ്ടാമത്തെ ഐതിഹ്യത്തിലും ദത്താത്രേയൻ തന്നെയാണ് മുഖ്യ കഥാപാത്രം.

കലോദുംഗറിൽ ഉഗ്രതപസ്സിലിരുന്ന ഒരു ഭക്തനെ പരീക്ഷിക്കാൻ അദ്ദേഹം കുറുക്കന്‍റെ രൂപത്തിലെത്തി ഭക്ഷണം ആവശ്യപ്പെട്ടെന്നും ഭക്തൻ സ്വശരീരം ദത്താത്രേയന് സമർപ്പിച്ചെന്നുമാണ്. ഐതിഹ്യമെന്തായാലും കലോദുംഗറിലെ ദത്താത്രേയ ക്ഷേത്രത്തിൽ ആരതിക്കുശേഷമുള്ള പ്രസാദം ഇന്നും കുറുക്കന്മാർക്കുള്ളതാണ്. ചോറാണ് ഇവിടത്തെ പ്രസാദം. ക്ഷേത്രത്തിന് 400 വർഷത്തെ പഴക്കമുണ്ടെന്നും പറയപ്പെടുന്നു.

കലോദുംഗറിലെ വ്യൂ പോയന്‍റ് സന്ദർശിക്കാനെത്തിയ സഞ്ചാരികൾ


കലോദുംഗറിൽനിന്നുള്ള കാഴ്ച

ഒട്ടകസവാരി നാലഞ്ചു മിനിറ്റേ ഉണ്ടായുള്ളൂ. അപ്പോഴേക്കും മലമുകളിലെത്തി. ചുട്ടുപൊള്ളുന്ന വെയിലിൽ തൊണ്ട നനക്കാനും വയറുനിറക്കാനും എന്തെങ്കിലും വേണം. ഒപ്പമുള്ള സുഹൃത്തുക്കൾ കണ്ണിൽക്കണ്ട കടകളിൽ കയറി ചായയും കരിമ്പ് ജ്യൂസും ഒക്കെ അകത്താക്കി.

ചിലർ തൊപ്പിയും സൺഗ്ലാസും വാങ്ങി വെയിലിനെ പ്രതിരോധിക്കാനുള്ള തയാറെടുപ്പിലുമാണ്. ഞാൻ കലോദുംഗറിന്‍റെ പരിസര ഭാഗങ്ങളിലേക്ക് കണ്ണുകളയച്ചു. ചവിട്ടിനിൽക്കുന്ന കുന്നിനോടു ചേർന്ന് വടക്കുഭാഗത്ത് മറ്റൊരു കുന്ന്. ആ കുന്നിന്മുകളിൽ ചെറിയൊരു പവിലിയൻ. അങ്ങോട്ടു കയറിച്ചെല്ലാൻ പടവുകളുണ്ട്. ആളുകൾ കൂട്ടമായി അങ്ങോട്ട് കയറിപ്പോകുന്നതു കണ്ട് ഞാനും നടന്നു.

പടവുകളിലിരുന്ന് ചില ഗായകസംഘം വാദ്യമേളങ്ങളോടെ പാടിത്തിമിർക്കുന്നുണ്ട്. അവരെ പിന്നിട്ട് കുന്നിന്മുകളിലെ പവിലിയനിൽ എത്തിയപ്പോൾ താഴെ വടക്കുപടിഞ്ഞാറ് ഭാഗത്ത് കുന്നുമൂടിയ പച്ചപ്പുകളുടെ മനോഹാരിത. ഓരംചേർന്ന് കടലിന്‍റെ നീലിമയും ഉപ്പുമരുഭൂമിയുടെ വെയിലും.

അതു വല്ലാത്ത കാഴ്ചയാണ്. അതിനപ്പുറം ഇന്ത്യ-പാക് അതിർത്തിയാണെന്ന് ഒരു സഞ്ചാരി സുഹൃത്തുക്കളോടു പറയുന്നതു കേട്ടു. ബി.എസ്.എഫ് ഒട്ടകച്ചുമലിലേറിയാണ് അവിടെ എത്തുന്നതെന്നറിഞ്ഞപ്പോൾ സൈനികരോടുള്ള എന്‍റെ ബഹുമാനവും കൂടി.

റാൻ ഓഫ് കച്ചിലെ വാച്ച് ടവർ


റാൻ ഓഫ് കച്ചിലേക്ക്

കലോദുംഗറിൽനിന്ന് 46 കിലോമീറ്റർ അകലെയാണ് റാൻ ഓഫ് കച്ച്. റാൻ എന്നാൽ മരുഭൂമി എന്നേ അർഥമുള്ളൂ. പക്ഷേ, കച്ചിലേത് സാധാരണ മരുഭൂമിയല്ല. ഉപ്പുപരലുകൾ നിറഞ്ഞ വെളുത്ത മരുഭൂമിയാണത്. കച്ചിന്‍റെ പകുതിയിലേറെ ഭാഗം ഉപ്പുപ്രതലമാണ് എന്നറിയുമ്പോൾ ആരായാലും ഒന്ന് അതിശയിക്കും. ആ അതിശയക്കാഴ്ചയിലേക്കാണ് അടുത്ത യാത്ര.

റാൻ ഓഫ് കച്ചിനോട് ചേർന്നുകിടക്കുന്ന ഒടുവിലത്തെ പട്ടണമാണ് ദോർദോ. വൈകീട്ട് നാലു മണിയോടടുത്തപ്പോൾ ഞങ്ങൾ അവിടെയെത്തി. ഗുജറാത്ത് ടൂറിസം കോർപറേഷൻ നവംബർ മുതൽ ഫെബ്രുവരി വരെ റാൻ ഉത്സവ് നടത്തുന്നത് അവിടെയാണ്. അവിടെനിന്ന് അഞ്ചോ ആറോ കിലോമീറ്റർ കൂടി സഞ്ചരിച്ചാൽ േഗ്രറ്റ് റാൻ ഓഫ് കച്ചിൽ എത്തും.

അവിടേക്ക് പ്രവേശിക്കാൻ ബി.എസ്​.എഫിന്‍റെ അനുമതിപത്രം വാങ്ങേണ്ടതുണ്ട്. ദോർദോയിലെ ടെന്‍റ് സിറ്റിക്കു സമീപമുള്ള ഓഫിസിൽനിന്നാണ് അത് വാങ്ങേണ്ടത്. ഞങ്ങൾ തിരിച്ചറിയൽ കാർഡിന്‍റെ ഓരോ കോപ്പിയും 100 രൂപ ഫീസും അഭിലാഷിനെ ഏൽപിച്ച് ജീപ്പിൽ കാത്തിരുന്നു.

ദോർദോവിലെ ടെന്‍റ് സിറ്റി

അനുമതിപത്രം കിട്ടാൻ അൽപം സമയമെടുക്കുമെന്ന് അപ്പോഴാണ് അറിയുന്നത്. പിന്നെ കാത്തുനിന്നില്ല. എല്ലാവരും ജീപ്പിൽനിന്നിറങ്ങി ദോർദോവിലെ ടെന്‍റ് സിറ്റി കാണാനായി റോഡ് മുറിച്ചുകടന്നു. റാൻ ഉത്സവിൽ പങ്കെടുക്കാനെത്തുന്ന പലരും ടെന്‍റ് സിറ്റിയിലാണ് താമസിക്കുന്നത്.

വൃത്തസ്​തൂപികാകൃതിയിലുള്ള നാനൂറോളം ടെന്‍റുകളുണ്ടിവിടെ. റോഡിനു സമീപം നിരനിരയായി നിർമിച്ചിരിക്കുന്ന ടെന്‍റുകൾ മുൻകൂട്ടി ബുക്ക് ചെയ്തെങ്കിലേ ലഭിക്കൂ. കുറഞ്ഞ നിരക്കിലുള്ള ചില മൺവീടുകൾ അൽപം അകലെ കച്ച് ഗ്രാമങ്ങളിലും വാടകക്ക് കിട്ടും. ചിലർ അവിടങ്ങളിൽ ചെന്നു താമസിക്കും. റാൻ ഓഫ് കച്ചിൽ ഒരു രാത്രി താമസിക്കാൻ കഴിയുക എന്നത് മഹാഭാഗ്യമാണ്. വിശേഷിച്ചും പൗർണമി രാവിൽ നിലാവിൽ കുളിച്ചുനിൽക്കുന്ന ഉപ്പുമരുഭൂമി കാണുക എന്നത്. അതൊരു അനിർവചനീയ അനുഭവമാണ്.

അഭിലാഷ് അനുമതിപത്രം വാങ്ങി തിരിച്ചെത്തിയപ്പോഴേക്കും ഞങ്ങൾ ജീപ്പിൽ കയറി. വണ്ടി വീണ്ടും മുന്നോട്ടു നീങ്ങിത്തുടങ്ങി. റോഡിന്‍റെ ഇരുവശത്തും തൂവെള്ള നിറത്തിലുള്ള ഉപ്പുപരലുകളും പ്രത്യക്ഷപ്പെട്ടുതുടങ്ങി. ദോർദോ മുതൽ പാകിസ്താനിലെ സിന്ധ് പ്രവിശ്യ വരെ അതു പരന്നുകിടക്കുകയാണത്രെ.

45,000 ചതുരശ്ര കിലോമീറ്റർ വിസ്​തൃതിയുള്ള കച്ചിന്‍റെ 23,000 ചതുരശ്ര കിലോമീറ്ററും ഉപ്പുപ്രതലമാണ്. അതിൽ 16,000 ഗ്രേറ്റ് റാൻ ഓഫ് കച്ചും 7000 ലിറ്റിൽ റാൻ ഓഫ് കച്ചുമാണ്. ജീപ്പ് ഒരു കൂറ്റൻ വാച്ച് ടവറിനു സമീപം ചെന്നുനിന്നപ്പോൾ അഭിലാഷ് പറഞ്ഞു, ‘‘ഇറങ്ങി കാഴ്ചകൾ കണ്ടോളൂ. സൂര്യാസ്​തമയം കഴിഞ്ഞേ നമ്മൾ മടങ്ങൂ.’’

വെളുത്ത മരുഭൂമി

ഞങ്ങൾ ജീപ്പിൽനിന്നിറങ്ങി. ചുറ്റും നോക്കെത്താദൂരത്തോളം വെളുത്ത മരുഭൂമി. വെള്ളക്കടലാസിൽ ഒരു കറുത്ത വരയിട്ടതുപോലെ ഞങ്ങൾ കടന്നുവന്ന റോഡ് ദോർദോ സിറ്റിവരെ നീണ്ടുകിടക്കുന്നു. വാച്ച് ടവറിനു ചുറ്റും നിരവധി ഒട്ടകവണ്ടികളും സഞ്ചാരികളും. സഞ്ചാരികളിൽ ചിലർ ടവറിലേക്കു കയറുകയും ചിലർ ഒട്ടകവണ്ടിയിൽ കയറി ഉപ്പുമരുഭൂമിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ചിലർ കാൽനടയായിതന്നെയാണ് ഉപ്പുമരുഭൂമിയിലേക്ക് നീങ്ങുന്നത്.

ഞങ്ങൾ കുറച്ചുനേരം അങ്ങനെത്തന്നെ നിന്നു. പിന്നെ വാച്ച് ടവറിന്‍റെ പടികൾ ചവിട്ടി മുകളിലേക്കു കയറിത്തുടങ്ങി. ഓരോ പടി കയറുമ്പോഴും ഉപ്പുമരുഭൂമിയുടെ കാഴ്ചവട്ടം കൂടിക്കൂടിവന്നു. ഏറ്റവും മുകളിലെത്തിയപ്പോൾ ആകാശവെള്ളയും മരുഭൂവെള്ളയും ഒന്നായപോലെ! ആ കാഴ്ചയിലേക്ക് വിരൽചൂണ്ടി ഗുജറാത്തിലെ ഏതോ സ്​കൂളിൽനിന്നു വന്ന ഒരു ടീച്ചർ കുട്ടികളോട് പറയുന്നതു കേട്ടു: ‘‘കച്ചിലെ റാൻ പ്രദേശം സമുദ്രനിരപ്പിനേക്കാൾ താഴെയാണ്.

അതുകൊണ്ട് മാർച്ച്-ഏപ്രിൽ മാസത്തെ വേലിയേറ്റസമയം കടൽ കരയിലേക്ക് തള്ളിക്കയറും. വേലിയിറക്കം കഴിഞ്ഞാലും ആ വെള്ളം അവിടെത്തന്നെ തളംകെട്ടിനിൽക്കും. മഴക്കാലത്തെ വെള്ളവുംകൂടി ചേരുമ്പോൾ ജലനിരപ്പ് പിന്നെയും ഉയരും. അപ്പോൾ ദോർദോയിലെ ടെന്‍റ് സിറ്റിയും നമ്മൾ കടന്നുവന്ന റോഡുമെല്ലാം വെള്ളത്തിനടിയിലാകും. പിന്നെ കനത്ത വേനൽച്ചൂടിൽ വെള്ളം വറ്റിത്തുടങ്ങും. ആദ്യം ചതുപ്പായും പിന്നെ ഉപ്പുപരലുകളായും മാറുന്ന പ്രദേശം നവംബർ മുതൽ മാർച്ച് വരെ വെളുത്ത മരുഭൂമിയായി മാറുന്നു.’’

കച്ച് മരുഭൂമിയിലെ നടത്തം

ടീച്ചർ റാൻ ഓഫ് കച്ചിന്‍റെ ഭൗമരഹസ്യം പറഞ്ഞുനിർത്തുമ്പോൾ സൂര്യൻ പടിഞ്ഞാറുദിക്കിൽ ചാഞ്ഞുതുടങ്ങിയിരുന്നു. ഞങ്ങൾ വാച്ച് ടവറിന്‍റെ പടവുകളിറങ്ങി ഉപ്പുമരുഭൂമിയിൽ കാലുകുത്തി. ആദ്യ ചുവട് ചളികലർന്ന ഉപ്പുപരലുകളിലേക്കായിരുന്നെങ്കിലും മുന്നോട്ടുപോകുന്തോറും ഉപ്പുപരലുകൾ മാത്രമായി. ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന ഉപ്പിന്‍റെ 60 ശതമാനവും റാൻ ഓഫ് കച്ചിൽനിന്നാണെന്ന കാര്യം ഒപ്പമുള്ളവരിൽ ആരോ ഓർത്തെടുത്തു.

ഉപ്പുമരുഭൂമിയിലൂടെ കടലിനടുത്തുവരെ നടന്നുനോക്കിയാലോ എന്ന് സലാം മാഷ് അഭിപ്രായപ്പെട്ടതും അപ്പോഴാണ്. ആ ഉദ്യമം കണ്ടിട്ടാകണം ഒരു കച്ച് ബാലൻ ആർത്തുചിരിച്ച് വിളിച്ചുപറഞ്ഞു, ‘‘ആപ് ലോക് കഹാം ഹേ? സമുദ്ര് ബഹുത്ത് ദൂർ ഹേ, പച്ചാസ്​ കിലോമീറ്റർ ദൂരി ഹേ’’. സമുദ്രത്തിലേക്ക് 50 കിലോമീറ്റർ ദൂരമുണ്ടെന്നാണ് പയ്യൻ വിളിച്ചുപറയുന്നത്. അതു ശരിയാണെന്ന് മറ്റൊരു സഞ്ചാരിയും ഓർമപ്പെടുത്തിയപ്പോഴാണ് ഞങ്ങൾ നടത്തം നിർത്തിയത്. പിന്നെ എല്ലാവരും അവിടെത്തന്നെ ഇരുന്നു. അതുകണ്ട് പയ്യൻ കൈകൊട്ടി വീണ്ടും ആർത്തുചിരിച്ചു. ആ നിഷ്കളങ്ക ബാല്യത്തെ നോക്കി ഞങ്ങളും കൈവീശി ചിരിച്ചു.

അപ്പോഴാണ് ഇനി അൽപം കിടന്നാലോ എന്ന ആഗ്രഹം സഹയാത്രികൻ സി.ടി. അബ്ദുൽ ഗഫൂർ പ്രകടിപ്പിച്ചത്. അതും നടക്കണമല്ലോ. എല്ലാവരും ഒരുമിച്ച് ഉപ്പുമെത്തയിൽ നീണ്ടു മലർന്നുകിടന്നു. ലോകത്തിലെ ഏറ്റവും വലിയ ഉപ്പുമരുഭൂമിയിലാണ് കിടക്കുന്നത് എന്ന ചിന്ത എന്നിലുണ്ടായി. ഞാൻ കണ്ണുകളടച്ചു നീണ്ടുമലർന്നു സ്വച്ഛമായി കിടന്നു. മയക്കം കണ്ണുകളെ തലോടുംമുമ്പ് സഞ്ചാരികൾ ഉപ്പുമരുഭൂമിയിലേക്ക് കൂട്ടംകൂട്ടമായി പരന്നൊഴുകിത്തുടങ്ങി. കച്ചിലെ സൂര്യാസ്​തമയം തുടങ്ങുകയാണ്. അതു കാണാനുള്ള തയാറെടുപ്പിലാണ് എല്ലാവരും.

കച്ച് നഹി ദേഖാ തോ കുച്ഛ് നഹി ദേഖാ...

അസ്​തമയം വാച്ച് ടവറിൽ കയറി കാണാമെന്ന് നേരത്തേ തീരുമാനിച്ചതാണ്. ഞങ്ങൾ ടവർ ലക്ഷ്യമാക്കി നടന്നു. അടുത്തെത്തിയപ്പോൾ ടവർ നിറയേ ആളുകൾ. ടവറിനു താഴെ റോഡിൽ നിന്നാലും അസ്​തമയം കാണാനാകും. ഞങ്ങൾ റോഡിൽ നിലയുറപ്പിച്ചു.

സൂര്യൻ അസ്​തമയ ദിക്കിൽ ചുവന്നുതുടുത്ത് കോമളവദനനായി താഴോട്ടിറങ്ങി തുടങ്ങി. വെളിച്ചം നേർത്തുനേർത്തു ചുറ്റും സന്ധ്യാചുവപ്പും പരന്നു. കൂരിരുൾ പരക്കുംമുമ്പ് റാൻ ഓഫ് കച്ചിനെ ഞാനൊന്നുകൂടി നോക്കി. അസ്​തമയക്കാഴ്ചകളിൽ മനം മുഴുകിയിരിക്കുകയാണ് സഞ്ചാരികൾ.

അവരുടെ നിഴൽച്ചിത്രങ്ങൾ തൂവെള്ള മരുഭൂമിയിൽ വീണുകിടക്കുന്നുണ്ട്. ക്രമേണ അതു മാഞ്ഞുമാഞ്ഞ് ഇരുട്ടിൽ ലയിച്ചില്ലാതാകുന്നു. അപ്പോഴും റാൻ ഓഫ് കച്ചിന്‍റെ വിശാല കാൻവാസിൽ സഞ്ചാരികളുടെ ത്രിമാനച്ചിത്രങ്ങൾ വരക്കുന്ന തിരക്കിലാണ് ആകാശച്ചുവപ്പ്. ആ വിസ്​മയക്കാഴ്ച കണ്ട് ഞാനും അറിയാതെ പറഞ്ഞുപോയി, ‘‘കച്ച് നഹി ദേഖാ തോ കുച്ഛ് നഹി ദേഖാ...’’ അതെ, കച്ച് കണ്ടിട്ടില്ലെങ്കിൽ ഒന്നും കണ്ടിട്ടില്ല.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India Travel Destinationgreat rann of kutch
News Summary - A trip to the Rann of Kutch
Next Story