Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightTravelchevron_right‘വ്യക്തി ശുചിത്വത്തിൽ...

‘വ്യക്തി ശുചിത്വത്തിൽ കേമൻ ആണെങ്കിലും പൊതുശുചിത്വത്തിൽ മലയാളികൾ എത്രയോ മുന്നോട്ടുപോകാൻ ഉണ്ട് എന്ന് പഠിപ്പിക്കുന്ന ഘാനയിലെ തെരുവുകൾ’

text_fields
bookmark_border
‘വ്യക്തി ശുചിത്വത്തിൽ കേമൻ ആണെങ്കിലും പൊതുശുചിത്വത്തിൽ മലയാളികൾ എത്രയോ മുന്നോട്ടുപോകാൻ ഉണ്ട് എന്ന് പഠിപ്പിക്കുന്ന ഘാനയിലെ തെരുവുകൾ’
cancel

കൊളോണിയൽ യുഗത്തിന്റെ കറുത്ത കരങ്ങളിൽനിന്നും ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ആദ്യമായി സ്വാതന്ത്ര്യം നേടിയെടുത്ത വീരപോരാളികളുടെ രാജ്യം. മുൻ യു.എൻ ജനറൽ സെക്രട്ടറി കോഫി അന്നന്റെ ജന്മനാട്. ഖത്തർ ലോകകപ്പിൽ മികച്ച പോരാട്ട വീര്യം കാഴ്ചവെച്ച ഫുട്ബാൾടീമിനെ അയച്ച രാജ്യം.

കേരളത്തിലെ സെവൻസ് ഫുട്‌ബാളുകളിൽ കറുത്തപൊന്നായി തിളങ്ങുന്ന ‘സുടു’കളുടെ നാട്. ഘാന എന്ന പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യത്തെ വായിച്ചറിഞ്ഞത് ഇങ്ങനെയൊക്കെയാണ്. തലസ്ഥാന നഗരിയായ അക്ര മുതൽ മധ്യഘാനക്ക്​ അടുത്തുള്ള വ്യവസായ നഗരമായ കുമാസി വരെ പത്തുദിവസം നീണ്ടു സഞ്ചാരം.

യു.എ.ഇയിൽ നിന്നാണ് യാത്ര ആരംഭിച്ചത്. എമിറേറ്റ്സ് എയർലൈൻസ് മാത്രമേ നേരിട്ടുള്ള സർവീസ് നടത്തുന്നുള്ളൂ. എട്ടു മണിക്കൂറിൽ ദുബൈയിൽ നിന്നും തലസ്ഥാനമായ അക്രയിൽ എത്താം. കെനിയൻ എയർ, എത്യോപ്യൻ എയർ എന്നിവ കണക്ഷൻ സർവീസുകൾ നടത്തുന്നുണ്ട്.

അതാത് രാജ്യങ്ങളിൽ ഏതാനും മണിക്കൂറുകൾ കാത്തിരുന്ന് പന്ത്രണ്ടും പതിനെട്ടും മണിക്കൂറിൽ ഘാന പിടിക്കാം. ഇന്ത്യയിൽ നിന്നും ഡയറക്ട് സർവീസുകൾ ഇതുവരെ ഘാനക്കില്ല. ഏതാണ്ട് 55,000 രൂപ പോക്കുവരവിന് വിമാനടിക്കറ്റിനായി നീക്കിവെക്കേണ്ടി വരും.


വഴിവാണിഭക്കാർ നിറഞ്ഞ അക്ര

കൊട്ടോക എയർപോർട്ടിൽനിന്നും പുറത്തിറങ്ങി നഗരവീഥികളിലൂടെ യാത്രചെയ്യുമ്പോൾ ആദ്യം എത്തുന്ന സിഗ്നലിലോ ട്രാഫിക് ജാമിലോ തലച്ചുമടിൽ തരാതരം സാധനങ്ങളുമായി കച്ചവടക്കാർ വണ്ടികളെ സമീപിക്കുന്നത് കാണാം. കുടിവെള്ളം, ജ്യൂസുകൾ, സ്നാക്കുകൾ തുടങ്ങി മൊബൈൽ ആക്സസറീസും വണ്ടികളുടെ സാധന സാമഗ്രികളും വരെ കൂട്ടത്തിൽ കണ്ടു.

അന്യായവില ഈടാക്കാത്തതുകൊണ്ടാകാം, ആരും വിലപേശി സമയം കളയുന്നന്നില്ല. വണ്ടികൾ നിൽക്കുന്ന ഏതാനും മിനിറ്റുകളിൽ സാമാന്യം നല്ല കച്ചവടം തന്നെ നടക്കുന്നുണ്ട്. പുരുഷന്മാർ കുറവാണ് സ്ത്രീകളും കൗമാരക്കാരുമാണ് കൂടുതലും.

താരതമ്യേന കുറഞ്ഞ നിരക്കുകൾ ഈടാക്കുന്ന ചെറിയ ലോഡ്ജുകൾ മുതൽ നക്ഷത്ര ഹോട്ടലുകൾ വരെ അക്രയിൽ ലഭ്യമാണ്. ഒരു ദിവസത്തിന് 2000 രൂപ മുതൽ കണക്കാക്കാം. ജനങ്ങൾ പൊതുവേ സൗഹാർദ്ദപരമായി ഇടപഴകുന്നവരായതിനാൽ സധൈര്യം നഗരവീഥികളിലൂടെ ചുറ്റിയടിക്കാം. ടൂറിസം വളർച്ചയുടെ പാത കൈവരിച്ചു വരുന്നതേയുള്ളൂ ഘാനയിൽ. വിനോദസഞ്ചാരികളായ ഇന്ത്യക്കാരെ അധികം കാണില്ല. ഉള്ളവർ മിക്കതും ജോലി, ബിസിനസ് സംബന്ധമായാണ് വരുന്നത്.

ചെലവ്​ കുറഞ്ഞ നാട്​

ജോലിയുടെ ഭാഗമായി എത്തിയ എനിക്ക് ഘാനയിലെ സുഹൃത്ത് റിച്ചാർഡ് ഒരു കുടുംബത്തോടൊപ്പം പേയിങ് ഗസ്റ്റായാണ് താമസം സജ്ജീകരിച്ചത്. ഇതിലൂടെ ചെലവ് ചുരുങ്ങി. ഒപ്പം അവരുടെ സംസ്കാരവും അടുത്തറിയാം. എയർപോർട്ടിൽ നിന്നും 20 കിലോമീറ്റർ ദൂരത്തിലുള്ള ആമസോമാന്‍ എന്ന സ്ഥലത്താണ്​ അത്.

ആമസോമാനിൽ എന്നെ ഏറെ ആകർഷിച്ചത് അവിടുത്തെ തിരക്കേറിയ ചന്തയാണ്​. ഒരുപാട്​ സാധനങ്ങൾ ആളുകൾ വിൽക്കുന്നു വാങ്ങുന്നു. പിറ്റേന്ന് ഞങ്ങൾക്ക് പോകേണ്ടത് 'അഷാന്തെ' (Asanthe) പ്രവിശ്യയിലുള്ള കുമാസിയും കടന്ന് സുന്യൊനി എന്ന നഗരത്തിലാണ്.

അക്രയിൽ നിന്നും ആറുമണിക്കൂറിൽ അധികം ബസ് യാത്രയുണ്ട് സുന്യൊനിയിലേക്ക്‌. റിച്ചാർഡിന്റെ ഗ്രാമമായ ദ്വയവ്‌ ൻകൊണ്ടയിലെ (Duayaw nkanta ) ഒരു ടൂറിസ്റ്റ് ഹോമിലാണ് രണ്ടുദിവസം താമസിച്ചത്. ഇത്ര ചെറിയ ഗ്രാമത്തിലും ടൂറിസ്റ്റ് ഹോമുകൾ ആവശ്യത്തിനുണ്ട്.

ദൂരസ്ഥലങ്ങളിൽ നിന്ന്​ മരണാനന്തര ചടങ്ങുകൾക്കും വിവാഹ ആഘോഷങ്ങൾക്കും എത്തുന്നവരെ ലക്ഷ്യം ​െവച്ചുള്ളതാണ് ഇവ. 100 മുതൽ 150 ഘാന സെഡിസ് (1000 രൂപ) ഉണ്ടെങ്കിൽ ഒരു രാത്രി തങ്ങാം. അക്രയിൽ ഇത് 2500 രൂപ മുതലാണ്. തലസ്ഥാനത്ത് ഓൺലൈൻ ടാക്സിയായ 'ബോൾട്ട്' ചുരുങ്ങിയ ചെലവിൽ സർവീസ് നടത്തുന്നുണ്ട്. എന്നാൽ ചെറിയ നഗരങ്ങളിലും ഗ്രാമങ്ങളിലും ടാക്സി കാറുകളും ബജാജ് ഓട്ടോകളുമാണ് ശരണം.

ഒരു ഓട്ടോ പിടിച്ചാണ് ഉൾഗ്രാമമായ അദ്രൊബയിൽ ചില കർഷകരെ കാണാൻ പോയത്. പെട്രോളിന് ലിറ്ററിന് ഏതാണ്ട് 100 രൂപ നൽകിയാണ് ഓട്ടോക്കാരൻ ഇന്ധനം നിറച്ചത്. റെയിൽ ഗതാഗതം ഉണ്ടെങ്കിലും അത്ര കാര്യക്ഷമമല്ല ഘാനയിൽ.

ഡിസൈനർ ശവപ്പെട്ടികൾ

കിടിലൻ ലുക്കിൽ ശവപ്പെട്ടികൾ

ഘാനക്കാരുടെ വിശ്വാസം അനുസരിച്ച് ഒരാളുടെ ഭൗതികശരീരം മാത്രമേ മരിക്കുന്നുള്ളൂ. ആത്മാവ് പുതിയൊരു ജീവിതത്തിലേക്ക് യാത്രയാവുകയാണ്. തന്റെ പൂർവികരെ തേടി അവരുടെ ലോകത്തേക്ക് പോകുന്നവരെ സന്തോഷത്തോടെ തിന്നും കുടിച്ചും ആടിയും പാടിയുമാണ് അവർ യാത്രയാക്കുന്നത്. മരണം സംഭവിച്ചു കുറഞ്ഞത്​ ഒരാഴ്ചയെങ്കിലും കഴിഞ്ഞേ ശവമടക്ക് നടക്കു.

ചടങ്ങുകൾ ആഘോഷപൂർവം നടത്താൻ സാമ്പത്തികമായി കഴിവുള്ളവർ മാസങ്ങളും വർഷങ്ങളും മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കും. മടിശ്ശീലയുടെ കനം അനുസരിച്ച് മരണ അറിയിപ്പ് ഒരു നോട്ടീസിൽ തുടങ്ങി ഹൈവേകളുടെ ഓരങ്ങളിലുള്ള കൂറ്റൻ ബോർഡുകളിൽ വരെ നിറയും.

"Call to glory", "lived a glorious life" തുടങ്ങിയ തലക്കെട്ടുകളോട് കൂടി മരണപ്പെട്ട വ്യക്തിയുടെ പേര്, ജനന മരണ ദിവസങ്ങൾ, കുടുംബ പശ്ചാത്തലം, ജീവിത നേട്ടങ്ങൾ തുടങ്ങിയവ ഇതിൽ പ്രതിപാദിക്കും. ഗ്രാമ മുഖ്യന്റെ സാന്നിധ്യം നിർബന്ധമായതിനാൽ ശനിയാഴ്ചകളിലാണ് ചടങ്ങുകൾ നടത്തുക. ബന്ധുക്കളും മിത്രങ്ങളും ദൂരഗ്രാമങ്ങളിൽ നിന്നുള്ളവരും കറുപ്പും ചുവപ്പും നിറങ്ങളിലുള്ള പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചാണ് മരണാനന്തര ആഘോഷങ്ങളിൽ പങ്കെടുക്കുന്നത്.

ഡിസൈനർ ശവപ്പെട്ടികളാണ് ഏറെ കൗതുകകരം. മരിച്ചയാളുടെ തൊഴിൽമേഖലയോ ബിസിനസോ ജീവിത സ്വപ്നങ്ങളോ അനുസരിച്ചുള്ള തീമിലാണ് ഇവ നിർമിക്കുന്നത്. ഉദാഹരണത്തിന് കൊക്കോ കൃഷി വിപുലമായി നടത്തുന്ന ഈ രാജ്യത്ത് ആ മേഖലയിൽ പ്രവർത്തിക്കുന്നയാൾ മരിച്ചാൽ കൊക്കോയുടെ മാതൃകയിലാകും ശവപ്പെട്ടി. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വ്യക്തിയാണെങ്കിൽ മീനിന്റെ ആകൃതിയിലും. ഉപയോഗിക്കുന്ന മരങ്ങളുടെ നിലവാരം അനുസരിച്ച് വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉള്ള മേഖല വൻ സാധ്യതയുള്ള ഒരു ബിസിനസ് കൂടിയാണ്.


ഗ്രാമീണ ചാരുത, ശുചിത്വ ബോധം

ആഷാന്തെ പ്രവിശ്യയിലുള്ള ഗ്രാമപ്രദേശങ്ങൾ സന്ദർശിച്ചപ്പോൾ അനുഭവപ്പെട്ടത് 80കളിലെ കേരളത്തിലേക്ക് തിരികെപോയ പ്രതീതി. നേന്ത്രവാഴയും മരച്ചീനിയും ചോളവും ഒക്കെ യഥേഷ്ടം കൃഷിചെയ്യുന്ന ഗ്രാമങ്ങൾ. റോഡിൽനിന്നും ഉൾനാടൻ ഗ്രാമങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ. ഇടക്ക് പെയ്ത മഴയിൽ കുതിർന്ന ചെമ്മൺ പാതകൾ ഉണങ്ങി വരുന്നേയുള്ളൂ.

പണിയായുധമായ നീളൻ കൊടുവാളുകളുമായി നടന്നുനീങ്ങുന്ന പുരുഷന്മാർ, പറിച്ചെടുത്ത മരച്ചീനിയും നേന്ത്രവാഴക്കുലകളുമായി തലച്ചുമടായി നീങ്ങുന്ന പെണ്ണുങ്ങൾ. ലുങ്കി എന്നു തോന്നുന്ന തുണികൊണ്ട് ഇടുപ്പിൽ പിറകുവശത്ത് കെട്ടിയതിൽ അവരുടെ കുഞ്ഞുങ്ങൾ.

മലയാളികൾക്ക് ഈ സംഗതി അതിശയമായി തോന്നുമെങ്കിലും കുഞ്ഞുങ്ങൾ വളരെ കംഫർട്ട് സോണിലാണ് അവർ. വീട്ടിലെയും കൃഷിയിടങ്ങളിലും ജോലിചെയ്യുമ്പോഴും യാത്ര ചെയ്യുമ്പോഴും ഒക്കെ കുഞ്ഞ് ഇതിൽ സുരക്ഷിതമാണ്. കൂടാതെ, അമ്മക്കും കുഞ്ഞിനും പരസ്പരം ചൂടും ചൂരും ആവോളം നുകരുകയും ആവാം.

നേരത്തേ ജോലിയും ഉറക്കവും

അതിരാവിലെ നാലുമണിയോടെ ഉണർന്നെണീറ്റ് ജോലികളിൽ വ്യാപൃതരാവുന്ന ഇവർ വൈകീട്ട് നേരത്തേ ഉറങ്ങുന്ന ശീലക്കാരാണ്. രണ്ടുനേരം കുളിക്കുന്നത് ഇവരുടെ ജീവിതചര്യയിൽ പ്രധാനമാണ്. കുളിച്ചേ വീട്ടിൽ നിന്നിറങ്ങൂ, കുളി കഴിഞ്ഞേ രാത്രി ഉറങ്ങൂ.

പ്രത്യേക മരങ്ങളിൽനിന്നും ഉണ്ടാക്കുന്ന കമ്പുകൾ കൊണ്ട് പല്ല് വൃത്തിയാക്കുന്നതും സർവസാധാരണം. വ്യക്തി ശുചിത്വത്തിൽ മലയാളി കേമൻ ആണെങ്കിലും പൊതുശുചിത്വത്തിൽ നമ്മൾ എത്രയോ മുന്നോട്ടുപോകാൻ ഉണ്ട് എന്ന് ഘാനയിലെ തെരുവുകൾ നമ്മെ പഠിപ്പിക്കും. നിരത്തുകളിലും പൊതുസ്ഥലങ്ങളിലും അനധികൃത പരസ്യങ്ങളോ ഫ്ലക്സുകളോ വലിച്ചെറിഞ്ഞ ചവറുകളോ കാണാനില്ല. മലേറിയ ഒരു ആരോഗ്യ ഭീഷണിയായതിനാൽ ഗ്രാമങ്ങളിൽപോലും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തിൽ അതിജാഗ്രത പുലർത്തുന്നുണ്ട്.

അനൗൺസ്‌മെന്റ് (റേഡിയോ) സ്റ്റേഷൻ

"ഫുഫു"-വായിൽ വെള്ളമൂറും

ഭക്ഷണവിഭവങ്ങളിൽ സവിശേഷമായി കണ്ട ഒന്നാണ് ഫുഫു. മരച്ചീനിയും നേന്ത്രപ്പഴവും പുഴുങ്ങിയെടുത്ത് ഉരലിൽ വേറെ വേറെ ഇടിച്ചു മാവ് പരുവത്തിലാക്കി രണ്ടും ഉരുട്ടി വെക്കും. ഇത് പച്ചമുളകും തക്കാളിയും ഉപ്പും ചിക്കനും ചിലപ്പോൾ മീനും എല്ലാം ചേർത്ത് തിളപ്പിച്ച ഒരു സൂപ്പിൽ മുക്കി​െവച്ച് കഴിക്കുന്നതാണ് ഇവിടത്തുകാരുടെ ഇഷ്ട വിഭവം. എന്നാൽ, എനിക്ക്​ അതത്ര നന്നായി തോന്നിയില്ല.

ഉരലിൽ ഇട്ട് ഇടിവീഴും മുന്നേ വലിയ രണ്ടു കഷണം കപ്പ മാറ്റി​െവച്ചാണ് മിക്ക നാളുകളിലും ഞാൻ വിശപ്പടക്കിയത് . ചോറും ബീൻസും ബ്രഡും ഒക്കെ പരമ്പരാഗത ഭക്ഷണങ്ങൾ ആണെങ്കിലും ഭക്ഷണകാര്യത്തിൽ ഇവർ അമിതമായ ആവേശമോ ധൂർത്തോ നടിച്ചു കണ്ടില്ല.

അനൗൺസ്മെൻറ് സ്റ്റേഷനുകൾ

നഗരപരിധിയിൽ ഒക്കെ സ്മാർട്ട്ഫോണുകളും നവമാധ്യമങ്ങളും ആളുകൾ യഥേഷ്ടം ഉപയോഗിക്കുന്നുണ്ടെങ്കിലും ഗ്രാമങ്ങളിൽ അതത് ഗ്രാമത്തലവൻ വിളംബരം ചെയ്യുന്ന കാര്യങ്ങളും ജനന മരണ വാർത്തകളും മറ്റും ഗ്രാമീണരെ അറിയിക്കുന്നത് അനൗൺസ്‌മെന്റ് (റേഡിയോ) സ്റ്റേഷനുകളിലൂടെയാണ്.

ഒരു ചെറിയ ഒറ്റമുറി കെട്ടിടത്തിൽ ഒരു മൈക്ക് സംവിധാനവും ഗ്രാമം മൊത്തം കേൾക്കാൻ ഉതകുന്ന കോളാമ്പി സ്പീക്കറുകളും ഒരു അനൗൺസറും ഉണ്ടാകും. ഞാൻ സന്ദർശിച്ച ഒരു ഗ്രാമത്തിൽ കണ്ട കാഴ്ച, കുറച്ചു ചെറുപ്പക്കാർ രണ്ടുമൂന്ന് ആടുകളെ തെളിച്ചു ആഘോഷപൂർവം നടന്നുനീങ്ങുന്നുണ്ട്.

കാര്യമെന്തെന്ന് എന്റെ ആതിഥേയൻ റിച്ചാർഡ്നോട് തിരക്കിയപ്പോൾ ഗ്രാമമുഖ്യൻ പുറപ്പെടുവിച്ച ഒരു അനൗൺസ്മെൻറ് പ്രകാരം യജമാനൻ ഇല്ലാതെ മേയാൻ തുറന്നുവിടുന്ന ആടുകൾ ഗ്രാമത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനാൽ ഇനി ഇത്തരം ആടുകളെ പുറത്തു കണ്ടാൽ ആർക്കും പിടിച്ചുകൊണ്ടുപോയി സൂപ്പ് ​െവച്ച് കഴിക്കാം. ആ സുവർണാവസരം ആഘോഷമാക്കിയ രംഗമാണ് കണ്ടത്.

ഗ്രാമത്തിലെ കുട്ടികളോടൊപ്പം ലേഖകൻ

വിനോദസഞ്ചാരം, ചരിത്രാന്വേഷണം

വിനോദസഞ്ചാരത്തിനും ചരിത്രാന്വേഷണത്തിനുമൊക്കെ തിരഞ്ഞെടുക്കാവുന്ന ഒരു ഡെസ്റ്റിനേഷനാണ് തലസ്ഥാനമായ ആക്രമയും പരിസരവും. സ്വാതന്ത്ര്യലബ്ധിയുടെ പ്രതീകമായി സ്ഥാപിച്ച ഇൻഡിപെൻഡൻസ് സ്ക്വയർ, ബ്രിട്ടീഷുകാരോട് പോരാടി വീരമൃത്യുവരിച്ചവരുടെ സ്മരണാർഥം നിർമിച്ച രക്തസാക്ഷി മണ്ഡപം, നഗരപ്രാന്തത്തിലുള്ള ലഗോൺ ബൊട്ടാണിക്കൽ ഗാർഡൻ, വിപ്ലവത്തിന് ചുക്കാൻ പിടിച്ച് സ്വതന്ത്ര ഘാനയുടെ ആദ്യ പ്രസിഡന്‍റായ ക്വാമെ ന്ക്രൂമായുടെ (Kwame Nkrumah) പേരിലുള്ള മ്യൂസിയം, തിരക്കുപിടിച്ച മുക്കോള മാർക്കറ്റ് തുടങ്ങിയവ ഘാന സന്ദർശിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഇടങ്ങൾ തന്നെ.

ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയങ്ങൾ സഞ്ചാരത്തിന് തെരഞ്ഞെടുക്കുന്നതാണ് ഉചിതം. ഭൂമധ്യരേഖയോട് ചേർന്ന് നിൽക്കുന്ന രാജ്യമായതിനാൽ കാലാവസ്ഥയിൽ വലിയ വ്യതിയാനം പറയാനില്ല. ആവശ്യത്തിനു മഴയും സൂര്യപ്രകാശവും വർഷത്തിലുടനീളം ലഭിക്കും. രാജ്യത്തിന്‍റെ വടക്കായി സ്ഥിതിചെയ്യുന്ന മോളെ നാഷനൽ പാർക്കും തെക്ക് കിഴക്കുള്ള അത്തീവ മഴക്കാടുകളും നല്ല കാഴ്ച വിരുന്ന് സമ്മാനിക്കുമെന്ന് റിച്ചാർഡ് പറഞ്ഞു.

എല്ലാം കണ്ടു തീർത്താൽ വീണ്ടും പോകാനുള്ള ആവേശം തീരില്ലേ... അതുകൊണ്ട് പ്രകൃതിമനോഹരമായ അബൂരി ഗാർഡൻസും അടിമക്കച്ചവടത്തിന്റെ കറുത്ത നാളുകളുടെ ഓർമകൾ പേറുന്ന കേപ് കോസ്റ്റുമൊക്കെ കാണാൻ ബാക്കിവെച്ചാണ് തൽക്കാലം ഞാൻ ഘാനയോട് വിടപറഞ്ഞത്.

Show Full Article
TAGS:TravelogueGhanaafrica
News Summary - Travelogue experiences in Ghana
Next Story