Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightTravelchevron_rightBeauty Spotchevron_right‘മൊബൈലുകളിൽ കൃത്യമായി...

‘മൊബൈലുകളിൽ കൃത്യമായി സിഗ്നൽ പോലുമില്ല. രണ്ടു വയസ്സുള്ള മകൾ മുതൽ 69 വയസ്സുള്ള ഉപ്പ വരെ കൂട്ടത്തിലുണ്ട്. ഹിമാലയ മലനിരകളിലെ സമുദ്ര നിരപ്പിൽനിന്ന് 14,500 അടി ഉയരത്തിൽ വരേ ഞങ്ങളെത്തി’

text_fields
bookmark_border
Revel in the mesmerizing beauty of Gangtok
cancel
camera_alt

റോപ്‌വേയിൽനിന്നുള്ള ഗാങ്ടോക് നഗരദൃശ്യം

‘‘എനിക്കെന്തോ ഒരു വല്ലായ്മ പോലെ. ശ്വാസം എടുക്കാൻ പ്രയാസം. ഏതെങ്കിലും ഡോക്ടറെ വിളിച്ചുചോദിച്ചാലോ...’’ഉമ്മയുടെ വാക്കുകൾ കേട്ടപ്പോൾ ചെറിയ ഉത്കണ്ഠയായി. സ്വാഭാവികമാണ് ആശങ്ക.

നിലവിൽ നിൽക്കുന്നത്​ ഹിമാലയ മലനിരകളിലെ സമുദ്ര നിരപ്പിൽനിന്ന് 14,500 അടി ഉയരത്തിലാണ്. ഇന്ത്യ-ചൈന അതിർത്തിയായ നാഥുലാ പാസിൽ. നാട്ടിൽനിന്ന് 3000 കി.മീ. അകലെ. ആരെ വിളിക്കണം എന്നാലോചിക്കാൻ സമയമില്ല. മൊബൈലുകൾ കൃത്യമായി സിഗ്നൽ പോലുമില്ല.

ഉള്ള റേഞ്ചിൽ ഭാര്യസഹോദരി ഡോ. സവിനയെ കിട്ടി. ഉയരം കൂടിയ സ്ഥലത്ത്, തണുപ്പു കാരണം ഓക്സിജൻ കുറവ് അനുഭവപ്പെടുന്നതുകൊണ്ടാകാം ഈ പ്രയാസം എന്നും ശരീരത്തെ ചൂടാക്കിയാൽ മതിയെന്നും മറുപടി കിട്ടി.

ആളുകൾ കൂട്ടംകൂടി നിൽക്കുന്ന ഒരു ഷെഡിൽ സദാസമയവും എരിയുന്ന നെരിപ്പോടിനടുത്ത് കിട്ടിയ ഒരു സ്ഥലത്ത് ഉമ്മയെ ഇരുത്തി. ചൂട് ചായക്കൊപ്പം കൈകാലുകൾ ചൂടുപിടിപ്പിച്ചുകൊണ്ട് കുറെനേരം അവിടെ ഇരുന്നു. കുറച്ച് കഴിഞ്ഞപ്പോഴേക്കും അൽപം ആശ്വാസം കിട്ടിത്തുടങ്ങി.

നാഥുല പാസ്

ഇറങ്ങിയത്​ കൂട്ടുകുടുംബ യാത്രക്ക്​

2004 മുതൽ ഉപ്പ പി.പി. അബ്ദുറഹിമാൻ (കൊടിയത്തൂർ) പശ്ചിമ ബംഗാളിൽ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായ സ്കൂളുകളും പള്ളികളും സന്ദർശിക്കുകയായിരുന്നു മക്കളായ ഞങ്ങളുടെ ലക്ഷ്യം.

കൊൽക്കത്തയും ചരിത്രമുറങ്ങുന്ന മുർഷിദാബാദ് പട്ടണവും മൗണ്ട് ഹിറാ സ്കൂൾ സ്ഥിതിചെയ്യുന്ന ശങ്കർപൂർ ഗ്രാമവും കാണാം. കൂട്ടത്തിൽ ഗാങ്ടോക്ക്. സിക്കിം തലസ്ഥാനമായ ഗാങ്ടോക്കിൽനിന്ന് അധികം അകലെയല്ല ഇന്ത്യ-ചൈന അതിർത്തിയായ നാഥുല പാസ്​.

അങ്ങനെ ഉപ്പ, ഉമ്മ, അഞ്ച് മക്കൾ, അവരുടെ കുടുംബങ്ങൾ ചേർന്ന് 25 പേരുണ്ട് യാത്രയിൽ. രണ്ടു വയസ്സുള്ള ഹയാമോൾ മുതൽ 69 വയസ്സുള്ള ഉപ്പ വരെ. അതിനാൽതന്നെ ആയാസരഹിതമായ യാത്രക്ക്​ കൃത്യമായ പ്ലാനിങ്​ ആവശ്യമായിരുന്നു. അതേസമയം തന്നെ ചെലവ് പരിധി വിടാനും പാടില്ല.

ഒരാഴ്ച നീളുന്ന യാത്രയാണ് പ്ലാൻ ചെയ്തത്. രണ്ടുദിവസം കൊൽക്കത്ത, ഒരുദിവസം മുർഷിദാബാദ്, രണ്ടു ദിവസം സിക്കിം. ഇടയിലെ യാത്രകൾ അടക്കം എട്ടുദിവസം. ചെന്നൈ വരെ ​ട്രെയിനിലും അവിടെനിന്ന് വിമാനത്തിലും കൊൽക്കത്തയിൽ പോകാൻ പ്ലാനിട്ടു. കൂട്ടത്തിലെ പലരുടെയും കന്നി വിമാനയാത്രയുമായി. 2022 മേയ് ഏഴിന് ഉച്ച തിരിഞ്ഞ്, എയർ ഏഷ്യ ഫ്ലൈറ്റ് കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് എയർപോർട്ടിൽ നിലംതൊട്ടു.

ലോകാത്ഭുതങ്ങളുടെ കൊൽക്കത്ത

വിമാനത്താവളത്തിനുപുറത്ത് നേരത്തേ ബുക്ക് ചെയ്ത വാഹനം കാത്തിരുന്നു. നേരെപോയത് കൊൽക്കത്ത നഗരത്തിന്‍റെ പുറംഭാഗത്ത് ഉയർന്നുവരുന്ന ന്യൂ ടൗണിൽ നിർമിച്ച എക്കോ പാർക്ക് കാണാൻ. പത്തുവർഷം കൊണ്ട് നഗരത്തിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായി വളർന്ന പാർക്ക് മുഖ്യമന്ത്രി മമത ബാനർജിയുടെ സ്വപ്ന പദ്ധതിയാണ്. ഏഴ് ലോകാത്ഭുതങ്ങളും അതേ ആകാര ഭംഗിയിൽ ഉണ്ടാക്കിവെച്ച സെവൻ വണ്ടേഴ്സ്, ജപ്പാൻ ഗാർഡൻ, ബട്ടർഫ്ലൈ ഗാർഡൻ, റോസ് ഗാർഡൻ, മിസ്റ്റ് ഗാർഡൻ തുടങ്ങി ഏക്കർ കണക്കിന് ഭൂമിയിൽ നിർമിക്കപ്പെട്ട പാർക്ക്​.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ധാരാളം വിനോദങ്ങൾ. പാരിസിലെ ഈഫൽ ഗോപുരം അതേ ചാരുതയിൽ ഇവിടെ പുനർനിർമിച്ചിരിക്കുന്നു. അന്നത്തെ കാഴ്ചകൾ കഴിഞ്ഞ് ടൗണിൽ എത്തി. 1873 ൽ ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച സെൻട്രൽ ടെലഗ്രാഫ് ഓഫിസ് സമുച്ചയത്തിലെ അതിഥി മുറികൾ 150 വർഷത്തിന്‍റെ ചരിത്രം പറയുന്നുണ്ടായിരുന്നു.

കൊൽക്കത്തയിലെ രണ്ടാംദിനം ആരംഭിച്ചത് പ്രസിദ്ധമായ ഹൗറാ പാലത്തിലൂടെയുള്ള യാത്രയോടെയാണ്. മുൻ കാലങ്ങളിൽ പാലത്തിൽ ഇറങ്ങാനും ഫോട്ടോ എടുക്കാനും അനുമതി ഉണ്ടായിരുന്നു. ഇപ്പോഴത്തെ നഗരത്തിരക്കിൽ അനുവാദമില്ലെന്ന് ഡ്രൈവർ പറഞ്ഞു.

വാഹന ബാഹുല്യം കാരണം വിദ്യാസാഗർ സേതു എന്ന പുതിയൊരു തൂക്കുപാലംകൂടി അടുത്തകാലത്ത് നിർമിക്കപ്പെട്ടു. പഴയതിൽനിന്ന് വ്യത്യസ്തമായി തികച്ചും നൂതനമായ സാങ്കേതികവിദ്യയാണ് അതിനായി ഉപയോഗിച്ചത്.

കൊൽക്കത്ത വിക്ടോറിയ മെമ്മോറിയൽ

സയൻസ് സിറ്റിയിലെ ഡാർക്​ റൈഡ്​

സയൻസ് സിറ്റി ആയിരുന്നു അടുത്ത ലക്ഷ്യം. ജൈവപരിണാമത്തിന്‍റെ വ്യത്യസ്ത കാലങ്ങൾ പരിചയപ്പെടുത്തുന്ന ഡാർക് റൈഡ് മികച്ച അനുഭവമായി. അനക്കവും ശബ്ദവുംകൊണ്ട് ദിനോസറുകൾക്ക് ശരിക്കും ജീവനുള്ളതുപോലെ. ഭയവും ആശ്ചര്യവും ഒരുമിച്ച് അനുഭവപ്പെടുന്ന ടൈം ട്രാവലാണ്​ ഏവർക്കും ഏറെ ഇഷ്ടപ്പെട്ടത്. ഇന്ത്യയിലെ ഏറ്റവും വലിയ സയൻസ് സെന്‍റർ വിടുന്നതിനുമുമ്പു തന്നെ എല്ലാം കണ്ടെന്ന് ഉറപ്പുവരുത്തി.

വിക്​ടോറിയ മെമ്മോറിയലിൽ

ഉച്ചഭക്ഷണം കഴിഞ്ഞ് ഞങ്ങളെത്തിയത് വിക്ടോറിയ മെമ്മോറിയലിലാണ്​. മ്യൂസിയവും പൂന്തോട്ടവും ഉൾക്കൊള്ളുന്ന ഈ മനോഹര നിർമിതി, കൊൽക്കത്ത എന്ന പേര് കേൾക്കുമ്പോൾതന്നെ ആദ്യം ഓർമയിൽ എത്തും. 1901ൽ വിക്ടോറിയ രാജ്ഞിയുടെ ചരമത്തെതുടർന്ന്, അന്നത്തെ വൈസ്രോയി കഴ്സൺ പ്രഭുവിന്റെ നിർദേശപ്രകാരമാണ്, ഓർമമന്ദിരത്തിന്റെ നിർമാണം ആരംഭിച്ചത്.

ഇവിടെനിന്ന് നടക്കാവുന്ന ദൂരമേയുള്ളൂ സെൻ്റ് പോൾസ് കത്തീഡ്രലിലേക്ക്. 1847ൽ നിർമിച്ച ഈ ദേവാലയം ഇന്തോ-ഗോഥിക് നിർമാണകലയുടെ മകുടോദാഹരണമാണ്. കുറച്ചുസമയം അവിടെ ചെലവഴിച്ച് ഞങ്ങളുടെ കൊൽക്കത്ത നഗരയാത്രക്ക് വിരാമമിട്ടു.

ഗാങ്ടോക് എം.ജി മാർഗ്. തിബത്തൻ പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞ ടൂറിലെ കുട്ടികൾ

രാത്രിവണ്ടിയിൽ മുർഷിദാബാദിലേക്ക്​

രാത്രി 11നുള്ള ലാൽഗോള ​ട്രെയിനിലാണ്​ മുർഷിദാബാദ് യാത്ര ബുക്ക് ചെയ്തിരുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ റെയിൽവേ സ്​റ്റേഷനായ സിയാൽദയിൽനിന്നാണ് പുറപ്പെടുന്നത്. (ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനും കൊൽക്കത്തയിൽതന്നെ -ഹൗറ ജങ്ഷൻ).

വലുപ്പത്തിൽ രാജ്യത്തെ മുൻനിരയിൽ ആണെങ്കിലും വൃത്തിയുടെ കാര്യത്തിൽ പിന്നിലാണ്​ ഈ സ്റ്റേഷൻ. പുലർച്ച നാലിന്​ വണ്ടി ബെർഹാംപൂർ കോർട്ട് സ്റ്റേഷനിലെത്തി. അതിനുമുന്നേതന്നെ ഞങ്ങൾക്കുള്ള ട്രാവലർ എത്തിയിരുന്നു. വണ്ടി ശങ്കർപൂർ ഗ്രാമത്തിലേക്ക് തിരിച്ചു. സമയം അഞ്ചുമണി ആകുന്നേയുള്ളൂ എങ്കിലും നേരത്തേ സൂര്യോദയം ഉള്ള കിഴക്കൻ പ്രദേശം ആയതിനാൽ നല്ല വെളിച്ചം.

വഴിയോരത്ത് കൊയ്ത്തുകഴിഞ്ഞ വൈക്കോൽ ഉണക്കാൻ ഇട്ടിരിക്കുന്നു. കേരളത്തിലേക്ക് വരുന്ന വർധമാൻ അരിയുടെ പാടങ്ങൾ താണ്ടി ഞങ്ങൾ അവിടെയെത്തി. മൗണ്ട് ഹിറാ ഫൗണ്ടേഷൻ സെക്രട്ടറി അബ്ദുൽ അസീസ് സ്വീകരിച്ചു. പ്രാതൽ അദ്ദേഹത്തോടൊപ്പം. സ്കൂൾ കെട്ടിടങ്ങൾ കണ്ടു. പത്തുമണിയോടെ അവിടെനിന്ന് തിരിച്ച് മുർഷിദാബാദ് ചരിത്രനഗരത്തിലെത്തി.

നവാബുമാരുടെ നാട്ടിൽ

മുഗൾ സാമ്രാജ്യത്തിന്‍റെ ഏറ്റവും സമ്പന്നമായ ബംഗാൾ പ്രവിശ്യയുടെ തലസ്ഥാനമായിരുന്നു മുർഷിദാബാദ്. ഇന്നത്തെ ബംഗാളും അസമും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ബംഗ്ലാദേശും ബിഹാറും ഝാർഖണ്ഡും ഉൾപ്പെടുന്ന വിശാലമായ നാട്ടുരാജ്യം. ഫറാക്കയിൽനിന്ന് ബംഗ്ലാദേശിലേക്കും പശ്ചിമബംഗാളിലേക്കും വഴിപിരിയുന്ന ഗംഗ നദിയുടെ കൈവഴിയായ ഭാഗീരഥിയുടെ തീരത്താണ് ഈ നഗരം.

നഗരത്തിലെ കത്ര മസ്ജിദാണ് ആദ്യം കണ്ടത്. 1724ലാണ് മുർഷിദ് ഖുലി ഖാൻ ഈ വലിയ പള്ളി നിർമിച്ചത്. തറനിരപ്പിൽനിന്ന് ഉയർത്തി നിർമിച്ച പള്ളി ഖുർആൻ പഠനകേന്ദ്രമായിരുന്നു എന്ന് ചരിത്രത്തിൽ കാണാം. മുർഷിദ് ഖുലി ഖാന്‍റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന് അന്ത്യവിശ്രമം ഒരുക്കിയത് ഇതേ പള്ളിയുടെ പടികൾക്ക് അടിയിലാണ്.

രാജസ്ഥാനിൽനിന്ന് വന്ന ജെയിൻ കുടുംബം നിർമിച്ച കത്ഗോള കൊട്ടാരം നഗരത്തിലെ അധികം അറിയപ്പെടാത്ത ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്. കറുത്ത റോസാപ്പൂക്കൾ ധാരാളം ഉണ്ടായിരുന്ന പൂന്തോട്ടമായിരുന്നത് കൊണ്ടാണ് ബംഗാളി ഭാഷയിൽ കറുത്ത റോസ് എന്ന ‘കത്ഗോള’ എന്ന പേര് വന്നത്. ഇന്ന് പക്ഷേ, തോട്ടത്തിൽ നിറയെ മാവുകൾ മാത്രമേ ഉള്ളൂ.

ടൂർ ടീം ഗാങ്ടോക്കിൽ

ആയിരം വാതിലുകളുടെ കൊട്ടാരം

മുര്‍ഷിദാബാദിലെ ഏറ്റവും പ്രശസ്തമായ കാഴ്ചയാണ് ഹസാര്‍ദ്വാരി പാലസ്. ഒരായിരം വാതിലുകളുള്ള കൊട്ടാരം എന്ന പേരിനെ അന്വർഥമാക്കുന്ന തരത്തിൽ ഒട്ടേറെ വാതിലുകള്‍ ഈ കൊട്ടാരത്തിനുണ്ട്. അതിൽ നൂറോളം വാതിലുകൾ തുറക്കാൻ കഴിയാത്ത ഡമ്മികൾ ആണ്.

ആക്രമിക്കാൻ വരുന്നവർക്ക് തെറ്റിദ്ധാരണയുണ്ടാക്കി യഥാർഥ വാതിലുകൾ വഴി അകത്തുള്ളവർക്ക് രക്ഷപ്പെടാം എന്ന പ്ലാനിലാണത്രേ 1837ൽ അന്നത്തെ നവാബ് നാസിം ഹുമയൂൺ ഝാ, ഇറ്റാലിയൻ ശിൽപവിദ്യയിൽ ഈ വിസ്മയം തീർത്തത്. ഇന്ത്യൻ പുരാവസ്തു വകുപ്പിന്‍റെ കീഴിലാണ് ഈ കൊട്ടാരം.

വർഷത്തിലെ മുഹർറം ആഘോഷിക്കുന്ന പത്തുദിവസങ്ങളിൽ മാത്രം തുറക്കപ്പെടുന്ന നിസാമത്ത് ഇമാംബാര (ഷിയാ മുസ്‍ലിംകളുടെ മജ്ലിസ്), ക്ലോക്ക് ടവർ, മദീന മസ്ജിദ് അടക്കമുള്ള ഒരു കോമ്പൗണ്ടിലാണ് ഹസാർ ദ്വാരി കൊട്ടാരവും ഉള്ളത്.

പിന്നീട്​ കൂട്ടത്തിലെ കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ട കേന്ദ്രമായിരുന്നു ഞങ്ങളുടെ മുർഷിദാബാദിലെ അവസാന പോയന്‍റായ മോട്ടി ഝീൽ പാർക്ക്. ഒരു സായാഹ്നത്തെ മനോഹരമാക്കാനുള്ള എല്ലാ വിനോദോപാധികളും അവിടെയുണ്ട്.

സിക്കിമിലേക്ക്​ വീണ്ടും രാത്രിയാ​ത്ര

ബംഗാൾ കാഴ്ച അവസാനിപ്പിച്ച് രാത്രി പത്തോടെ ബർഹാംപൂരിലെ കാഗ്രാഹട്ട് സ്റ്റേഷനിൽനിന്ന് ട്രെയിൻ കയറി. പുലർച്ച ആറിന് ന്യൂ ജൽപായ്ഗുരിയിൽ എത്തി. ഇന്ത്യയിൽ റെയിൽപാളമില്ലാത്ത ഏക സംസ്ഥാനമായ സിക്കിമിലേക്ക് ഇവിടെനിന്ന് റോഡ് മാർഗം മാത്രമേ പോകാനാകൂ. ന്യൂ ജൽപായ്ഗുരി ജങ്ഷൻ സിക്കിം, ഭൂട്ടാൻ, ബംഗ്ലാദേശ്, നേപ്പാൾ, നോർത്ത്-ഈസ്റ്റ് ഇന്ത്യ എന്നിവിടങ്ങളിലേക്കുള്ള ഗേറ്റ് വേയാണ്​. ഡാർജിലിങ്​ ഹിമാലയൻ ടോയ് ട്രെയിൻ യാത്ര തുടങ്ങുന്നതും ഇവിടെനിന്നാണ്.

സ്​റ്റേഷനിൽനിന്ന്​ നേരത്തേ ബുക്ക് ചെയ്തിരുന്ന മിനി ബസിൽ യാത്ര തുടർന്നു. 130 കി.മീ. ഉണ്ട് ഗാങ്ടോക്കിലേക്ക്. ചുരപാതയിലൂടെയുള്ള യാത്ര അൽപം ഭീതിജനകംതന്നെ. റോഡിന് ഒരുവശത്ത് ആഴത്തിലുള്ള കൊക്ക. താഴെ, ബ്രഹ്മപുത്രയുടെ കൈവഴിയായി ആർത്തലച്ച് ഒഴുകുന്ന ടീസ്റ്റാനദി.

ഹിമാലയത്തിൽനിന്ന് ഉത്ഭവിച്ച് വേനൽക്കാലത്ത് മഞ്ഞുരുകി വെള്ളം കൂടുന്ന നദികളിലൊന്ന്. ഇന്ത്യയിലെ വേഗം കൂടിയ നദികളിൽ ഒന്നാമൻ! മറുവശത്ത് എപ്പോൾ വേണമെങ്കിലും ഇടിഞ്ഞുവീഴുമോ എന്ന് തോന്നുന്ന മലനിരകൾ.

മുർഷിദാബാദ് ഹസാർദ്വാരി കൊട്ടാരം

ജൈവ വൈവിധ്യങ്ങളുടെ പറുദീസ

ഉച്ചയോടെ ഞങ്ങൾ ഗാങ്ടോക് നഗരത്തിലെത്തി. വീതി കുറഞ്ഞ റോഡുകളും കയറ്റങ്ങളും വളവുകളും മാത്രമുള്ള സിറ്റിയിലേക്ക് പകൽസമയം മിനി ബസിന് പോലും പ്രവേശനമില്ല. മറ്റ് ഇന്ത്യൻ ഗ്രാമങ്ങളിൽപോലും സുലഭമായ ഓട്ടോ ഒന്നുപോലും ഇവിടെ സർവിസ് നടത്തുന്നില്ല.

നാലും ആറും പേർക്ക് ഇരിക്കാവുന്ന ചെറിയ കാറുകൾ ടാക്സികളായി ഓടുന്നു. മുൻകൂട്ടി ബുക്ക് ചെയ്ത ഹോട്ടലിന്‍റെ നടത്തിപ്പുകാരായ സൂരജും ഭാര്യയും കാത്തിരിപ്പുണ്ടായിരുന്നു. ബംഗാളിലെ കൊടും ചൂടിൽനിന്ന് സിക്കിമിലെ തണുപ്പിലേക്കുള്ള മാറ്റം എല്ലാവരും നന്നായി ആസ്വദിക്കുന്നുണ്ട്. റൂമിലെ വാതായനങ്ങൾക്കപ്പുറമുള്ള കാഴ്ചകൾ വളരെ മനോഹരം. ഇന്നിനി വിശ്രമം ആണ്. അടുത്ത ദിവസം ചൈന അതിർത്തി കാണണം.

നാഥുലയിലെ കൊടുംതണുപ്പിൽ

സിറ്റിയിൽനിന്ന് 53 കി.മീ. കിഴക്കാണ് നാഥുല പാസ് അതിർത്തി. നിരപ്പിൽനിന്ന് 4370 മീ. ഉയരത്തിൽ. ചരിത്രത്തിൽ സിൽക്ക് റൂട്ട് അല്ലെങ്കിൽ പട്ടുപാത എന്നറിയപ്പെടുന്ന ദീർഘസഞ്ചാര പാതയുടെ ഭാഗം. 1962ലെ ഇന്ത്യ-ചൈന യുദ്ധത്തോടെയാണ് ഇതുവഴിയുള്ള സഞ്ചാരം വിലക്കിയത്. ആഴ്ചയിൽ ബുധൻ മുതൽ ശനി വരെ മാത്രമേ സഞ്ചാരികളെ അനുവദിക്കൂ. അതും നിശ്ചിത എണ്ണം വാഹനങ്ങൾ മാത്രം.

നേരത്തേതന്നെ ഫോട്ടോയും തിരിച്ചറിയൽ രേഖകളും സമർപ്പിക്കണം. ആധാർ കാർഡ് സ്വീകരിക്കില്ല. പെർമിറ്റ് പരിശോധിച്ച് മാത്രമേ മുന്നോട്ട് കടത്തിവിടൂ. ഇക്കാര്യങ്ങൾ സൂരജ് നേരത്തേ പറഞ്ഞതിനാൽ എളുപ്പമായി. വലിയ വണ്ടികൾ പോകാത്ത വഴിയായതിനാൽ അദ്ദേഹംതന്നെ മൂന്ന്​ വാഹനങ്ങൾ ഒരുക്കിത്തന്നു.

ബംഗാളിലെ ഗ്രാമീണ ദൃശ്യം

കുത്തനെ കയറ്റങ്ങളുടെ റോഡ്​

നാഥുലയിലേക്ക് പോകുന്ന വഴി കുത്തനെയുള്ള കയറ്റമാണ്. റോഡിൻെറ വശങ്ങളിൽ ബുദ്ധമത സ്തോത്രങ്ങൾ എഴുതിയ കൊടിതോരണങ്ങൾ തൂക്കിയിട്ടിരുന്നു. വെള്ളനിറത്തിലുള്ളവ മരിച്ചവർക്കുവേണ്ടിയും വിവിധ വർണങ്ങളിലുള്ളവ ജീവിച്ചിരിക്കുന്നവർക്കുവേണ്ടിയും.

കയറ്റം കൂടുന്തോറും തണുപ്പ് കൂടിക്കൂടി വരുന്നു. മേയ് മാസമായതിനാൽ അത്രയധികം തണുപ്പ് ഉണ്ടാകില്ലെന്ന ധാരണയിൽ കുറച്ച്​ ചൂടുവസ്ത്രങ്ങൾ മാത്രമേ ഞങ്ങളുടെ കൈവശം ഉണ്ടായുള്ളൂ. വഴിയിൽ വാടകക്ക് കമ്പിളി വസ്ത്രങ്ങൾ കിട്ടുമായിരുന്നു എന്നതും മറന്നു.

നാഥുലയിലേക്ക് എത്തിയതോടെ കാര്യങ്ങൾ കൈവിട്ട പോലെ തോന്നി. അന്തരീക്ഷ താപനില പൂജ്യം ഡിഗ്രിയാണെന്ന് മൊബൈൽ സ്ക്രീനിൽ കാണാം. തണുപ്പിനപ്പുറം പലർക്കും ശ്വാസത്തിന് പ്രയാസം നേരിടുന്നു. കിതപ്പ് കൂടി വരുന്നു. ഓക്സിജൻ ലഭ്യത കുറഞ്ഞപോലെ.

14,400 അടി ഉയരത്തിലാണ് ഇന്ത്യ-ചൈന അതിർത്തി. തിബത്തൻ ചൈനയുടെ ഭാഗം. പ്രദേശം പൂർണമായും ഇരു രാജ്യങ്ങളുടെയും സൈന്യത്തിന്‍റെ നിയന്ത്രണത്തിൽ. ഫോട്ടോ എടുക്കാൻപോലും അനുമതിയില്ല. നീണ്ട ക്യൂ കടന്ന് ചൈനയെ കണ്ടു.

ഉച്ചക്ക്​ 12 മണിയായെങ്കിലും പലരുടെയും മൊബൈൽ സ്ക്രീനിൽ സമയം മൂന്നര കാണിക്കുന്നു. ഇന്‍റർനെറ്റ് സഹായത്തോടെ സ്വയം സമയം ക്രമീകരിക്കുന്ന മൊബൈലുകളിൽ ചൈനീസ് സമയമേഖലയിൽനിന്ന് അപ്ഡേറ്റ് ആയതാണ്. അത്രക്കും അടുത്തുണ്ട് ചങ്കിലെ ചൈന. രണ്ടു രാജ്യങ്ങളുടെയും വെവ്വേറെ ഗേറ്റുകൾ. തണുപ്പിനെ അതിജീവിക്കാൻ ഇനിയും കഴിയില്ല എന്നതുകൊണ്ട് വേഗം തിരിച്ചിറങ്ങി.

മഞ്ഞുപാളികൾ നിറഞ്ഞ വഴികൾ

അടുത്ത ലക്ഷ്യം ബാബാ മന്ദിറാണ്. വഴിയരികെ ഇനിയും ഉരുകിത്തീരാത്ത മഞ്ഞുപാളികൾ. തണുപ്പിനെ വകവെക്കാതെ മക്കൾ അതിലിറങ്ങി കളിച്ചു. പ്രധാന റോഡിൽനിന്ന് കുറച്ച് ഉള്ളിലാണ് ബാബാ മന്ദിർ. രസകരമായ ചരിത്രമാണ് അതിനു പറയാനുള്ളത്.

ചെറുപ്രായത്തിൽ മരണപ്പെട്ട ഹർഭജൻ സിങ് എന്ന പട്ടാളക്കാരൻ തന്‍റെ സുഹൃത്തും സഹപ്രവർത്തകനുമായ മറ്റൊരു പട്ടാളക്കാരനോട് സ്വപ്നത്തിൽവന്നു പറഞ്ഞത്രേ, തനിക്കുവേണ്ടി ഒരമ്പലം പണിയണമെന്ന്! അങ്ങനെ ഉണ്ടാക്കിയ സമാധി സ്ഥലമാണ് ഈ മന്ദിർ.

സമയം വൈകിത്തുടങ്ങി. ഉച്ചഭക്ഷണം ലഭിക്കുന്ന ഒരു ഹോട്ടൽ കാണാൻ കുറെ താഴേക്ക് പോകണം. അതിനു മുന്നേ ചാംഗു തടാകവും കാണണം. ശൈത്യകാലത്ത് ഐസുറഞ്ഞ, 12,000 അടി ഉയരത്തിൽ നിൽക്കുന്ന, ഈ തടാകം വേനലിൽ മഞ്ഞുരുകി വെള്ളം നിറയുന്നു. യാക്ക് സവാരി ആണ് തടാകക്കരയിലെ മുഖ്യ ആകർഷണം. ഞങ്ങളും യാക്ക് പുറത്തേറി ഫോട്ടോകൾ എടുത്തു.

പെരുമഴയിൽ ഗാങ്​ടോക്​

ഗാങ്ടോക് നഗരത്തിൽ എത്തിയതും പെരുമഴ ആരംഭിച്ചു. സിറ്റി കാണാനുള്ള ആഗ്രഹം മാറ്റിവെച്ച് റൂമിലേക്ക് പോയി. ഗാങ്ടോക്കിലെ രണ്ടാംദിനം നാല് ചെറിയ കാറുകളിലാണ് പുറപ്പെട്ടത്. വെള്ളച്ചാട്ടങ്ങളും ബുദ്ധവിഹാരങ്ങളും ഗണേശ അമ്പലവും സസ്യ സംരക്ഷണ പാർക്കും പുഷ്പ പ്രദർശനവും ഒക്കെ ആയി ഒരുദിവസം മുഴുവൻ കാണാനുണ്ട്.

ബുദ്ധ ആശ്രമങ്ങളുടെ നാട് (Land of Monasteries) എന്നറിയപ്പെടുന്ന ഗാങ്ടോക്കിലെ എഞ്ചെ ആശ്രമം (Enchey Monastery) കാണേണ്ടതുതന്നെ. വൃത്തിയും വെടിപ്പും ഉള്ള മുറ്റം ഞങ്ങളുടെ മധ്യാഹ്ന പ്രാർഥനക്കായി അനുവദിച്ചു. മാത്രമല്ല, ആശ്രമ മുറ്റത്തെ ഏറെ ഭംഗിയുള്ള വലിയ റോസാ പൂക്കളുള്ള, നന്നായി പരിപാലിക്കുന്ന പൂന്തോട്ടവും കൂടിയാണിവിടം. ഇതുതന്നെയാണ് ഇവിടത്തെ ഏറ്റവും ആദ്യത്തെ ആശ്രമം. തിബത്തൻ പരമ്പരാഗത വസ്ത്രമണിഞ്ഞ് ഫോട്ടോ എടുക്കാനുള്ള അവസരവും ആരും പാഴാക്കിയില്ല.

റോപ് വേയിലെ മനോഹര യാത്ര

ഗാങ്ടോക്കിലെ ഏറ്റവും മനോഹരമായ കാഴ്ച കാണാൻ റോപ് വേ കയറണം. 935 മീ. ദൂരത്തിൽ നഗരത്തിനുമുകളിലൂടെയുള്ള കേബിൾ കാർ. ഒരേസമയം 24 പേരെ ഉൾക്കൊള്ളുന്ന കേബിൾ കാറിൽനിന്ന് നോക്കിയാൽ താഴെ സിറ്റി കാണാം. ദൂരെ കാഞ്ചൻജംഗ മലനിരകളും.

മഹാത്മാഗാന്ധി മാർഗിലൂടെ നടക്കാതെ ഗാങ്ടോക് യാത്ര പൂർണമാകില്ല. അത്രയും ഭംഗിയുള്ള സിറ്റി സെന്‍റർ ആണത്. മനോഹരമായ അലങ്കാര വെളിച്ചങ്ങളും ജലധാരകളും ഇരിപ്പിടങ്ങളും ഒക്കെ സംവിധാനിച്ച നഗരഹൃദയം! സിക്കിം പൊതുവേ വൃത്തിയുള്ള സംസ്ഥാനമാണ്; ഗാങ്ടോക് പ്രത്യേകിച്ചും. മഹാത്മാഗാന്ധിയുടെ രണ്ട് പ്രതിമകൾ ഉണ്ടിവിടെ. രാത്രിനടത്തം കഴിഞ്ഞ് റൂമിലെത്തി. ഇനി മടക്കയാത്രക്ക് ഒരുങ്ങണം.

മനസ്സ്​ നിറഞ്ഞ്​ മടക്കം

രാവിലെ നേരത്തേതന്നെ മിനിബസ്​ എത്തി. ന്യൂ ജൽപായ്ഗുരി ജങ്ഷനിൽനിന്നാണ് ട്രെയിൻ. ഇന്ത്യയിലെ ഏറ്റവും ദൂരം സഞ്ചരിക്കുന്ന സിൽചർ-തിരുവനന്തപുരം എക്സ് പ്രസ്. അവിടെ എത്തുമ്പോൾതന്നെ മണിക്കൂറുകൾ വൈകിയിരുന്നു. എ.സി കമ്പാർട്ട്മെന്റ് പോലും തിങ്ങിനിറഞ്ഞ യാത്ര. മക്കളുടെ പാട്ടും കളിയുമായി ദീർഘനേരം പോയത്​ അറിഞ്ഞില്ല. പാലക്കാട് ഇറങ്ങുമ്പോൾ വൈകീട്ട് അഞ്ചുമണിയായി. അവിടെനിന്ന് വഴിപിരിഞ്ഞ് വീടുകളിലേക്ക്.

(എഴുത്തും ചിത്രവും: ആരിഫ് അഹ്‌മദ്‌ കൊടിയത്തൂർ)


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:familytravelGangtok
News Summary - Revel in the mesmerizing beauty of Gangtok
Next Story