Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightSpecialschevron_rightFeatureschevron_right‘സ്കൂളിൽനിന്ന്...

‘സ്കൂളിൽനിന്ന് പഠിക്കുന്നതുതന്നെ വീട്ടിൽനിന്നും പഠിക്കണം എന്ന കാഴ്ചപ്പാടിന് മാറ്റം വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു’

text_fields
bookmark_border
‘സ്കൂളിൽനിന്ന് പഠിക്കുന്നതുതന്നെ വീട്ടിൽനിന്നും പഠിക്കണം എന്ന കാഴ്ചപ്പാടിന് മാറ്റം വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു’
cancel

ഹോം വർക്കുകൾ ചെയ്ത്​ വലയുന്ന രക്ഷിതാക്കളും ഹോംവർക്ക് നൽകാത്തതിനാൽ പഠനനിലവാരം പോരെന്ന്​ വിലയിരുത്തി കുട്ടിയെ സ്കൂൾ മാറ്റുന്ന രക്ഷിതാക്കളും നമുക്കു ചുറ്റുമുണ്ട്​. ഉയർന്ന നിലവാരത്തിന്‍റെ അടയാളമായി രക്ഷിതാക്കൾ ഹോം വർക്കുകളെ കാണുന്നതിന്‍റെ സമ്മർദം പലപ്പോഴും സ്വകാര്യ സ്കൂൾ അധ്യാപകരെ സ്വാധീനിക്കാറുമുണ്ട്​. ഹോംവർക്കുമായി ബന്ധപ്പെട്ട ചർച്ച വീണ്ടും ഉയർന്നുവന്ന സാഹചര്യത്തിൽ ഇതിന്‍റെ അടിസ്ഥാനം എന്താണെന്ന്​ പരിശോധിക്കാം.

മനുഷ്യരുടെ ആദ്യ വിദ്യാലയം വീടാണ് എന്ന കാഴ്ചപ്പാടിനോട് ആർക്കും വിയോജിപ്പില്ല. ജനനം മുതൽതന്നെ കുട്ടിയെ പലതരത്തിലുമുള്ള അറിവുകൾ സ്വായത്തമാക്കാൻ മുതിർന്നവർ സഹായിക്കുന്നുണ്ട്. അമ്മയാണല്ലോ ആദ്യ അധ്യാപിക. ഏതൊരാൾ സഹായിച്ചാലും വളർത്താവുന്ന അറിവുകളും കഴിവുകളും മാത്രമേ പണ്ട് ജീവിക്കാൻ ആവശ്യമുണ്ടായിരുന്നുള്ളൂ.

എന്നാൽ, അറിവിന്റെ വിസ്ഫോടനാത്മകമായ വ്യാപനത്തോടെ വീട്ടിൽനിന്ന് ലഭ്യമാക്കാവുന്ന അഭ്യാസങ്ങൾ മാത്രം മതിയാവാതായതോടെയാണ് സ്കൂൾ എന്ന സങ്കൽപംപോലും രൂപപ്പെട്ടതെന്നാണ് ചില വിദ്യാഭ്യാസ ഗവേഷകർ നിരീക്ഷിക്കുന്നത്. സ്കൂളിനെ വീടിന്‍റെ തുടർച്ച (Extension of home) എന്ന നിലയിൽ കാണാൻ തുടങ്ങിയത് ഈ കാഴ്ചപ്പാടിൽനിന്നാണ്. പിന്നീട് ഗുരുകുല വിദ്യാഭ്യാസ കാലത്ത് ഏതെങ്കിലും മേഖലയിൽ പ്രാവീണ്യമുള്ള ഗുരുവിന്റെ വീട്ടിലേക്ക് കുട്ടികൾ പോകുന്ന രീതി കൈവന്നു.


വീട് ഒരു വിദ്യാലയം

വീട് ഒരു വിദ്യാലയമാണ് എന്ന കാര്യത്തിൽ തർക്കമില്ലാതിരിക്കുമ്പോൾ വീട്ടിൽനിന്നും സ്കൂളിൽനിന്നും ഒരേ കാര്യം തന്നെയാണോ പഠിക്കേണ്ടത് എന്ന കാര്യത്തിലേ സംവാദം ഉടലെടുക്കുന്നുള്ളൂ. സ്കൂളിൽ പഠിച്ച കാര്യങ്ങൾ വീട്ടിൽ വന്ന് ആവർത്തിച്ച് അഭ്യസിക്കുന്ന പഠനരീതി ആരംഭിക്കുന്നത് 1930കളിലാണ്. പഠന സിദ്ധാന്തങ്ങളിൽ ബിഹേവിയറിസ്റ്റ് മനശ്ശാസ്ത്ര തത്ത്വങ്ങൾക്കുണ്ടായ മേൽക്കോയ്മയായിരുന്നു ഇതിനു കാരണം. ഇ.എൽ. തോൺടൈക്കാണ് ആവർത്തിച്ചുള്ള അഭ്യാസത്തിലൂടെയാണ് പഠനം നടക്കുക എന്ന സിദ്ധാന്തം മുന്നോട്ടുവെച്ചത്. ഒരു അഭ്യാസം ചെയ്യുമ്പോൾ തെറ്റുകൾ വരാമെന്നും അവ ആവർത്തിച്ച് ചെയ്ത് തെറ്റുകൾ തിരുത്തി മുന്നേറലാണ് പഠനം എന്നും അദ്ദേഹം വാദിച്ചു. ശ്രമപരാജയ സിദ്ധാന്തം (Trial and Error Learning Theory) എന്നാണ് ഇത് അറിയപ്പെടുന്നത്.

പൂച്ചയെ, കാലുകൊണ്ട് തട്ടിയാൽ തുറക്കുന്ന തരം ലോക്ക് ഘടിപ്പിച്ച ഒരു പെട്ടിക്കകത്താക്കിയായിരുന്നു അദ്ദേഹം തന്റെ പരീക്ഷണം നടത്തിയത്. പൂച്ചക്ക് നന്നായി വിശക്കുന്നു എന്ന് ഉറപ്പുവരുത്തിയ ശേഷം ഈ പ്രശ്നപേടകത്തിന് (Puzzle Box) അകത്തിട്ടു. പുറത്ത് പൂച്ചയുടെ ഇഷ്ടഭക്ഷണം വെച്ചു. പൂച്ച പെട്ടിക്കകത്തു കൂടി തലങ്ങും വിലങ്ങും ഓടി. ഇതിനിടയിൽ ലോക്കിൽ കാൽ തട്ടുകയും പൂച്ച പുറത്തെത്തി ഭക്ഷണം കഴിക്കുകയും ചെയ്തു. ഈ പരീക്ഷണം ആവർത്തിച്ചു. ഓരോ ഘട്ടത്തിലും പൂച്ചയുടെ ശ്രമങ്ങളുടെ എണ്ണം കുറയുകയും അവസാനം പൂച്ച നേരെ ലോക്കിൽ മാത്രം ചവിട്ടുകയും ചെയ്തു.

ഈ പരീക്ഷണത്തിൽനിന്ന് അദ്ദേഹം ആദ്യഘട്ടത്തിൽ നാലും പിന്നീട് ആറും നിയമങ്ങൾ ഉണ്ടാക്കി. അതിൽപെട്ടതാണ് ആവർത്തന നിയമവും അഭ്യാസ നിയമവും (Law of Frequency and Law of Exercise). ഈ നിയമങ്ങൾ പഠനപ്രക്രിയയുടെ അടിസ്ഥാനമായ അഥവാ ബിഹേവിയറിസ്റ്റ് മനശ്ശാസ്ത്ര തത്ത്വങ്ങളുടെ കാലത്താണ് ഗൃഹപാഠം എന്ന ആശയം ശക്തിപ്രാപിക്കുന്നത്. പാഠപുസ്തകങ്ങളിലെ ഓരോ പാഠഭാഗത്തിന്റെ അവസാനത്തിലും അഭ്യാസം എന്ന തലക്കെട്ടിൽ ആവർത്തിക്കേണ്ട പ്രവർത്തനങ്ങൾ അക്കാലത്ത് നൽകാറുണ്ടായിരുന്നു.

ആവർത്തിച്ചുള്ള അഭ്യാസം ബൗദ്ധിക വികാസത്തെ സ്വാധീനിക്കുന്നില്ലെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. അറിവു പകർന്നുകൊടുക്കുന്നതോ കുത്തിനിറക്കുന്നതോ അല്ല, സാഹചര്യങ്ങൾക്കനുസൃതമായി സാമൂഹിക മണ്ഡലത്തിൽനിന്ന്​ നിർമിച്ചെടുക്കുന്നതാണ് എന്ന മനശ്ശാസ്ത്ര കാഴ്ചപ്പാടിലേക്ക് പഠനബോധന പ്രക്രിയകൾ വഴിമാറി. ഇതോടെ അഭ്യാസത്തേക്കാൾ പ്രധാനമാണ് ആവശ്യബോധം എന്ന അവസ്ഥ കൈവന്നു. ഒരു തവണ ചെയ്ത കാര്യം ആവർത്തിക്കുമ്പോൾ പോലും ബൗദ്ധിക ഇടപെടൽ ഒരുപോലെ ആയിരിക്കില്ല എന്നും നിലവിലുള്ള അറിവുകളെ പുതിയ സാഹചര്യങ്ങളിൽ പ്രയോഗിച്ചാണ് അറിവ് നിർമാണം നടക്കുന്നത് എന്നുമാണ് ജ്ഞാനനിർമിതവാദ മനശ്ശാസ്ത്ര കാഴ്ചപ്പാടിന്റെ കാതൽ.

ഈ ഒരു കാഴ്ചപ്പാടിൽ പഠനത്തെ കാണുമ്പോൾ സ്കൂളിൽ പഠിച്ച കാര്യങ്ങൾതന്നെ വീട്ടിൽവെച്ചു ചെയ്യുക എന്നത് അപ്രസക്തമാവും. നീണ്ടകാലം ബിഹേവിയറിസ്റ്റ് മനശ്ശാസ്ത്ര സിദ്ധാന്തങ്ങളായിരുന്നു വിദ്യാഭ്യാസ മേഖലയിലെ മനശ്ശാസ്ത്ര അടിത്തറ എന്നതുകൊണ്ടും, ഇപ്പോഴുള്ള രക്ഷിതാക്കൾ എല്ലാംതന്നെ ഈ ഒരു രീതിയിൽ പഠിച്ചുവന്നവർ ആയതിനാലും ഹോംവർക്ക് ഇല്ലാത്ത സ്കൂളിനെ അംഗീകരിക്കാൻ പ്രയാസമായിരിക്കും.


ഗൃഹപാഠങ്ങളെക്കുറിച്ച് മാറേണ്ട കാഴ്ചപ്പാടുകൾ

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം വിദ്യാർഥികളുടെ സമഗ്രവികസനമാണ്. ശാരീരിക പക്വതയോടൊപ്പം മാനസിക, സാമൂഹിക ജീവിത പക്വതകൂടി വിദ്യാഭ്യാസത്തിലൂടെ നേടിയെടുക്കേണ്ടതുണ്ട്. നമ്മുടെ സ്കൂളുകൾ കൂടുതൽ ഊന്നൽ നൽകുന്നത് ബൗദ്ധിക നിലവാരം ഉയർത്തുന്നതിനാണ്. അതുകൊണ്ടുതന്നെ പ്രീ പ്രൈമറി ക്ലാസുകൾ മുതൽതന്നെ നമ്മൾ എഴുത്ത്, വായന, കണക്ക് തുടങ്ങിയവക്ക് പ്രാധാന്യം നൽകുകയും ചെയ്യും. കുട്ടികളുടെ മാനസിക നിലവാരത്തിന്​ അനുയോജ്യമല്ലാത്തതാണ് ഇതെന്നതിനാൽ സ്കൂളിൽവെച്ചു മാത്രം ഇത്തരത്തിൽ കുട്ടികളെ പഠിപ്പിക്കുക പ്രയാസമായിരിക്കും. അതിനാൽ അധ്യാപകർ സ്വാഭാവികമായും ഈ അഭ്യാസങ്ങളെല്ലാം വീട്ടിൽവെച്ച് നടത്താൻ ആവശ്യപ്പെടും.

കേരളത്തിലെ ഒരു പ്രമുഖ സ്വകാര്യ വിദ്യാലയത്തിൽ അഡ്മിഷനു പോയ രക്ഷിതാവ് പങ്കുവെച്ച അനുഭവം ഇവിടെ പ്രസക്തമാണ്. അദ്ദേഹത്തിന് ഉയർന്ന ശമ്പളമുള്ള ജോലിയാണ്. ഭാര്യ പ്രത്യേകിച്ച് ജോലിക്കൊന്നും പോകാത്ത വിദ്യാസമ്പന്നയും. നിങ്ങളെപ്പോലുള്ളവർക്കാണ് സ്കൂളിൽ മുൻഗണന എന്നും അഡ്മിഷൻ ഉറപ്പാണ് എന്നുമാണത്രേ ആ സ്കൂളിന്റെ മാനേജർ പറഞ്ഞത്. കൃത്യമായി ഫീസടക്കാൻ പിതാവിന്റെ ജോലിയും വീട്ടിൽനിന്ന് കുട്ടികളെ പഠിപ്പിക്കാൻ മാതാവിന്റെ വിദ്യാഭ്യാസവും എന്നതാണ് ഈ പ്രത്യേക പരിഗണനക്ക് കാരണം.

സ്കൂളിൽനിന്ന് പഠിക്കുന്നതുതന്നെ വീട്ടിൽനിന്നും പഠിക്കണം എന്ന കാഴ്ചപ്പാടിന് മാറ്റം വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സ്കൂളിൽനിന്ന് കിട്ടിയതിന്റെ പ്രയോഗമാണ് വീട്ടിലേക്ക് എത്തേണ്ടത്. അല്ലെങ്കിൽ സ്കൂളിൽനിന്ന് ലഭ്യമാവാത്തതും വീടിന്റെ സാഹചര്യങ്ങളിൽനിന്ന് മാത്രം ലഭിക്കുന്നതുമായ അനുഭവങ്ങളാണ് കുട്ടികൾക്ക് കിട്ടേണ്ടത്. രക്ഷിതാക്കളോടൊപ്പവും സഹോദരങ്ങളോടൊപ്പവുമുള്ള ഇടപഴകൽ സമഗ്ര വികസനത്തിന്റെ ഭാഗമാണെന്നിരിക്കെ അവ പഠനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ഭാഗംതന്നെയാണ്.


ഇനിയും മാറാത്ത ക്ലാസ്മുറികൾ

ജ്ഞാനനിർമിതി വാദത്തിലൂന്നിയ പഠനരീതികൾ കേരളം നടപ്പാക്കിയിട്ട് വർഷങ്ങളായി. എങ്കിലും, നമ്മുടെ ക്ലാസ് മുറികളെ പ്രവർത്താനാധിഷ്ഠിതവും പ്രക്രിയാബന്ധിതവുമായ രീതിയിലേക്ക് മാറ്റാൻ പലതലങ്ങളിലും സാധിച്ചിട്ടില്ല. തങ്ങൾ പഠിച്ചിരുന്ന രീതി മാത്രമാണ് ശരിയെന്നു ചിന്തിക്കുകയും പഴയപോലെതന്നെ ഗൃഹപാഠങ്ങൾ നൽകുകയും അവ പൂർത്തീകരിക്കാത്തവർക്ക് ശിക്ഷകൾ നൽകുകയും ചെയ്യുന്ന ധാരാളം അധ്യാപകരുണ്ട്.

കൃത്യമായി പ്രവർത്തനാധിഷ്ഠിത ക്ലാസുകൾ മുന്നോട്ടുകൊണ്ടുപോകുന്ന വികസിത രാജ്യങ്ങളിലെ സ്കൂളുകൾ നൽകുന്ന ചില ഗൃഹപാഠങ്ങൾ എങ്ങനെയാണെന്നും നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. ലണ്ടനിലെ ഒരു അപ്പർ പ്രൈമറി സ്കൂളിൽ അവധി ദിവസത്തിൽ പൂർത്തീകരിക്കാനായി കൊടുത്ത അഞ്ച് ഹോം വർക്കുകൾ നോക്കൂ.

1. കോമഡി സിനിമ കണ്ട് മുഖം വേദനിക്കുന്നതുവരെ ചിരിക്കുക.

2. കുടുംബാംഗങ്ങളോടൊപ്പം അൽപനേരം നടക്കുക.

3. കുറച്ചു കാലമായിട്ട് കാണാതിരിക്കുന്ന ഒരു കുടുംബാംഗത്തെ വിളിക്കുക.

4. രാത്രി നന്നായി ഉറങ്ങുക.

5. ചെസ്, കാർഡ്, ബോർഡ് പോലുള്ള ഏതെങ്കിലും ഗെയിം കളിക്കുക

സ്കൂളിൽ നടക്കുന്ന അക്കാദമിക കാര്യങ്ങളുടെ ആവർത്തനമല്ല, പകരം കുട്ടിയുടെ സാമൂഹിക ജീവിത പാഠങ്ങളാണ് വീട്ടിൽ നടക്കേണ്ടത്. വിദ്യാലയാനുബന്ധ പ്രവർത്തനങ്ങൾ എന്ന് വിശേഷിപ്പിക്കാവുന്ന പലതരം കഴിവുകളുടെ പരിശീലനമാണ് ഗൃഹപാഠമായി നൽകേണ്ടത്.

സ്കൂളിലെ വിശേഷങ്ങൾ പങ്കുവെക്കുന്ന റിപ്പോർട്ടിങ്, രക്ഷിതാക്കളുമായി അറിവനുഭവങ്ങൾ പങ്കുവെച്ചു മെച്ചപ്പെടുത്തുന്ന റിഫൈനിങ്, സ്കൂൾ പ്രവർത്തനങ്ങൾ നോട്ടു ചെയ്യുന്ന റെക്കോഡിങ് എന്നിങ്ങനെ വൈവിധ്യവും രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതുമായ പലതരം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാവുന്നതാണ്.

ചെറിയ പ്രായത്തിൽതന്നെ കുട്ടികൾക്ക് ഗൃഹപാഠം നൽകുന്നതിനെ കുറിച്ച് വിദ്യാഭ്യാസ മേഖലയിലുള്ളവർക്കിടയിൽ സംവാദം നടക്കുന്നുണ്ട്.

പ്രൈമറി ക്ലാസുകളിൽ നൽകുന്ന ഗൃഹപാഠം അക്കാദമിക നേട്ടത്തെ കാര്യമായി സ്വാധീനിക്കില്ലെന്ന് ചില ഗവേഷണങ്ങളും സൂചിപ്പിക്കുന്നു. ഗൃഹപാഠത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കി പ്രവർത്തിക്കാൻ ഈ പ്രായത്തിൽ പറ്റില്ല. അത് നിരാശാബോധത്തിലേക്കും താൽപര്യമില്ലായ്മയിലേക്കും നീങ്ങും. സാമൂഹിക വൈകാരിക വികസനത്തിന് അത്യന്താപേക്ഷിതമായ കളികൾക്കും അന്വേഷണാത്മകതക്കുമാണ് ചെറുപ്രായത്തിൽ സമയം കണ്ടെത്തേണ്ടത്.


ഗൃഹപാഠങ്ങളെക്കുറിച്ചുള്ള ആധുനിക കാഴ്ചപ്പാടുകൾ

ഇപ്പോൾ ഗൃഹപാഠങ്ങൾ വിശേഷിപ്പിക്കപ്പെടുന്നത് തുടർപ്രവർത്തനം എന്നാണ്. ക്ലാസിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ആവർത്തനമല്ല അവയുടെ തുടർച്ചയാണ് വീട്ടിൽ നടക്കേണ്ടത്. അത് സ്കൂളിൽ പഠിച്ച സിദ്ധാന്തം യഥാർഥ ജീവിതസാഹചര്യത്തിൽ പരീക്ഷിച്ചുനോക്കുക, പുതിയ ചില വസ്തുക്കൾ ശേഖരിക്കുക, അടുത്ത ദിവസം അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന സെമിനാറിന് പ്രബന്ധം തയാറാക്കുക, പോസ്റ്റർ നിർമിക്കുക... അങ്ങനെ എന്തുമാവാം.

ആധുനിക മനശ്ശാസ്ത്ര കാഴ്ചപ്പാടിനനുസരിച്ച് തയാറാക്കിയ പാഠ്യപദ്ധതിയിൽ പഠനാവസാനം ഉണ്ടാകുന്ന ഉൽപന്നങ്ങളേക്കാൾ പ്രാധാന്യം നൽകേണ്ടത് ആ ഉൽപന്നത്തിലേക്ക് എത്തുന്നതിന് സഹായകമായ മാനസിക പ്രക്രിയകൾക്കാണ്. അത്തരത്തിൽ വിവരങ്ങളെ ആക്ടിവിറ്റികളിലൂടെ സ്വായത്തമാക്കുമ്പോഴാണ് അവ നൂതന സന്ദർഭങ്ങളിൽ കൃത്യമായി പ്രയോഗിക്കാൻ സാധിക്കുക. അതുകൊണ്ടുതന്നെ ഓരോ കുട്ടിയുടെയും പഠനപ്രവർത്തനങ്ങളും ഗൃഹപാഠവുമെല്ലാം തയാറാക്കേണ്ടത് ആ കുട്ടിയുടെ മാനസിക നിലവാരമനുസരിച്ചാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:homeworkLifestyle News
News Summary - Is Homework Necessary? Education Inequity and Its Impact
Next Story