Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightSpecialschevron_rightപഠനം ഓഫ് ലൈനാകുമ്പോൾ...

പഠനം ഓഫ് ലൈനാകുമ്പോൾ ശ്രദ്ധിക്കണേ ഇക്കാര്യങ്ങൾ...

text_fields
bookmark_border
students
cancel
camera_alt

പ്രതീകാത്മക ചിത്രം

രണ്ടുവർഷം ഓൺലൈൻ ക്ലാസുകളുമായി മൊബൈൽ ഫോണിനു മുന്നിൽ കഴിഞ്ഞ കുട്ടികളെല്ലാം ഇനി നേരിട്ട് അധ്യാപകർക്കു മുന്നിലെത്തി രാവിലെ മുതൽ വൈകീട്ടു വരെ ക്ലാസിലിരിക്കേണ്ടിവരും. ഓൺലൈൻ ക്ലാസിനോട് വിടപറഞ്ഞ് വിദ്യാലയ അങ്കണത്തിലെത്തുമ്പോൾ ചില പ്രയാസങ്ങൾ നേരിടേണ്ടിവരും, പഠനപരമായ പ്രശ്നങ്ങൾ, സ്വഭാവരൂപവത്കരണത്തിലെ പ്രശ്നങ്ങൾ, ശാരീരികപ്രശ്നങ്ങൾ എന്നിങ്ങനെ വിവിധ രീതിയിൽ. ഇവയെക്കുറിച്ച് മനസ്സിലാക്കുന്നത് നന്നായിരിക്കും. ഒപ്പം ഓൺലൈൻ ക്ലാസിന്‍റെ ചില സാധ്യതകൾ ഉൾപ്പെടുത്തി വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്താനും കഴിയും.


പഠനപരമായ പ്രശ്നങ്ങൾ

● പ്രാഥമിക ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കിടയിൽ കാണുന്ന അക്ഷരാഭ്യാസമില്ലായ്മ.

● സിലബസിൽ സമയപരിമിതി കാരണം ഒഴിവാക്കിയ പാഠഭാഗങ്ങളുടെ തുടർഭാഗങ്ങൾ ഉയർന്ന ക്ലാസുകളിൽ പഠിക്കേണ്ടിവരുമ്പോൾ അടിസ്ഥാന വിവരങ്ങളിൽ നേരിടുന്ന പരിമിതി.

● കോവിഡ് കാലത്ത് കേട്ടും കണ്ടും ഒതുങ്ങിയ പഠനത്തിൽനിന്ന് വായിച്ചും എഴുതിയും പഠിക്കേണ്ടിവരുന്നത്.

● ഭാഷാപഠനത്തിലുള്ള അടിസ്ഥാന വിവരങ്ങളുടെ അഭാവം.

● മൊബൈൽ ഫോൺ സ്ക്രീനിൽനിന്ന് ടെക്സ്റ്റ് പുസ്തകങ്ങളിലേക്കു മാറുമ്പോൾ ഉണ്ടാവുന്ന പിരിമുറുക്കം.

● അധ്യാപകർ നോട്ട്സ് അയച്ചുതരുന്നതിൽനിന്നുമാറി സ്വന്തം നോട്ട്സ് തയാറാക്കി പഠിക്കേണ്ടിവരുന്ന സാഹചര്യം.

● പല വിദ്യാർഥികൾക്കും നല്ല പഠന സ്വഭാവങ്ങൾ നഷ്ടമായത്.

● ക്ലാസിൽ അധ്യാപകർ പറയുന്നത് ഒരുതവണ മാത്രം കേട്ടു മനസ്സിലാക്കേണ്ടിവരുമ്പോൾ മുൻവർഷങ്ങളിൽ വിഡിയോ ആവർത്തിച്ച് കണ്ടുപഠിച്ചിരുന്ന ശീലം സൃഷ്ടിക്കുന്ന പ്രശ്നം.

● പഠനപ്രവർത്തനങ്ങൾ ചെയ്യാതെ കടന്നുപോയ ക്ലാസുകൾക്കുശേഷം എല്ലാ വിഷയത്തിലും പ്രവർത്തനങ്ങൾ ചെയ്യേണ്ടിവരുന്ന സമ്മർദം.


പരിഹാരം ഇങ്ങനെ...

പരിചയിച്ച ഒരു ക്രമത്തിൽനിന്ന് മാറുമ്പോൾ അതിനോട് പൊരുത്തപ്പെടാൻ സമയമെടുക്കുമെന്ന് വിദ്യാർഥികളും രക്ഷാകർത്താക്കളും പൊതുവായി മനസ്സിലാക്കുക. ഇതിനെ ശുഭാപ്തിവിശ്വാസത്തോടെ സമീപിക്കണം. പ്രശ്നങ്ങളെ സ്വാഭാവികമായി മറികടക്കാനുള്ള സമയം രക്ഷാകർത്താക്കൾ കുട്ടികൾക്കു നൽകണം.

● കുട്ടികൾ മാനസികസംഘർഷം അനുഭവിക്കുന്നുണ്ടെങ്കിൽ രക്ഷാകർത്താക്കളോടും അധ്യാപകരോടും തുറന്നുപറയണം. എല്ലാവർക്കും ഒന്നിച്ചു മാത്രമേ ഇത് പരിഹരിക്കാനാവൂ.

● വിവിധ ഭാഷകളിലെ അക്ഷരാഭ്യാസത്തിലുള്ള അജ്ഞത പരിഹരിക്കാൻ ഏതു ക്ലാസിലെത്തിയ കുട്ടികളാണെങ്കിലും ആദ്യ പഠനകാലയളവു പോലെ അവരെ പരിഗണിക്കണം. അക്ഷരം പഠിക്കാൻ എൽ.കെ.ജി-യു.കെ.ജി വിദ്യാർഥികൾക്ക് നൽകുന്ന കളികൾപോലുള്ള ഭാഷാപഠനത്തിന് സഹായകമായ കളികളിൽ ഏർപ്പെടുന്നതും ഈ പ്രശ്നം മറികടക്കാൻ സഹായകമാണ്.

● മുതിർന്ന ക്ലാസിലെ കുട്ടികളുടെ നിരക്ഷരത അവർക്ക് അഭിമാനക്ഷതം സംഭവിക്കാത്ത വിധത്തിൽ കൈകാര്യം ചെയ്യണം. പഠിക്കാനാവശ്യമായ സാമഗ്രികളും സമയവും സഹായവും അനുവദിക്കണം.

● പഠനവിഷയങ്ങളിൽ തുടർച്ച ലഭിക്കാൻ മുൻവർഷത്തെ പാഠഭാഗങ്ങളുടെ സംക്ഷിപ്തം പഠിക്കാൻ അവസരം ഒരുക്കണം.

● രക്ഷാകർത്താക്കൾ തന്‍റെ കുട്ടിയുടെ പ്രശ്നം കണ്ടെത്താൻ ശ്രമിക്കുകയും സമാന പ്രശ്നങ്ങളുള്ള കുട്ടികളുണ്ടെങ്കിൽ അവരെയെല്ലാം ചേർത്ത് വിഷയങ്ങളിലെ അധ്യാപകരോട് പരിഹാരബോധനം നടത്താൻ പി.ടി.എ പോലുള്ള സമിതികളിൽ ആവശ്യപ്പെടാം.

● പഠനപ്രക്രിയ വളരെ പ്രധാനമാണ്. പഠനത്തിന്റെ അന്തിമ ഫലത്തിൽ മാത്രം ഊന്നുന്നത് കുട്ടിയുടെ ബുദ്ധി, ചിന്ത എന്നിവയെ ബാധിക്കും.

● സ്കൂളിൽനിന്ന് നൽകുന്ന പഠനപ്രവർത്തനങ്ങൾ ഗൂഗ്ൾ, യൂട്യൂബ് എന്നിവ ആശ്രയിച്ച് പൂർത്തീകരിക്കുന്ന സ്വഭാവം കുട്ടികളിൽ രൂപപ്പെട്ടിട്ടുണ്ട്. മികച്ച എഴുത്ത് തയാറാക്കുന്നതിനു പകരം അന്വേഷിച്ചു കണ്ടെത്താൻ വിദ്യാർഥികൾ ശ്രദ്ധിക്കണം.

● തയാറാക്കാൻ ആവശ്യപ്പെടുന്ന റിപ്പോർട്ട്, പ്രോജക്ട്, അസൈൻമെന്റ് എന്നിവ മാനസികശേഷി വികാസത്തിനുള്ള അന്വേഷണങ്ങളിലേക്ക് നയിക്കണം.

● വൈകി എഴുന്നേറ്റ് വളരെ കൂടുതൽ ഉറങ്ങുന്ന സ്വഭാവം മിക്കവാറും കുട്ടികളിൽ കണ്ടുവരുന്നുണ്ട്. ഇത് കുട്ടികളിലെ ആരോഗ്യകരമായ പഠനസ്വഭാവങ്ങൾ നഷ്ടപ്പെടുത്തും.

● വിനോദത്തിനും പഠനത്തിനും പ്രാധാന്യം നൽകുന്ന സമയക്രമം രക്ഷാകർത്താക്കൾ കുട്ടികളുമായി ചർച്ചചെയ്ത് തീരുമാനിക്കണം. കുട്ടികൾക്ക് അത്തരം ശീലങ്ങളിൽനിന്നു മാറാനുള്ള പ്രയാസം മനസ്സിലാക്കി രക്ഷാകർത്താക്കൾ സഹകരിക്കണം.


സ്വഭാവപരമായ പ്രശ്നങ്ങൾ

കോവിഡ് കാലത്ത് ദിനചര്യകൾ മാറി വീടിനകത്തായിപ്പോയത് കുട്ടികളുടെ സമയനിഷ്ഠയെ കാര്യമായി ബാധിച്ചിട്ടുണ്ടാവും. അവർക്ക് സൗഹൃദങ്ങൾ നഷ്ടപ്പെട്ടു. സാമൂഹിക ഇടപെടൽ, ആശയവിനിമയശേഷി, കാര്യപ്രാപ്തി, ഭക്തി, നേതൃഗുണം തുടങ്ങിയവയെയെല്ലാം അത് ബാധിക്കാൻ സാധ്യതയുണ്ട്. വളരെ കർശനമായ പഠനത്തിലേക്ക് പെട്ടെന്ന് എടുത്തെറിയപ്പെടുന്നതിനുപകരം കുട്ടികളുടെ ഗ്രൂപ് പ്രവർത്തനങ്ങൾക്കും അവരുടെ സഹവർത്തിത്വത്തിനും പ്രാധാന്യമുള്ള അന്തരീക്ഷം ഒരുങ്ങണം. പഠനം പോലെതന്നെ ഇത്തരം കാര്യങ്ങളിലും രക്ഷാകർത്താക്കൾ പ്രത്യേകം ശ്രദ്ധചെലുത്തണം.

കായികവാസനകളെ തിരിച്ചുകൊണ്ടുവരാം

കഴിഞ്ഞ വർഷങ്ങളിൽ കുട്ടികൾക്ക് നഷ്ടമായ കായികോത്സവം, കലോത്സവം, സ്കൂളിലെ ദിനാചരണങ്ങൾ എന്നിവ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കണം. കാര്യങ്ങളെല്ലാം കുട്ടികളും രക്ഷാകർത്താക്കളും അധ്യാപകരും സഹകരിച്ച്, ചർച്ചചെയ്ത് പരിഹരിക്കണം. വ്യക്തിത്വ വളർച്ചക്കും പഠനത്തിനും ഒരുപോലെ സഹായകമാണ് അത്തരം കാര്യങ്ങളെന്ന് മനസ്സിലാക്കണം. കളി, വിനോദം, കലാപ്രകടനം എന്നിവ പഠനത്തിന് തടസ്സമാണെന്ന മനോഭാവം മനഃശാസ്ത്ര സമീപനങ്ങൾക്ക് എതിരാണ്. ഇത് രക്ഷിതാക്കൾ തിരിച്ചറിയണം.


മൊബൈൽ അഡിക്ഷൻ

അനിയന്ത്രിതമായ മൊബൈൽ ഉപയോഗം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. കാഴ്ചപരിമിതി, വിട്ടുമാറാത്ത തലവേദന, ഓർമക്കുറവ് എന്നിവയാണ് പ്രാഥമിക പ്രശ്നം. തുടർന്ന് സമയനഷ്ടം, സാമ്പത്തികനഷ്ടം തുടങ്ങി മറ്റനേകം ദൂഷ്യവശങ്ങളും അനുഭവിക്കേണ്ടിവരും. എന്നുവെച്ച് മൊബൈൽ ഫോണിനെ പഠനത്തിൽനിന്ന് അകറ്റിനിർത്തുന്നതും അഭികാമ്യമല്ല.

ആരോഗ്യകരമായ മൊബൈൽ-കമ്പ്യൂട്ടർ ഉപയോഗത്തിെൻറ സാധ്യതകൾ നാം കോവിഡ് കാലത്ത് പരിചയപ്പെട്ടിട്ടുണ്ട്. പഠനപ്രാധാന്യമുള്ള പരിപാടികൾ, നല്ല വിനോദോപാധികൾ, ഭാവനയും ചിന്തയും വളർത്താനുതകുന്ന സാധ്യതകൾ എന്നിവ മൊബൈലിൽ ലഭ്യമാണ്. ഉപയോഗസമയം പരിമിതപ്പെടുത്താൻ കുട്ടികളും രക്ഷാകർത്താക്കളും പരസ്പര വിശ്വാസത്തിലൂടെ ചർച്ചചെയ്ത് സമീപനം രൂപപ്പെടുത്തണം.

പൊതു പുസ്തകങ്ങൾ വായിക്കാൻ പ്രേരിപ്പിക്കുന്നത് മൊബൈൽ അഡിക്ഷൻ പരിഹരിക്കാൻ സഹായിക്കും. സ്കൂൾ കുട്ടികൾക്കിടയിൽ അശ്ലീല വിഡിയോ കാണാനുള്ള സാധ്യത ഓൺലൈൻ പഠനശേഷം വർധിച്ചതായി പഠനങ്ങളുണ്ട്. കുറ്റവാസന, ഗുരുതര ലൈംഗിക ആരോഗ്യ പ്രശ്നങ്ങൾ ഭാവിയിൽ സൃഷ്ടിക്കുന്നത് മൊബൈൽ ഉപയോഗം സുതാര്യമാക്കുന്നതിലൂടെയും ബോധവത്കരണത്തിലൂടെയും നിയന്ത്രിക്കാം.

ഫ്ലക്സിബിൾ പഠനം

പഠിതാക്കൾ അവരുടെ ആവശ്യങ്ങൾക്ക് അനുസൃതമായി പാഠഭാഗങ്ങൾ, ബന്ധപ്പെട്ട പഠനസഹായികൾ എന്നിവ തിരഞ്ഞെടുക്കുകയും സാങ്കേതികസാധ്യതകൾ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതാണ് ഫ്ലക്സിബിൾ പഠനം. എല്ലാ വിവരങ്ങളും നമ്മുടെ വിരൽത്തുമ്പിൽ ഗൂഗിളിലും യൂട്യൂബിലും ലഭ്യമാണ്. വളരെ കുറഞ്ഞ സമയംകൊണ്ട് രക്ഷാകർത്താക്കൾക്ക് കുട്ടികളെ എങ്ങനെയാണ് പഠനത്തിൽ സഹായിക്കുംവിധം സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടത് എന്ന് മനസ്സിലാക്കാൻ ഇത്തരം മാർഗങ്ങൾ അവലംബിക്കുന്നത് നന്നായിരിക്കും.

കണക്ക്, സയൻസ്, സാമൂഹികശാസ്ത്രം, ഭാഷാപഠനം എന്നിവയുടെ പഠനത്തിന് മൊബൈൽ സാധ്യതകൾ ഉപയോഗപ്പെടുത്താവുന്നതാണ്. ഇതിനെ 'എം' ലേണിങ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതെല്ലാം കാലികമായി പ്രയോജനപ്പെടുത്തുക എന്നതാണ് ആരോഗ്യകരമായ മൊബൈൽ ഫോൺ ഉപയോഗം.

കുട്ടികൾ സ്വയം യൂട്യൂബ് ചാനൽ, ഇൻസ്റ്റഗ്രാം പേജ് എന്നിവക്ക് കാര്യമായ ശ്രമം നടത്തുമ്പോൾ ഇതിനുവേണ്ടി റഫറൻസ് സ്ക്രിപ്റ്റ് തയാറാക്കൽ, കാമറ പരിശീലനങ്ങൾ എന്നിവയിൽ നിപുണരാവും. ഗുണാത്മകമായ മറ്റു പരിപാടികൾ കണ്ടെത്തുക എന്നതാണ് മൊബൈൽ ഫോൺ കാലത്ത് രക്ഷാകർത്താക്കൾ നേരിടുന്ന വെല്ലുവിളി.


അനാവശ്യ എഴുത്തുകുത്തുകൾക്കു പകരം കുട്ടികൾക്ക് സമയനിഷ്ഠ നിശ്ചയിച്ച് ക്ലാസ് ഗ്രൂപ്പുകളിൽ ക്രിയാത്മകമായ നോട്ട്സ് തയാറാക്കി ഷെയർ ചെയ്യൽ, ചർച്ചസാധ്യത ഒരുക്കൽ എന്നിവ മൊബൈൽ ഉപയോഗം കാര്യക്ഷമമാക്കും. ഗൂഗ്ൾ ക്ലാസ്റൂം പോലെയുള്ള സാധ്യതകൾ അസൈൻമെന്റിന് പ്രയോജനപ്പെടുത്താൻ അധ്യാപകരോട് ആവശ്യപ്പെടണം

നല്ല കാമറയും എഡിറ്റിങ് സോഫ്റ്റ് വെയറും മൊബൈൽ ഫോണിൽ ലഭ്യമാണ്. കുട്ടികൾക്ക് ഇത് ഉപയോഗപ്പെടുത്തി ഷോർട്ട് ഫിലിം, ഫോട്ടോഗ്രഫി പരിശീലനം നൽകുന്നതു വഴി ഈ മാധ്യമം പഠനത്തിൽ ഉപയോഗിക്കാൻ സഹായകമാവും. ഇത്തരം സാധ്യതകളെല്ലാം അവരുടെ വിഷയ പഠനവുമായി ബന്ധപ്പെടുത്തി നൽകിയാൽ ഏറെ ഫലപ്രദമാകും. രക്ഷാകർത്താക്കൾ ഇത്തരം പരിപാടികൾ സ്കൂൾ സമിതിയെക്കൊണ്ട് നടത്താൻ നിർദേശിക്കണം.

ഭാഷാനൈപുണികൾ പ്രോത്സാഹിപ്പിക്കാൻ നിരവധി സാങ്കേതികസാധ്യതകളുണ്ട്. അവ പ്രയോജനപ്പെടുത്താം. വെർച്വൽ ടൂർ ഹിസ്റ്ററി, ജ്യോഗ്രഫി പഠനവുമായി ബന്ധിപ്പിച്ച് സംഘടിപ്പിക്കാം. ഗൂഗ്ൾ മീറ്റ് ഉപയോഗപ്പെടുത്തി സമപ്രായക്കാരായ കുട്ടികൾക്ക് പരസ്പരം പഠിപ്പിക്കാനുള്ള പരിശീലനം, ആശയവിനിമയം, വിഷയപഠനം എന്നിവ എളുപ്പത്തിൽ സാധ്യമാക്കും.

കുട്ടികൾക്ക് ലഭ്യമായ ഗെയിം ഉപയോഗപ്പെടുത്തി പഠനവിഷയങ്ങളുമായി ബന്ധപ്പെട്ട ഗെയിം ആവിഷ്കരിക്കാൻ അവസരം നൽകുന്നത് നന്നായിരിക്കും.

Show Full Article
TAGS:Online Education Offline Education Advantages Disadvantages 
News Summary - Online Vs Offline Education – Advantages and Disadvantages
Next Story