Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Preparing for an Online Interview
cancel

ലോകം വീണ്ടും കോവിഡ്​ കാലത്തെ പോലെ ഓണ്‍ലൈനിലേക്ക്​ ചുരുങ്ങുന്ന സാഹചര്യം ഉണ്ടായാലും ഇല്ലെങ്കിലും വിവിധ മേഖലകളിൽ ഇന്റര്‍വ്യൂകള്‍ അധികവും ഓണ്‍ലൈനായിത്തന്നെ തുടരാനാണ് സാധ്യത. ലോകത്ത് ഏതാണ്ട് 63 ശതമാനം എച്ച്.ആര്‍ മാനേജര്‍മാര്‍ക്കും ഓണ്‍ലൈന്‍ ഇന്റര്‍വ്യൂകളോടാണ് താൽപര്യം എന്ന് സര്‍വേകള്‍ സൂചിപ്പിക്കുന്നു.

സമയലാഭം, സാമ്പത്തിക ലാഭം എന്നിവയാണ് ഇതിന്​ പ്രധാന കാരണങ്ങള്‍. ജോബ്‌ ഇന്റര്‍വ്യൂ മാത്രമല്ല, ബിസിനസ് ചര്‍ച്ചകളും അഭിമുഖങ്ങളും പുതിയ പദ്ധതി ചര്‍ച്ചകളും ഓണ്‍ലൈനായിത്തന്നെയാണ് നടക്കുന്നത്. ഓൺലൈൻ ഇന്‍റർവ്യൂവിനായി എങ്ങനെയൊക്കെ ഒരുങ്ങാമെന്ന്​ നോക്കാം.


മുൻകരുതൽ വേണം

ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവിന് തയാറെടുക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത്, ഓണ്‍ലൈന്‍ ഇന്റര്‍വ്യൂകള്‍ പരിചിതമാക്കുക എന്നതാണ്. അതിനായി ചില മുന്‍കരുതലുകളും തയാറെടുപ്പുകളും വേണം.

ഏത് ഇന്റര്‍വ്യൂവിലും തൊഴില്‍ദായകര്‍ പരിശോധിക്കുക കമ്പനിയിലെ തൊഴില്‍സംസ്കാരവും രീതികളുമായി എത്രത്തോളം താദാത്മ്യപ്പെട്ട് നിങ്ങള്‍ക്ക് ജോലിചെയ്യാന്‍ പറ്റും എന്നതാണ്. അതുകൊണ്ടുതന്നെ ഒട്ടുമിക്ക തൊഴിലഭിമുഖങ്ങളും തൊഴിലന്വേഷകന്റെ വ്യക്തിത്വം, പ്രവൃത്തി പരിചയം എന്നിവയിലാണ് കൂടുതല്‍ ഊന്നുന്നത്.

കമ്പനി, അതിന്റെ തൊഴില്‍സംസ്കാരം എന്നിവ കൃത്യമായി പഠിച്ചിട്ടുവേണം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍. മറ്റൊരു പ്രധാനകാര്യം നിങ്ങളുടെ സമീപനമാണ്. ഈ ജോലിയോട് നിങ്ങള്‍ക്ക് ആത്മാര്‍ഥമായ താൽപര്യമു​െ​ണ്ടന്ന് ഇന്റര്‍വ്യൂ ചെയ്യുന്നവര്‍ക്ക് മനസ്സിലാകുന്ന രീതിയിലാകണം പെരുമാറുന്നത്.

ഇന്റര്‍വ്യൂ എത്രത്തോളം കാര്യമായെടുത്തിട്ടുണ്ട് എന്ന് നിങ്ങളുടെ സമീപനങ്ങളില്‍നിന്ന് ഇന്റര്‍വ്യൂ ചെയ്യുന്നവര്‍ക്ക് മനസ്സിലാകും. ഒന്നും ലാഘവത്തോടെ എടുക്കരുത് എന്നർഥം.


ഇന്റര്‍വ്യൂവിനു മുന്പ്

  • പ്ലാറ്റ്ഫോം/ സോഫ്റ്റ്‌വെയര്‍:

ആദ്യമായി ഇന്റര്‍വ്യൂ നടത്താന്‍ ഉദ്ദേശിക്കുന്ന മാധ്യമം ഏതെന്ന് തീരുമാനിക്കണം. സൂം/സ്കൈപ്/ഗൂഗ്ള്‍ മീറ്റ്‌ മുതലായ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഒന്നാവാം. സ്ഥാപനം നിര്‍ദേശിക്കുന്നത് ഏതെന്ന് ശ്രദ്ധിക്കുക. സ്ഥാപനത്തിന് പ്രത്യേകമായി ഒരു നിര്‍ദേശവും ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് സൗകര്യപ്രദമായ ഒരു പ്ലാറ്റ്ഫോം നിർദേശിക്കാം. അത്​ നിങ്ങള്‍ക്ക് ഏറ്റവും പരിചിതമായ ഒന്നാകണം. ഇനി അങ്ങനെയല്ല എങ്കില്‍ കമ്പനി നിർദേശിക്കുന്നത് നേരത്തേതന്നെ ഡൗണ്‍ലോഡ് ചെയ്തുവെക്കുക.

48 മണിക്കൂര്‍ മുമ്പെങ്കിലും അത് ഡൗണ്‍ലോഡ് ചെയ്തുവെക്കുന്നത് നല്ലതാണ്. ഒപ്പം നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളുമായി ആ പ്ലാറ്റ്ഫോം ഉപയോഗിച്ച് സംസാരിച്ച് അതിലെ നിങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തുക.

  • സിസ്റ്റം/കമ്പ്യൂട്ടര്‍:

നേരത്തേതന്നെ, കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ലാപ്ടോപ് സജ്ജമാക്കിവെക്കുക. അതില്‍ പ്ലാറ്റ്ഫോം ഡൗണ്‍ലോഡ് ചെയ്ത് കൃത്യമായി വര്‍ക്ക് ചെയ്യുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയും വേണം. ആവശ്യത്തിന് പവര്‍ ലാപ്ടോപ്പിന്​ ഉണ്ടാകണം. ഇടയില്‍ പവര്‍ തീര്‍ന്ന് ഇന്റര്‍വ്യൂവില്‍ തടസ്സം നേരിടുന്ന അവസ്ഥ വരരുത്. അങ്ങനെ സംഭവിച്ചാല്‍ പിന്നീട് കമ്പനികള്‍ രണ്ടാമതൊരു അവസരം തരണമെന്നില്ല.

അതിനാല്‍, അത്തരം കാര്യങ്ങളില്‍ നല്ല ശ്രദ്ധ പുലര്‍ത്തുക. കാര്യക്ഷമത കുറഞ്ഞ സിസ്റ്റം അല്ല എന്ന് ഉറപ്പുവരുത്തുക. ഹൈസ്പീഡ് ലാപ്ടോപ് തന്നെ ഉപയോഗിക്കുക. ശ്രദ്ധിക്കുക, ഇന്റര്‍വ്യൂ വിന് മൊബൈല്‍ ഫോണ്‍ ഒരു കാരണവശാലും ഉപയോഗിക്കരുത്.


  • ഇന്റര്‍നെറ്റ്‌ കണക്ഷന്‍:

എപ്പോഴും ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവിലെ പ്രധാന വില്ലന്‍ ഇന്റര്‍നെറ്റ്‌ കണക്ഷനായിരിക്കും. അതിനാല്‍ ഒരു ഹൈ സ്പീഡ് ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഉപയോഗിക്കുക.

നിങ്ങളുടെ വീട്, ഓഫിസ് പരിസരങ്ങള്‍ ഹൈ സ്പീഡ് ഇന്റര്‍നെറ്റ്‌ ലഭ്യമല്ലെങ്കില്‍, ഇന്റര്‍വ്യൂവിന് അത്തരം സൗകര്യങ്ങള്‍ ലഭ്യമായ സ്ഥലംതന്നെ തിരഞ്ഞെടുക്കുക.

  • സൗണ്ട്:

ലാപ്ടോപ്പിലെ സൗണ്ട് കൃത്യമായി വര്‍ക്ക് ചെയ്യുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക. നല്ല ഒരു ഹെഡ്സെറ്റ് തയാറാക്കിവെക്കുക. രണ്ടു കൂട്ടര്‍ക്കും ശബ്ദം കൃത്യമായി കേള്‍ക്കുന്നുണ്ട് എന്ന് സംസാരിച്ച് ഉറപ്പുവരുത്തുക. പുറമെയുള്ള ശബ്ദങ്ങള്‍ ശല്യമുണ്ടാക്കാത്ത തരത്തിലുള്ള സാങ്കേതിക വിദ്യകള്‍ ഇപ്പോള്‍ ലഭ്യമാണ്. നല്ല മൈക്കുകളും ലഭ്യമാണ്.

  • പരിസരം:

പുറത്തുനിന്നുള്ള ശബ്ദവും ഇടപെടലുകളും ശല്യംചെയ്യാത്ത ഒഴിഞ്ഞ ഒരു റൂം ഇന്റര്‍വ്യൂവിനായി തിരഞ്ഞെടുക്കണം. നേരത്തേതന്നെ ചുറ്റുമുള്ളവരോട് ഇങ്ങനെ ഒരു ഇന്റര്‍വ്യൂ നടക്കുന്നതിനെക്കുറിച്ച് പറഞ്ഞുവെക്കുക. നമ്മുടെ ശ്രദ്ധതിരിക്കുന്ന ഒന്നും റൂമിലോ പരിസരത്തോ ഇല്ലെന്ന് ഉറപ്പുവരുത്തുകയും വേണം.

  • സ്ക്രീന്‍ പ്രസന്‍സും ശബ്ദവിന്യാസവും:

ശ്രദ്ധിക്കുക, നിങ്ങള്‍ പറയാനും പ്രകടിപ്പിക്കാനും ഉദ്ദേശിക്കുന്ന ആശയങ്ങളുടെ ഏതാണ്ട് ഏഴു ശതമാനം മാത്രമേ വാക്കുകള്‍ കൈമാറുന്നുള്ളൂ. ബാക്കി 93 ശതമാനവും നിങ്ങളുടെ ശരീര ഭാഷയും ശബ്ദവിന്യാസവും കൈമാറും. അതിനാല്‍, കൃത്യമായ ശബ്ദവിന്യാസത്തില്‍ സംസാരിക്കാന്‍ ശ്രമിക്കുക.

അരോചകങ്ങളായ ശരീരഭാഷ ഒഴിവാകുക. നല്ല ഒരു പൊസിഷനില്‍ നിങ്ങളെ നന്നായി കാണുന്ന രീതിയില്‍ ഇരിക്കുക. ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ എളുപ്പമാക്കാന്‍ സാധ്യമാകുന്നത്ര മോക് ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കുക.

  • മോക് ഇന്റര്‍വ്യൂ:

തീര്‍ച്ചയായും സാധ്യമെങ്കില്‍ രണ്ടിലധികം ഓണ്‍ലൈന്‍ മോക് ഇന്റര്‍വ്യൂകളിലെങ്കിലും പങ്കെടുക്കുക. പൊതുവേ ഇന്റര്‍വ്യൂവിനുവേണ്ടി മുന്നൊരുക്കങ്ങള്‍ നടത്തുക എന്നാല്‍ ഓഫ്‌ലൈന്‍ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യുക എന്ന രീതിയാണ് കണ്ടുവരുന്ന പ്രവണത. പക്ഷേ, ഇനി അതില്‍ മാറ്റങ്ങള്‍ വരേണ്ടതുണ്ട്. സാധാരണ ഇന്റര്‍വ്യൂവിൽ പങ്കെടുക്കുക എന്നതിനൊപ്പം ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ ചെയ്ത് ശീലിക്കണം. അത് നിങ്ങളുടെ പെര്‍ഫോമന്‍സ് ഉറപ്പുവരുത്തും.


ഇന്റര്‍വ്യൂവിനിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

ഒരു സ്വയം പരിചയപ്പെടുത്തല്‍ നല്ലതാണ്, അവര്‍ ആവശ്യപ്പെടുമ്പോള്‍. അതിഭാവുകത്വവും അതിവിനയവും ഒഴിവാക്കാം. പരിചയപ്പെടുത്തല്‍ അഭിനയം ആകാതിരിക്കാന്‍ ശ്രദ്ധിക്കുക. നല്ല ഭാഷ പ്രധാനമാണ്. അത് മലയാളം ആയാലും ഇംഗ്ലീഷ് ആയാലും.

നാടന്‍ ഭാഷകളും പദപ്രയോഗങ്ങളും ഒഴിവാക്കുക. ഓവറായി സൗഹൃദ ഭാവം കാണിക്കാതിരിക്കുക. ഇന്റര്‍വ്യൂ ചെയ്യുന്നവര്‍ സൗഹൃദ ഭാവം കാണിക്കുന്നു എങ്കില്‍ തിരിച്ച് അങ്ങോട്ടും ആകാം. ആവശ്യത്തിന് സൗഹൃദ ഭാവം കാണിക്കുന്നത് നിങ്ങള്‍ കുറെക്കൂടി ഫ്ലെക്സിബിൾ ആണെന്ന് കാണിക്കും, അത് നിങ്ങള്‍ക്ക് ഇന്റര്‍വ്യൂവില്‍ മേൽക്കൈ തരും. ഇതെല്ലാം സ്വാഭാവിക പ്രകടനങ്ങളായിരിക്കണം.

ആവശ്യമായ ഡോക്യുമെന്റുകള്‍ കൈയില്‍ സൂക്ഷിക്കുന്നത് നല്ലതാണ്. ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ കണ്ടെത്തി മുന്നൊരുക്കം നടത്തണം. നിങ്ങളുടെ പ്രവൃത്തിപരിചയം, യോഗ്യതകള്‍, നിങ്ങള്‍ചെയ്ത പ്രോജക്ടുകള്‍ എന്നിവ മുന്‍നിർത്തി ചോദ്യങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുക.

എന്നുവെച്ചാല്‍ നിങ്ങളുടെ ഊന്നലുകള്‍ നിങ്ങള്‍ക്ക് ഏറ്റവും ആത്മവിശ്വാസത്തോടെ സംസാരിക്കാന്‍ പറ്റിയ ഇടങ്ങളിലായിരിക്കണം. നിങ്ങളുടെ പ്രവൃത്തിപരിചയം ആയിരിക്കും ഏറ്റവും അനുയോജ്യം. ഒപ്പം നിങ്ങളുടെ ഹോബികള്‍.

  • അവസാനം:

ഇന്റര്‍വ്യൂവിന്‍റെ അവസാനം ഒരുപക്ഷേ കമ്പനിയുടെ ഭാഗത്തുനിന്നും ഇങ്ങനെ ഒരു ചോദ്യം ഉണ്ടാകാം. ‘നിങ്ങള്‍ക്ക് എന്തെങ്കിലും ഞങ്ങളോട് ചോദിക്കാനുണ്ടോ’ എന്നരീതിയില്‍. അത്തരം സന്ദര്‍ഭങ്ങളില്‍ പൊതു​വെ ഇന്റര്‍വ്യൂ അഭിമുഖീകരിക്കുന്നവര്‍ സ്വീകരിക്കുന്ന ഒരു സമീപനം ‘എല്ലാ കാര്യങ്ങളും നമ്മള്‍ ചര്‍ച്ചചെയ്തു. അതുകൊണ്ട് എനിക്ക് ഒന്നും ചോദിക്കാനില്ല’ എന്ന അർഥത്തില്‍ ഒഴിഞ്ഞു മാറലാണ്​.

പക്ഷേ, അത്തരമൊരു അവസരം ഉപയോഗപ്പെടുത്തണം. നിങ്ങള്‍ ഒരു നല്ല ഉദ്യോഗാര്‍ഥിയാണ് എന്ന് തെളിയിക്കുന്ന രീതിയില്‍ അല്ലെങ്കില്‍ ഈ ജോലി ആത്മാർഥമായും നിങ്ങള്‍ ആഗ്രഹിക്കുന്നു എന്ന് ബോധിപ്പിക്കുന്ന രീതിയില്‍ ചോദ്യങ്ങള്‍ ആകാം. സന്ദര്‍ഭത്തിന്​ അനുസരിച്ചാകണം നിങ്ങളുടെ ചോദ്യങ്ങള്‍. വെറുതെ ഒര​ു ചോദ്യം എന്ന നിലക്കാകരുത് എന്നര്‍ഥം.

ചില ചോദ്യങ്ങള്‍ ഇങ്ങനെ ആകാം:

1. ഈ ഒരു തസ്തികയില്‍ നിയമിക്കപ്പെടുന്ന ഒരാളില്‍ നിന്നും കമ്പനി പ്രതീക്ഷിക്കുന്നത് എന്തൊക്കെയാണ്?

2. കമ്പനിയുടെ തൊഴില്‍ സംസ്കാരം അല്ലെങ്കില്‍ രീതികള്‍ എങ്ങനെയാണ് ?

3. എന്താണ് നിങ്ങളുടെ കമ്പനിയുടെ ഭാവി ബിസിനസ്‌ പ്ലാനുകള്‍?

ഇതിങ്ങനെ തന്നെ ആകണം എന്നില്ല. സമാന രീതിയിലുള്ള ചോദ്യങ്ങളാകാം. നിങ്ങള്‍ തൊഴിലന്വേഷിക്കുന്ന സ്ഥാപനത്തിന്റെ ഉൽപന്നങ്ങളും സേവനങ്ങളും മുന്‍നിര്‍ത്തി ചോദിക്കുന്നതായിരിക്കും ഉത്തമം.

ഇന്റര്‍വ്യൂവിനു ശേഷം

ഇന്റര്‍വ്യൂ കഴിഞ്ഞ് മൂന്നു ദിവസത്തിനുള്ളില്‍ ഫീഡ്ബാക്ക് അന്വേഷിച്ച് ഒരു ഔദ്യോഗിക മെയില്‍ ചെയ്യാം. മെയിലിന്‍റെ ആദ്യത്തില്‍ ഇന്റര്‍വ്യൂവിന്​ അവസരം തന്നതിലെ നന്ദി അറിയിക്കാം. ശേഷം അഭിപ്രായങ്ങളും ഫീഡ്ബാക്കും അന്വേഷിക്കാം. ഒപ്പം നിങ്ങളുടെ സി.വി ഒന്നുകൂടി അയക്കാം. മെയിലില്‍ അനാവശ്യമായ ഒരു പരാമര്‍ശവും ഇല്ലാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.


സാങ്കേതികത എന്ന വില്ലന്‍

ഓണ്‍ലൈന്‍ ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കുന്നതിന് ചില മുന്നൊരുക്കങ്ങള്‍ വേണം. സാങ്കേതികതകള്‍ തന്നെയാണ് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂകളിലെ വില്ലന്‍. സൂക്ഷ്മത പാലിച്ചില്ലെങ്കില്‍ ഇന്റര്‍വ്യൂ തികഞ്ഞ പരാജയമാകും. അത് നമ്മുടെ ആത്മവിശ്വാസത്തെ ബാധിക്കും. അതിനാല്‍ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ പഠിക്കുകയും പരിശീലിക്കുകയും വേണം.

വേണം ഫോര്‍മല്‍ ഡ്രസ്

  • നേരിട്ടുള്ള ഇന്റര്‍വ്യൂ ആണ് അറ്റന്‍ഡ് ചെയ്യുന്നത് എന്ന ബോധ്യത്തോടെതന്നെ വേണം ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവിനെയും സമീപിക്കാന്‍. സാധാരണ നിലക്ക് ഓണ്‍ലൈന്‍ ക്ലാസ് റൂമുകളെ സമീപിക്കുന്ന പതിവു ശൈലിയില്‍ വളരെ ലാഘവത്തോടെയോ ഉദാസീനമായോ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവിനെ കാണരുത്.
  • ഫോര്‍മല്‍ ഡ്രസ് കോഡില്‍തന്നെ പങ്കെടുക്കുക. ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ ആയിരുന്നിട്ടുപോലും നിങ്ങള്‍ അതിനെ സീരിയസായി എടുത്തുവെന്ന് അത് ഇന്റര്‍വ്യൂ ചെയ്യുന്നവരെ ബോധ്യപ്പെടുത്തും. നിങ്ങള്‍ ഈ ജോലി ആഗ്രഹിക്കുന്ന ആളാണെന്ന് തീര്‍ച്ചയായും പറയാതെ പറയുകയാണ്‌ നിങ്ങള്‍ ചെയ്യുന്നത്.
  • സമീപനവും ആറ്റിറ്റ്യൂഡും പ്രധാനമാണ് എന്നർഥം. നിങ്ങളുടെ ഡ്രസ് കോഡ് നിങ്ങളെ ഡിസ്കവര്‍ ചെയ്യുന്നു എന്നത് പ്രധാനമാണ്. നിങ്ങളുടെ മുഖം വ്യക്തമായി കാണാന്‍പറ്റുന്ന രീതിയിലുള്ള ഒരു സീറ്റിങ് പൊസിഷന്‍ കണ്ടെത്തുക. നിങ്ങളുടെ മുഖഭാവങ്ങളും മാറ്റങ്ങളും ഇന്റര്‍വ്യൂ ചെയ്യുന്നവര്‍ക്ക് വ്യക്തമായി കാണാന്‍ സാധിക്കണം.
  • മറക്കരുത്​ ഇക്കാര്യങ്ങൾ
  • ഇന്റര്‍വ്യൂവിനു മുന്പ് കമ്പനിയെക്കുറിച്ച് വിശദമായി പഠിക്കുക.
  • നിങ്ങളുടെ തസ്തികയുടെ കര്‍മങ്ങളും ഉത്തരവാദിത്തങ്ങളും എന്താണ് എന്ന് കൃത്യമായി മനസ്സിലാക്കുക
  • നിങ്ങളെ നിയമിക്കാന്‍ ഉദ്ദേശിക്കുന്ന തസ്തികയെക്കുറിച്ചുള്ള സ്ഥാപനത്തിന്‍റെ/ കമ്പനിയുടെ പ്രതീക്ഷകളും ആവശ്യങ്ങളും മനസ്സിലാക്കുക
  • നിങ്ങള്‍ ഇന്റര്‍വ്യൂവിനു വിധേയമാകുന്ന തസ്തികയിലെ നിലവിലെ സാങ്കേതിക മാറ്റങ്ങള്‍, പുതിയ പ്രവണതകള്‍ എന്നിവ മനസ്സിലാക്കിവെക്കുക.
  • യൂട്യൂബില്‍ ലഭ്യമായ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂകള്‍/ മോഡലുകള്‍ കാണുക
  • മോക് ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കുക
  • അതിവിനയത്വം, അധിക ആകാംക്ഷ എന്നിവ കാണിച്ച് നിങ്ങളെ മോശമായി പ്രദര്‍ശിപ്പിക്കുന്ന ഒന്നും നിങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Career GuidanceOnline InterviewEducation News
News Summary - Preparing for an Online Interview
Next Story