Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightColumnschevron_rightCareerchevron_rightഉപരിപഠനത്തിന്...

ഉപരിപഠനത്തിന് ഒരുങ്ങുംമുമ്പ് വിദ്യാർഥികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

text_fields
bookmark_border
nest application invited
cancel

നാലാം വ്യവസായ വിപ്ലവകാലത്തേക്ക് പ്രവേശിച്ചുകഴിഞ്ഞ നമ്മൾ ആ കാലത്തിനുവേണ്ട തൊഴിൽ നൈപുണ്യവും വിദ്യാഭ്യാസവുമാണ് നേടേണ്ടത് എന്നകാര്യത്തിൽ തർക്കമില്ല. അക്കാലത്തേക്കുവേണ്ട നൈപുണികൾ എന്തായിരിക്കണമെന്ന അന്വേഷണമാണ് കോഴ്സുകൾ തിരഞ്ഞെടുക്കുന്നതിനുമുമ്പ് നടത്തേണ്ടത്.

വ്യത്യസ്തമായ ഒരുപാട് സാങ്കേതികവിദ്യകൾ വികസിക്കുകയും വൈവിധ്യമായ സൗകര്യങ്ങൾ വളരുകയും ചെയ്യുന്ന കാലമാണിത്. നിർമിതബുദ്ധി (AI), റോബോട്ടിക്സ്, ഇന്റർനെറ്റ് ഓഫ് തിങ്സ് (IoT), വെബ് 3, ബ്ലോക്ക്ചെയിൻ, ത്രിമാന അച്ചടി, ജനിതക എൻജിനീയറിങ്, ക്വാണ്ടം കമ്പ്യൂട്ടിങ് തുടങ്ങി നിരവധി മേഖലകളിലെ ഗവേഷണവും വികസനവുമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

സാങ്കേതിക വിദ്യയുടെ വളർച്ചയും വികാസവും അതിവേഗത്തിലാണ്. രണ്ടുവർഷം കഴിയുമ്പോൾ ഇപ്പോഴുള്ള പല സാങ്കേതിക ഉപകരണങ്ങളും അപ്രത്യക്ഷമായേക്കാം. ഉപരിപഠനത്തിനൊരുങ്ങുംമുമ്പ് ഭാവിയിലെ നൈപുണികളെക്കുറിച്ചും അറിയാം.


സ്കോപ്പുണ്ട് SCOPE ഉള്ളവർ പഠിക്കുന്ന കാര്യങ്ങൾക്ക്

നിങ്ങളുടെ ‘സ്കോപ്’ പരിശോധിച്ച ശേഷം പഠനം തിരഞ്ഞെടുക്കുക, അതിനാവും ഇനി സ്കോപ്. ഭാവിയിലേക്ക് ഏറ്റവും സ്കോപ്പുള്ള തൊഴിൽ ഏതാണെന്ന ചോദ്യത്തിന് ഏറ്റവും പെട്ടെന്ന് കിട്ടുന്ന ഉത്തരം, വ്യക്തികൾക്കുള്ള സ്കോപ്പിനാണ് തൊഴിൽ സാധ്യത കൂടുതൽ എന്നതാണ്.

ആത്മവിശ്വാസം (S- Self Confidence)

ഒരാൾക്ക് സ്വന്തം കഴിവിലുള്ള അചഞ്ചലമായ വിശ്വാസമാണിത്. വെല്ലുവിളികളെ മറികടക്കാനുള്ള നിശ്ചയദാർഢ്യം ആത്മവിശ്വാസത്തോടൊപ്പം ഒരാൾക്ക് നേടാൻ കഴിയും.

ജിജ്ഞാസ (C -Curiosity)

പഠനത്തിന്‍റെ അടിസ്ഥാനശിലയാണ് ആവശ്യബോധം. ‘എന്തുകൊണ്ട്’, ‘എങ്ങനെ’ എന്നീ ചോദ്യങ്ങൾ നിരന്തരം ചോദിച്ചുകൊണ്ടിരിക്കണം. അറിവും സാങ്കേതികതയും അതിവേഗം മാറിക്കൊണ്ടിരിക്കുന്നു എന്നതിനാൽ നിരന്തരമായി അപ്ഡേറ്റ് ചെയ്യപ്പെടാനുള്ള ജിജ്ഞാസ എല്ലാകാര്യത്തിലും വെച്ചുപുലർത്തണം. നിരന്തര അന്വേഷണമാണ് പുതിയ കാലത്തെ വളർച്ചക്ക് അനിവാര്യം.

ശുഭാപ്തിവിശ്വാസം (O -Optimistic)

നിരന്തര വെല്ലുവിളികൾ നേരിടുമ്പോഴും വഴികാട്ടിയായി ശുഭാപ്തിവിശ്വാസം പ്രവർത്തിക്കും. പരാജയങ്ങളെ നേരിടാനും നൂതന ആശയങ്ങളെ അവതരിപ്പിക്കാനുമുള്ള കഴിവ് ഇക്കാലത്ത് അത്യന്താപേക്ഷിതമാണ്. പുതിയ ആശയങ്ങൾ അവതരിപ്പിക്കുന്നവരാണ് നാലാം വ്യവസായ വിപ്ലവകാലത്ത് സമൂഹത്തെ നയിക്കുന്നവരായി തീരുക എന്നതിനാലാണത്.

സ്ഥിരത (P -Persistence)

സ്ഥിരതയാണ് ഏതൊരു നേട്ടത്തിന്റെയും പിന്നിലെ പ്രേരകശക്തി. തീരുമാനം എടുക്കുന്നതിലും എടുത്ത തീരുമാനം നടപ്പാക്കുന്നതിലും സ്ഥിരത നിലനിർത്താൻ കഴിയാത്തതാണ് ഇപ്പോൾ പല വിദ്യാർഥികളുടെയും പ്രശ്നം. കോഴ്സുകൾ മാറിമാറി പഠിക്കുകയും കൃത്യമായ ലക്ഷ്യമില്ലാതിരിക്കുകയും ചെയ്യുന്നത് പുതിയ കാലത്ത് പരാജയത്തിലേക്കുള്ള വേഗത വർധിപ്പിക്കും.

ആവേശഭരിതരായി പ്രവർത്തിക്കുക (E -Enthusiasm)

സ്ഥിരോത്സാഹം, അഭിനിവേശം, ആവേശം എന്നിവ ഒരു വ്യക്തിയിൽ പ്രവർത്തിക്കാനുള്ള ഊർജം നിറക്കും. ആസ്വദിച്ച് പഠിക്കുക, ആസ്വദിച്ച് ജോലി ചെയ്യുക എന്നിവയെല്ലാം നമ്മളെ കൂടുതൽ ഊർജസ്വലരാക്കും. താൽപര്യമുള്ള പഠനമേഖലകൾ തിരഞ്ഞെടുക്കുക എന്നതിനാണ് ഇക്കാലത്ത് പ്രാധാന്യം കൊടുക്കേണ്ടത്. തങ്ങൾക്കിഷ്ടപ്പെട്ട മേഖലയിൽ മാത്രമേ ഒരാൾക്ക് ആവേശം നിലനിർത്താൻ കഴിയൂ എന്നതിൽ സംശയമില്ല.

നേരത്തേ പഠിച്ച വിഷയങ്ങൾ തന്നെ പഠിക്കുക, ഭാവിയിലേക്ക് സാധ്യതകൾ കൂടുതലുള്ള കോഴ്സുകൾ തിരഞ്ഞെടുക്കുക എന്നിവക്കുപകരം മേൽ പറഞ്ഞ കാര്യങ്ങൾവെച്ച് സ്വയം വിലയിരുത്തി ഓരോരുത്തർക്കും അനുയോജ്യമായ പഠനമേഖലകൾ തിരഞ്ഞെടുക്കാനാണ് വിദ്യാർഥികൾ ഇനി ശ്രമിക്കേണ്ടത്.

അത്തരത്തിൽ സ്വയം വിലയിരുത്തലിന് സഹായിക്കുന്ന ചില മാർഗങ്ങൾകൂടി പരിചയപ്പെടാം.

അഭിരുചി പരീക്ഷകൾ

പ്രത്യേക ജോലികൾ ചെയ്യാനോ ആശയങ്ങൾ മനസ്സിലാക്കാനോ ഉള്ള കഴിവിനെയാണ് അഭിരുചി എന്നതുകൊണ്ട് അർഥമാക്കുന്നത്. ഗണിതശാസ്ത്രം, ഭാഷ, പ്രശ്‌നപരിഹാരം, ക്രിയാത്മക ചിന്ത തുടങ്ങിയവ ഒരു പ്രത്യേക മേഖലയിലേക്കുള്ള സ്വാഭാവിക കഴിവ് അല്ലെങ്കിൽ ചായ്‌വ് ആയിട്ടാണ് കാണപ്പെടുന്നത്.

വ്യത്യസ്തവും വൈവിധ്യവുമായ അഭിരുചികളാണ് ഓരോ വ്യക്തിയിലുമുണ്ടാവുക. അവ കണ്ടെത്തുകയാണെങ്കിൽ അനുയോജ്യമായ കോഴ്സുകളും ജോലികളും തിരഞ്ഞെടുക്കാൻ സാധിക്കും. വിവിധ മേഖലകളിലെ അഭിരുചികളും കഴിവുകളും കണ്ടെത്താൻ സഹായിക്കുന്ന, തയാറാക്കിവെച്ച ടെസ്റ്റുകൾ ലഭ്യമാണ്.

ഡിഫറൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ (DATs) എന്നറിയപ്പെടുന്ന ഈ പരിശോധനകൾ ഒരു വ്യക്തിയുടെ വിവിധ മേഖലകളിലുള്ള ശക്തിയും ബലഹീനതയും തിരിച്ചറിയാൻ സഹായിക്കും.

ഇന്‍ററസ്റ്റ് ഇൻവെന്‍ററികൾ

ഏതൊരു പഠനവും തിരഞ്ഞെടുക്കുമ്പോൾ ഏറ്റവും വലിയ പരിഗണന കൊടുക്കേണ്ടത് താൽപര്യത്തിനാണ്. താൽപര്യങ്ങൾ കണ്ടെത്താൻ ഇന്‍ററസ്റ്റ് ഇൻവെന്‍ററികൾ നമ്മെ സഹായിക്കും. വ്യക്തിയുടെ മുൻഗണനകൾ, ഹോബികൾ, താൽപര്യമുള്ള മേഖലകൾ എന്നിവ തിരിച്ചറിയാൻ ഉപയോഗിക്കുന്ന സ്വയം വിലയിരുത്തൽ ഉപകരണമാണ് ഇന്‍ററസ്റ്റ് ഇൻവെന്‍ററി.

നമുക്ക് ഏറ്റവും താൽപര്യമുള്ള മേഖലകൾ തിരിച്ചറിയാൻ സാധിക്കുമ്പോഴാണ് ഏറ്റവും അനുയോജ്യമായ വിദ്യാഭ്യാസം, തൊഴിൽ മേഖലകൾ എന്നിവ കൃത്യമായി തിരഞ്ഞെടുക്കാൻ സാധിക്കുക.

എന്തു പഠിക്കണം എന്ന തീരുമാനം

ഭാവിയിൽ ഒരു തൊഴിലിനെ ലക്ഷ്യംവെച്ചുള്ള പഠനം അസാധ്യമായിരിക്കും. നമ്മൾ ഇപ്പോൾ സെലക്ട് ചെയ്യുന്ന തൊഴിൽ അഞ്ചോ ആറോ വർഷം കഴിഞ്ഞ് പഠിച്ചിറങ്ങുമ്പോൾ അതിന്‍റെ സാധ്യത എത്രമാത്രം ഉണ്ടാവുമെന്ന് പ്രവചിക്കാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത് എന്നർഥം.

അപ്പോൾ പിന്നെ എസ്.എസ്.എൽ.സി, പ്ലസ് ടു തുടങ്ങിയ കോഴ്സുകൾ കഴിഞ്ഞശേഷം എന്തു പഠിക്കണമെന്ന തീരുമാനം ആദ്യമേ എടുക്കേണ്ടതിന്‍റെ ആവശ്യകത മുമ്പത്തേതിലും അനിവാര്യമായിരിക്കുകയാണ്.

SWOT വിശകലനം

വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ശക്തികൾ (Strengths), ബലഹീനതകൾ (Weaknesses), അവസരങ്ങൾ (Opportunities), ഭീഷണികൾ (Threats) എന്നിവ തിരിച്ചറിയാനും വിലയിരുത്താനും ഉപയോഗിക്കുന്ന മനഃശാസ്ത്രരീതിയാണ് SWOT വിശകലനം. നാലു ഘടകങ്ങളാണ് ഈ അപഗ്രഥനത്തിൽ അടങ്ങിയിട്ടുള്ളത്.

ശക്തികൾ (Strengths)

മറ്റുള്ളവരേക്കാൾ നന്നായി നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളോ അവയെ സഹായിക്കുന്ന ആന്തരിക ഘടകങ്ങളോ ആണ് ശക്തികൾ എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. മറ്റുള്ളവർ നമ്മുടെ ശക്തിയായി കാണുന്ന കാര്യങ്ങളും പരിഗണിക്കണം.

ബലഹീനതകൾ (Weaknesses)

ആത്മവിശ്വാസമില്ലാത്തതിനാൽ സാധാരണയായി നാം ഒഴിവാക്കുന്നത് ഏതുതരത്തിലുള്ള പ്രവർത്തനങ്ങളാണ് എന്നും നമുക്ക് ചുറ്റുമുള്ള ആളുകൾ നമ്മുടെ ബലഹീനതകളായി കാണുന്നത് എന്താണ് എന്നും പരിശോധിക്കുമ്പോൾ കണ്ടെത്തുന്നവയാണ് നമ്മുടെ ദൗർബല്യങ്ങൾ.

അവസരങ്ങൾ (Opportunities)

മാർക്കറ്റ് ട്രെൻഡുകൾ, സാങ്കേതിക മുന്നേറ്റങ്ങൾ പുതിയ മേഖലകളിൽ വരുത്തുന്ന മാറ്റങ്ങൾ, നമ്മുടെ വളർച്ചയെ സഹായിക്കുന്ന പരിതഃസ്ഥിതിയിലെ ബാഹ്യഘടകങ്ങൾ, നമുക്ക് ലഭിക്കുന്ന അവസരങ്ങൾ എന്നിവ ചേർന്നതാണ് അവസരങ്ങൾ എന്ന ഭാഗത്ത് കണ്ടെത്തേണ്ടത്.

ഭീഷണികൾ (Threats)

വിജയത്തിന് തടസ്സമായി നിൽക്കുന്ന അപകടസാധ്യതകളും വെല്ലുവിളികളും വിലയിരുത്തി അവ മറികടക്കാനുള്ള മാർഗങ്ങൾ ആരായാൻ ഈ ഘടകം നമ്മെ സഹായിക്കും.

വ്യക്തിപരമായി ആലോചിച്ചും സ്വയം വിലയിരുത്തിയും ഈ അപഗ്രഥനം നടത്താൻ സാധിക്കും. അതുപോലെ നിലവിലെ സാഹചര്യം വിലയിരുത്താനും സ്ഥാനം മനസ്സിലാക്കാനും അതുവഴി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള തന്ത്രങ്ങൾ വികസിപ്പിക്കാനുമുള്ള ഘടനാപരമായ ചട്ടക്കൂട് നൽകാൻ SWOT അനാലിസിസുകൊണ്ട് സാധിക്കും.

ഇതോടൊപ്പം തന്നെ കോഴ്സിന്‍റെ വഴക്കവും സ്പെഷലൈസേഷനുകൾ തിരഞ്ഞെടുക്കാനുള്ള സാധ്യതകളും കൂടി വിലയിരുത്തിവേണം പഠനം തിരഞ്ഞെടുക്കാൻ. കോഴ്സുകളുടെ വൈവിധ്യങ്ങളിൽനിന്ന് തൊഴിൽ സാധ്യതകൾ നോക്കുന്നതിനുപകരം അനുയോജ്യമായത് കണ്ടെത്തുക എന്നതാണ് ഇനിയുള്ള ഘട്ടത്തിൽ അനിവാര്യം.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:higher studiesEducation News
News Summary - For the attention of students who are preparing for higher studies
Next Story