യോഗയിൽ ആൻ ‘അൺസ്റ്റോപ്പബിൾ...
text_fieldsതൃശൂർ: ചേർച്ച എന്നൊരർഥം യോഗക്കുണ്ട്, ആൻ മൂക്കൻ എന്ന 12 വയസ്സുകാരിയുടെ ശരീരത്തെ മനസ്സിനിണങ്ങുന്ന രീതിയിൽ ചലിപ്പിക്കാൻ ദൈവം അവളോട് ചേർത്തുവെച്ച മാജിക്കാണ് യോഗ. ഡൗൺ സിൻഡ്രോം ബാധിതയാണ് ഈ ആറാം ക്ലാസുകാരി. വഴക്കമുള്ള അവളുടെ ശരീരം പക്ഷേ, അവളുടെ എല്ലാ പരിമിതികളെയും തോൽപിക്കും. ‘ഈ പെൺകുട്ടിയെകൊണ്ട് നിങ്ങൾക്ക് പ്രയോജനമൊന്നുമുണ്ടാകില്ലെന്ന’ ഡോക്ടർമാരുടെ പ്രവചനത്തെ അന്താരാഷ്ട്ര യോഗ ഫെസ്റ്റിവലിൽ വരെ എത്തി ഒടിച്ചുമടക്കിയ കരുത്താണ് ആനിന്റേത്.
ശരീരത്തിന്റെ വഴക്കം ശ്രദ്ധിച്ച അമ്മ പിൻസിയാണ് മകളെ ജിംനാസ്റ്റിക്കോ കളരിയോ യോഗയോ അഭ്യസിപ്പിക്കാൻ തീരുമാനമെടുത്തത്. ജിംനാസ്റ്റിക്കും കളരിയും തോറ്റെങ്കിലും യോഗ പതിയെ അവളുടെ ശരീരത്തോട് ചേർന്നു. മത്സ്യ ആസനം, നൗക ആസനം, ഭൂമാസനം, കർണപീഡാസനം... ഇരുന്നും നിന്നും കമിഴ്ന്നും മലർന്നും ചെയ്യാവുന്ന ആസനങ്ങളെല്ലാം ഇന്ന് ആനിന് വഴങ്ങും. യോഗ ആനിന്റെ സ്വഭാവംതന്നെ മാറ്റി മറിച്ചതായി പിതാവായ ജീൻ മൂക്കനും അമ്മ പിൻസിയും പറയുന്നു. യോഗ ക്ലാസിന്റെ ഗോവണി പടിയിലെത്തി മടിച്ചുനിന്നിരുന്ന അവളുടെ കാലുകൾ ഇന്ന് ചവിട്ടുപടികൾ ഓടിക്കയറും. സംസാര രീതി, ഗ്രഹിക്കേണ്ട രീതി, പക്വത എന്നിവയെല്ലാം പതിയെ കണ്ടുതുടങ്ങി. ബഹളക്കാരിയിൽനിന്ന് അച്ചടക്കത്തിലേക്കും ശാന്തതയിലേക്കുമുള്ള നടത്തമായിരുന്നു ആനിന് യോഗയെന്ന് അവർ പറയുന്നു.
ഒരു വർഷമായി തൃശൂർ അയ്യന്തോളിലെ സ്കൂൾ ഓഫ് യോഗയിലെ കെ.ഡി. ബെന്നിക്ക് കീഴിൽ ആൻ പരിശീലിക്കുന്നു. ഈ ചുരുങ്ങിയ കാലത്തിനിടെ അഞ്ച് പ്രധാന മത്സരങ്ങളിലെ നിറസാന്നിധ്യമായി. 2022ലെ ജില്ല സ്പോർട്സ് യോഗ ചാമ്പ്യൻഷിപ്, ജില്ല യോഗാസന ചാമ്പ്യൻഷിപ്, നാഷനൽ യോഗ ഒളിമ്പ്യാഡ്, ഈ വർഷത്തെ സംസ്ഥാന യോഗ ഒളിമ്പ്യാഡ്, പുതുച്ചേരിയിൽ നടന്ന അന്താരാഷ്ട്ര യോഗാസന മത്സരം എന്നിവയാണ് ആൻ പങ്കെടുത്ത പ്രധാന മത്സരങ്ങൾ. മോഡലിങ്, നൃത്തം, നീന്തൽ എന്നിവയെല്ലാം ആനിന്റെ ഇഷ്ടവിഷയമാണ്. ഭിന്നശേഷിക്കാരുടെ സ്പോർട്സ് ഇനത്തിൽ ഇതുവരെ യോഗ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ, എസ്.സി.ഇ.ആർ.ടിയുടെ യോഗ ഒളിമ്പ്യാഡിൽ സബ് ജൂനിയറിൽ പൊതുവിഭാഗത്തിൽ മത്സരിച്ചാണ് ആൻ സംസ്ഥാനതല യോഗ്യത നേടിയത്. ഈയിനത്തിൽ മത്സരിച്ച ഏക ഭിന്നശേഷിക്കാരിയാണ് അയ്യന്തോൾ എൻ.സി.യു.പി സ്കൂളിലെ ഈ ആറാം ക്ലാസ് വിദ്യാർഥിനി. പ്ലസ് വൺ വിദ്യാർഥിയായ താരു മൂക്കനാണ് സഹോദരൻ.
യോഗ ആനിൽ വരുത്തിയ മാറ്റത്തെക്കുറിച്ച് അമ്മ പിൻസി
‘യോഗ ചെയ്യാൻ തുടങ്ങിയപ്പോൾ ആനിന്റെ സ്വഭാവം അടിമുടി മാറി. ആദ്യമെല്ലാം നിർബന്ധിച്ചാണ് ക്ലാസിലേക്കെത്തിച്ചിരുന്നത്. പിന്നീട് യോഗ ക്ലാസിലേക്കെത്താൻ താൽപര്യം എടുത്തുതുടങ്ങി. സാധാരണ ഡൗൺ സിൻഡ്രോമുള്ള കുട്ടികൾ അൽപം ബഹളക്കാരായിരിക്കും. പക്ഷേ, യോഗ തുടങ്ങിയതോടെ ആനിന് സ്വയം അച്ചടക്കം വന്നുതുടങ്ങി.
ക്ലാസിലെ മറ്റ് കുട്ടികളോടുള്ള പെരുമാറ്റവും പക്വതയുള്ളതായി. ഓരോ കുട്ടികളും വ്യത്യസ്ത കഴിവുള്ളവരായിരിക്കും. അവരുടെ കഴിവുകളെ കണ്ടെത്താൻ ആദ്യം സാധിക്കുക മാതാപിതാക്കൾക്കാണ്. കുട്ടികളെ നമ്മുടെ അതിർവരമ്പിൽ നിർത്തുമ്പോഴാണ് അവർക്ക് പരിമിതിയുണ്ടാവുന്നത്, അവരുടെ കഴിവ് കണ്ടെത്തി മുന്നേറാൻ പ്രാപ്തരാക്കുക’