കുമളി: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ക്രമീകരിക്കാൻ ഉയർത്തിയിരുന്ന ഒരു ഷട്ടർ 0.10 മീറ്ററാക്കി കുറച്ചു. ശനിയാഴ്ച രാവിലെ എട്ട് മുതൽ 139.32 ക്യുസെക്സ് ജലമാണ് പുറത്തുവിടുന്നതെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു.
അതേസമയം, മുല്ലപ്പെരിയാറിൽനിന്നുള്ള ജലത്തിനൊപ്പം തേനി ജില്ലയിൽ തുടരുന്ന കനത്ത മഴയിൽ അണക്കെട്ടുകൾ നിറഞ്ഞിട്ടുണ്ട്. മുല്ലപ്പെരിയാർ ജലം സംഭരിക്കുന്ന വൈഗ അണക്കെട്ടിൽ ജലനിരപ്പ് 69.65 അടിയായി ഉയർന്നതോടെ കഴിഞ്ഞദിവസം ഇവിടെനിന്ന് കൂടുതൽ ജലം മധുര, ദിണ്ടിഗൽ ജില്ലകളിലേക്ക് തുറന്നുവിട്ടു.
71 അടിയാണ് വൈഗയുടെ സംഭരണ ശേഷി. സെക്കൻഡിൽ 3905 ഘന അടി ജലമാണ് ഇവിടെനിന്ന് തുറന്നുവിട്ടത്. 4435 ഘന അടി ജലമാണ് വൈഗയിലേക്ക് ഒഴുകി എത്തുന്നത്.
അതിർത്തി ജില്ലയായ തേനിയിൽ 551.6 മില്ലീമീറ്റർ മഴയാണ് പെയ്തത്. മുല്ലപ്പെരിയാറിെൻറ വൃഷ്ടിപ്രദേശമായ തേക്കടിയിൽ 38ഉം വനമേഖലയിൽ 29.8ഉം മില്ലീമീറ്റർ മഴ രേഖപ്പെടുത്തി.