Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightധനപ്രതിസന്ധിക്ക്...

ധനപ്രതിസന്ധിക്ക് ഒന്നാം പ്രതി തോമസ് ഐസക്; കാവി നിറമുള്ള ക്യാപ്‌സ്യൂളിലൂടെ ഐസക്കും കൂട്ടുകാരും ആശ്വസിക്കുകയാണ് -വി.ഡി സതീശൻ

text_fields
bookmark_border
vd satheesan
cancel

തിരുവനന്തപുരം: കേരളത്തിൽ ധനപ്രതിസന്ധി ഉണ്ടാക്കിയതിന്‍റെ ഒന്നാം പ്രതി മുൻ ധനമന്ത്രി തോമസ് ഐസക് ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഐസക്കിന്‍റെ കാലഘട്ടത്തില്‍ വരുത്തിവച്ച ദുരന്തങ്ങളാണ് ഇന്ന് മഹാദുരന്തമായി മാറിയത്. ധനമന്ത്രി കെ.എൻ ബാലഗോപാലിനെ ഈ അവസ്ഥയില്‍ എത്തിച്ചതിന് പ്രധാന കാരണക്കാരന്‍ മുന്‍ഗാമിയാണെന്നും സതീശൻ കുറ്റപ്പെടുത്തി.

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ധനപ്രതിസന്ധിയെ കുറിച്ച് നിയമസഭയിലെ അടിയന്തരപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുമ്പോള്‍ തന്നെ തോമസ് ഐസക് പ്രതികരണവുമായി വരുമെന്ന് എനിക്കറിയാമായിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. കാരണം ഈ ധനപ്രതിസന്ധി ഉണ്ടാക്കിയതിന്റെ ഒന്നാം പ്രതി തോമസ് ഐസക് തന്നെയാണ്. ഐസക്കിന്റെ കാലഘട്ടത്തില്‍ വരുത്തിവച്ച ദുരന്തങ്ങളാണ് ഇന്ന് മഹാദുരന്തമായി മാറിയത്. നിയമസഭയില്‍ ധനമന്ത്രി കെ.എം ബാലഗോപാലിന്റെ മറുപടി വളരെ ദുര്‍ബലമായിരുന്നെന്ന തോന്നലില്‍ നിന്നാകണം മുന്‍ ധനകാര്യ മന്ത്രി പ്രതിപക്ഷത്തിനെതിരെ ഇപ്പോള്‍ കള്ളപ്രചരണവുമായി വന്നിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ധൂര്‍ത്തും കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളുമാണ് ധനപ്രതിസന്ധിക്ക് കാരണമെന്നാണ് പ്രതിപക്ഷം വാദിച്ചത്. നികുതി ഭരണ സംവിധാനത്തിലെ കാര്യക്ഷമതയില്ലായ്മയും ഐ.ജി.എസ്.ടി പിരിവിലെ പരാജയവും തുറന്നുകാട്ടി. പതിനഞ്ചാം ധനകാര്യ കമീഷന്റെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാനത്തിന്റെ വിഹിതത്തില്‍ കുറവ് സംഭവിച്ചതിനെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ഇതിനായി സംയുക്ത പ്രക്ഷോഭം നടത്താന്‍ കോണ്‍ഗ്രസ് മുന്നില്‍ തന്നെയുണ്ട്.

റവന്യു ഡെഫിസിറ്റ് ഗ്രാന്റ് സംബന്ധിച്ച് ആറാം സമ്മേളനത്തില്‍ 24-08-2022 തീയതിയിലെ ചോദ്യം നമ്പര്‍ 499ല്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എക്ക് ധനകാര്യ മന്ത്രി നല്‍കിയ ഉത്തരമാണ് ഞാന്‍ നിയമസഭയില്‍ പ്രതിപാദിച്ചത്. കേരളത്തിനാണ് ഏറ്റവും കൂടുതല്‍ റവന്യു ഡെഫിസിറ്റ് ഗ്രാന്റ് ലഭിച്ചതെന്ന് ഈ ഉത്തരത്തില്‍ മന്ത്രി പറയുന്നു. 53137 കോടി രൂപ അഞ്ച് വര്‍ഷമായി വീതിച്ച് നല്‍കിയപ്പോള്‍ (15323+ 19891+ 13174+ 4749 ) കഴിഞ്ഞ വര്‍ഷം കിട്ടിയ തുകയെക്കാള്‍ ഈ വര്‍ഷം കുറഞ്ഞുവെന്ന വിചിത്രവും ദുര്‍ബലവുമായ വാദമാണ് മുന്‍ ധനമന്ത്രിയായ അങ്ങും ഇപ്പോഴത്തെ ധനമന്ത്രിയായ ബാലഗോപാലും ഉന്നയിക്കുന്നത്. ഇത് ജനങ്ങളെ കബളിപ്പിക്കലാണ്.

കിഫ്ബിയുടെ പേരിലും പെന്‍ഷന്‍ ഫണ്ടിന്റെ പേരിലും ബജറ്റിന് പുറത്തെടുത്ത തുക കടമെടുപ്പിന്റെ പരിധിയില്‍ വരുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കിയതാണ്. ദൗര്‍ഭാഗ്യവശാല്‍ അതൊന്നും പരിഗണിക്കാതെ ധനമന്ത്രിയായ അങ്ങ് മുന്നോട്ടു പോയി. പ്രതിപക്ഷം പറഞ്ഞ അതേകാര്യങ്ങള്‍ തന്നെ സി ആന്റ് എ.ജി റിപ്പോര്‍ട്ടിലും പറഞ്ഞത് അങ്ങയുടെ ഓര്‍മ്മയിലുണ്ടാകുമല്ലോ? സി.എ.ജി റിപ്പോര്‍ട്ട് രേഖകളില്‍ നിന്ന് നീക്കാന്‍ സഭയില്‍ പ്രമേയം കൊണ്ടുവന്ന വിദ്വാനാണ് തോമസ് ഐസക്. ധനമന്ത്രി ബാലഗോപാലിനെ ഈ അവസ്ഥയില്‍ എത്തിച്ചതിന് പ്രധാന കാരണക്കാരന്‍ മുന്‍ഗാമിയായ തോമസ് ഐസക്കാണ്.

ഏറ്റവും വികലമായ രീതിയിലാണ് സംസ്ഥാനത്ത് ജി.എസ്.ടി നടപ്പാക്കിയത്. നികുതി ഭരണ സംവിധാനം പുനഃസംഘടിപ്പിക്കാന്‍ തോമസ് ഐസക് ശ്രദ്ധിച്ചതേയില്ല. ഏറ്റവും കൂടുതല്‍ നികുതി വെട്ടിപ്പ് സംസ്ഥാനത്ത് നടന്നത് ഐസക്കിന്റെ കാലത്താണ്. അന്ന് നിയമസഭയില്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ കോമ്പന്‍സേഷന്‍ കിട്ടുമെന്ന് പറഞ്ഞ് അവഗണിക്കുകയാണ് ഐസക് ചെയ്തത്. കൂടി വന്നാല്‍ അഞ്ച് വര്‍ഷത്തേക്ക് മാത്രമെ കോമ്പന്‍സേഷന്‍ കിട്ടൂവെന്നും അതുകഴിഞ്ഞാല്‍ നികുതി വരുമാനം ഗണ്യമായി കുറയുമെന്നും അന്നേ ഞങ്ങള്‍ പറഞ്ഞതല്ലേ. നികുതി വെട്ടിപ്പുകാരുടെ പറുദീസയാക്കി സംസ്ഥാനത്തെ മാറ്റിയതിന് തോമസ് ഐസക്കിന് മുഖ്യപങ്കുണ്ട്.

യു.ഡി.എഫ് പുറത്തിറക്കിയ രണ്ട് ധവളപത്രങ്ങളിലും വരാനിരിക്കുന്ന അപകടത്തെ കുറിച്ച് കൃത്യമായി പറഞ്ഞിരുന്നു. അതെല്ലാം അവഗണിച്ച് മുന്നോട്ടു പോയതിന്റെ ദുരന്തഫലമാണ് സംസ്ഥാനം ഇപ്പോള്‍ അനുഭവിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിച്ചാല്‍ ബി.ജെ.പിയുമായി ചേര്‍ത്ത് പറയുന്നത് സി.പി.എമ്മിന്റെ പതിവ് ശൈലിയാണ്. കാവി നിറമുള്ള ഫേസ്ബുക്ക് ക്യാപ്‌സ്യൂളിലൂടെ ഐസക്കും കൂട്ടുകാരും ആശ്വസിക്കുകയാണ്. ഉത്തരവാദിത്വത്തില്‍ നിന്ന് മുന്‍ധനമന്ത്രിയെന്ന നിലയില്‍ അങ്ങേയ്ക്കും ഇപ്പോഴത്തെ ധനമന്ത്രിക്കും പിണറായി സര്‍ക്കാരിനും ഒഴിഞ്ഞ് മാറാനാകില്ല. ധനകാര്യ വിചാരണ തുടരുക തന്നെ ചെയ്യും -വി.ഡി സതീശൻ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thomas Isaacfinancial crisisVD Satheesan
News Summary - Thomas Isaac is the first defendant in the kerala financial crisis -VD Satheesan
Next Story