വികസനത്തില്‍ ജാതിയും മതവും രാഷ്ട്രീയവുമില്ല -മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി
text_fieldsകാസർകോട്: സംസ്ഥാനതല പട്ടയമേളയുടെ ഭാഗമായി കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പട്ടയ വിതരണത്തില്‍ പുതിയതായി 1144 പേര് കൂടി ഭൂമിയുടെ അവകാശികളായി. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ജില്ലയിലെ പട്ടയങ്ങള്‍ വിതരണം ചെയ്തു. നാടിന്റെ വികസന വിഷയത്തില്‍ ജാതിയും മതവും രാഷ്ട്രീയവുമില്ലയെന്ന് മുഖ്യമന്ത്രി എപ്പോഴും പറയുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ ഓരോന്നായി നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി നല്‍കുന്നത്. ജില്ലയില്‍ കഴിഞ്ഞ രണ്ടു പട്ടയമേളകളിലായി 2671 പട്ടയങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച 1244 പട്ടയങ്ങള്‍കൂടി വിതരണം ചെയ്യുന്നു. വലിയ അഭിമാന നേട്ടമാണിതെന്നും മന്ത്രി പറഞ്ഞു. കാസര്‍കോട് ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, എ.കെ.എം. അഷ്റഫ് എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്, കലക്ടര്‍ കെ. ഇമ്പശേഖര്‍ എന്നിവര്‍ മുഖ്യാതിഥികളായി. വിമല ശ്രീധരന്, കെ.എ. മുഹമ്മദ് ഹനീഫ്, ബിജു ഉണ്ണിത്താന്, ബി. അബ്ദുൽ ഗഫൂര്‍, കരീം മൈല്‍പാറ, എം. അനന്തന് നമ്പ്യാര്‍, പ്രമീള മജല്‍, നാഷനല്‍ അബ്ദുല്ല എന്നിവര്‍ സംസാരിച്ചു. എ.ഡി.എം കെ.വി. ശ്രുതി നന്ദി പറഞ്ഞു.
868 ലാന്‍ഡ് ട്രൈബ്യൂണല്‍ പട്ടയങ്ങള്‍, 66 ലാന്‍ഡ് ട്രൈബ്യൂണല്‍ ദേവസ്വം പട്ടയങ്ങള്‍, 1964 റൂള്‍ പ്രകാരം 148 എല്‍.എ പട്ടയങ്ങള്‍, 1995 റൂള്‍ പ്രകാരം ഒമ്പത് പട്ടയങ്ങള്‍, 31 വനഭൂമി പട്ടയങ്ങള്‍, മൂന്ന് ലാന്‍ഡ് ബാങ്ക് പട്ടയങ്ങള്‍, 19 മിച്ചഭൂമി പട്ടയങ്ങള്‍ എന്നിങ്ങനെ 1144 പട്ടയങ്ങളാണ് വിതരണം ചെയ്തത്.
43 അതിദരിദ്രര്‍ക്ക് പട്ടയമായി
കാസർകോട്: ജില്ലയില്‍ അതിദരിദ്രരായ 43 പേര്‍ക്കുള്ള പട്ടയങ്ങള്‍ നല്കി. 2022 ഫെബ്രുവരി രണ്ടിന് നടന്ന പട്ടയമേളയില്‍ 1052 പട്ടയങ്ങളും 2023 ജൂണ്‍ 30ന് നടന്ന പട്ടയമേളയില്‍ 1619 പട്ടയങ്ങളും വിതരണം ചെയ്തിരുന്നു. 1144 പട്ടയങ്ങള്‍ കൂടി വിതരണം ചെയ്യുന്നതോടെ 3815 പട്ടയങ്ങളുടെ വിതരണം പൂര്‍ത്തിയായി.
നാലു പതിറ്റാണ്ടിന്റെ കാത്തിരിപ്പ്
വലിയപറമ്പ: മാവിലാക്കടപ്പുറം ഫിഷര്‍മെൻ കോളനിയിലെ 14 കുടുംബങ്ങള്‍ക്ക് പട്ടയമായി. ‘ഞങ്ങള്‍ക്ക് വലിയ സന്തോഷമാണ്. വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനാണ് ഇന്ന് അറുതിയായത്’... വലിയപറമ്പ പഞ്ചായത്തിലെ മാവിലാക്കടപ്പുറം ഒരിയര ഫിഷര്‍മെൻ കോളനിയിലെ ബി. ഫാത്തിമ പറഞ്ഞു. ഫാത്തിമയെ പോലെ 14 കുടുംബങ്ങളുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനാണ് പട്ടയമേളയില്‍ ആശ്വാസമായത്. 1978ലാണ് മാവിലാക്കടപ്പുറം ഫിഷര്‍മെൻ കോളനി സ്ഥാപിതമായത്. 26 കുടുംബങ്ങള്‍ താമസം തുടങ്ങി. അതില്‍ 10 പേര്‍ക്ക് 2007ല്‍ പട്ടയം കിട്ടി. 40 വര്‍ഷത്തിലധികമായുള്ള കാത്തിരിപ്പിനൊടുവിലാണ് 14 കുടുംബങ്ങളുടെ വീടിന് സ്വന്തം രേഖ ലഭിക്കുന്നത്. വര്‍ഷങ്ങളായി പല പ്രയാസങ്ങളും അനുഭവിക്കുന്നവരാണിവര്‍. ഒരാനുകൂല്യവും ഇവര്‍ക്ക് ലഭ്യമായിരുന്നില്ല. എന്നാല്‍, ഇന്ന് അതിന് പരിഹാരം ലഭിച്ചു എന്ന് വലിയപറമ്പ പഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവന്.
സന്തോഷക്കണ്ണീരുമായി നളിനി
മുന്നാട്: ‘50 വര്‍ഷങ്ങള്‍ക്കുശേഷം പട്ടയം, ഇനി എന്റെ മക്കള്‍ക്ക് സുഖായി ഉറങ്ങാലോ... എത്രകാലമായി സ്വന്തം ഭൂമി എന്ന സ്വപ്നവുമായി നടക്കുന്നു. ആ സ്വപ്നമാണ് ഇന്ന് യാഥാർഥ്യമായത്’... മുന്നാട്ടെ 75കാരി കെ.വി. നളിനിയുടെ വാക്കുകളിടറി. സന്തോഷംകൊണ്ട് വാക്കുകള്‍ മുറിഞ്ഞു. മൂന്ന് പെണ്മക്കളാണ് നളിനിക്ക്. അതില്‍ രണ്ടുപേര്‍ ഭിന്നശേഷിക്കാരും. അതില്‍ ഒരാള്‍ മരിച്ചു. മൂത്തമകള്‍ ജനിക്കുന്നതിനു മുമ്പാണ് ഭര്‍ത്താവ് കെ.വി. ആണ്ടി പട്ടയത്തിനായി അപേക്ഷിച്ചത്. അദ്ദേഹം മരിച്ചിട്ട് ഏഴു വര്‍ഷമായി. 50 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നളിനിക്കും കുടുംബത്തിനും പട്ടയം കിട്ടിയത്. 98 സെന്റ് ഭൂമി ഇവര്‍ക്ക് ജില്ലതല പട്ടയമേളയിലൂടെ ലഭിച്ചു. അച്ഛനില്ലെന്ന സങ്കടത്തിലും സന്തോഷക്കണ്ണീരണിഞ്ഞ് അവര്‍ അമ്മ നളിനിയെ നെഞ്ചോടുചേര്‍ത്തു.
‘ഒരുപാട് സന്തോഷം, സ്വന്തമായി ഭൂമി ലഭിച്ചല്ലോ’...
മഞ്ചേശ്വരം: സന്തോഷം പങ്കുവെച്ച് മഞ്ചേശ്വരം താലൂക്കിലെ പി.എന്‍. ദിലീപ് കുമാര്‍-കെ. സുന്ദരി ദമ്പതികള്‍. മന്ത്രിയുടെ കൈയില്‍നിന്ന് നേരിട്ട് പട്ടയം സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് മഞ്ചേശ്വരം താലൂക്കിലെ എന്മകജെ വില്ലേജിലെ പി.എന്‍. ദിലീപ് കുമാര്‍-കെ. സുന്ദരി ദമ്പതികള്‍. ബീഡിത്തൊഴിലാളികളായ ഇരുവരും കഴിഞ്ഞ 15 വര്‍ഷമായി ഉക്കിനടുക്കയിലെ വാടക ക്വാര്‍ട്ടേഴ്സിലാണ്. ഒന്നരവര്‍ഷം മുമ്പാണ് ഇവര്‍ പട്ടയത്തിനായി എന്മകജെ വില്ലേജില്‍ അപേക്ഷ നല്‍കുന്നത്. ഏറെക്കാലത്തെ സ്വപ്നമായ ഭൂമി യാഥാര്‍ഥ്യമായതിന്റെ സന്തോഷത്തിലാണ് ഈ ദമ്പതികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.