Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂർ, എലത്തൂർ...

കണ്ണൂർ, എലത്തൂർ ട്രെയിൻ തീവെപ്പിന് പിന്നിലെ ലക്ഷ്യത്തെ കുറിച്ച് അന്വേഷിക്കണം -വെൽഫെയർ പാർട്ടി

text_fields
bookmark_border
welfare party 765a
cancel

തിരുവനന്തപുരം: കണ്ണൂർ,എലത്തൂർ ട്രെയിൻ തീവെപ്പിന് പിറകിൽ കേരളത്തെ ലക്ഷ്യം വെച്ചുള്ള ധ്രുവീകരണ രാഷ്ട്രീയ അജണ്ടകൾ ഉണ്ടെന്ന സംശയം ബലപ്പെടുന്നതായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.

തീയിട്ടതിന്റെ പിന്നിലെ നിജസ്ഥിതി പുറത്തു കൊണ്ടുവരാൻ നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം ആവശ്യമാണ്‌. ഇത് ഇടതു സർക്കാരിന്റെ ബാധ്യതയാണെന്നും റസാഖ് പാലേരി ചൂണ്ടിക്കാട്ടി.

എലത്തൂരിലും കണ്ണൂരിലും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കുറ്റകൃത്യം നടത്തിയതായി പൊലീസ് കണ്ടെത്തിയത്. ഇവര്‍ എങ്ങനെയാണ് കേരളത്തിലെത്തി ഇത്രയെളുപ്പത്തിൽ ആക്രമണം നടത്തിയതെന്ന ചോദ്യത്തിന് യുക്തിസഹമായ വിശദീകരണം നൽകാൻ കേരളാ പൊലീസിനോ അന്വേഷണ ഏജൻസികൾക്കോ കഴിഞ്ഞിട്ടില്ല. എലത്തൂരിൽ തീവണ്ടിക്ക് തീവെച്ചതായി ആരോപിക്കപ്പെടുന്ന ഷാരൂഖ് സൈഫിയുടെ പിന്നിൽ ആരെന്ന് കണ്ടെത്തുന്നതിന് പകരം ഒരു മത സമൂഹത്തെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന പരാമർശമാണ് സംസ്ഥാന എ.ഡി.ജി.പി നടത്തിയത്.

എന്നാൽ കണ്ണൂരിൽ ട്രെയിൻ കത്തിച്ച പ്രസോൻജിത് സിക്ദർ ഭിക്ഷ ലഭിക്കാത്തതിലുള്ള മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതാണെന്ന വിചിത്ര നിലപാടാണ് അന്വേഷണത്തിന് മുന്നേ തന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പ്രകടിപ്പിച്ചത്. തീപ്പെട്ടി കൊണ്ടാണ് തീവണ്ടി കത്തിച്ചതെന്ന അവിശ്വസനീയ കഥയും പോലീസ് പറയുന്നുണ്ട്.

ബി.ജെ.പി-സംഘപരിവാർ സംഘടനകൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്ക് വേണ്ടി മുൻ കാലങ്ങളിൽ ഇത്തരം ദുരൂഹ സംഭവങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ചരിത്രമുണ്ടെന്നും റസാഖ് പാലേരി ഓർമിപ്പിച്ചു.

ഒരു വശത്ത് കേരളത്തെ സംബന്ധിച്ച സുരക്ഷാ ആശങ്കകൾ സംഘ്പരിവാർ നിരന്തരം ഉന്നയിക്കുമ്പോഴാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കണം. ജനങ്ങളിൽ അരക്ഷിത ബോധം സൃഷ്ടിക്കുന്നതിന് വ്യാജ സംഭവങ്ങൾ ഉണ്ടാക്കുന്ന സംഘ്പരിവാറിന്റെ പതിവ് രീതി പ്രയോഗിക്കപ്പെടുകയാണോ എന്ന ആശങ്ക തള്ളിക്കളയാനാകില്ല. ഇനി കേരളത്തിൽ ഇത്തരം സംഭവങ്ങളുടെ കള്ളക്കളികൾ പുറത്തുവന്നാലും ഇത് ഉപയോഗിച്ച് മറ്റ് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നേട്ടം കൊയ്യാൻ സംഘപരിവാർ ശ്രമിക്കും. കേരള സ്റ്റോറി സിനിമ വെളിപ്പെടുത്തിയത് അതാണ്.

എലത്തൂർ കേസിലെ കുറ്റാരോപിതൻ എൻ.ഐ.എ കോടതിയിൽ ഉന്നയിച്ച ആരോപണങ്ങൾ സംബന്ധിച്ചും അന്വേഷണം അനിവാര്യമാണ്. നിർണായകമായ 2024ലെ തെരഞ്ഞെടുപ്പിൽ ജനാധിപത്യ മുന്നേറ്റങ്ങളെ ഇല്ലാതാക്കാനുള്ള ആസൂത്രിത നീക്കങ്ങൾ വംശീയ ശക്തികൾ രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്നുണ്ട് എന്നത് വ്യക്തമാണ്. ഈ സാഹചര്യത്തിൽ 2019 ൽ നടന്ന പുൽവാമ ആക്രമണം സംബന്ധിച്ച് മുൻ കശ്മീർ ഗവർണറുടെ വെളിപ്പെടുത്തലും ഇത്തരം സംഭവങ്ങളും തമ്മിൽ ചേർത്ത് വായിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെ ആവർത്തിക്കപ്പെടുന്ന ഇത്തരം സംഭവങ്ങൾക്ക് പിറകിൽ ബി.ജെ.പി യുടെയും സംഘ്പരിവാറിന്റെയും തെരഞ്ഞെടുപ്പ് രാഷ്ട്രീയ താല്പര്യങ്ങൾ പ്രവർത്തിക്കുന്നുണ്ടോ എന്നത് അന്വേഷണ വിധേയമാക്കണം.

രണ്ട് തീവെപ്പ് സംഭവങ്ങൾ തമ്മിലുള്ള ബന്ധവും കുറ്റാരോപിതരെ ആരാണ് കേരളത്തിലേക്ക് എത്തിച്ചതെന്നും അന്വേഷിക്കണം. ഇടതുപക്ഷത്തിന്റെ സംഘപരിവാർ വിരുദ്ധ നിലപാടിൽ എന്തെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ സംഘ്പരിവാർ അനുഭാവ നിലപാട് സ്വീകരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ മാറ്റിനിർത്തി സമഗ്ര അന്വേഷണം നടത്തി വസ്തുതകൾ പുറത്തുകൊണ്ടുവരാൻ സർക്കാർ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:welfare party
News Summary - The motive behind the Kannur, Elathur train fire should be probed -welfare party
Next Story