Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനവകേരള സദസിന് പിന്തുണ:...

നവകേരള സദസിന് പിന്തുണ: പറവൂർ നഗരസഭക്കെതിരായ ഭീഷണി അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി

text_fields
bookmark_border
pinarayi
cancel
camera_alt

 വടകരയിലെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ മൂക്ക് കയറിട്ടു നിര്‍ത്താനുള്ള ശ്രമമാണ് എറണാകുളം ജില്ലയിലെ പറവൂര്‍ മുനിസിപ്പാലിറ്റിക്കെതിരായ പ്രതിപക്ഷ നേതാവിന്‍റെയുൾപ്പെടെയുള്ള നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട നഗരസഭ ഏകകണ്ഠമായി എടുത്തതാണ് നവകേരള സദസ്സിന് ഒരു ലക്ഷം രൂപ നല്‍കാനുള്ള തീരുമാനം. അങ്ങനെ പണം നല്‍കിയാല്‍ സ്ഥാനം തെറിപ്പിക്കുമെന്ന ഭീഷണി ഉയർത്തുന്നത് ഒരുതരത്തിലും നാടിന് അംഗീകരിക്കാൻ ആവില്ല . പറവൂരില്‍ നിന്നുള്ള എം.എൽ.എ കൂടിയായ പ്രതിപക്ഷ നേതാവിന്റെ അപക്വമായ നടപടി സാധാരണ രീതിയിൽ ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു. വടകരയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുനിസിപ്പല്‍ ചെയര്‍ പേഴ്സണെ ഭീഷണിപ്പെടുത്തി കൗണ്‍സില്‍ വിളിപ്പിച്ച് ഇന്നലെ ആ തീരുമാനം പിന്‍വലിപ്പിച്ചു എന്നാണ് വാര്‍ത്ത. എന്നാല്‍, നേരത്തെ തന്നെ ഔദ്യോഗികമായി അംഗീകരിച്ച തീരുമാനം നടപ്പാക്കി, പണം കൈമാറാനാണ് മുനിസിപ്പല്‍ സെക്രട്ടറി സന്നദ്ധനായത്. അതിന്‍റെ പേരില്‍ അദ്ദേഹത്തെ വിടാതെ പിന്തുടരുമെന്ന ഭീഷണി ഉയര്‍ന്നതായും കേള്‍ക്കുന്നു.

ഇതില്‍ രണ്ടു ഗൗരവമായ പ്രശ്നങ്ങളുണ്ട്. ഒന്ന്, പ്രാദേശിക ഭരണ സംവിധാനത്തെ സങ്കുചിത ദുഷ്ടലാക്കോടെ ജനാധിപത്യ വിരുദ്ധ രീതിയിലേക്ക് വലിച്ചിഴയ്ക്കുന്നു എന്നത്. രണ്ട്: നേതൃത്വം എടുത്ത ബഹിഷ്കരണ തീരുമാനം കോണ്‍ഗ്രസ്സിന്‍റെ തന്നെ പ്രാദേശിക ജനപ്രതിനിധികള്‍ ഉള്‍പ്പെടെ അംഗീകരിക്കുന്നില്ല എന്നത്. സ്വന്തം പാർട്ടിക്കാരെ പോലും ബോധ്യപ്പെടുത്താനാവാത്ത തീരുമാനമാണ് ഇതിന്റെ ഭാഗമായി സ്വീകരിച്ചത്.

ഇന്നലെ പര്യടനം നടത്തിയ വയനാട് ജില്ലയിലെ മൂന്നു മണ്ഡലങ്ങളില്‍ രണ്ടെണ്ണം യു.ഡി.എഫ് എം.എൽ. എ മാരുള്ളവയാണ്. സുല്‍ത്താന്‍ ബത്തേരിയിലെയും കല്‍പ്പറ്റയിലെയും എം.എൽ.എ മാരേ വരാതിരുന്നുള്ളൂ. നാടിനെ സ്നേഹിക്കുന്ന ജനസഹസ്രങ്ങള്‍ ആവേശത്തോടെ പങ്കെടുത്തു. മാനന്തവാടിയില്‍ ആവേശകരമായ ജനക്കൂട്ടമാണ് നവകേരള സദസില്‍ അണിനിരന്നത്.

ഏറ്റവും കൂടുതല്‍ യാതനകള്‍ അനുഭവിച്ച ജനതയുടെ കൂടി മണ്ണാണ് വയനാട്. ആ ജില്ലയില്‍ ഇത്രയേറെ ജനങ്ങള്‍ നവകേരള സദസ്സില്‍ പങ്കെടുക്കാന്‍ ഇടയാക്കിയ കാരണങ്ങള്‍ എന്തൊക്കെയാണ്? ആ പരിശോധനയില്‍ തെളിയുക സംസ്ഥാന സര്‍ക്കാര്‍ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് വേണ്ടി നടപ്പാക്കുന്ന കാര്യങ്ങള്‍ തന്നെയാണ്. അതുകൊണ്ട് കൂടിയാണ് ഇത്രയും ജനങ്ങൾ പരിപാടികളിൽ പങ്കെടുക്കുന്നത്. അതിന്‍റെ ഒരുദാഹരണം മാത്രം പറയാം. ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ സമ്പൂര്‍ണ സോഷ്യല്‍ ഓഡിറ്റിംഗ് നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം വന്നു. 2023-24 സാമ്പത്തിക വര്‍ഷത്തെ ആദ്യ ആറു മാസത്തെ സോഷ്യല്‍ ഓഡിറ്റ് സംബന്ധിച്ച് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കണക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതനുസരിച്ച്, കേരളം 99.5 % പഞ്ചായത്തുകളുടെയും സോഷ്യല്‍ ഓഡിറ്റ് പൂര്‍ത്തിയാക്കി.

നവംബര്‍ 10 വരെയുള്ള കണക്കനുസരിച്ച് രണ്ടാം സ്ഥാനത്തുള്ള ബിഹാറിനു 64.4%വും മൂന്നാം സ്ഥാനത്തുള്ള ജമ്മു ആന്‍റ് കശ്മീരിനു 64.1% വും നാലാമതുള്ള ഒഡീഷയ്ക്ക് 60.42% വും മാത്രമേ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. കേരളത്തിന് പുറമേ മൂന്നു സംസ്ഥാനങ്ങള്‍ മാത്രമാണ് 60%ത്തിലധികം പുരോഗതി കൈവരിച്ചിട്ടുള്ളത്. തൊഴിലുറപ്പു പദ്ധതി സുതാര്യവും കാര്യക്ഷമവുമായി നടത്തുന്നതില്‍ കേരളം രാജ്യത്തിനു മാതൃകയാണെന്ന് ഈ കണക്കുകള്‍ തെളിയിക്കുന്നു.

ഗ്രാമസഭകളുടെ സോഷ്യല്‍ ഓഡിറ്റ് കര്‍ക്കശമായി നടത്തുക മാത്രമല്ല, തൊഴിലുറപ്പ് തൊഴിലാളികള്‍, കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, വനിതാ സ്വയം സഹായ സംഘങ്ങള്‍, വില്ലേജ് മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവരുടേയും പങ്കാളിത്തം ഈ പബ്ലിക് ഹിയറിംഗ് യോഗങ്ങളില്‍ ഉറപ്പു വരുത്താന്‍ നമുക്ക് സാധിക്കുകയും ചെയ്യുന്നുണ്ട്. 2023-24 വര്‍ഷത്തില്‍ ആദ്യ പാദത്തില്‍ നടന്ന സോഷ്യല്‍ ഓഡിറ്റ് ഗ്രാമസഭകളില്‍ 8,52,245 പേരാണ് പങ്കെടുത്തത്.

വാര്‍ഡ് തല ഗ്രാമസഭകള്‍ നടത്തുന്നതിനുപുറമെ, ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ പൊതുജന പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് പഞ്ചായത്ത് തലത്തില്‍ പബ്ലിക് ഹിയറിംഗുകളും (ജനകീയ സഭകള്‍) നടത്തുന്ന ഏക സംസ്ഥാനമാണിത്. മറ്റ് സംസ്ഥാനങ്ങളില്‍, ബ്ലോക്ക് തലത്തില്‍ മാത്രമാണ് ഇത്തരം പൊതു സൂക്ഷ്മപരിശോധന നടത്തുന്നത്. ഈ വര്‍ഷം ആദ്യപാദത്തില്‍ നടന്ന സോഷ്യല്‍ ഓഡിറ്റ് പബ്ളിക് ഹിയറിംഗുകളില്‍ പങ്കെടുത്തത് 1,05,004 പേരാണ്. ഏതു ഡ്രോണ്‍ പറത്തി നിരീക്ഷിച്ചാലും അതിനും മേലെയാണ് കേരളം നിൽക്കുന്നത് എന്നര്‍ത്ഥം.

തൊഴിലുറപ്പില്‍ ഡ്രോണ്‍ പറത്തിയില്ല, കേരളത്തെ പറപ്പിച്ച് കേന്ദ്രം. എന്നായിരുന്നു കഴിഞ്ഞ ദിവസം ഒരു പത്രം നല്‍കിയ വാര്‍ത്ത. എന്നാല്‍ ഡല്‍ഹിയില്‍ നടന്ന മിഡ് ടേം റിവ്യൂ മീറ്റിങ്ങിലും, കേരളത്തിന്‍റെ ലേബര്‍ ബഡ്ജറ്റ് പുതുക്കുന്നതിനുള്ള എംപവേര്‍ഡ് കമ്മിറ്റി മീറ്റിങ്ങിലും തൊഴിലുറപ്പ് പദ്ധതിയുടെ വിവിധ ഘടകങ്ങളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ നല്ലരീതിയില്‍ അഭിനന്ദിക്കപ്പെടുകയാണ് ചെയ്തത്.

ഇടതുപക്ഷം മുന്നോട്ടുവച്ച പൊതു മിനിമം പരിപാടിയുടെ ഭാഗമായി 2005ല്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ ആരംഭിച്ച തൊഴിലുറപ്പു പദ്ധതിയെ എങ്ങനെയാണ് അട്ടിമറിക്കാമെന്നാണ്കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഓരോ വര്‍ഷവും തൊഴില്‍ ദിനങ്ങള്‍ കുറച്ചു കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. 2020-21 ല്‍ കേരളത്തിനു 10 കോടിയോളം തൊഴില്‍ ദിനങ്ങള്‍ ആയിരുന്നു അനുവദിച്ചതെങ്കില്‍ 2023-24ല്‍ അത് 6 കോടിയാക്കി ചുരുക്കി. എന്നാല്‍ അവ ഈ സമയത്തിനുള്ളില്‍ തന്നെ തീര്‍ത്ത് കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ അനുവദിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നു 6 കോടിയെന്നത് 8 കോടിയായി വര്‍ദ്ധിപ്പിച്ചു തരികയുണ്ടായി. തൊഴിലുറപ്പു പദ്ധതിയോടുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പ്രതിബദ്ധതയ്ക്ക് ഇതിലും നല്ല എന്ത് ഉദാഹരണമാണ് വേണ്ടത്?

പദ്ധതിക്കായുള്ള കേന്ദ്ര ബജറ്റ് വിഹിതത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്. 2020-21 ല്‍ 1,12,000 കോടി രൂപയായിരുന്നു തൊഴിലുറപ്പ് പദ്ധതിക്കായി വിനിയോഗിച്ചതെങ്കില്‍ 2023-24ല്‍ അത് 60,000 കോടി രൂപയായി കുറച്ചു. കേന്ദ്രം എത്രയൊക്കെ തളര്‍ത്താന്‍ ശ്രമിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ ആകാവുന്നതെല്ലാം ചെയ്തു തൊഴിലുറപ്പു പദ്ധതിയെ മുന്നോട്ടു കൊണ്ടുപോവുകയാണ്.

ദേശീയ തലത്തില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഒരു കുടുംബത്തിനു ശരാശരി 50 തൊഴില്‍ ദിനങ്ങള്‍ മാത്രം ലഭിച്ചപ്പോള്‍ കേരളത്തില്‍ 64 തൊഴില്‍ ദിനങ്ങള്‍ ലഭ്യമാക്കാന്‍ സാധിച്ചു.

നൂറുദിവസം തൊഴില്‍ ലഭിച്ച കുടുംബങ്ങളുടെ ശരാശരി ദേശീയ തലത്തില്‍ 8 ശതമാനമാണ്. കേരളത്തില്‍ അത് 31 ശതമാനമാണ്. പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ തൊഴില്‍ ദിനങ്ങളുടെ ദേശീയ ശരാശരി 57 ആണെങ്കില്‍ കേരളത്തിന്‍റേത് 86 ആണ്. സംസ്ഥാന ഖജനാവില്‍ നിന്ന് പണം വിനിയോഗിച്ച് പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് 100 അധിക തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുന്ന ഏക സംസ്ഥാനം കേരളമാണ്.

അതിനു പുറമേ, തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുന്ന തൊഴിലാളികള്‍ക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ ക്ഷേമനിധിയ്ക്ക് കേരള സര്‍ക്കാരാണ് തുടക്കം കുറിച്ചത്. കേന്ദ്രം തകര്‍ക്കാന്‍ ശ്രമിക്കുന്ന പദ്ധതിയെ സംരക്ഷിച്ച് പരമാവധിയാളുകള്‍ക്ക് തൊഴിലും സുരക്ഷയും ഉറപ്പു വരുത്തുകയാണ് കേരളം ചെയ്യുന്നത്. നവകേരള സദസ്സിലേക്ക് ജനങ്ങള്‍ പ്രവഹിക്കുന്നത് എന്തെങ്കിലും നിർബന്ധത്തിന്‍റെ ഫലമായിട്ടല്ല, ഇതെല്ലാം തിരിച്ചറിഞ്ഞു കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pinarayiChief MinisterNava Kerala Sadas
News Summary - The Chief Minister said that the threat against the Paravur Municipal Corporation is unacceptable
Next Story